സ്ഥലമില്ലാത്ത നഗരവാസികള്‍ക്കും കാര്‍ഷിക നഴ്സറി തുടങ്ങാം

കൃഷിയില്‍ താല്‍പര്യമുള്ള നിരവധി പേര്‍ നമ്മുടെ നഗരങ്ങളിലുണ്ട്. എന്തെങ്കിലും കൃഷി ചെയ്ത് വരുമാനമുണ്ടാക്കുക എന്ന സ്വപ്നം മനസിലുണ്ടെങ്കിലും അതിനുള്ള...

സ്ഥലമില്ലാത്ത നഗരവാസികള്‍ക്കും കാര്‍ഷിക നഴ്സറി തുടങ്ങാം

കൃഷിയില്‍ താല്‍പര്യമുള്ള നിരവധി പേര്‍ നമ്മുടെ നഗരങ്ങളിലുണ്ട്. എന്തെങ്കിലും കൃഷി ചെയ്ത് വരുമാനമുണ്ടാക്കുക എന്ന സ്വപ്നം മനസിലുണ്ടെങ്കിലും അതിനുള്ള സ്ഥലസൗകര്യമില്ലാത്തതാണ് ഇവരില്‍ പലരുടെയും മുഖ്യപ്രശ്നം. മട്ടുപ്പാവില്‍ അല്‍പം ചെടികളൊക്കെ നട്ടുപിടിപ്പിച്ച് നിര്‍വൃതി അടയാനേ ഇവര്‍ക്കു സാധിക്കുന്നുള്ളൂ. ഒരു പത്ത് സെന്റ് സ്ഥലമെങ്കിലുമുണ്ടെങ്കില്‍ എന്തെങ്കിലും കാര്‍ഷികസംരംഭം തുടങ്ങാം എന്നു കരുതുന്നവരുമുണ്ടാകും ഇക്കൂട്ടത്തില്‍. എന്നാലിന്ന് അത്രയൊന്നും സ്ഥലസൗകര്യമില്ലാതെ, ചുരുങ്ങിയ ഇടത്ത് സ്വന്തമായി കാര്‍ഷിക നഴ്സറി തുടങ്ങി തരക്കേടില്ലാത്ത വരുമാനമുണ്ടാക്കുന്ന നിരവധി പേര്‍ കേരളത്തിലുണ്ട്. വലിയ നഴ്സറികള്‍ക്ക് ആവശ്യമായ തൈകള്‍ ഉല്‍പാദിപ്പിച്ച് നല്‍കുക എന്നതാണ് ഈ ചെറുകിടസംരംഭങ്ങളുടെ ബിസിനസ്. ലാന്‍ഡ് സ്‌കേപ്പിങ്ങും വാള്‍ ഗാര്‍ഡും ഇന്റീരിയര്‍ പ്ലാന്റസ്ുമൊക്കെ പ്രചാരം നേടുമ്പോള്‍ കൃഷിയില്‍ താല്‍പര്യമുള്ള നഗരവാസികള്‍ക്ക് നല്ലൊരു വരുമാനമാര്‍ഗമായി മാറുകയാണ് ഈ രീതി. വളരെ കുറഞ്ഞ മുതല്‍ മുടക്ക് മാത്രമേ ആവശ്യമുള്ളൂ എന്നതും, മാസങ്ങള്‍ക്കുള്ളില്‍ മുടക്കുമുതലും ലാഭവും തിരിച്ചു കിട്ടുന്നു എന്നതുമൊക്കെ ഈ കാര്‍ഷിക സംരംഭത്തിന്റെ പ്രധാന മേന്‍മകളാണ്.

എന്തെല്ലാം, എങ്ങിനെ ?

