സൈബറിടത്തിലെ 'ലൌ ആര്‍മി '

പാർശ്വവൽകൃത വിഭാഗങ്ങളെയും അവരെ സംരക്ഷിക്കുന്നവരെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളോ കമന്റുകളോ കണ്ടാൽ അവയെ മറികടക്കാനും നല്ല സന്ദേശങ്ങൾ കൊണ്ട് അവയെ നിയന്ത്രിക്കാനും സ്വീഡിഷ് പൊതുമണ്ഡലത്തിൽ ഈ ഗ്രൂപ്പ് സജീവമായി തന്നെയുണ്ട്.

സൈബറിടത്തിലെ ലൌ ആര്‍മി

സ്റ്റോക്ക്‌ഹോം: സൈബർ ലോകത്ത് നീതിക്ക് വേണ്ടി പോരാടുന്ന ഒരു സ്വീഡിഷ് ഓൺലൈൻ ഗ്രൂപ്പിനെ പരിചയപ്പെടാം. പാർശ്വവൽകൃത വിഭാഗങ്ങളെയും അവരെ സംരക്ഷിക്കുന്നവരെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളോ കമന്റുകളോ കണ്ടാൽ അവയെ മറികടക്കാനും നല്ല സന്ദേശങ്ങൾ കൊണ്ട് അവയെ നിയന്ത്രിക്കാനും സ്വീഡിഷ് പൊതുമണ്ഡലത്തിൽ ഈ ഗ്രൂപ്പ് സജീവമായി തന്നെയുണ്ട്.

2016ൽ മാദ്ധ്യമ പ്രവർത്തക മിന ഡെന്നീർട്ട് ആണ് ലൗ ആർമിയെന്ന് പേരിട്ടിരിക്കുന്ന സംരംഭത്തെ കുറിച്ച് ആലോചിക്കുന്നതും ഇതുണ്ടാക്കാൻ മുൻകൈ എടുത്തതും. പിന്നീട് ഒട്ടേറെ പേർ ഈ ഗ്രൂപ്പിൽ അംഗത്വം എടുത്തു. ഇവരിൽ മിക്കവാറും എല്ലാവരും തന്നെ സ്വീഡിഷ് പൗരന്മാരായിരുന്നു.


ഇപ്പോൾ ഈ ഗ്രൂപ്പിൽ ഏതാണ്ട് 75000ൽ അധികം അംഗങ്ങളുണ്ട്. ഇവരെല്ലാവരും തന്നെ ഫേസ്ബുക്ക് കമന്റുകളിലെ വംശീയ, വർഗീയ പരാമർശങ്ങൾ കണ്ട് നിരാശപ്പെട്ടവരാണ്.

വിർച്വൽ ചർച്ചകളിൽ വെറുപ്പ് പരത്തുന്നവരെ കണ്ടെത്താനും നിയന്ത്രിക്കാനും അതിനെതിരെ പ്രചാരണം നടത്താനും സമയം മാറ്റിവയ്ക്കാൻ തയ്യാറുള്ളവരാണ് സ്വമേധയാ തങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഈ ഗ്രൂപ്പിലൂടെ നിർവഹിക്കുന്നത്.

എല്ലാത്തരം ആളുകൾക്കും, സഭ്യമായ രീതിയിൽ അഭിപ്രായ പ്രകടനം നടത്താൻ സ്വാതന്ത്ര്യം ഉറപ്പു വരുത്തുക എന്നതായിരുന്നു ഇവരുടെ പ്രാഥമിക പരിഗണന.

എല്ലാ വശങ്ങളിലുള്ള വീക്ഷണങ്ങൾക്കും തുല്യ പ്രാധാന്യം കൊടുക്കുക, പാർശ്വവൽകൃത്യ വിഭാഗങ്ങൾക്കും ശബ്ദമില്ലാത്തവർക്കും പറയാൻ അവസരം കൊടുക്കുക തുടങ്ങിയവയൊക്കെയാണ് ഈ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ.

സ്നേഹവും മറ്റുള്ളവരോടുമുള്ള കരുതലും ആണ് തങ്ങളുടെ ലക്ഷ്യമെന്നും അതാണ് തങ്ങളുടെ സന്തോഷമെന്നും ഗ്രൂപ്പ് അംഗങ്ങൾ പറയുന്നു.

Next Story
Read More >>