44 വർഷത്തിനിടെ 14 ആം കേരള യാത്ര

അനിയന്റെ 14ാം കേരള യാത്രയാണിത്. തൃശൂർ കാവീട് സ്വദേശിയാണ്. സന്യാസം സ്വീകരിച്ചതിലൂടെയാണ് പേര് അനിയൻ സഹോദരൻ എന്നാക്കിയത്. ഈ വിലാസത്തിലാണ് പാസ്‌പോർട്ടുൾപ്പടെയുള്ളത്. സാഹിത്യ രചനകളും നാടക പ്രസ്ഥാനങ്ങളുമായി നടക്കുന്നതിനിടെയാണ് സന്യാസത്തിലേക്കു തിരിഞ്ഞത്.

44 വർഷത്തിനിടെ 14 ആം കേരള യാത്ര

10 യൂറോപ്യൻ രാജ്യങ്ങളും 11 ആഫ്രിക്കൻ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്

കോട്ടക്കൽ: പദയാത്രകളിലൂടെ ശ്രദ്ധേയനായ അനിയൻ സഹോദരൻ പുതിയ യാത്രക്കിടെ മലപ്പുറത്ത്. നീതിക്കു വേണ്ടിയുള്ളതാണ് ഇത്തവണത്തെ യാത്ര. റിപ്പബ്ലിക്ക് ദിനത്തിൽ കാസർകോഡ് നിന്ന് തുടങ്ങിയ കാൽനട പ്രയാണം തിരുവനന്തപുരത്തേക്കാണ്. എല്ല് തേയ്മാനമുൾപ്പടെയുളള രോഗങ്ങൾ അലട്ടുന്നതിനിടെയാണ് ചെരിപ്പ് പോലും ധരിക്കാതെയുള്ള സഞ്ചാരം. എത്തുന്നിടത്ത് കിടക്കും, ആളുകൾ തരുന്നത് തിന്നും- അതാണ് അനിയന്റെ നയം.

അനിയന്റെ 14ാം കേരള യാത്രയാണിത്. തൃശൂർ കാവീട് സ്വദേശിയാണ്. സന്യാസം സ്വീകരിച്ചതിലൂടെയാണ് പേര് അനിയൻ സഹോദരൻ എന്നാക്കിയത്. ഈ വിലാസത്തിലാണ് പാസ്‌പോർട്ടുൾപ്പടെയുള്ളത്. സാഹിത്യ രചനകളും നാടക പ്രസ്ഥാനങ്ങളുമായി നടക്കുന്നതിനിടെയാണ് സന്യാസത്തിലേക്കു തിരിഞ്ഞത്.

മലയാറ്റൂർ മല ചവിട്ടിയായിരുന്നു തുടക്കം. 1990ലായിരുന്നു കേരളം ചുറ്റിയുള്ള ആദ്യ കാൽനട യാത്ര. വയനാട് ജില്ലയിലെ നമ്പിയാംകുന്നിൽ നിന്ന് തുടങ്ങി തിരുവനന്തപുരത്തേക്കായിരുന്നു. 2016ലാണ് ഒടുവിലത്തെ യാത്ര. കാസർകോഡ് നിന്ന് തുടങ്ങി തലസ്ഥാന നഗരിയിൽ സമാപനം. എല്ലാ യാത്രകളും കേരളത്തിന്റെ വടക്കു നിന്ന് തുടങ്ങി അനന്തപുരയിൽ സമാപിക്കുന്ന രീതിയിലായിരുന്നു. ഇത്തവണ തിരുവനന്തപുരത്തെത്താൻ 50 ദിസമെടുക്കുമെന്നാണ് കണക്കാക്കുന്നത്. പുലർച്ചെ ആറ് മുതൽ 12വരേയും വൈകീട്ട് മൂന്ന് മുതൽ 6.30വരേയുമാണ് നടത്തം. ഇതിനിടയിൽ പ്രത്യേക വിശ്രമമൊന്നുമില്ല.


യാത്രയുടെ സന്ദേശങ്ങൾ തുണിയിൽ എഴുതി കൈയിലെ പൈപ്പിലും കഴുത്തിൽ കയറിട്ട് അതിലും തൂക്കിയിട്ടുണ്ട്. 25വീതം സന്ദേശങ്ങളാണ് ഇവയിലുള്ളത്. ആരെങ്കിലും യാത്രയെ കുറിച്ചു ചോദിച്ചാൽ ഇവ പ്രദർശിപ്പിക്കും. കൈയിലെ നോട്ടുപുസ്തകത്തിൽ അഭിപ്രായം കുറിക്കാൻ ആവശ്യപ്പെടുകയും ചെയ്യും.

കണ്ണൂർ, കോഴിക്കോട് ജില്ലകൾ പിന്നിട്ടാണ് മലപ്പുറത്തെത്തിയത്. മണ്ണാർക്കാട് വഴി പാലക്കാട്ടേക്കും അവിടെ നിന്ന് തൃശൂരിലേക്കും സഞ്ചാരം തുടരും. യാത്ര തിരുവനന്തപുരത്തെത്തിയാൽ ഹരിയാനയിലെ ആശ്രമത്തിലേക്ക് പോവും. കറുപ്പ് വസ്ത്രം ധരിച്ച് വേച്ചു വേച്ചുള്ള നടത്തം കണ്ടാൽ വീണുപോവില്ലേന്ന് ആരും സംശയിക്കും.

ദൈവ നീതിയല്ല, രാഷ്ട്രീയ നീതിയാണ് നാട്ടിൽ നടക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. എല്ലാവരും സ്വന്തം നീതി പാലിക്കാൻ തയ്യാറാവണം. വ്യക്തി ആദ്യം സ്വന്തത്തോടും പിന്നെ കുടുംബത്തിലും സമൂഹത്തിലും നീതി പാലിച്ചാണ് നീതി നടപ്പാക്കേണ്ടത്.

67 വയസ്സായെങ്കിലും യാത്ര പ്രയാസമായി തോന്നുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. വാഹനത്തിരക്ക് കൂടുകയും കെട്ടിടങ്ങൾ പെരുകുകയും ചെയ്തതാണ് യാത്രക്കിപ്പോൾ തടസ്സം. അതിനാൽ ദൂരം പിന്നിടാൻ കൂടുതൽ സമയം വേണ്ടി വരുന്നു. ദയാവധം, ഭ്രൂണഹത്യ, പ്രകൃതി വിരുദ്ധ ബന്ധങ്ങൾ, കൈക്കൂലി, അഴിമതി തുടങ്ങിയവ കർശന നിയമനിർമ്മാണത്തിലൂടെ നിർമ്മാർജ്ജനം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ തവണത്തെ യാത്ര.

ഈ കാലത്തിനിടെ 10 യൂറോപ്യൻ രാജ്യങ്ങളും 11 ആഫ്രിക്കൻ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. യാത്ര ഇനിയും തുടരും. 44വർഷമായി യാത്ര ചെയ്യുന്നു. എന്നെ ദൈവം നിയോഗിച്ചിട്ടുള്ളത് അതിനാണെന്നും സഹോദരൻ പറഞ്ഞു നിർത്തി.