അമ്മ അറിയാൻ

മലയാള സിനിമയിലെ എക്കാലത്തേയും വമ്പൻ ഹിറ്റുകളിൽ ഒന്നായ ദേവാസുരം എന്ന ചലച്ചിത്രം പുറത്തിറങ്ങിയത് 1993 ലാണു. അതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് മോഹൻ ലാലും രേവതിയുമാണു.അരാജക വാദിയായ ഒരു കുബേരന്റെ ആക്രമണത്തിൽ തകർന്ന നർത്തകിയുടെ ജീവിതമാണു രേവതി അതിൽ പങ്ക് വയ്ക്കുന്നത്. രാവണപ്രഭു എന്ന രണ്ടാം ഭാഗത്തിലേക്ക് ആ സിനിമയെ എത്തിക്കുന്നതിൽ ഇരുവരുടെയും അഭിനയം പ്രധാന പങ്ക് വഹിച്ചിരുന്നു. അപമാനിക്കപ്പെട്ടതിനെ തുടർന്നാണു ദേവാസുരത്തിലെ രേവതിയുടെ ഭാനുമതി എന്ന കഥാപാത്രം തന്റെ ചിലങ്ക ഊരി എന്നേക്കുമായി ന്യത്തം അവസാനിപ്പിക്കുന്നത്. എന്നാൽ രാവണപ്രഭുവിലെത്തുമ്പോൾ , നായകന്റെ താങ്ങും തുണയുമെല്ലാം ഇതേ ഭാനുമതിയാണു. മംഗലശ്ശേരി നീലകണ്ഠൻ /മംഗലശ്ശേരി കാർത്തികേയൻ എന്നിവയാണു ഈ സിനിമകളില്‍ മോഹന്‍ ലാല്‍ കഥാപാത്രങ്ങളുടെ പേരുകള്‍

അമ്മ അറിയാൻ

മലയാളത്തിന്റെ വെള്ളിത്തിരയിലെ വിശ്വപ്രതിഭ ജോൺ എബ്രഹാമിന്റെ സിനിമയുടെ പേരാണു ഈ ലേഖനത്തിന്റെ തലക്കെട്ട്. മലയാള സിനിമയിലെ മുതിര്‍ന്ന വനിതാ പ്രവര്‍ത്തകരും പുതിയ പെണ്‍കുട്ടികളും ചേര്‍ന്ന് വുമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യൂ.സി.സി ) എന്ന സംഘടനയുമായി രംഗത്ത് വന്നപ്പോൾ തൽസമയം ഓണ്‍ലൈന്‍ ആ വാർത്തക്ക് നൽകിയ തലക്കെട്ടും അത് തന്നെയായിരുന്നു.

ഹരി എന്ന ചെറുപ്പക്കാരന്റെ മരണം , അവന്റെ അമ്മയെ അറിയിക്കാൻ കൂട്ടുകാർ നടത്തുന്ന യാത്ര കൂടിയാണു അമ്മ അറിയാൻ എന്ന സിനിമ. അമ്മ അറിയാനിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ഹരിനാരായണൻ ഈയിടെയാണു അന്തരിച്ചത്. സിനിമയിലെ നായകനായ ജോയ് മാത്യു ഇപ്പോൾ നവസിനിമയിലും സാഹിത്യത്തിലും നിറഞ്ഞ് നിൽക്കുകയും ചെയ്യുന്നു. ജോൺ എബ്രാഹമിന്റെ ജീവിതവും സിനിമയും ഒരു കാലഘട്ടത്തെ എങ്ങനെ സ്വാധീനിച്ചു എന്നറിയാൻ ആ കാലഘട്ടത്തിൽ ജോണിന്റെ കൂടെ ഉണ്ടായിരുന്ന , ഇപ്പോഴും സജീവമായ ചിലരോട് ചോദിച്ചാൽ മതിയാകും. സിനിമാ പ്രവർത്തകരായ ബീനാ പോൾ, ജോയ് മാത്യു,വേണു , ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ജോൺ എബ്രാഹം എന്ന പുസ്തകം സമാഹരിച്ച കെ.എൻ.ഷാജി തുടങ്ങിയവർ അതിൽ പ്രധാനികളാണു. അവരെല്ലാം സിനിമയിലും എഴുത്തിലും സജീവവുമാണു.


