മാറ്റുകുറയാതെ വസിം ജാഫര്‍

തന്റെ 10ാം രഞ്ജി ട്രോഫി കിരീടത്തിലാണ് വസിം ജാഫര്‍ ഇത്തവണ മുത്തമിട്ടത്

മാറ്റുകുറയാതെ വസിം ജാഫര്‍

മുംബൈ: രഞ്ജി ട്രോഫിയില്‍ കിരീടം നിലനിര്‍ത്തി വിദര്‍ഭ കരുത്തുകാട്ടിയപ്പോള്‍ വിസ്മരിക്കാനാവാത്ത പേരാണ് വസിം ജാഫര്‍. പ്രതിഭയുണ്ടായിട്ടും ഇന്ത്യന്‍ ജഴ്സിയില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ തഴയപ്പെട്ടപ്പോഴും പരിഭവമില്ലാതെ ക്രിക്കറ്റിനെ സ്‌നേഹിച്ച അദ്ദേഹം തന്റെ 10ാം രഞ്ജി ട്രോഫി കിരീടത്തിലാണ് ഇത്തവണ മുത്തമിട്ടത്. ആഭ്യന്തര ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളും സ്വന്തം പേരിലാക്കിയ അദ്ദേഹം നേരത്തെ മുംബൈയ്ക്കൊപ്പമാണ് എട്ടു കിരീടങ്ങള്‍ നേടിയത്.

അനുഭവസമ്പത്തിന്റെ കരുത്ത് തെളിയിച്ച പ്രകടനമാണ് ജാഫര്‍ പുറത്തെടുത്തത്. പ്രായം 40 കടന്നിട്ടും ചുറുചുറുക്കോടെ ബാറ്റേന്തുന്ന അദ്ദേഹമാണ് ഈ സീസണിലെ വിദര്‍ഭയുടെ ടോപ് സ്‌കോറര്‍. 11 മത്സരങ്ങളില്‍ നിന്ന് 69.13 ശരാശരിയില്‍ 1037 റണ്‍സാണ് ജാഫര്‍ നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും ഒരു ഡബിള്‍ സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും. ബറോഡയ്ക്കെതിരേ 153 റണ്‍സ് നേടി തന്റെ ബാറ്റിങ് മികവ് വീണ്ടും തെളിയിച്ച ജാഫര്‍ ഗുജറാത്തിനെതിരേ 126 റണ്‍സും മുംബൈയ്ക്കെതിരേ 176 റണ്‍സും ജാഫര്‍ അടിച്ചെടുത്തു. ഉത്തരാഖണ്ഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ 206 റണ്‍സ് വിദര്‍ഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണ്ണായകമായി. 40ാം വയസ്സില്‍ ഡബിള്‍ സെഞ്ച്വറി നേടിയതോടെ ഈ പ്രായത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യന്‍ താരമെന്ന ബഹുമതിയും ജാഫറിനെ തേടിയെത്തി. രഞ്ജിയില്‍ ഒമ്പതു തവണയാണ് ജാഫര്‍ ഇരട്ട സെഞ്ച്വറി നേടിയത്.

ജാഫര്‍ സെഞ്ച്വറി നേടിയ മത്സരങ്ങളിലെല്ലാം വിദര്‍ഭ 400ന് മുകളില്‍ സ്‌കോര്‍ നേടി. ഈ സീസണിലും 1000ന് മുകളില്‍ സ്‌കോര്‍ നേടിയതോടെ രഞ്ജി ട്രോഫിയില്‍ 1000 റണ്‍സോ അതിലധികമോ രണ്ടു തവണ സ്‌കോര്‍ ചെയ്യുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിയും ജാഫര്‍ സ്വന്തം പേരിലാക്കി. 2008-09 സീസണില്‍ മുംബൈയ്ക്കുവേണ്ടി 10 മത്സരങ്ങളില്‍ നിന്ന് 1260 റണ്‍സ് നേടിയതാണ് ജാഫറിന്റെ ഇതിന് മുന്നത്തെ മികച്ച പ്രകടനം.

