നോത്രഡാം പള്ളിയിൽ വൻ തീപ്പിടിത്തം

യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകൾ ഫ്രാൻസിന്റെ പ്രതീകമായി നിന്ന കെട്ടിടമാണ് നോത്രദാം ദേവാലയം. ഏതാണ്ട് 200 വർഷം നീണ്ട പണികൾക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് ദേവാലയം പൂർത്തിയായത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന കെട്ടിടമാണിത്. 18ാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവ സമയത്ത് ദേവാലയം നശിപ്പിക്കപ്പെട്ടിരുന്നു. രണ്ടു ലോക മഹായുദ്ധങ്ങളെയും ദേവാലയം അതിജീവിച്ചു. ഒരു വർഷം 13 ദശലക്ഷം സന്ദർശകരാണ് നോത്രഡാം കത്തീഡ്രൽ സന്ദർശിക്കുന്നത്

നോത്രഡാം പള്ളിയിൽ വൻ തീപ്പിടിത്തം

പാരിസ്: ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രഡാം കത്തീഡ്രലിൽ വൻതീപ്പിടിത്തം. പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. കത്തീഡ്രലിന് തീപ്പിടിത്തത്തിൽ സാരമായ കേടുപാടുകൾ ബാധിച്ചതായാണ് റിപ്പോർട്ട്. ദേവാലയത്തിൻ മേൽക്കൂര തകർന്നു. രണ്ട് ഗോപുരങ്ങളും അഗ്‌നിബാധയിൽ തകർന്നിട്ടുണ്ട്. എന്നാൽ, രണ്ട് മണിഗോപുരങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ ഇതുവരെ ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസിന്റെ ദുരന്തം എന്നാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തീപ്പിടിത്തത്തെ വിശേഷിപ്പിച്ചത്. ദേവാലയം പുനർനിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്തീഡ്രൽ പൂർണ്ണമായി കത്തിയെരിഞ്ഞതായും ഒന്നും ബാക്കിയില്ലെന്നും ദേവാലയത്തിന്റെ വക്താവ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


850 വർഷത്തിലധികം പഴക്കമുള്ള ദേവാലയത്തിൽ ഇന്നലെ വൈകുന്നേരും പ്രാദേശിക സമയം 6.30 ഓടെയാണ് അഗ്‌നിബാധ അരംഭിച്ചത്. കത്തീഡ്രലിന്റെ മേൽക്കൂരയിൽനിന്നു ഉയർന്ന തീ പെട്ടെന്നു തന്നെ ഗോപുരത്തിലേക്കു പടരുകയായിരുന്നു. 500ൽപരം അഗ്‌നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു തീയണച്ചത്. നാലുമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ തീയണച്ചു. തീപ്പിടിത്തത്തെത്തുടർന്നു പ്രദേശത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളിൽനിന്ന് ആളുകളെ രക്ഷാപ്രവർത്തകർ ഒഴിപ്പിച്ചു. കത്തീഡ്രലിലേക്കുള്ള വഴികൾ പൊലീസും അഗ്‌നിശമനസേനയും തടഞ്ഞു.

നോത്രഡാം കത്തീഡ്രൽ

യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകൾ ഫ്രാൻസിന്റെ പ്രതീകമായി നിന്ന കെട്ടിടമാണ് നോത്രദാം ദേവാലയം. ഏതാണ്ട് 200 വർഷം നീണ്ട പണികൾക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് ദേവാലയം പൂർത്തിയായത്.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന കെട്ടിടമാണിത്. 18ാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവ സമയത്ത് ദേവാലയം നശിപ്പിക്കപ്പെട്ടിരുന്നു. രണ്ടു ലോക മഹായുദ്ധങ്ങളെയും ദേവാലയം അതിജീവിച്ചു. ഒരു വർഷം 13 ദശലക്ഷം സന്ദർശകരാണ് നോത്രഡാം കത്തീഡ്രൽ സന്ദർശിക്കുന്നത്. ഇത് ഈഫിൽ ടവറിലെത്തുന്ന സന്ദർശകരുടെ എണ്ണത്തേക്കാൾ കൂടുതലാണ്.


അനുശോചിച്ച് ലോകരാഷ്ട്രങ്ങൾ

'ഞെട്ടലും വേദനയുമാണ് നോത്രഡാം കത്തീഡലിലെ തീപ്പിടുത്തമുണ്ടാക്കിയത്. രക്ഷാപ്രരവർത്തനം നടത്തുന്ന അഗ്നിശമനസേനാംഗങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു'-വത്തിക്കാൻ

'ഫ്രാൻസിന്റേയും യൂറോപ്യൻ രാജ്യങ്ങളുടേയും സംസ്‌ക്കാരത്തിന്റെ ഭാഗമാണ് നോത്രഡാം കത്തീഡ്രൽ. ഫ്രഞ്ച് ജനതയ്ക്ക് പൂർണ്ണ പിന്തുണ നൽകുന്നു'- ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ

'നോത്രഡാം കത്തീഡ്രലിലെ തീപ്പിടിത്തം തടയാൻ ശ്രമിക്കുന്ന അഗ്നിശമനസേനാംഗങ്ങൾക്കും ഫ്രഞ്ച് ജനതയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നു'- ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ

'തീ ഉയരുന്നത് കണ്ടു നിൽക്കാൻ പേടിയാകുന്നു. തീയണക്കാൻ ഹെലികോപ്റ്റർ ഉപയോഗിക്കുന്നത് നന്നാകും'- യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്‌

Read More >>