യുഎസിനെ തള്ളി ബ്രിട്ടന്‍: ജീവനക്കാരെ മാത്രമല്ല ഇറാന്‍ എണ്ണക്കപ്പലും വിട്ടയക്കും

മൂന്ന് മലയാളികളടക്കം , 24 ഇന്ത്യാക്കാരണ് ഗ്രേസ് 1 ല്‍ ഉണ്ടായിരുന്നത്.

യുഎസിനെ തള്ളി ബ്രിട്ടന്‍: ജീവനക്കാരെ മാത്രമല്ല ഇറാന്‍ എണ്ണക്കപ്പലും വിട്ടയക്കുംലണ്ടന്‍ : യു.എസി ന്റെ ആവശ്യം തള്ളി ഇറാന്‍ എണ്ണക്കപ്പല്‍ ഗ്രേസ്1 ലെ ഇന്ത്യക്കാരായ ജീവനക്കാരെ മാത്രമല്ല കപ്പലുംവിട്ടയയ്ക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ഇന്ത്യക്കാരായ 24 ജീവനക്കാരെ മോചിപ്പിച്ചതായും അവര്‍ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നും ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സ്ഥിരീകരിച്ചതായും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചിരുന്നു. ഇറാനിയന്‍ കമ്പനിക്കെതിരായ കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തയാറായതിനെ തുടര്‍ന്നാണ് തീരുമാനം.

ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്ന് ബിട്ടിഷ് നാവികസേന പിടികൂടിയ ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് -1 ആണ് അമേരിക്കയുടെ എതിര്‍പ്പിനെ മറികടന്ന് വിട്ടയക്കുന്നത്. ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതിയുടേതാണ് ഇതുസംബന്ധിച്ച അന്തിമവിധി. കപ്പല്‍ വിട്ടയയ്ക്കരുതെന്നു കാണിച്ച് യുഎസ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇറാനുമായി വ്യാപാര ബന്ധത്തില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കപ്പല്‍ മോചിപ്പിക്കരുതെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.കപ്പല്‍ വിട്ടുനല്‍കണമെന്ന ഇറാന്റെ ആവശ്യം അംഗീകരിക്കുന്നതായും കപ്പല്‍ ഇനിയും പിടിച്ചുവയ്‌ക്കേണ്ട ആവശ്യമില്ലെന്നും ജിബ്രാള്‍ട്ടര്‍ ചീഫ് മിനിസ്റ്റര്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞ മാസം 4നാണ് ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഗ്രേസ് 1 എണ്ണക്കപ്പല്‍ ബ്രിട്ടന്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ചു പിടിച്ചെടുത്തത്. കപ്പല്‍ 30 ദിവസംകൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. ബ്രിട്ടന്റെ നടപടിക്കു പിന്നാലെ ബ്രിട്ടിഷ് കപ്പലായ സ്റ്റെന ഇംപറോ ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്തിരുന്നു. ഇറാന്‍ കപ്പല്‍ വിട്ടയക്കാനുള്ള തീരുമാനം സ്റ്റെന ഇംപറോയുടെ മോചനത്തിനു ഗുണകരമാവുമെന്നാണു കരുതുന്നതെന്നു കപ്പലിന്റെ ഉടമസ്ഥര്‍ പറഞ്ഞു.

Read More >>