1986 ൽ പുറത്തിറങ്ങിയ അമ്മ അറിയാൻ എന്ന ചലച്ചിത്രം, ഒരു കാലഘട്ടത്തിലെ യുവതയുടെ രാഷ്ട്രീയം പകർത്തുന്നതിൽ വിജയിക്കുകയും, ചരിത്രരേഖയാവുകയും ചെയ്തു. ലോകസിനിമകളിൽ മലയാളത്തിനു വിലാസമുണ്ടാക്കിയ ആ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മേഖലകൾ കൈകാര്യം ചെയ്തത് രണ്ട് വനിതകളായിരുന്നു. സംഗീത സംവിധാനം നിർവ്വഹിച്ച സുനിതയും , ചിത്രസംയോജനം നിർവ്വഹിച്ച ബീനാ പോളും.

അതേ ബീനാ പോൾ, സിനിമാ പ്രവർത്തക രേവതിക്കും മറ്റ് പുതുതലമുറയിലെ വനിതാ സിനിമാ പ്രവർത്തകർക്കുമൊപ്പം കഴിഞ്ഞ ദിവസം എറണാകുളം പ്രസ്സ് ക്ളബ്ബിൽ ഒരു മാദ്ധ്യമസമ്മേളനം നടത്തി. വുമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യൂ.സി.സി ) ആയിരുന്നു സംഘാടകർ. മലയാള സിനിമാ പ്രവർത്തകരുടെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ ( അസോസിയേഷൻ ഓഫ് മലയാളം മൂവീ ആർട്ടിസ്റ്റ്സ്) വനിതാപ്രവർത്തകർ നേരിടുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങളായിരുന്നു പ്രധാന വിഷയം. അഭിനേതാക്കളുടെ സംഘടനായ അമ്മയിൽ തുല്യപൗരത്വമല്ല ഉള്ളതെന്നും ആണധികാരത്തിന്റെ അഹന്തയാണു അവിടെ നടപ്പാക്കപ്പെടുന്നത് എന്നുമായിരുന്നു പ്രധാന ആരോപണം.

സമീപകാലത്ത് മലയാളം സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ ക്രിമിനൽ കേസുകളുടെ തുടർക്കഥകളുമായാണു വുമൻ ഇൻ സിനിമാ കളക്ടീവ് പ്രവർത്തകർ മാദ്ധ്യമപ്രവർത്തകരെ കണ്ടത്. കുറ്റക്കാരെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ചവരെപ്പോലും സംരക്ഷിക്കുന്ന നയമാണു അമ്മ തുടരുന്നത്.ഇരയ്ക്ക് ഒപ്പമല്ല പീഡകർക്കൊപ്പമാണു സംഘടന . അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ മുതിർന്ന സിനിമാപ്രവർത്തകരെ , നടിമാർ എന്ന് പറഞ്ഞാണു അഭിസംബോധന ചെയ്തത് തുടങ്ങിയ വിവരങ്ങളും, പുതുതലമുറയിലെ അർച്ചന പദ്മിനി എന്ന അഭിനേത്രിക്ക് നേരിട്ട ദുരനുഭവങ്ങളും മാദ്ധ്യമസമ്മേളനത്തിൽ വിശദീകരിക്കപ്പെട്ടു.

