തോറ്റവരുടെ ലോകം അത്ര തോറ്റതല്ല; ജയിച്ചവര്‍ അത്ര ജയിച്ചിട്ടുമില്ല

പരീക്ഷയിൽ എ പ്ലസ് നേടാത്ത പലരും ജീവിതപ്പരീക്ഷയിൽ എ പ്ലസ് നേടും. തിരിച്ച്, പല എ പ്ലസ് കാരും ജീവിതപ്പരീക്ഷയിൽ തോറ്റെന്നും വരും. പരീക്ഷയിലെ എ പ്ലസുകാരിൽ മിക്കവരും ലോകത്തെ വ്യാഖ്യാനിച്ചും ജീവിതപ്പരീക്ഷയിലെ എ പ്ലസുകാർ പലരും ലോകത്തെ മാറ്റിത്തീർത്തും നാം മുന്നോട്ടു പോവും. അതിനാൽ തോറ്റവരുടെ ലോകം അത്ര തോറ്റതല്ല എന്നും ജയിച്ചവർ അത്ര ജയിച്ചിട്ടില്ലെന്നും തിരിച്ചറിയാൻ പുതിയകുട്ടികൾക്ക് കഴിയട്ടെ.

തോറ്റവരുടെ ലോകം അത്ര തോറ്റതല്ല; ജയിച്ചവര്‍ അത്ര ജയിച്ചിട്ടുമില്ല

ശ്രീചിത്രന്‍ എം.ജെ

പതിവുപോലെ എല്ലായിടവും മുഴുവൻ എ പ്ലസുകാരുടെ അപദാന കീർത്തനം മുഴങ്ങുന്നു. ഇത്തവണ ചിലർ എ പ്ലസുകൾ വലിയ കാര്യമല്ലെന്നും തോറ്റവരെ ചേർത്തു പിടിക്കുന്നു എന്നും പറയുന്നു. പണ്ടൊരിക്കൽ വിജയിച്ചവരെ അഭിനന്ദിക്കാൻ ആയി ചേർന്ന ഒരു യോഗത്തിൽ വിജയൻമാഷ് തോറ്റവരെക്കുറിച്ച് പറഞ്ഞ വാചകങ്ങൾ ഷെയർ ചെയ്യുന്നു. ഒന്നുകിൽ ആശാ ന്റെ നെഞ്ച്, അല്ലെങ്കിൽ കളരിപ്പുറം എന്ന പ്രതീതിലോകത്തിന്റെ പതിവ് ആവർത്തിക്കുന്നു.

മനുഷ്യനിർമ്മിതമായ എല്ലാ പരീക്ഷകളെയും ചരിത്രവൽക്കരിച്ചു കാണാൻ സാധിക്കാത്ത കാലത്തോളം എല്ലാ സ്തുതിയും നിന്ദയും അർത്ഥശൂന്യമാണ്. തീർച്ചയായും എ പ്ലസ് നേടിയ കുട്ടികൾ അഭിനന്ദനാർഹരാണ്. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആകാത്ത ഈ കാർണിവൽ ലോകത്ത് അൽപനേരമെങ്കിലും അവർ പുലർത്തിയ ഏകാഗ്രത അഭിനന്ദനമർഹിക്കുന്നുണ്ട്. എന്നാൽ അവരെ അഭിനന്ദിക്കുന്നതിനർത്ഥം അവരല്ലാത്ത പരീക്ഷാർത്ഥികൾ സകലരും അവരേക്കാൾ താണവരാണെന്നല്ല എന്നുമാത്രം.

വിദ്യക്ക് ചരിത്രനിരപേക്ഷമായ ശാശ്വതമൂല്യം നൽകുന്ന പാരമ്പര്യബോധം നമ്മെ എന്നും പിന്തുടരുന്നുണ്ട്. കൊണ്ടുപോകില്ല ചോരൻമാർ / കൊടുക്കും തോറുമേറിടും എന്നിങ്ങനെ പാടിയും പറഞ്ഞും എല്ലാ സ്വാധീനങ്ങളിൽ നിന്നും വിമുക്തമായൊരു വിശുദ്ധസ്ഥാനം വിദ്യക്ക് കൽപ്പിച്ചു നൽകുമ്പോഴാണ് പരീക്ഷയും പരീക്ഷാഫലവും സർവ്വവും അളന്നു തിട്ടപ്പെടുത്തുന്നു എന്നും, അര മാർക്കു നേടിയതിലും കൂടുതലെന്തോ ജ്ഞാനം ഒരു മാർക്കു നേടിയതിലുണ്ടെന്നും നമുക്കു തോന്നുന്നത്. മനുഷ്യനിർമ്മിതമായ ഒരു വിദ്യയും പരീക്ഷയും ചരിത്രനിർമ്മുക്തമല്ല. ഓരോ പരീക്ഷാമുറിയിലുമിരിക്കുന്നത് പല സ്റ്റാർട്ടിങ് പോയന്റിൽ നിന്ന് ഓടിത്തുടങ്ങിയ ജീവിതങ്ങളാണ്. ജാതിയും ലിംഗവും മറ്റനേകം പരിതോവസ്ഥകളും കൊണ്ട് പ്രതിജനഭിന്നമായ പോയന്റുകളിൽ നിന്ന് ഓടിത്തുടങ്ങിയതാണ് മിക്കവരും. ഓട്ടം തുടങ്ങിയ ശേഷവും ഇവയോരോന്നിന്റെയും പിടിവലികളിൽ ചിലർ വേച്ചുനീങ്ങിയും ചിലർ കുതിച്ചുപാഞ്ഞും ചിലർ ഇടറിവീണും അവിടെയെത്തിയതാണ്. പക്ഷേ പരീക്ഷാമുറി ഏകതാനമായ ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും സ്ഥലമായതിനാൽ എല്ലാവരും ഒരേ ചോദ്യങ്ങൾ നേരിടുന്നു എന്നുമാത്രം. പരീക്ഷയും ജീവിതപ്പരീക്ഷയും തമ്മിലുള്ള ഈ വൈരുദ്ധ്യത്തെ കാണാത്ത, കണ്ടാലും കണ്ണടച്ചിരുട്ടാക്കുന്ന ലോകം വിജയിച്ചവരുടെ കൂടെ നിൽക്കും. ചുരുക്കം ചിലർ മാത്രം തോറ്റവരുടെ കൂടെയും നിൽക്കും.

പക്ഷേ, പരീക്ഷയിൽ എ പ്ലസ് നേടാത്ത പലരും ജീവിതപ്പരീക്ഷയിൽ എ പ്ലസ് നേടും. തിരിച്ച്, പല എ പ്ലസ് കാരും ജീവിതപ്പരീക്ഷയിൽ തോറ്റെന്നും വരും. പരീക്ഷയിലെ എ പ്ലസുകാരിൽ മിക്കവരും ലോകത്തെ വ്യാഖ്യാനിച്ചും ജീവിതപ്പരീക്ഷയിലെ എ പ്ലസുകാർ പലരും ലോകത്തെ മാറ്റിത്തീർത്തും നാം മുന്നോട്ടു പോവും. അതിനാൽ തോറ്റവരുടെ ലോകം അത്ര തോറ്റതല്ല എന്നും ജയിച്ചവർ അത്ര ജയിച്ചിട്ടില്ലെന്നും തിരിച്ചറിയാൻ പുതിയകുട്ടികൾക്ക് കഴിയട്ടെ.

Read More >>