ടി എൻ ജി ചോദിച്ച സിഗരറ്റ്

അബുദാബിക്കും ദുബായ്ക്കുമിടയിലുള്ള പാലമെത്തിയപ്പോൾ ടി എൻ ജിക്ക് സിഗരറ്റ് വലിക്കാൻ തോന്നി. കാറു നിറുത്തി. നല്ല സ്ഥലം. സമയം രാത്രി 2 മണിയാണു. ചില ദ്യശ്യങ്ങൾ വേണമെന്നായി കണ്ണാടിയുടെ അമരക്കാരൻ. മടിച്ചു നിന്ന ക്യാമറമാനോടും പലേരിയോടും അദ്ദേഹം പറഞ്ഞു. എന്ത് മാദ്ധ്യമപ്രവർത്തകരാണു നിങ്ങൾ. എടുക്ക്

ടി എൻ ജി ചോദിച്ച സിഗരറ്റ്

കുഴൂർ വിത്സൺ

കോഴിക്കോട് : ഗൾഫിലെ മലയാളി മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അൻവർ പലേരിക്ക് ജീവിതകാലം മുഴുവൻ ഓർത്ത് വയ്ക്കാൻ ഒരു സിഗരറ്റിന്റെ കഥയുണ്ട്. മലയാളിയുടെ മാദ്ധ്യമബോധത്തെ മാറ്റിയെഴുതിയ ടി എൻ ജി എന്ന ടി എൻ ഗോപകുമാറിന്റെ കൂടെ ഒരു രാത്രിയും പകലും യു എ ഇ യുടെ തലസ്ഥാനമായ അബുദാബിയിൽ, പ്രതിരോധ വകുപ്പിന്റെ ജയിലിൽ കഴിഞ്ഞതിന്റെ ഓർമ്മ.


2002 ലാണു സംഭവം. ദുബായ് മീഡിയ സിറ്റിയിൽ ഏഷ്യാനെറ്റ് ഓഫീസ് തുറന്നിട്ട് അധികമായില്ല. അന്ന് ഏഷ്യാനെറ്റ് ദുബായ് വാർത്തയുടെ ചുമതലക്കാരനും, ഏഷ്യാനെറ്റ് റേഡിയോ 657 എ എമ്മിലെ വാർത്താ വായനക്കാരനുമാണു അൻവർ പലേരി. ഏഷ്യാനെറ്റ് കണ്ണാടി ഗൾഫ് എഡിഷൻ ചിത്രീകരണത്തിനായാണു ടി എൻ ജി യു എ ഇ യിൽ എത്തിയത്. ക്യാമറമാൻ വി ടി സന്തോഷും കൂടെയുണ്ട്. അന്ന് ഏഷ്യാനെറ്റിനു വേണ്ടി വാഹനം നൽകിയിരുന്നത് ഈസ്റ്റ് കോസ്റ്റാണു. ടി എൻ ജി, ക്യാമറ മാൻ വിടി സന്തോഷ്, അൻവർ പലേരി, എന്നിവർ ദുബായിൽ നിന്ന് പകൽ അബുദാബിയിലെത്തി. ചില സ്റ്റോറികൾ കവർ ചെയ്തു. അബുദാബിയിൽ നിന്ന് പാതിരാത്രിയിലാണു ദുബായ്ക്കുള്ള മടക്കം.

അബുദാബിക്കും ദുബായ്ക്കുമിടയിലുള്ള പാലമെത്തിയപ്പോൾ ടി എൻ ജിക്ക് സിഗരറ്റ് വലിക്കാൻ തോന്നി. കാറു നിറുത്തി. നല്ല സ്ഥലം. സമയം രാത്രി 2 മണിയാണു. ചില ദ്യശ്യങ്ങൾ വേണമെന്നായി കണ്ണാടിയുടെ അമരക്കാരൻ. മടിച്ചു നിന്ന ക്യാമറമാനോടും പലേരിയോടും അദ്ദേഹം പറഞ്ഞു. എന്ത് മാദ്ധ്യമപ്രവർത്തകരാണു നിങ്ങൾ. എടുക്ക്