മലയാള സിനിമയിലെ എക്കാലത്തേയും വമ്പൻ ഹിറ്റുകളിൽ ഒന്നായ ദേവാസുരം എന്ന ചലച്ചിത്രം പുറത്തിറങ്ങിയത് 1993 ലാണു. അതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് മോഹൻ ലാലും രേവതിയുമാണു.അരാജക വാദിയായ ഒരു കുബേരന്റെ ആക്രമണത്തിൽ തകർന്ന നർത്തകിയുടെ ജീവിതമാണു രേവതി അതിൽ പങ്ക് വയ്ക്കുന്നത്. രാവണപ്രഭു എന്ന രണ്ടാം ഭാഗത്തിലേക്ക് ആ സിനിമയെ എത്തിക്കുന്നതിൽ ഇരുവരുടെയും അഭിനയം പ്രധാന പങ്ക് വഹിച്ചിരുന്നു. അപമാനിക്കപ്പെട്ടതിനെ തുടർന്നാണു ദേവാസുരത്തിലെ രേവതിയുടെ ഭാനുമതി എന്ന കഥാപാത്രം തന്റെ ചിലങ്ക ഊരി എന്നേക്കുമായി ന്യത്തം അവസാനിപ്പിക്കുന്നത്. എന്നാൽ രാവണപ്രഭുവിലെത്തുമ്പോൾ , നായകന്റെ താങ്ങും തുണയുമെല്ലാം ഇതേ ഭാനുമതിയാണു. മംഗലശ്ശേരി നീലകണ്ഠൻ /മംഗലശ്ശേരി കാർത്തികേയൻ എന്നിവയാണു ഈ സിനിമകളില്‍ മോഹന്‍ ലാല്‍ കഥാപാത്രങ്ങളുടെ പേരുകള്‍ .


മലയാളസിനിമയുടെ ഏറ്റവും പുതിയ വർത്തമാനത്തിലും ഇരുവരും പ്രധാനകഥാപാത്രങ്ങളായി വന്നത് മലയാള സിനിമാ ചരിത്രത്തിന്റെ നിയോഗവുമാവം. സിനിമാ മേഖലയിലെ അവഗണിക്കപ്പെട്ട കലാകാരന്മാരെ കൈനീട്ടം നൽകി ആദരിക്കാൻ തുടങ്ങിയപ്പോഴാണു അമ്മ എന്ന സംഘടന പൊതുസമൂഹത്തിൽ അംഗികരിക്കപ്പെടാൻ തുടങ്ങിയത്. ആരും തിരിഞ്ഞ് നോക്കാതിരുന്ന ഒട്ടനവധി വാർധക്യങ്ങളെ അവർ പൊതുജനശ്രദ്ധയിൽ കൊണ്ട് വന്നു. ഇപ്പോഴാകട്ടെ , പ്രളയത്തിൽ തകർന്ന കേരളത്തിനായി വലിയൊരു സ്റ്റേജ് ഷോയുടെ ഒരുക്കത്തിലും.

മലയാളിയുടെ ജീവിതത്തിന്റെ നയരൂപീകരണത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണു സിനിമാ മേഖല. അവിടെയുണ്ടാകുന്ന ചെറു ചലനങ്ങൾ മലയാളക്കരയുടെ സാംസ്ക്കാരിക- സാമ്പത്തിക- മേഖലകളിൽ പ്രതിഫലിക്കും. വരുന്ന തലമുറയും മാത്യകകളെ ഉണ്ടാക്കുന്നത് ഒരു പരിധി വരെ സിനിമയിൽ നിന്നുമാണു. അത് കൊണ്ട് തന്നെ ,കൂടുതൽ ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കേണ്ട ഒരു സമയമാണിത്. നവകേരള നിർമ്മിതിക്കായി വളരെ ക്രിയാത്മകമായി ഇടപെടേണ്ട ഒരു പ്രതിഭാ സമൂഹമാണു അനാവശ്യവിവാദങ്ങളിൽ സമയവും ഊർജ്ജവും കളഞ്ഞ് കൊണ്ടിരിക്കുന്നത്.

മാറുന്ന ലോകക്രമത്തിൽ സ്ത്രീക്കും പുരുഷനും ത്യല്യപൗരത്വമാണുള്ളത്. ആ മാറ്റങ്ങൾ ഉൾക്കൊണ്ട് ,പുതിയ നിയമങ്ങൾ നടപ്പാക്കുകയും , അംഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയുമാണു അമ്മ ചെയ്യേണ്ടത്. അതിലൂടെ മലയാളം സിനിമാ മേഖലയ്ക്കും സമൂഹത്തിനും കൂടുതൽ ക്രിയാത്മകസംഭാവനകൾ നൽകാൻ സിനിമാ പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു .