ടോക്യോ ഒളിംപിക്‌സ് നീട്ടി വച്ചു; 124 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം

2020 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെയാണ് ഒളിംപിക്‌സ് നിശ്ചയിച്ചിരുന്നത്.

ടോക്യോ ഒളിംപിക്‌സ് നീട്ടി വച്ചു; 124 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം

ടോക്യോ: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ 2021ലെ ടോക്യോ ഒളിമ്പിക്‌സ് നീട്ടിവച്ചു. പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഏകദേശം ഒരു വര്‍ഷത്തോളം നീളുമെന്നാണ് സൂചന. നീട്ടി വയ്ക്കുന്ന കാര്യത്തില്‍ താനും അന്താരാഷ്ട്ര ഒളിംപിക്‌സ് (ഐ.ഒ.സി) തലവന്‍ തോമസ് ബാഷും തമ്മില്‍ ധാരണയെത്തിയതായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വ്യക്തമാക്കി.

2020 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെയാണ് ഒളിംപിക്‌സ് നിശ്ചയിച്ചിരുന്നത്.

'ഒളിംപിക്‌സ് ഒരു വര്‍ഷത്തേക്ക് നീട്ടി വയ്ക്കണമെന്ന ഞങ്ങള്‍ പ്രസിഡണ്ട് ബാഷിനോട് ആവശ്യപ്പെട്ടു. ഏറ്റവും മികച്ച സാഹചര്യത്തില്‍ കളി നടത്താന്‍ വേണ്ടിയാണിത്. ഗെയിംസും കാണികളും സുരക്ഷിതമായിരിക്കാനും. പ്രസിഡണ്ട് ബാഷ് ഇതിനോട് നൂറു ശതമാനവും യോജിച്ചു' - ആബെ വ്യക്തമാക്കി.

> ചരിത്രത്തില്‍ ആദ്യം

124 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒളിംപിക്‌സ് പ്രഖ്യാപിച്ച സമയത്തു നടക്കാതിരിക്കുന്നത്. എന്നാല്‍ ലോക മഹായുദ്ധങ്ങള്‍ മൂലം 1916, 1940, 1944 വര്‍ഷങ്ങളില്‍ ഒളിംപിക്‌സ് നടന്നിട്ടില്ല.

വൈറസ് ലോകമാകെ പടര്‍ന്നു പിടിക്കുന്നതിന് മുമ്പു തന്നെ ഒളിംപിക്‌സിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിരുന്നു. മാമാങ്കം മാറ്റിവയ്ക്കണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയര്‍ന്നിട്ടും ഐ.ഒ.സി അതിനു തയ്യാറായിരുന്നില്ല. എന്നാല്‍ നീട്ടിവയ്ക്കുമെന്ന് ആബെ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.

> ടോക്യോ 2020 തന്നെ

ഒരു വര്‍ഷത്തിന് ശേഷം 2021 വേനലില്‍ നടത്താനാണ് ആലോചനയെന്ന് ടോക്യോ ഗവര്‍ണര്‍ യുറികോ കൊയ്‌കെ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ടോക്യോ 2020 എന്ന പേരില്‍ തന്നെയാകും ഒളിംപിക്‌സ് ബ്രാന്‍ഡ് ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമയത്തിന്റെ കാര്യത്തില്‍ ഐ.ഒ.സിയുടെ തീരുമാനം കൂടി നിര്‍ണായകമാകും.

ഡിസ്‌കവര്‍ ടുമോറോ എന്നതാണ് ടോക്യോ ഒളിംപിക്‌സിന്റെ മുദ്രാവാക്യം.

> നീട്ടണമെന്ന മുറവിളികള്‍

കൊറോണയുടെ പശ്ചാത്തലത്തില്‍ ഒളിംപിക്‌സ് നീട്ടിവയ്ക്കണമെന്ന് നിരവധി അസോസിയേഷനുകള്‍ ആവശ്യപ്പെട്ടിരുന്നു. ബ്രസീല്‍, സ്ലോവേനിയ, ജര്‍മനി, യു.എസ് സ്വിമ്മിങ്, യു.എസ്.എ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്, കനഡ തുടങ്ങിയ രാഷ്ട്രങ്ങളിലെ അസോസിയേഷനുകളാണ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്.

ഒരു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും എന്നായിരുന്നു ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്റെ തീരുമാനം.

Next Story
Read More >>