ഫിഫ ബെസ്റ്റ് പ്ലെയര്‍ 2019; ഇന്ത്യ വോട്ടു ചെയ്തത് ആര്‍ക്ക്?

സുനില്‍ ഛേത്രി യുവേഫയുടെ ഈ വര്‍ഷത്തെ താരമായ വിര്‍ജില്‍ വാന്‍ഡൈകിനാണ് തന്റെ ആദ്യ വോട്ടു നല്‍കിയത്

ഫിഫ ബെസ്റ്റ് പ്ലെയര്‍ 2019; ഇന്ത്യ വോട്ടു ചെയ്തത് ആര്‍ക്ക്?

മിലാന്‍: 2019ല്‍ ഫിഫയുടെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമായി അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്മാര്‍, കോച്ചുമാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് വോട്ടിങിലൂടെയാണ് ഫിഫ താരത്തെ തെരഞ്ഞെടുക്കുന്നത്.

ഇതില്‍ ഇന്ത്യ ആര്‍ക്കാണ് വോട്ടു ചെയ്തത്? ഇന്ത്യയില്‍ നിന്ന് ദേശീയ ടീം ക്യാപ്റ്റന്‍ സുനില്‍ഛേത്രി, കോച്ച് ഇഗോര്‍ സ്റ്റിമച്ച് എന്നിവര്‍ക്കാണ് വോട്ടു ചെയ്യാന്‍ അവസരമുണ്ടായിരുന്നത്. രണ്ടു പേരുടെയും ആദ്യ ചോയ്‌സില്‍ മെസ്സിയുണ്ടായിരുന്നില്ല എന്നതാണ് ഏറെ രസകരം.

സുനില്‍ ഛേത്രി യുവേഫയുടെ ഈ വര്‍ഷത്തെ താരമായ വിര്‍ജില്‍ വാന്‍ഡൈകിനാണ് തന്റെ ആദ്യ വോട്ടു നല്‍കിയത്. രണ്ടാമത് മെസ്സിയും മൂന്നാമത് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിനും. ബാഴ്‌സലോണയുടെ ആരാധകനാണ് ഇന്ത്യന്‍ നായകന്‍. എന്നിട്ടും കഴിഞ്ഞ വര്‍ഷം അദ്ദേഹം ലൂക്ക മോഡ്രിച്ച്, കൈലിയന്‍ എംബാപ്പെ, കെവിന്‍ ഡി ബ്രുയിനെ എന്നിവര്‍ക്കാണ് വോട്ടു നല്‍കിയിരുന്നത്.

ഇഗോര്‍ സ്റ്റിമച്ച് വോട്ടു ചെയ്തത് പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ്. വിര്‍ജിന്‍ വാന്‍ഡൈക്, ഏദന്‍ ഹസാര്‍ഡ് എന്നിവര്‍ക്കായിരുന്നു രണ്ടും മൂന്നും വോട്ടുകള്‍. കഴിഞ്ഞ വര്‍ഷം വോട്ടു ചെയ്ത സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ മുഹമ്മദ് സലാഹ്, ഹാരി കെയന്‍, കെവിന്‍ ഡി ബ്രുയിനെ എന്നിവര്‍ക്കാണ് ക്രമപ്രകാരം വോട്ടു ചെയ്തിരുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസിലെ സ്‌പോര്‍ട്‌സ് മാദ്ധ്യമപ്രവര്‍ത്തകന്‍ ധിമന്‍ സര്‍ക്കാറാണ് ഇന്ത്യയില്‍ വോട്ടുണ്ടായിരുന്ന മൂന്നാമത്തെയാള്‍. വാന്‍ഡൈകിനാണ് ധിമന്‍ തന്റെ ആദ്യ വോട്ടു രേഖപ്പെടുത്തിയത്. മെസ്സി രണ്ടാമതും ക്രസ്റ്റ്യാനോ മൂന്നാമതും. കഴിഞ്ഞ വര്‍ഷം റഫേല്‍ വരാനെ, ലൂക്ക മോഡ്രിച്ച്, ഡി ബ്രുയിനെ എന്നിവര്‍ക്കായിരുന്നു ഇദ്ദേഹം വോട്ടു ചെയ്തിരുന്നത്.

Read More >>