നാലടിച്ച് റയല്‍ മാഡ്രിഡ്

വല്ലാഡോലിഡിനെ ഒന്നിനെതിരേ നാലു ഗോളിനാണ് റയൽ തോൽപ്പിച്ചത്. ഇരട്ട ഗോൾ നേടിയ കരിം ബെൻസേമയാണ് റയലിന്റെ ജയത്തിൽ നിർണായകമായത്

നാലടിച്ച് റയല്‍ മാഡ്രിഡ്

വല്ലാഡോലിഡ്: സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിന് ജയം. വല്ലാഡോലിഡിനെ ഒന്നിനെതിരേ നാലു ഗോളിനാണ് റയൽ തോൽപ്പിച്ചത്. ഇരട്ട ഗോൾ നേടിയ കരിം ബെൻസേമയാണ് റയലിന്റെ ജയത്തിൽ നിർണായകമായത്.

വല്ലാഡോലിഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗാരത് ബെയ്ൽ ഇല്ലാതെയാണ് റയൽ ഇറങ്ങിയത്. മോശം ഫോമിലുള്ള റയലിനെ ഞെട്ടിച്ച് 12ാം മിനുട്ടിൽ വല്ലാഡോളിഡിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും മുതലാക്കാനായില്ല. റൂബൻ അൽക്കരാസിന്റെ ഷോട്ട് ഗോൾപോസ്റ്റിന്റെ മുകളിലൂടെ പറന്നു.

തട്ടകത്തിന്റെ ആധിപത്യം മുതലാക്കി കളിച്ച വല്ലാഡോലിഡ് 29ാം മിനുട്ടിൽ ലീഡെടുത്തു. ഗാർഡിയോളയുടെ അസിസ്റ്റിൽ അനുവർ മുഹമ്മദ് തുവാമിയാണ് ലക്ഷ്യം കണ്ടത്. ഗോൾ വഴങ്ങിയതോടെ പ്രത്യാക്രമണം കടുപ്പിച്ച റയൽ 34ാം മിനുട്ടിൽ സമനില പിടിച്ചു.നാച്ചോയുടെ അസിസ്റ്റിൽ വരാനെയാണ് റയലിനായി വലകുലുക്കിയത്. ആദ്യപകുതിയിൽ 68 ശതമാനം പന്തടക്കവും ഒമ്പത് ഗോൾശ്രമവുമായി റയൽ കണക്കിൽ മുന്നിട്ട് നിന്നെങ്കിലും മികച്ച പ്രകടനമാണ് വല്ലാഡോലിഡ് കാഴ്ചവച്ചത്.

രണ്ടാംപകുതിയിൽ ആക്രമണത്തിന്റെ മൂർച്ചകൂട്ടിയ റയൽ 51ാം മിനുട്ടിൽ മുന്നിലെത്തി. അനുവദിച്ചുകിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കരിം ബെൻസേമയാണ് റയലിന് ലീഡ് സമ്മാനിച്ചത്. എട്ടു മിനുട്ടിനുള്ളിൽ വീണ്ടും ബെൻസേമ റയലിന്റെ രക്ഷക്കെത്തി. ടോണി ക്രൂസിന്റെ അസിസ്റ്റിലാണ് ഗോൾ. 80ാം മിനുട്ടിൽ റയലിന് തിരിച്ചടി നൽകി കാസമിറോ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി.

10 പേരായി ചുരുങ്ങിയെങ്കിലും ആക്രമണത്തിന് മൂർച്ചകുറക്കാതെ മുന്നേറിയ റയലിന് ലൂക്കാ മോഡ്രിച്ച് നാലാം ഗോൾ സമ്മാനിച്ചു. ബെൻസേമയുടെ അസിസ്റ്റിലാണ് ഗോൾ. ജയത്തോടെ 51 പോയിന്റുള്ള റയൽ മൂന്നാം സ്ഥാനത്താണ്. 63 പോയിന്റുള്ള ബാഴ്‌സലോണ ഒന്നാം സ്ഥാനത്തും 56 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമുണ്ട്.