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 250 മത്സരങ്ങളില്‍നിന്ന് ജാഫര്‍ 408 ഇന്നിങ്‌സുകളില്‍ നിന്ന് നേടിയത് 18,873 റണ്‍സ്. 51ന് മുകളിലാണ് ശരാശരി. 56 സെഞ്ച്വറിയും 88 അര്‍ദ്ധ സെഞ്ച്വറിയും ഇതില്‍പ്പെടും. 314 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ലിസ്റ്റ് എയിലും അദ്ദേഹത്തിന് മികച്ച റെക്കോഡ് ഉണ്ട്. 102 മത്സരങ്ങളില്‍ നിന്ന് 44.89 ശരാശരിയില്‍ 4310 റണ്‍സാണ് ജാഫര്‍ നേടിയത്. 10 സെഞ്ച്വറിയും 29 അര്‍ദ്ധ സെഞ്ച്വറിയും. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുവേണ്ടി എട്ട് മത്സരങ്ങളില്‍ നിന്ന് ജാഫര്‍ 130 റണ്‍സ് നേടി.

രഞ്ജിയില്‍ 11,000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡും അദ്ദേഹം നേടി. ബറോഡയ്‌ക്കെതിരായ സെഞ്ച്വറിയോടെയാണ് അദ്ദേഹം പുതിയ നാഴികക്കല്ല് പിന്നിട്ടത്. 9202 റണ്‍സ് നേടിയ അമോല്‍ മജുംദാര്‍, 9201 റണ്‍സുള്ള ദേവേന്ദ്ര ബണ്ടെല, 8554 റണ്‍സ് നേടിയ മിഥുന്‍ മന്‍ഹസ് എന്നിവരാണ് ഈ റെക്കോഡില്‍ ആദ്യ നാലിലുള്ളവര്‍. മുംബൈയ്ക്കൊപ്പമായിരുന്നു ജാഫര്‍ കൂടുതല്‍ റണ്‍സ് നേടിയത്. ഇന്ത്യയ്ക്കുവേണ്ടി 31 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ജാഫര്‍ അഞ്ച് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1944 റണ്‍സും നേടി.

ഇവരും താരങ്ങള്‍

ആദിത്യ സര്‍വാതെ

വിദര്‍ഭയുടെ ഇത്തവണത്തെ കിരീടനേട്ടത്തില്‍ ഇടം കൈയന്‍ സ്പിന്നറായ ആദിത്യ സര്‍വാതെയുടെ പങ്ക് നിര്‍ണ്ണായകമാണ്. 11 മത്സരങ്ങളില്‍ നിന്ന് 55 വിക്കറ്റ് സര്‍വാതെ പോക്കറ്റിലാക്കി. ഇതോടെ വിദര്‍ഭയ്ക്കുവേണ്ടി ഒരു രഞ്ജി സീസണില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന റെക്കോഡും സര്‍വാതെ സ്വന്തം പേരിലാക്കി. ആറ് തവണയാണ് സര്‍വാതെ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. നിര്‍ണ്ണായകമായ ഫൈനല്‍ മത്സരത്തില്‍ 11 വിക്കറ്റുമായി സൗരാഷ്ട്രയെ തകര്‍ത്തതും സര്‍വാതെ തന്നെ.

ഫയിസ് ഫസല്‍

വിദര്‍ഭ നിരയിലെ ഉയര്‍ന്ന രണ്ടാമത്തെ ടോപ് സ്‌കോററാണ് ക്യാപ്റ്റന്‍ ഫയിസ് ഫസല്‍. 11 മത്സരത്തില്‍നിന്ന് 50 ശരാശരിക്ക് മുകളില്‍ 752 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും.

അക്ഷയ് വാഡ്കര്‍

വിദര്‍ഭയുടെ കിരീടനേട്ടത്തിലെ അഭിവാജ്യ ഘടകമാണ് അക്ഷയ് വാഡ്കര്‍. 11 മത്സരത്തില്‍ 60.41 ശരാശരിയില്‍ 725 റണ്‍സാണ് അക്ഷയ് നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും.

Read More >>