ഈ വിസ്മയം ഇനിയും തുടരട്ടെ

ട്രാക്കിൽ ഇന്ത്യക്ക് അഭിമാന നേട്ടങ്ങൾ സമ്മാനിച്ച് മലയാളി താരം വി.കെ വിസ്മയ

ഈ വിസ്മയം ഇനിയും തുടരട്ടെ

കണ്ണൂർ: പ്രതീക്ഷ, വിശ്വാസം, കഠിനാദ്ധ്വാനം, പ്രാർത്ഥന ഇവയൊക്കെ മനസ്സിൽ വെച്ച് ട്രാക്കിൽ വിജയം നേടി വിസ്മയിപ്പിക്കുകയാണ് മലയാളി താരം വി.കെ വിസ്മയ. വെറും വിജയമല്ല പരിമിതികൾക്കിടയിലെ പത്തരമാറ്റ് പൊന്നിൻ വിജയം. ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളായി ഇതിനകം വിസ്മയ മാറിക്കഴിഞ്ഞു.

2018ൽ ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ 4 x 400 മീറ്റർ റിലേയിൽ സ്വർണം നേടിയാണ് വിസ്മയയുടെ തുടക്കം. ഇന്ത്യൻ ടീമിലെ അംഗമായ വിസ്മയ പൂവമ്മ, ഹിമ ദാസ് തുടങ്ങിയ സീനിയർ താരങ്ങളോടൊപ്പമായിരുന്നു ആദ്യം ട്രാക്കിൽ ഇറങ്ങിയത്.

കഴിഞ്ഞ ദിവസം ഇന്ത്യൻ ഗ്രാൻ്റ്പ്രീ 3ൽ വേഗക്കാരിയായ ഹിമയെയും പൂവമ്മയെയും മറികടന്ന് വിസ്മയ വേഗത്തിൽ വിസ്മയം തീർത്തു.

സൻഗ്രൂറിൽ നടന്ന 400 മീറ്റർ ഓട്ടത്തിലാണ് ഹിമ വിജയം കൊയ്തത്. 53.80 സമയം കുറിച്ചാണ് സ്വർണം ഓടിയെടുത്തത്. പാട്യാലയിൽ നടന്ന ഇന്ത്യൻ ജി.പിയിലും വിസ്മയ സ്വർണം നേടിയിരുന്നു. ഇപ്പോൾ പട്യാലയിലെ ക്യാമ്പിലാണ് ഉള്ളത്. ഏപ്രിലിൽ ഇനി ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് നടക്കാനിരിക്കുകയാണ്. മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് വിസ്മയ.

ഒരു ജോലിയും കുഞ്ഞു വീടും

കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിനിയും കോതമംഗലത്ത് താമസക്കാരിയുമായ വിസ്മയക്ക് ഇപ്പോൾ ഏറ്റവും വലിയ ആഗ്രഹം മറ്റൊന്നുമല്ല. സർക്കാർ വാഗ്ദാനം ചെയ്ത ജോലി പെട്ടെന്നു ശരിയാക്കിത്തരണം. ഒരു കൊച്ചു വീടും. റെയിൽവേയിൽ ജോലിക്ക് സാദ്ധ്യത ഉണ്ടായിരുന്നു. എന്നാൽ റിക്രൂട്ട്മെൻ്റ് സമയത്ത് ക്യാമ്പിലായിരുന്നു. സർട്ടിഫിക്കറ്റുകളും കൈയിൽ ഇല്ലായിരുന്നു. സ്വന്തം നാട്ടിൽ ജോലി ചെയ്യണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ ജോലിക്കായി കാത്തിരിക്കുന്നത്.

യാതനകൾ മറികടന്ന് ട്രാക്ക് കീഴടക്കി

വെള്ളുവക്കോറോത്ത് സുജാതയുടെയും വിനോദിന്റെയും രണ്ടു മക്കളിൽ മൂത്തവളാണ് വിസ്മയ. താൻ ഓടിയെടുത്ത ട്രോഫികൾ അടുക്കിവയ്ക്കാൻ സ്വന്തമായൊരു വീടുപോലും വിസ്മയക്കില്ല. ഇരു മക്കളുടെയും വിദ്യാഭ്യാസത്തിനായി കോതമംഗലത്തെ വാടക വീട്ടിലാണ് വിസ്മയയുടെ കുടുംബം കഴിഞ്ഞിരുന്നത്. 2018ൽ മകളുടെ പ്രകടനം കാണാൻ ടി.വി. പോലും ആ വീട്ടിൽ ഉണ്ടായിരുന്നില്ല. വീടും സ്ഥലവും ഒരു സംഘടന വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നടന്നില്ല. വീടിന്റെ താക്കോൽ ജനുവരിയിൽ നൽകുമെന്നായിരുന്നു വാഗ്ദാനം. ആദ്യ വാടക വീട്ടിൽ നിന്നും മാറി . ഇപ്പോൾ മറ്റൊരു വാടക വീട്ടിലാണ് താമസം. പഴയ അതേ പരിമിതികൾക്ക് നടുവിലാണ് ഇപ്പോഴും തന്റെ കുടുംബമുള്ളതെന്ന് വിസ്മയ പറയുന്നു. എങ്ങനെയെങ്കിലും ജോലി കിട്ടിയിട്ടു വേണം കുടുംബത്തെ സംരക്ഷിക്കാൻ . പരിശീലനം നടക്കുമ്പോഴും ട്രാക്കിൽ ഇറങ്ങുമ്പോഴും ഫിനിഷിങ് പോയിന്റ് മാത്രമാണ് മനസ്സിൽ. റൂമിൽ എത്തിയാൽ കുടുംബത്തിന്റെ കഷ്ടപ്പാട് ഓർത്തുപോകും. വീട് വാഗ്ദാനം നൽകിയവരെ ഇടക്കിടെ വിളിക്കാറുണ്ട്. ഉടൻ ശരിയാകുമെന്ന മറുപടിയാണ് ലഭിക്കുന്നത്. ജോലിക്കായി എനിക്ക് ഇവിടെ നിന്നും ബന്ധപ്പെട്ടവരെ വിളിക്കാൻ മാത്രമേ സാധിക്കൂ. കഴിഞ്ഞ ദിവസം മാതാപിതാക്കൾ കായിക മന്ത്രിയെ കാണാൻ പോയിരുന്നെങ്കിലും കാണാൻ സാധിച്ചില്ലെന്നും വിസ്മയ പറഞ്ഞു.

കണക്കിൽ കണക്കു തീർത്തു

ട്രാക്കിൽ പോലെ തന്നെ വിദ്യാഭ്യാത്തിലും മിടുക്കിയാണ് വിസ്മയ. അവസാന വർഷ ബിരുദ പരീക്ഷയിൽ കണക്കിൽ മുഴുവൻ മാർക്കും നേടി അദ്ധ്യാപകരുടെ പ്രിയങ്കരിയായി. കോളജിൽ ബിരുദാനന്തര ബിരുദത്തിൽ കണക്ക് വിഷയം ഇല്ലാത്തതിനാൽ ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ എം.എസ്. ഡബ്ല്യുവിന് ചേർന്നു. ഇപ്പോൾ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ്. മിക്ക സമയങ്ങളിലും പരിശീലനത്തിലാണെങ്കിലും പഠനത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ലെന്ന് വിസ്മയുടെ അദ്ധ്യാപകർ പറയുന്നു. കഴിഞ്ഞ സെമസ്റ്ററിൽ ക്ലാസിൽ കുറച്ചു മാത്രമേ ഇരുന്നിട്ടുള്ളുവെങ്കിലും മികച്ച വിജയം നേടി. എന്നാൽ ഗെയിംസും പരിശീലനവും നടക്കുന്നതിനാൽ ഈ വർഷം നടക്കുന്ന രണ്ടാം വർഷത്തെ ആറാം സെമസ്റ്റർ എഴുതാൻ സാധിച്ചേക്കില്ല. കാവുമ്പായി ഗവ. എൽ.പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് നെടുങ്ങോം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. വിസ്മയയിൽ ഒരു കൊച്ചു ഓട്ടക്കാരിയുണ്ടെന്ന് കണ്ടെത്തിയത് കോതമംഗലം സെന്റ് ജോർജ് സ്‌കൂളിലെ കായികാദ്ധ്യാപകൻ രാജു പോൾ ആയിരുന്നു. 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിൽ മത്സരിച്ച് വിജയം കൊയ്തു. സ്‌കൂൾ മീറ്റുകളിൽ അധികം പങ്കെടുക്കാത്ത വിസ്മയ ദേശീയ മത്സരങ്ങളിലാണ് പരിശീലകൻ വിനയചന്ദ്രന്റെ സഹായത്തോടെ മികച്ച പ്രകടനം കാഴ്ചവച്ചത്. കായിക രംഗത്തേക്ക് കടന്നു വരുന്നതുതന്നെ അനിയത്തി വിജിഷയിലൂടെയായിരുന്നു. ചേച്ചിയെപ്പോലെ വിജിഷയും മികച്ച ഓട്ടക്കാരിയാണ്. ട്രാക്ക് ഇനങ്ങളിൽനിന്ന് മാറിയ വിജിഷ മികച്ച നീന്തൽ താരമായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു.

ഇനിയും ട്രാക്കുകൾ കീഴടക്കണം

ഇനിയും കീഴടക്കാൻ ഒത്തിരി ട്രാക്കുകൾ ഉണ്ടെന്ന് വിസ്മയ തത്സമയത്തോട് പറഞ്ഞു. മറ്റു രാജ്യങ്ങളിലെ ട്രാക്കിലെത്തി രാജ്യത്തിനും നാടിനും വേണ്ടി മെഡലുകൾ വാരിക്കൂട്ടണം. അതിനായി കഠിന പ്രയത്നം ചെയ്യും. സ്വന്തമായൊരു ജോലിയും സമ്പാദിക്കണം.

Read More >>