കരാര്‍ രഹിത ബ്രെക്സിറ്റിനെ എതിര്‍ത്ത് എം.പിമാര്‍

ബ്രെക്സ്റ്റിന് യൂറോപ്യന്‍ യൂണിയനോട് കൂടുതല്‍ സമയം തേടണമോ എന്ന കാര്യത്തില്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കും.

കരാര്‍ രഹിത ബ്രെക്സിറ്റിനെ എതിര്‍ത്ത് എം.പിമാര്‍

ലണ്ടന്‍: കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍(ഇ.യു) വിടേണ്ടെന്ന് എം.പിമാര്‍. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 308നെതിരെ 312 പേര്‍ കരാര്‍ രഹിത ബ്രെക്സിറ്റിനെ എതിര്‍ത്തു. പ്രധാനമന്ത്രി തെരേസാ മേയുടെ പരിഷ്‌കരിച്ച കരാര്‍ കഴിഞ്ഞദിവസം പാര്‍ലമെന്റ് വോട്ടെടുപ്പില്‍ തള്ളിയതിനു പിന്നാലെ കരാര്‍ രഹിത ബ്രെക്സിറ്റിന് സാദ്ധ്യതയേറിയിരുന്നു. എന്നാല്‍, കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുപോകുന്നതിന് സമ്മതം തേടി ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ ഭൂരിഭാഗം എം.പിമാരും എതിര്‍പ്പ് രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം, ബ്രെക്സ്റ്റിന് യൂറോപ്യന്‍ യൂണിയനോട് കൂടുതല്‍ സമയം തേടണമോ എന്ന കാര്യത്തില്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കും. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ പാര്‍ലമെന്റിന്റെ സമ്മതമില്ലാത്തതിനാല്‍ അടുത്ത വഴി സമയം നീട്ടിച്ചോദിക്കുക എന്നതാണ്. ഇ.യുവിന്റെ ആര്‍ട്ടിക്കിള്‍ 50 പ്രകാരം ഇതിന് ഭരണഘടനാപരമായ അവകാശം ബ്രിട്ടനുണ്ട്. പക്ഷേ ഇതിന് മറ്റു 27 രാജ്യങ്ങളുടേയും സമ്മതം ആവശ്യമാണ്. ഇതില്‍ താമസം വരികയാണെങ്കില്‍ പിന്നീട് 2022 ല്‍ ഇ.യു കൗണ്‍സില്‍ കൂടുമ്പോള്‍ മാത്രമേ ഉചിതമായ പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. ഈ പ്രതിസന്ധി മേയ്ക്ക് കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്.

സമയം നീട്ടീക്കിട്ടുകയാണെങ്കില്‍ മൂന്നാമതൊരു കരാര്‍ അവതരിപ്പിക്കാന്‍ മേയ്ക്ക് സമയം ലഭിക്കും. എന്നാല്‍ ബ്രിട്ടന് ആവശ്യത്തില്‍ കൂടുതല്‍ സമയം കൊടുത്തു കഴിഞ്ഞുവെന്നാണ് ഇ.യു പ്രതികരിച്ചത്.

മാറ്റം വരുത്തിയ കരാര്‍ കഴിഞ്ഞദിവസം മേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, 242നെതിരെ 391 അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ടുചെയ്തു. ഇത് രണ്ടാം തവണയാണ് മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുന്നത്. നേരത്തെ നടന്ന വോട്ടെടുപ്പില്‍ 432 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. പിന്നീട് ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തെരേസ മേ പാര്‍ലമെന്റില്‍ വീണ്ടും കരാര്‍ അവതരിപ്പിച്ചത്.

Read More >>