പുതിയ പദ്ധതിയുമായി ട്രംപ്; 'അര്‍ഹത'യുണ്ടെങ്കില്‍ കുടിയേറാം

ചെറുപ്പാക്കാരും വിദ്യാസമ്പന്നരും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നവർക്കുമാണ് പ്രവേശനം അനുവദിക്കുക. വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രസ്താവന.

പുതിയ പദ്ധതിയുമായി ട്രംപ്;

വാഷിങ്ടൺ: അർഹതയുള്ള കുടിയേറ്റക്കാർക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കുന്ന പദ്ധതിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചെറുപ്പാക്കാരും വിദ്യാസമ്പന്നരും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നവർക്കുമാണ് പ്രവേശനം അനുവദിക്കുക. വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രസ്താവന.

അതിർത്തി സുരക്ഷ കൂടുതൽ ശക്തമാക്കും. യു.എസ്സിലുള്ളവരുടെ ബന്ധുക്കൾക്ക് രാജ്യത്തേക്ക് വിസ നൽകുന്നത് പൂർണ്ണമായും ഇല്ലാതാക്കും. യു.എസ്സിലെ കുടിയേറ്റ നിയമം ആധുനിക ലോകം അസൂയയോടെ നോക്കുമെന്നും ട്രംപ് പറഞ്ഞു.

"നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കുതകുന്നവർക്കായി വാതിൽ തുറന്നിടും. എന്നാൽ, കുടിയേറ്റക്കാർ അർഹതയുള്ളവരും കഴിവുള്ളവരുമായിരിക്കണം. "-ട്രംപ് പറഞ്ഞു.

എന്നാൽ, ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ രംഗത്തെത്തി. ട്രംപിന്റെ പുതിയ പദ്ധതി കുടിയേറ്റക്കാരുടെ വരവ് പൂർണ്ണമായും ഇല്ലാതാക്കുമെന്ന് അവർ പറഞ്ഞു. പ്രതീക്ഷകളുമായി യു.എസ്സിലേക്ക് വരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടിയേറ്റക്കാർക്ക് പുതിയ നിയമം ഇരുട്ടടിയാകുമെന്നും അവർ ആരോപിച്ചു.

ട്രംപിന്റെ പ്രഖ്യാപനത്തെ ഗൗരവത്തോടെ കാണുന്നുവെന്ന് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി പറഞ്ഞു. ' ഇതുവരെ യു.എസ്സിലെത്തിയ കുടിയേറ്റക്കാരെല്ലാം അനർഹരാണെന്നാണോ ട്രംപ് പറയുന്നത?, എഞ്ചിനീയറിങ് ബിരുദമില്ലാത്തതുകൊണ്ട് അവർ അനർഹരാകുമോ?'-നാൻസി പെലോസി ചോദിച്ചു. യു.എസ്സിലെ കുടുംബ വിസകൾക്ക് ട്രംപിന്റെ പ്രഖ്യാപനം തിരിച്ചടിയാകുമെന്ന് ജനപ്രതിനിധി സഭാംഗം പ്രമില ജയപാൽ പറഞ്ഞു.

Read More >>