വിപണിയില്‍ ഡിമാന്‍ഡുള്ള ചെടികളുടെ വംശവര്‍ധനവ് നടത്തി പണമുണ്ടാക്കുകയാണ് ഈ ബിസിനസിന്റെ കാതല്‍.
അത് അലങ്കാരച്ചെടികളോ ഫലവൃക്ഷങ്ങളോ പച്ചക്കറിയോ എന്തുമാവാം. ചെടികള്‍ മുളപ്പിച്ചോ വേരുപിടിപ്പിച്ചോ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ വില്‍പനനടത്തുന്ന നഴ്സറികള്‍ക്ക് ഹോള്‍സെയില്‍ നിരക്കില്‍ വില്‍ക്കുന്നു. ഇലച്ചെടികളും പൂച്ചെടികളും തൊട്ട് പച്ചക്കറികള്‍ വരെയും, കുരുമുളകും ഗ്രാമ്പൂവും കറുവപ്പട്ടയും പോലുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ തൈകളുമൊക്കെ ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കാം. ചിലര്‍ ഓര്‍ക്കിഡുകള്‍ പോലും ഇത്തരത്തില്‍ ഉല്‍പാദിപ്പിച്ച് വലിയ നഴ്സറികള്‍ക്ക് കൈമാറാറുണ്ട്. ലാന്‍ഡ്സ്‌കേപ്പിങ്ങിനായി ഉപയോഗിക്കുന്ന അലങ്കാരച്ചെടികളും വാള്‍ഗാര്‍ഡന് ഉപയോഗിക്കുന്നവയുമൊക്കെ ഇത്തരം സംരംഭങ്ങള്‍ക്ക് യോജിച്ചതാണ്. ഒരേ ചെടിയുടെ നൂറുകണക്കിന് തൈകളാണ് ലാന്‍ഡ്സ്‌കേപിങ്ങിനും വാള്‍ഗാര്‍ഡനുകള്‍ക്കും ആവശ്യമായി വരിക.

പച്ചക്കറി തൈകള്‍ സര്‍ക്കാര്‍ തലത്തില്‍ വിവിധ ഏജന്‍സികള്‍ വഴി വന്‍തോതില്‍ ഉല്‍പാദനം നടത്തി വരുന്നുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. വിപണിയില്‍ മല്‍സരിക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കാം. എന്നാല്‍ അലങ്കാരച്ചെടികളുടെ കാര്യത്തില്‍ ഈ പ്രശ്നം കാര്യമായില്ല.
എളുപ്പം വിറ്റഴിയുന്നതും നിങ്ങളുടെ സാഹചര്യങ്ങളില്‍ നന്നായി ഉല്‍പാദിപ്പിക്കാവുന്ന ചെടികളാണ് ഈ രീതിയിലുള്ള സംരംഭങ്ങള്‍ക്ക് യോജിച്ചത്. പലതരം ചെടികള്‍ ഒരേസമയം വളര്‍ത്തേണ്ട കാര്യമില്ല. ഒന്നോ രണ്ടോ ഇനം മാത്രമായി തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. വിത്തുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നവയേക്കാള്‍ ഈ ബിസിനസിന് യോജിച്ചത് കമ്പുകള്‍ മുറിച്ചു നടുന്നവയാണ്. അതില്‍ത്തന്നെ ഇളം തണ്ടുകള്‍ മുറിച്ച് നട്ടാല്‍ തൈയാകുന്ന ചെടികളാണ് ഏറ്റവും യോജിച്ചത്. ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ പോലും ഇത്തരം ചെടികള്‍ വില്‍പനയ്ക്ക് തയ്യാറാകും എന്നതാണ് പ്രധാന മെച്ചം. തല നുള്ളും തോറും കൂടുതല്‍ ചിനപ്പുകള്‍ വളരെപ്പെട്ടെന്ന് മുറിച്ചെടുക്കാനുമാകും. ഇത്തരം നിരവധി സസ്യങ്ങള്‍ അലങ്കാരച്ചെടികളുടെ കൂട്ടത്തിലുണ്ട്. ഓര്‍ക്കിഡുകള്‍ക്ക് കുറേക്കൂടി സമയം-ചിലപ്പോള്‍ മാസങ്ങള്‍ വരെ- ആവശ്യമാണെങ്കിലും ലാഭം ഏറെയാണെന്ന മെച്ചമുണ്ട്.

