റൊണാള്‍ഡോയില്‍ കണ്ണുംനട്ട് യുവന്റസ്‌

ആദ്യ പാദത്തിൽ 2-0ന് തോറ്റുനിൽക്കുന്ന യുവന്റസ് രണ്ടാം പാദത്തിൽ തിരിച്ചെത്തുമോ എന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ

റൊണാള്‍ഡോയില്‍ കണ്ണുംനട്ട് യുവന്റസ്‌

ടുറിൻ: യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദത്തിൽ യുവന്റസ് ഇന്ന് അത്‌ലറ്റികോ മാഡ്രിഡിനെതിരേ. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഷാൽക്കയെയും നേരിടും. ആദ്യ പാദത്തിൽ 2-0ന് തോറ്റുനിൽക്കുന്ന യുവന്റസ് രണ്ടാം പാദത്തിൽ തിരിച്ചെത്തുമോ എന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഇറ്റലിയിൽ തീപാറും

ക്രിസ്റ്റിയാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗിലെ കിരീടമുള്ള രാജാവാണ്. റയൽ മാഡ്രിഡിനെ ഹാട്രിക്ക് കിരീടത്തിലേക്ക് നയിച്ച് യുവന്റസിലേക്ക് കൂടുമാറിയ റൊണാൾഡോയ്ക്ക് തന്റെ മികവ് കാട്ടിക്കൊടുക്കേണ്ടത് അനിവാര്യമാണ്. ആദ്യപാദത്തിൽ തോറ്റ ശേഷം രണ്ടാംപാദത്തിൽ അവിസ്മരണീയ പ്രകടനവുമായി റയലിനെ വിജയതീരത്തെത്തിച്ച പഴയ റോണോയുടെ മിടുക്കിലാണ് യുവന്റസിന്റെ പ്രതീക്ഷകളെല്ലാം.

ചാമ്പ്യൻസ് ലീഗിലെ ഇത്തവണത്തെ റൊണാൾഡോയുടെ പ്രകടനം വിലയിരുത്തുമ്പോൾ പ്രതീക്ഷയ്ക്ക് വകയില്ലെന്നതാണ് വസ്തുത. രണ്ട് അസിസ്റ്റും ഒരു ഗോളും മാത്രമാണ് താരം നേടിയത്. ലീഗ് ഗോൾവേട്ടക്കാരിലെ മുൻനിരക്കാരന്റെ സ്ഥാനം നിലവിൽ 76ാമതാണ്. മികച്ച പിന്തുണ ലഭിക്കാത്തതാണ് റൊണാൾഡോയുടെ പ്രശ്നം. റൊണാൾഡോയുടെ അറ്റാക്കിങ് ശൈലിക്കനുസരിച്ച് തന്ത്രം മെനയാൻ യുവന്റസ് പരിശീലകൻ അല്ലെഗ്രിക്കും സാധിക്കുന്നില്ല.

ആദ്യപാദത്തിൽ സന്ദർശകരായെത്തിയ യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളിനാണ് തോറ്റത്. ഇന്ന് സ്വന്തം തട്ടകത്തിൽ മൂന്നു ഗോൾ വ്യത്യാസത്തിൽ ജയിച്ചെങ്കിൽ മാത്രമേ യുവന്റസിന് ക്വാർട്ടറിൽ കടക്കാനാവു. മരിയോ മാൻസുക്കിച്ച്, പാലോ ഡിബാല, പജാനിക്ക്,ബെന്റാക്യൂർ, ചില്ലിനി തുടങ്ങി എടുത്തുപറയാൻ പോന്ന താരങ്ങൾ യുവന്റസിനൊപ്പമുണ്ട്. എന്നാൽ, ഇവർക്ക് സ്ഥിരതയില്ലെന്നതാണ് വസ്തുത. അലക്‌സ് സാൻഡ്രോ, ഖദീര,കുഡ്രാഡോ എന്നിവരുടെ പരിക്ക് യുവന്റസിന് തിരിച്ചടിയാണ്.

അത്‌ലറ്റിക്കോയ്ക്കും പരിക്ക് തലവേദന സൃഷ്ടിക്കുന്നു. ഡഗ്ലസ് കോസ്റ്റ,ഫിലിപ്പ് ലൂയിസ്, ഹെർണാണ്ടസ് എന്നിവർ പരിക്കിനെത്തുടർന്ന് കളിക്കില്ലെന്നാണ് വിവരം. അന്റോണിയോ ഗ്രിസ്മാനിലാവും പ്രതീക്ഷകളെല്ലാം. കാലിനിക്ക്, കോറിയോ, റോഡ്രിഗോ തുടങ്ങിയവരിലും പ്രതീക്ഷകളേറെ. അവസാനം കളിച്ച അഞ്ച് മത്സരത്തിലും അത്‌ലറ്റികോ മാഡ്രിഡ് പരാജയപ്പെട്ടിട്ടില്ല.

അടുത്തിടെ നടന്ന കളിക്കണക്കുകളിൽ അത്‌ലറ്റികോ മാഡ്രിഡിനാണ് ആധിപത്യം. നേർക്കുനേർ വന്ന അവസാന മൂന്നു മത്സരത്തിൽ രണ്ടു തവണയും അത്‌ലറ്റികോ ജയിച്ചപ്പോൾ ഒരു മത്സരം സമനിലയായി.

സിറ്റി ഭയക്കണം

പേരിൽ കുഞ്ഞൻമാരാണെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുടെ മോഹങ്ങളെ തട്ടിത്തെറിപ്പിക്കാൻ കെൽപ്പുള്ളവരാണ് ഷാൽക്കെ. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ 3-2നാണ് ഷാൽക്കെ പരാജയപ്പെട്ടത്. സിറ്റിയുടെ തട്ടകത്തിൽ ഇതേ പ്രകടനമികവ് ഷാൽക്കെ അവർത്തിച്ചാൽ ആതിഥേയർക്ക് വെള്ളംകുടിക്കേണ്ടി വരും. പരിക്കാണ് എല്ലാവർക്കും തലവേദന. കെവിൻ ഡി ബ്രൂയിൻ,ഒറ്റമെൻഡി,സ്‌റ്റോണിസ്,ഫെർണാണ്ടീഞ്ഞോ എന്നിവരെല്ലാം സിറ്റി നിരയിൽ പരിക്കിന്റെ പിടിയിലാണ്. സെർജിയോ അഗ്യൂറോയിലും ഗബ്രിയേൽ ജീസസിലുമാണ് ടീമിന്റെ പ്രതീക്ഷ.

അവസാനം കളിച്ച ഒമ്പതു മത്സരത്തിലും തോൽക്കാതെയാണ് സിറ്റിയുടെ വരവ്. മറുവശത്ത് ഷാൽക്കെ അത്ര ഫോമിലല്ല. അവസാന നാലു മത്സരത്തിലും അവർ പരാജയപ്പെട്ടു. നേർക്കുനേർ വന്ന അവസാന രണ്ടുമത്സരത്തിലും ജയം സിറ്റിക്കായിരുന്നു.