ഗാന്ധിയും നെഹ്‌റുവുമുണ്ടായിരുന്ന കാലത്തെ ഇന്ത്യയല്ല ഇപ്പോളുള്ളത്; ആശങ്കയുണ്ടെന്ന് ഇമ്രാൻ ഖാൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറയാതെയായിരുന്നു ഇമ്രാൻ ഖാന്റെ വിമർശനം

ഗാന്ധിയും നെഹ്‌റുവുമുണ്ടായിരുന്ന കാലത്തെ ഇന്ത്യയല്ല ഇപ്പോളുള്ളത്; ആശങ്കയുണ്ടെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: സ്വന്തം രാജ്യത്തേക്കാൾ ഇന്ത്യയെ ഓർത്താണ് തനിക്ക് ആശങ്കയെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഐക്യരാഷ്ട്ര സംഘടന ജനറൽ അസംബ്ലി (യു.എൻ.ജി.എ)യിൽ പങ്കെടുക്കാൻ യു.എസിൽ എത്തിയതായിരുന്നു അദ്ദേഹം. തിങ്കളാഴ്ച മാദ്ധ്യമപ്രവർത്തരുമായി സംസാരിക്കുന്നതിനിടെയാണ് ഇമ്രാൻ ഈ പ്രസ്താവന നടത്തിയത്. ' ഇന്ത്യ ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നത്'-ഇമ്രാൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറയാതെയായിരുന്നു ഇമ്രാൻ ഖാന്റെ വിമർശനം. 'കഴിഞ്ഞ ആറുവർഷത്തെ ഇന്ത്യയിലെ സംഭവ വികാസങ്ങൾ ഭയപ്പെടുത്തുന്നതാണ്. മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്‌റുവും ഉണ്ടായിരുന്ന കാലത്ത് താൻ മനസ്സിലാക്കിയ ഇന്ത്യയല്ല ഇപ്പോൾ ഉള്ളത്.'-ഇമ്രാൻ ഖാൻ പറഞ്ഞു. ഹിന്ദു മേധവിത്വ പ്രത്യയശാസ്ത്രമാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. നിങ്ങൾക്കുമേൽ പരമാധികാരം സ്ഥാപിച്ചെടുക്കുന്നവരെ നിങ്ങൾ വെറുക്കണം. ഈ പ്രത്യയശാസ്ത്രമാണ് ഗാന്ധിജിയുടെ കൊലപാതകത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇന്ത്യയിൽ ഭരണം നടത്തുന്ന പ്രത്യയശാസ്ത്രത്തെ അതേ രാജ്യത്ത് മുമ്പ് മൂന്നുതവണ നിരോധിച്ചിട്ടുണ്ടെന്നും ഇമ്രാൻ പറഞ്ഞു.

മോദി സർക്കാരിന് കീഴിൽ കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ വളരെ പ്രയാസമായിരിക്കും. ന്യായമായ ചർച്ചകളും മറ്റും നടക്കുന്നുണ്ടെങ്കിൽ ആണവായുധ ശേഷിയുള്ള ഈ രണ്ട് രാജ്യങ്ങൾക്കും ഒന്നും ഭയപ്പെടേണ്ടിവരില്ല. പക്ഷേ, നിർഭാഗ്യകരമെന്ന് പറയട്ടെ, നിലവിലെ വംശീയ വിദ്വേഷ സാഹചര്യത്തിൽ കാര്യങ്ങൾ ന്യായമായി നടക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകരാഷ്ട്രങ്ങൾക്കു മുമ്പിൽ തന്റെ ഇന്ത്യാ വിരുദ്ധ നിലപാട് തുടരുമെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി. 'ഞാൻ രാഷ്ട്ര തലവന്മാരുടമായി സംസാരിക്കാൻ പോകുകയാണ്. ഞാൻ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി സംസാരിച്ചു. ഞാൻ ഡൊണാൾഡ് ട്രംപുമായി സംസാരിക്കും. ഞാൻ മറ്റ് നേതാക്കളോട് സംസാരിക്കും. കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിന് മുമ്പ് ലോകം ഇടപെടുന്നതിന് ഞാൻ പരമാവധി ശ്രമിക്കും.'-ഇമ്രാൻ പറഞ്ഞു.

Read More >>