തലകുനിച്ച് ഇന്ത്യന്‍ പെണ്‍നിര

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി20യിലും ഇന്ത്യന്‍ വനിതാ ടീമിന് തോല്‍വി

തലകുനിച്ച് ഇന്ത്യന്‍ പെണ്‍നിര

ഹാമിള്‍ട്ടണ്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി20യിലും ഇന്ത്യന്‍ വനിതാ ടീമിന് തോല്‍വി. പരമ്പര നഷ്ടപ്പെട്ടെങ്കിലും ഒരു ജയമെങ്കിലും പ്രതീക്ഷിച്ച് അവസാനം വരെ പൊരുതിനോക്കിയെങ്കിലും രണ്ട് റണ്‍സിന് ഇന്ത്യ തോല്‍ക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് മത്സര പരമ്പര 3-0ന് ആതിഥേയരായ ന്യൂസീലന്‍ഡ് സ്വന്തമാക്കി.

ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ സാറ്റര്‍വെയ്റ്റിന്റെ തീരുമാനം ശരിശായാണെന്ന് കിവീസ് തെളിയിച്ചു. ഓപ്പണര്‍മാരായ സോഫി ഡിവൈനും (72) സൂസി ബേയ്റ്റ്സും ചേര്‍ന്ന് മികച്ച തുടക്കമാണ് കിവീസിന് നല്‍കിയത്. തുടക്കം മുതല്‍ ഡിവൈനി ആക്രമിച്ചപ്പോള്‍ പവര്‍പ്ലേയില്‍ മികച്ച സ്‌കോറും ആതിഥേയര്‍ നേടി. ബേയ്റ്റ്സിനെ മടക്കി അരുദ്ധതി റെഡ്ഡി കിവീസിന് ആദ്യ പ്രഹരം നല്‍കുമ്പോള്‍ ആതിഥേയ സ്‌കോര്‍ബോര്‍ഡില്‍ 46 റണ്‍സ്. മൂന്നാമതായി ക്രീസിലെത്തിയ റോവിനെ (12) പൂനം യാദവ് പെട്ടെന്ന് മടക്കിയെങ്കിലും മൂന്നാം വിക്കറ്റിലെ ഡിവൈന്‍ സാറ്റര്‍വെയ്റ്റ് (31) കൂട്ടുകെട്ട് കിവീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അപകടകാരിയായി ഡിവൈന്‍ മുന്നേറവെ മന്‍സി ജോഷി ഇന്ത്യയുടെ രക്ഷക്കെത്തി. 52 പന്തുകള്‍ നേരിട്ട് എട്ട് ഫോറും രണ്ട് സിക്സും പറത്തിയ ഡിവൈനിയെ ജോഷി ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.

കിവീസ് മദ്ധ്യനിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. അവസാന ഓവറുകളില്‍ റണ്ണൊഴുക്കു തടയുന്നതിലും ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയിച്ചു. കെ.ജെ മാര്‍ട്ടിന്‍ (8) റണ്ണൗട്ടായപ്പോള്‍ കാസ്പെര്‍ക്ക് (0) തഹുഹു (5) എന്നിവരെ ദീപ്തി ശര്‍മ പുറത്താക്കി.

മറുപടിക്കിറങ്ങിയ ഇന്ത്യക്കുവേണ്ടി സ്മൃതി മന്ദാന (86) അര്‍ദ്ധ സെഞ്ച്വറിയോടെ പൊരുതി നോക്കിയെങ്കിലും മികച്ച പിന്തുണ ലഭിക്കാത്തത് തിരിച്ചടിയായി. 62 പന്തില്‍ 12 ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് മന്ദാനയുടെ പ്രകടനം. ജമീമ റോഡ്രിഗസ് 21 റണ്‍സെടുത്ത് പുറത്തായി. മിതാലി രാജ് (24), ദീപ്തി ശര്‍മ (21) പുറത്താവാതെ നിന്നു.

Read More >>