സാക്കിർ നായിക്കിനെ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ല; മോദിയെ തള്ളി മലേഷ്യൻ പ്രധാനമന്ത്രി

സാക്കിർ നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്

സാക്കിർ നായിക്കിനെ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ല; മോദിയെ തള്ളി മലേഷ്യൻ പ്രധാനമന്ത്രി

ക്വോലാലംപൂർ: വിവാദ ഇസ്ലാമിക് മതപ്രഭാഷകൻ സാക്കിർ നായിക്കിനെ കൈമാറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടുവെന്ന ഇന്ത്യയുടെ അവകാശവാദം തള്ളി മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്. മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'അധികമൊരു രാജ്യത്തിനും സാക്കിർ നായിക്കിനെ ആവശ്യമില്ല. ഞാൻ മോദിയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം നായിക്കിനെ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഇയാൾ ഇന്ത്യയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. മലേഷ്യയിലെ ഹിന്ദുക്കൾക്കെതിരെ വംശീയപരാമർശം നടത്തിയതിന് ശേഷം സാക്കിർ നായിക്കിനെ അയക്കാൻ പറ്റിയ സ്ഥങ്ങൾ മലേഷ്യ അന്വേഷിക്കുന്നുണ്ട്. പക്ഷേ, ഇപ്പോൾ ഒരു രാജ്യവും അദ്ദേഹത്തെ സ്വീകരിക്കാൻ ഒരുക്കമല്ല.'-മഹാതിർ മുഹമ്മദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. നേരത്തേ, റഷ്യയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ മോദി സാക്കിർ നായിക്കിനെ വിട്ടുകിട്ടാൻ ആവശ്യപ്പെട്ടിരുന്നുവെന്ന റിപോർട്ടുകൾ അദ്ദേഹം തള്ളി.

ഈസ്റ്റേൺ ഇക്കണോമിക് ഫോറം മീറ്റിൽ പ്രധാനമന്ത്രി മോദി റഷ്യയിൽ വച്ച് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിനെ സന്ദർശിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് പ്രസ്താവന. മഹാതിറുമായുള്ള കൂടിക്കാഴ്ചയിൽ സാക്കിർ നായിക്കിനെ കൈമാറുന്ന വിഷയം പ്രധാനമന്ത്രി മോദി ഉന്നയിച്ചതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പ്രധാന വിഷയമായതിനാൽ ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ബന്ധപ്പെടാൻ തീരുമാനിച്ചിരുന്നതായും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ, ഇതെല്ലാം വസ്തുതാവിരുദ്ധമാണെന്നാണ് മഹാതിറിന്റെ പ്രസ്താവനയിലൂടെ വ്യക്തമാവുന്നത്.

2016ലാണ് 53കാരനായ സാക്കിർ നായിക്ക് മലേഷ്യയിലേക്ക് കുടിയേറിയത്. പിന്നീട് അദ്ദേഹത്തിന് മലേഷ്യ സ്ഥിരം പൗരത്വം നൽകിയിരുന്നു.

സാക്കിർ നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്. ഇയാളുടെ 50 കോടിയിലേറെ വില വരുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെൻറ് വിഭാഗം കണ്ടുകെട്ടിയിരുന്നു. സമുദായങ്ങൾക്ക് ഇടയിൽ ഭിന്നത വളർത്തുന്ന തരത്തിലുള്ള പരാമർശങ്ങളുടെയും, ശത്രുത വളർത്താൻ വേണ്ടി നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും പേരിലാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നത്.

സാക്കിർ നായികിനെതിരേ യു.എ.പി.എ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുകയും അദ്ദേഹം പങ്കാളിയായ ഇസ് ലാമിക് റിസർച്ച് ഫൗണ്ടേഷൻ(ഐ.ആർ.എഫ്) നിരോധിക്കുകയും പീസ് ടിവിയുടെയും മറ്റും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

Read More >>