തങ്ങള്‍ പിച്ചക്കാരല്ലെന്ന് വെനസ്വേല പ്രസിഡന്റ്; ഭക്ഷ്യവസ്തുക്കളുമായി വന്ന അമേരിക്കന്‍ ട്രക്കുകള്‍ തടഞ്ഞു

വ്യാഴാഴ്ചയാണ് ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായിവന്ന ലോറികൾ അതിർത്തിയിലെത്തിയത്.

തങ്ങള്‍ പിച്ചക്കാരല്ലെന്ന് വെനസ്വേല പ്രസിഡന്റ്; ഭക്ഷ്യവസ്തുക്കളുമായി വന്ന അമേരിക്കന്‍ ട്രക്കുകള്‍ തടഞ്ഞു

കറാക്കസ്: വെനസ്വേലയിലേക്കു ഭക്ഷ്യ വസ്തുക്കളും മരുന്നുമായി എത്തിയ യു.എസ്സിന്റെ വാഹനം അതിർത്തിയിൽ തടഞ്ഞു. യു.എസ്സിന്റെ സഹായം രാജ്യത്തിന് ആവശ്യമില്ലെന്ന പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ നിലപാടിനെത്തുടർന്ന് സൈന്യമാണ് വാഹനം തടഞ്ഞത്. കൊളംബിയൻ അതിർത്തി നഗരമായ കുകുട്ടയിലാണ് വാഹനങ്ങൾ തടഞ്ഞത്.

വ്യാഴാഴ്ചയാണ് ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായിവന്ന ലോറികൾ അതിർത്തിയിലെത്തിയത്. കൊളംബിയൻ പൊലീസിന്റെ അകമ്പടിയോടെയായിരുന്നു ലോറികള്‍ വന്നത്. എന്നാൽ, കുകുട്ടയിൽ സഹായവുമായി വരുന്ന വിദേശവാഹനങ്ങൾ തടയാൻ നേരത്തെ തന്നെ വെനസ്വേലൻ സൈന്യം കണ്ടെയ്‌നറുകളും ടാങ്കറുകളും സജ്ജമാക്കിയിരുന്നു.

സഹായവുമായി വരുന്ന വിദേശവാഹനങ്ങൾ യു.എസ് സൈന്യത്തിന് വെനസ്വേലയിൽ പ്രവേശിക്കാൻ അവസരമൊരുക്കുമെന്ന് ആരോപിച്ചാണ് മഡൂറോ സഹായം നിഷേധിച്ചത്. 'ആരും കടക്കില്ല, ആരും സൈന്യത്തെ ആക്രമിക്കില്ല'-അദ്ദേഹം പറഞ്ഞു.

അതേസമയം, വെനസ്വേലൻ സർക്കാർ അതിർത്തി തുറക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആവശ്യപ്പെട്ടു. 'പട്ടിണിയിലായ ജനങ്ങൾക്ക് സഹായം ലഭിക്കാൻ മഡൂറോ സർക്കാർ അനുവദിക്കണം'-പോംപിയോ പറഞ്ഞു. വെനസ്വേലയിലെ ചില നേതാക്കളും സഹായവുമായെത്തിയ യു.എസ് വാഹനങ്ങൾ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വിമർശനവുമായി യു.എൻ

യു.എസ്സിന്റെ സഹായം നിരസിച്ച വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെക്കെതിരെ വിമർശനവുമായി ഐക്യരാഷ്ട്ര്യസഭ(യു.എൻ). മനുഷ്യാവകാശ വിഷയങ്ങളെ രാഷ്ട്രീയമായി സമീപിക്കരുതെന്ന് യു.എൻ വക്താവ് പറഞ്ഞു. രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുക അനിവാര്യമാണ്. വെനസ്വേലയിൽ സമാധാന അന്തരീക്ഷം നിലനിർത്തേണ്ടതുണ്ടെന്നും വക്താവ് പറഞ്ഞു.

എന്നാൽ വെനസ്വേല മനുഷ്യാവകാശ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്ന് മഡൂറോ ആവർത്തിച്ചു. തന്‍റെ ജനത പിച്ചക്കാരല്ലെന്ന് മഡുറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ വർഷം 10 ദശലക്ഷം പേർ വെനസ്വേലയിൽ പട്ടിണിയും രോഗവും മൂലം വലയുമെന്ന റിപ്പോർട്ടിനെതിരെയായിരുന്നു മഡൂറോ രംഗത്തെത്തിയത്.


Read More >>