വിപണി കണ്ടെത്തുന്നത് എങ്ങിനെ?

വലിയ തോതിലുള്ള സ്ഥല സൗകര്യമില്ലാത്തതിനാല്‍ നേരിട്ടുള്ള വില്‍പന ഇത്തരം നഴ്സറികളില്‍ നടക്കില്ല. അതിനാല്‍ ചെടികള്‍ വിറ്റഴിക്കുന്ന നഴ്സറികളുമായി ബന്ധമുണ്ടാക്കിയാണ് ഈ രംഗത്തുള്ളവര്‍ വിപണി കണ്ടെത്തുന്നത്. വലിയ നഴ്സറികളില്‍ അന്വേഷിച്ചാല്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ള ചെടികളേതെന്ന് ബോധ്യമാകും. ഉല്‍പാദിപ്പിക്കുന്ന ചെടികള്‍ വാങ്ങാമെന്ന് നഴ്സറികള്‍ ഉറപ്പു നല്‍കിയാല്‍ ബിസിനസ് ധൈര്യമായി തുടങ്ങാം. വാള്‍ ഗാര്‍ഡന് വേണ്ടി ഉപയോഗിക്കുന്ന നിരവധി ചെടികള്‍ക്കും ഇപ്പോള്‍ ഡിമാന്‍ഡ് ഏറെയാണ്. മണ്ണുത്തിയിലെ വലിയ നഴ്സറികളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെയാണ് കേരളത്തിലെ പലസ്ഥലങ്ങളിലെയും നഴ്സറിക്കാര്‍ വില്‍പനയ്ക്കായി തൈകള്‍ ശേഖരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ദൂരസ്ഥലങ്ങളില്‍ നിന്നും ചെടികള്‍ എത്തിക്കുമ്പോള്‍ വലിയൊരു തുക വാഹനക്കൂലിയായും കയറ്റിറക്കുവകയിലുമൊക്കെ ചിലവ് വരും. ഇവിടെയാണ് പ്രാദേശികമായുള്ള തൈയുല്‍പാദന നഴ്സറി സംരംഭങ്ങളുടെ പ്രസക്തി. നഗരത്തിലുള്ളവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ അന്‍പതോ നൂറോ ചെടികള്‍ തൊട്ടടുത്തുള്ള വില്‍പനനഴ്സറിയിലേക്ക് എത്തിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. ഇത്തരത്തില്‍ ചെറുകിട സംരംഭം തുടങ്ങിയ ചിലരിന്ന് മണ്ണുത്തിയിലെ നഴ്സറികള്‍ക്ക് ചെടികള്‍ എത്തിച്ചു കൊടുക്കുന്നുമുണ്ട്.

എങ്ങിനെ തുടങ്ങണം?

ഏതു സസ്യമാണ് നിങ്ങളുടെ സാഹചര്യത്തിനും സൗകര്യത്തിനും യോജിച്ചത് എന്ന് അന്വേഷിച്ച് കണ്ടെത്തുകയാണ് ആദ്യപടി. നിങ്ങള്‍ക്ക് ഈ ചെടിയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അറിയാമോ, എളുപ്പമാണോ എന്നെല്ലാം അന്വേഷിക്കുന്നതോടൊപ്പം വിപണി സാധ്യതയും പരിശോധിക്കണം. രണ്ടാമതായി ഇവ വളര്‍ത്തുന്നതിന് പറ്റിയ അന്തരീക്ഷവും സംവിധാനവുമൊക്കെ തയ്യാറാക്കലാണ്. സ്ഥലമുണ്ടെങ്കില്‍ അവിടെയോ വീട്ടുമുറ്റത്തോ ടെറസിലോ നഴ്സറി ഒരുക്കാം. ഷേഡ് നെറ്റ് ഉപയോഗിച്ച് വെയില്‍ മറയുണ്ടാക്കണം. നനയ്ക്കാനുള്ള സംവിധാനങ്ങള്‍, ഹോസ്, ഹാന്‍ഡ്സ്പ്രേ, മണ്ണിളക്കാനും കോരാനും മാന്താനുമുള്ള ഉപകരണങ്ങള്‍ എന്നിവ സംഘടിപ്പിക്കണം. ഗ്രോബാഗുകളിലോ ട്രേകളിലോ നിറയ്ക്കുന്നതിനുള്ള മണ്ണ്, ചകിരിച്ചോര്‍, ചാണകപ്പൊടി മുതലായവ ലഭ്യമാക്കി സംവിധാനങ്ങള്‍ ഒരുക്കാം. ചെടികള്‍ നടാന്‍ ആവശ്യമായ കവറുകളും ചട്ടികളുമാണ് ഏറ്റവും വലിയ അവശ്യവസ്തുക്കള്‍. മിക്ക ചെടികള്‍ക്കും വേരു പിടിക്കുന്നതുവരെ നേരിട്ടുള്ള സൂര്യപ്രകാശം തട്ടാന്‍ പാടില്ല. അതിനാല്‍ പോളിത്തീന്‍ കവറുപയോഗിച്ചുള്ള മറ തയ്യാറാക്കേണ്ടി വരും.