ചെകുത്താൻമാർക്ക് വെടിയേറ്റു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അപ്രതീക്ഷിത തോൽവി. ആഴ്‌സണലിനോട് അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് യുണൈറ്റഡ് തോറ്റത്. ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ തോല്പിച്ച് ക്വാർട്ടറിൽ കടന്നതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ യുണൈറ്റഡിനെ 3-4-1-2 ഫോർമേഷനിൽ ആഴ്‌സണൽ തളച്ചു.

12ാം മിനുട്ടിൽ ആഴ്‌സണൽ ലീഡെടുത്തു. അലക്‌സാണ്ടർ ലാക്കസ്റ്റയുടെ കുതിപ്പിനെ ഗ്രാനിറ്റ് ഷാക്കയാണ് ലക്ഷ്യത്തിലെത്തിച്ചത്. ആദ്യപകുതിയിൽ പന്തടക്കത്തിലും ഗോൾശ്രമത്തിലും ആധിപത്യം സ്ഥാപിക്കാൻ ആഴ്‌സണലിനായി. തിരിച്ചടിക്കാനുള്ള യുണൈറ്റഡിന്റെ ശ്രമങ്ങളെല്ലാം കൃത്യമായ പ്രതിരോധത്തിലൂടെ ആഴ്‌സണൽ തടുത്തു. 69ാം മിനുട്ടിൽ ആഴ്‌സണലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ഔബ്‌മെയാങ് ഉന്നം പിഴക്കാതെ പന്ത് പോസ്റ്റിലാക്കി. അവസാന മിനുട്ടുകളിൽ ടീമിൽ മാറ്റം വരുത്തി ആഴ്‌സണൽ ശക്തമായി പ്രതിരോധിച്ചപ്പോൾ യുണൈറ്റഡിന് തലകുനിച്ച് മടങ്ങേണ്ടിവന്നു. ജയത്തോടെ 60 പോയിന്റുമായി ആഴ്‌സണൽ നാലാം സ്ഥാനത്തേക്കുയർന്നപ്പോൾ 58 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.

ചെൽസിക്ക് സമനില

വിജയം പ്രതീക്ഷിച്ചിറങ്ങിയ മൗറീസ്യോ സാറിയെയും ശിഷ്യൻമാരെയും സമനിലയിൽ പൂട്ടി വോൾവ്‌സ്. ഇരു ടീമും ഓരോ ഗോൾവീതമാണ് നേടിയത്. 56ാം മിനുട്ടിൽ ജിമിനെസിലൂടെ ആദ്യം വലകുലുക്കിയത് വോൾവ്‌സായിരുന്നു. സ്വന്തം തട്ടകത്തിൽ ലീഡുവഴങ്ങിയതോടെ സാറി ടീമിൽ മാറ്റം വരുത്തി. കൊവാസിക്കിന് പകരം ചീക്കിനും പെഡ്രോയ്ക്ക് പകരം ഹുഡ്‌സൺ ഒഡോയിക്കും ജോർജിഞ്ഞോയ്ക്ക് പകരം വില്യനും അവസരം ലഭിച്ചു. അവസാന മിനുട്ടുവരെ ചെൽസിയെ ഗോളടിപ്പിക്കാതെ തടുത്തുനിർത്താൻ വോൾവ്‌സിനായെങ്കിലും ഇഞ്ചുറി ടൈമിൽ ചെൽസി സമനില പിടിച്ചു. വില്യന്റെ അസിസ്റ്റിൽ ഏദൻ ഹസാർഡാണ് വലകുലുക്കിയത്. 57 പോയിന്റുള്ള ചെൽസി ആറാം സ്ഥാനത്തും 44 പോയിന്റുള്ള വോൾവ്‌സ് ഏഴാം സ്ഥാനത്തുമാണ്.

Read More >>