ഭരണകൂടമേ ഞങ്ങളെ വഴിയാധാരമാക്കരുത്: മുതലക്കുളം മൈതാന നവീകരണ പദ്ധതിയില്‍ ആശങ്കയുമായി അലക്കുതൊഴിലാളികള്‍

മെെതാനത്തിൻെറ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടും കോർപ്പറേഷനും തൊഴിലാളികളും തമ്മിൽ തർക്കത്തിലാണ്. സ്ഥലം തങ്ങളുടേതാണെന്നാണ് കോർപ്പറേഷൻെറ വാദം. എന്നാൽ ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ തങ്ങൾക്കായി പതിച്ച് നൽകിയതാണ് മെെതാനമെന്നാണ് തൊഴിലാളികൾ പറയുന്നത്.

കോഴിക്കോട് കോര്‍പറേഷന്റെ മുതലക്കുളം മൈതാന നവീകരണ പദ്ധതിയില്‍ ആശങ്കയുമായി പ്രദേശത്തെ അലക്കുതൊഴിലാളികള്‍. മെെതാനത്ത് വികസന പദ്ധതി നടപ്പാക്കുന്നത് പരമ്പരാഗത ജോലിക്ക് തടസമാകുമെന്നാണ് തൊഴിലാളികളുടെ ആശങ്ക. പദ്ധതി പ്രകാരം ​മുതലക്കുളത്ത് പാര്‍ക്കിങ് കേന്ദ്രവും പുതിയ സ്റ്റേജും നിര്‍മിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്.

ഇതിനൊപ്പം തന്നെ അലക്കുതൊഴിലാളികള്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. 15,000 ലിറ്റർ വെള്ളം ഉൾക്കൊള്ളാവുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ജല സംഭരണിയും ഒരുക്കുമെന്നും കോർപ്പറേഷൻ വാ​ഗാദാനം ചെയ്യുന്നുണ്ട്. എന്നാൽ വര്‍ഷങ്ങളെടുത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ തുണികള്‍ എവിടെ ഇട്ട് ഉണക്കുമെന്ന് തൊഴിലാളികള്‍ ചോദിക്കുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചകളും ബന്ധപ്പെട്ട അധികൃതർ തങ്ങളോട് നടത്തിയിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. മെെതാനത്തിൻെറ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടും കോർപ്പറേഷനും തൊഴിലാളികളും തമ്മിൽ തർക്കത്തിലാണ്. സ്ഥലം തങ്ങളുടേതാണെന്നാണ് കോർപ്പറേഷൻെറ വാദം. എന്നാൽ ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ തങ്ങൾക്കായി പതിച്ച് നൽകിയതാണ് മെെതാനമെന്നാണ് തൊഴിലാളികൾ പറയുന്നത്.

ഇതിൻെറ രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും തൊഴിലാളികൾ പറയുന്നു. തലമുറകളായി മുതലക്കുളത്ത് ഈ തൊഴിലെടുത്ത് ജീവിക്കുന്നവരാണ് തങ്ങൾ. ന​ഗരം വളർന്നതിനനുസരിച്ച് കെെയേറ്റത്തിലൂടെയും മറ്റും മെെതാനം ചെറുതായെന്നും ഇവർ പറഞ്ഞു. വികസനത്തിന് തങ്ങൾ എതിരല്ലെന്നും പകരം സൗകര്യങ്ങൾ നൽകാതെ തങ്ങളെ ഇവിടെ നിന്നും ഇറക്കി വിടാനാകില്ലെന്നും തൊഴിലാളികൾ കൂട്ടിച്ചേർത്തു. തൊഴിലാളികളുടെ പരാതികളും ആശങ്കകളും പരി​ഗണിച്ച് ശേഷമേ വികസനം നടപ്പാക്കുവെന്നും കോര്‍പറേഷൻ അധികൃതർ പറഞ്ഞു.

Next Story
Read More >>