മാതൃസസ്യങ്ങള്‍

നല്ല നിലവാരമുള്ള മാതൃസസ്യങ്ങള്‍ സംഘടിപ്പിക്കുകയാണ് അടുത്ത പടി. ചെടിയുടെ സ്വഭാവവും എത്രത്തോളം ചെടികള്‍ ഒറ്റയടിക്ക് വിറ്റഴിക്കാനാകും എന്നതും ചെയ്യുന്ന ആളിന്റെ സമയസൗകര്യങ്ങളും പരിഗണിക്കണം. മാതൃസസ്യങ്ങള്‍ക്കായി നഴ്സറികള്‍ വന്‍ വില ഈടാക്കാറുണ്ട്. എന്നാല്‍ സ്വന്തം വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലുമൊക്കെ പലപ്പോഴും മാതൃസസ്യങ്ങള്‍ കണ്ടെത്തിയേക്കാം. മൂത്തു പഴകി ഭംഗി നഷ്ടപ്പെട്ട അലങ്കാരച്ചെടികള്‍ മിക്കവീടുകളിലെയും സ്ഥാപനങ്ങളിലെയും പതിവു കാഴ്ചയാണ്. ഫിലോഡെന്‍ഡ്രോണ്‍, ഡ്രെസിയാന, കോളിയസ്, സിങ്കോണിയം, അലങ്കാര മുള, തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവയില്‍ പലതും മുറിച്ച് കഷണങ്ങളാക്കിയാല്‍ നൂറുകണക്കിന് തൈകളുണ്ടാക്കാന്‍ സാധിക്കും. നിസാരവിലയ്ക്കോ പകരം ചെടികള്‍ നല്‍കിയോ ഒക്കെ ഇത്തരം മാതൃസസ്യങ്ങള്‍ ശേഖരിക്കാവുന്നതാണ്. വലിയ സസ്യങ്ങള്‍ മുറിച്ച് തൈകളാക്കുമ്പോള്‍ ഏതാനും തൈകള്‍ വില്‍ക്കാതെ വളര്‍ത്തി വലുതാക്കിയാല്‍ പിന്നീട് മാതൃസസ്യങ്ങള്‍ക്കായി അലയേണ്ടി വരില്ല. വീട്ടില്‍ ഏതാനും കുരുമുളക് ചെടികളുണ്ടെങ്കില്‍ കുറ്റിക്കുരുമുളകു തൈകള്‍ ഉണ്ടാക്കിയെടുക്കാം. വലിയ കുരുമുളക് ചെടികളില്‍ നിന്നുള്ള പാര്‍ശ്വശിഖരങ്ങള്‍ ശേഖരിച്ച് വേര് പിടിപ്പിച്ചെടുക്കുകയേ വേണ്ടൂ. ഇതിനുള്ള പരിശീലനം കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാണ്.


Story by
Next Story
Read More >>