സിലഷ്യൻ,തേർട്ടി ഇയേഴ്സ് യുദ്ധങ്ങളിലും പ്ലേഗ്, കോളറ തുടങ്ങിയ അസുഖങ്ങളാലും മരിച്ച 24,000ത്തോളം ആളുകളുടെ തലയോട്ടികളും അസ്ഥികളും സെമിത്തേരികളിൽ നിന്ന് കുഴിച്ചെടുത്താണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.

മരിച്ചവരുടെ തലയോട്ടികളും അസ്ഥികളും കൊണ്ടൊരു പളളി !

Published On: 2019-02-09T14:43:31+05:30
മരിച്ചവരുടെ തലയോട്ടികളും അസ്ഥികളും കൊണ്ടൊരു പളളി !

വാഴ്സോ: ലോകത്ത് വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ട നിരവധി പള്ളികളുണ്ട്. എന്നാൽ മനുഷ്യരുടെ അസ്ഥികൾ കൊണ്ട് മാത്രം നിർമ്മിച്ച ഒരു പളളിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ കെട്ടുകഥ എന്ന് തോന്നാമെങ്കിലും ഇങ്ങനെ ഒരു അപൂർവ പള്ളി ഉണ്ട് . പോളണ്ടിലെ സ്സേർമനയിലാണ് അത്ഭുതകരമായ ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
സിലഷ്യൻ,തേർട്ടി ഇയേഴ്സ് യുദ്ധങ്ങളിലും പ്ലേഗ്, കോളറ തുടങ്ങിയ അസുഖങ്ങളാലും മരിച്ച 24,000ത്തോളം ആളുകളുടെ തലയോട്ടികളും അസ്ഥികളും സെമിത്തേരികളിൽ നിന്ന് കുഴിച്ചെടുത്താണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.

1776നും 1804നും ഇടയിൽ മരിച്ചവരുടെ (ഈ കാലഘട്ടത്തിൽ തന്നെയാണ് പളളി പണികഴിപ്പിച്ചതും) അസ്ഥികളാണിതെല്ലാം. അസ്ഥികളും തലയോട്ടികളും കൊണ്ടുള്ളതാണ്ഈ ക്രിസ്ത്യൻ പളളിയുടെ ചുമരുകളും മേൽക്കൂരയും. സ്‌കൂൾ ചാപ്പൽ, കപ്ലിക സസക് (സെന്റ് ബർത്തലോമ ചാപ്പൽ) എന്നൊക്കെ ഈ പളളി അറിയപ്പെടുന്നു.

പള്ളിയിലെ തൂണുകൾ, അൾത്താര, നാല് അലങ്കാര വിളക്കുകൾ, മെഴുകുതിരി സ്റ്റാൻഡുകൾ, പള്ളിയിലുള്ള വലിയ പാത്രം, ആറ് പിരമിഡ് എന്നിവയും അസ്ഥികൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.പളളിയിലെ ഭൂഗർഭ അറയും നിർമ്മിക്കപ്പെട്ടിരിക്കുന്നത് അസ്ഥികൾ കൊണ്ടുതന്നെയാണ്. പുരോഹിതർ കുർബാന അർപ്പിക്കുന്ന പളളിയുടെ അൾത്താരയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് കൂട്ടത്തിൽ പ്രത്യേകതകളുളള തലയോട്ടികളാണ്. മേയര്‍ യുദ്ധത്തിൽ വെടിയേറ്റ് മരിച്ചവരുടെയും സിഫിലിസ് വന്ന് മരിച്ചവരുടെയും അസ്ഥികളാണ് അള്‍ത്താര അലങ്കരിക്കുന്നതിൽ പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത്.

ഇങ്ങനയൊരു പള്ളിയുടെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചത് വക്ലാവ് ടോമസെക്ക് എന്ന ക്രിസ്ത്യൻ പുരോഹിതനാണ്. 1804 ൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ തലയോട്ടിയും അസ്ഥികളും വരെ പള്ളിയുടെ നിർമ്മാണത്തിനായി ഉപയോഗിച്ചു. മരിച്ചവർക്കായുളള ഒരു സ്മാരകം എന്ന നിലയിലാണ് പള്ളി സ്ഥിതിചെയ്യുന്നത്.

പുറമേ നിന്ന് നോക്കുന്പോള്‍ മറ്റേതൊരു പളളി പോലെ സാധാരണമാണിത്. എന്നാൽ ഉളളിലേക്ക് പ്രവേശിക്കുമ്പോൾ നമ്മളെ കാത്തിരിക്കുന്നത് അസ്ഥി കൊണ്ട് അലങ്കരിച്ച കലാ നിപുണതയാണ്. നിരവധി ആളുകളാണ് പള്ളി കാണുന്നതിനായി എത്തുന്നത്. സന്ദർശകർക്കായി പ്രത്യേക സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്.

Top Stories
Share it
Top