മടിച്ചാണെങ്കിലും സന്തോഷും പലേരിയും ക്യാമറയെടുത്തു. പലേരി പേടിച്ചത് പോലെ തന്നെ സംഭവിച്ചു. വൈകാതെ അബുദാബി പൊലീസെത്തി. നാലു പേരെയും പ്രതിരോധ വകുപ്പിന്റെ ഓഫീസിലേക്ക് കൊണ്ട് പോയി. പൊതു സ്ഥലങ്ങളിൽ സ്വകാര്യ വ്യക്തികൾക്ക് പോലും ക്യാമറ ഉപയോഗിക്കണമെങ്കിൽ അനുവാദം വേണ്ട നാടാണു യു എ ഇ. ആ സമയത്താണു ടി എൻ ജി, യു ഇ എ പ്രതിരോധ വകുപ്പിന്റെ പരിധിയിൽ വരുന്ന ഇടങ്ങൾ ഷൂട്ട് ചെയ്തത്.

പ്രതിരോധ വകുപ്പിന്റെ ഓഫീസിൽ ആയിരുന്നു നാടകീയ രംഗങ്ങൾ ഉണ്ടായത്. ടി എൻ ജി യെ ചോദ്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ നല്ല സിഗരറ്റ് വലിക്കാരനാണു. ചോദ്യം ചെയ്യുന്നതിനിടയിൽ ആൾ ഓരോ സിഗരറ്റുകളായി വലിക്കാൻ തുടങ്ങി. ടി എൻ ജി ക്ക് , പുതിയ മലയാളത്തിൽ പറഞ്ഞാൽ കുരു പൊട്ടി.

അദ്ദേഹം ആ പൊലീസ് ഓഫീസറോട് പറഞ്ഞു. " സർ, അങ്ങ് ചെയ്യുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണു. ഞാനൊരു ചെയിൻ സ്മോക്കറാണു. എന്റെ മുൻപിൽ നിങ്ങൾക്ക് ഇങ്ങനെ സിഗരറ്റ് വലിക്കാം. ഒരെണ്ണം എനിക്ക് കൂടി തന്നിട്ടാണെങ്കിൽ അതിനു മാന്യത കൂടും "

പൊട്ടി ചിരിച്ച് കൊണ്ട് ആ പൊലീസ് ഓഫീസർ ടി എൻ ജിക്ക് ഒരു സിഗരറ്റ് നീട്ടി എന്നാണു കഥ.

പിറ്റേ ദിവസം വൈകുന്നേരത്തോടെയാണു നാലു പേരെയും യു എ ഇ പ്രതിരോധ വകുപ്പ് പുറത്തിറക്കിയത്.യു എ ഇ യിലെ മലയാളി വ്യവസായി എം എം യൂസഫലിയാണു, നാൽവർ സംഘത്തിന്റെ മോചനത്തിനു കാരണക്കാരനായത്. മലയാളത്തിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകനാണു ടി എൻ ജി യെന്നുള്ള വിവരം അദ്ദേഹമാണു പൊലീസിനെ ബോധ്യപ്പെടുത്തിയത്.

ടി എൻ ജി യുമൊത്തുള്ള ആ മണിക്കൂറുകൾ , ഏത് വലിയ ജേർണ്ണലിസം കോഴ്സിനേക്കാൾ താൻ വില മതിക്കുന്നുവെന്ന് അൻവർ പലേരി പറയുന്നു. ആ മണിക്കൂറുകളിൽ ടി എൻ ജി എന്ന മാദ്ധ്യമപ്രവർത്തകൻ നൽകിയ പാഠങ്ങൾ , വലിയൊരു പുസ്തകം പോലെയാണു അൻവർ പലേരി ഉള്ളിൽ സൂക്ഷിക്കുന്നത്.

ഖത്തറിൽ നവമാദ്ധ്യമ രംഗത്തെ പ്രക്ഷേപണരംഗത്താണു അൻവർ പലേരി ഇപ്പോഴുള്ളത്. നാട്ടിൽ അവധിക്ക് വന്നപ്പോഴാണു ഈ സിഗരറ്റിന്റെ കഥ , പലേരി തത്സമയത്തോട് പറഞ്ഞത് .

Read More >>