വനിതാ ട്വന്റി 20; കളി കൈവിട്ട് ഇന്ത്യ

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് 23 റണ്‍സ് തോല്‍വി

വനിതാ ട്വന്റി 20; കളി കൈവിട്ട് ഇന്ത്യ

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് 23 റണ്‍സ് തോല്‍വി. അനായാസമായി ജയിക്കേണ്ടിയിരുന്ന മത്സരം ഇന്ത്യന്‍ പെണ്‍പട കളഞ്ഞുകുളിക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 19.1 ഓവറില്‍ 136 റണ്‍സില്‍ അവസാനിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 159റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറി നേടിയ സോഫി ഡിവൈനിന്റെ (62) പ്രകടനമാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 48 പന്തുകള്‍ നേരിട്ട് ആറ് ഫോറും രണ്ട് സിക്സുമാണ് സോഫി പറത്തിയത്. കിവീസ് ക്യാപ്റ്റന്‍ സാറ്റര്‍വെയ്റ്റ് (33), വിക്കറ്റ് കീപ്പര്‍ കേയ്റ്റി മാര്‍ട്ടിന്‍ (27*) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. സാറ്റര്‍വെയ്റ്റ് 27 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറികള്‍ പായിച്ചപ്പോള്‍ കേയ്റ്റി 14 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും അടിച്ചെടുത്തു. ഫ്രാന്‍സിസ് മെക്ക (10) പുറത്താവാതെ നിന്നു. ഇന്ത്യക്കുവേണ്ടി അരുന്ധതി റെഡ്ഡി, രാധാ യാദവ്, ദീപ്തി ശര്‍മ, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.

മറുപടിക്കിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തന്നെ പുനിയയെ(4) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്മൃതി മന്ദാനയും (58), ജെമീമ റോഡ്രിഗസും (39) ചേര്‍ന്ന് പ്രതീക്ഷ നല്‍കി. ആഞ്ഞടിച്ച മന്ദാന 34 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും പറത്തിയാണ് മടങ്ങിയത്. എന്നാല്‍ ചെറിയ ഇടവേളകളില്‍ ഇരുവരേയും മടക്കിയ കിവീസ് ബൗളര്‍മാര്‍ ഇന്ത്യയുടെ വിജയ സ്വപ്‌നങ്ങളെ തകര്‍ത്തു. മദ്ധ്യനിരയില്‍ ആര്‍ക്കും തിളങ്ങാനാവാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 11.3 ഓവറില്‍ രണ്ട് വിക്കറ്റിന് 102 റണ്‍സെന്ന നിലയില്‍ നിന്നാണ് ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച. ഹര്‍മന്‍പ്രീത് കൗര്‍ 17 റണ്‍സെടുത്ത് പുറത്തായി.അനുജ പാട്ടില്‍ (0), അരുന്ധതി റെഡ്ഡി (2) എന്നിവരും നിരാശപ്പെടുത്തി. കിവീസീനുവേണ്ടി ലീ തഹുഹു മൂന്നുവിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കാസ്പെര്‍ക്കും കെറും രണ്ടു വിക്കറ്റും സ്വന്തമാക്കി. സാറ്റര്‍വെയ്റ്റ്, മെയ്ര്‍, സോഫി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. തഹുഹുവാണ് കളിയിലെ താരം. ജയത്തോടെ മൂന്നുമത്സര പരമ്പരയില്‍ കിവീസ് 1-0ന് മുന്നിലെത്തി.

Read More >>