നാലു വയസ്സുകാരിയെ കാട്ടാനക്കൂട്ടത്തിൽ നിന്ന് രക്ഷിച്ച കാട്ടുകൊമ്പൻ

ആനകൾ പിൻമാറിയപ്പോൾ ഇയാളാണ് പരിക്കേറ്റ മാതാപിതാക്കളെയും അഹാനയെയും ലതാഗരിയിലെ ആശുപത്രിയിൽ എത്തിച്ചത്. കൂട്ടിയ്ക്ക് സാരമായ പരിക്കുകളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നാലു വയസ്സുകാരിയെ കാട്ടാനക്കൂട്ടത്തിൽ നിന്ന് രക്ഷിച്ച കാട്ടുകൊമ്പൻ

ജൽപായ്ഗുരി: കൊൽക്കത്തയിലെ വനപാതയിൽ സ്‌കൂട്ടർ അപകടത്തിൽ പെട്ട് റോഡിലേക്ക് തെറിച്ചുവീണ നാലുവയസ്സുകാരിയെ കാട്ടാന കൂട്ടത്തിൽ നിന്ന് സംരക്ഷിച്ച് കാട്ടുകൊമ്പൻ. ഗാരുമാര വനത്തിനിടയിലൂടെയുള്ള ദേശീയ പാത 31ലാണ് സംഭവം.

നാലുവയസ്സുകാരിയായ അഹാന മാതാപിതാക്കളായ നിതു ഘോഷിനും നിധിയ്ക്കും ഒപ്പം ലതാഗരിയിലെ വീട്ടിലേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്നു. പാതി വഴി എത്തിയപ്പോൾ കാട്ടാനകൂട്ടം റോഡ് മുറിച്ച് കടക്കാൻ തുടങ്ങി. വാഹനം നിർത്തിയ പിതാവ് നീതു ഘോഷ് ആനകൾ റോഡ് മുറിച്ച് കടക്കുന്നവരെ കാത്തു. ശേഷം യാത്ര തുടരുന്നതിനിടെ, അപ്രതീക്ഷിതമായി ആനകൂട്ടത്തിലെ ചില കൊമ്പൻമാർ തിരിച്ച് റോഡിലേക്ക് ഇറങ്ങി. ഇതോടെ ഭയന്ന പിതാവ് ആനകൂട്ടത്തിനിടയിൽ പെട്ട് പോവാതിരിക്കാൻ വണ്ടി നിർത്താൻ ശ്രമിച്ചു. പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനെ തുടർന്ന് സ്‌കൂട്ടർ മറിയുകയും മൂവരും റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. ഈ സമയം റോഡിലെത്തിയ കാട്ടുകൊമ്പൻമാരിൽ ഒരെണ്ണം അഹാനയുടെ അടുത്തേക്ക് എത്തുകയും കുട്ടിയെ തന്റെ കാലുകൾക്കിടയിൽ സംരക്ഷിച്ച് നിർത്തുകയായിരുന്നു. മറ്റ് കാട്ടാനകൾ പോവും വരെ കൊമ്പൻ ആ നിൽപ്പ് തുടർന്നു. ആനകൾ പോയെന്ന് ഉറപ്പായ ശേഷം കൊമ്പൻ കാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഈ സമയം ഇവരുടെ മുന്നിൽ സഞ്ചരിച്ച ലോറി ഡ്രൈവർ, അപകടം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഹോൺ മുഴക്കി ആനകളെ പരിസരത്ത് നിന്ന് അകറ്റാൻ ശ്രമിച്ചിരുന്നു. ആനകൾ പിൻമാറിയപ്പോൾ ഇയാളാണ് പരിക്കേറ്റ മാതാപിതാക്കളെയും അഹാനയെയും ലതാഗരിയിലെ ആശുപത്രിയിൽ എത്തിച്ചത്. കൂട്ടിയ്ക്ക് സാരമായ പരിക്കുകളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More >>