രഞ്ജി ട്രോഫി കൈവിടാതെ വിദര്‍ഭ

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം വിദര്‍ഭ നിലനിര്‍ത്തി

രഞ്ജി ട്രോഫി കൈവിടാതെ വിദര്‍ഭ

നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം വിദര്‍ഭ നിലനിര്‍ത്തി. ഫൈനലില്‍ സൗരാഷ്ട്രയെ 78 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. വിദര്‍ഭ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സൗരാഷ്ട്ര രണ്ടാം ഇന്നിങ്‌സില്‍ 127 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ സര്‍വതിന്റെ ബൗളിങ്ങാണ് സൗരാഷ്ട്രയെ തകര്‍ത്തത്. വാക്കറെ മൂന്ന് വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യം ബാറ്റ്‌ചെയ്ത വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 312 റണ്‍സ് അടിച്ചെടുത്തു. മദ്ധ്യനിരയില്‍ കര്‍ണിവാര്‍ (73) നേടിയ അര്‍ദ്ധ സെഞ്ച്വറിയാണ് വിദര്‍ഭയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. വാഡ്കര്‍ (45), കാലി (35) എന്നിവരും തിളങ്ങി. സൗരാഷ്ട്രയ്ക്ക് വേണ്ടി ജയദേവ് ഉനദ്ഘട്ട് മൂന്നും സക്കറിയ, മക്‌വാന എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടിക്കിറങ്ങിയ സൗരാഷ്ട്രയ്ക്ക് ഒന്നാം ഇന്നിങ്‌സില്‍ 307 റണ്‍സടിച്ചു. സ്‌നെല്‍ പട്ടേല്‍ (102) നേടിയ സെഞ്ച്വറിയാണ് ടീമിന് കരുത്തായത്. അഞ്ച് റണ്‍സ് ലീഡോടെ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ വിദര്‍ഭ 200 റണ്‍സിന് ഓള്‍ഔട്ടായി സൗരാഷ്ട്രയ്ക്ക് 206 റണ്‍സ് വിജയലക്ഷ്യം സമ്മാനിക്കുകയായിരുന്നു.

രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി വിദര്‍ഭയ്ക്കായി 11 വിക്കറ്റ് നേടിയ ആദിത്യ സര്‍വാതെയാണ് കളിയിലെ താരം. രണ്ട് ഇന്നിംങ്‌സിലും പുജാരയെ(1, 0) നിലയുറപ്പിക്കും മുമ്പേമടക്കാനായത് നിര്‍ണ്ണായകമായി. രണ്ട് ഇന്നിംങ്‌സിലും സര്‍വാതെയാണ് പുജാരയെ മടക്കിയത്.

Read More >>