മദ്യക്കുപ്പിയിലുമാവാം മല്‍സ്യകൃഷി

കുട്ടിക്കാലത്ത് തോട്ടില്‍ നിന്നും പിടിച്ച പരല്‍മീനുകളെ ചേമ്പിലയില്‍ പൊതിഞ്ഞു കൊണ്ടുവന്ന് ഹോര്‍ലിക്സ് കുപ്പികളില്‍ വളര്‍ത്തിയത് പലരുടെയും മനസില്‍...

മദ്യക്കുപ്പിയിലുമാവാം മല്‍സ്യകൃഷി

കുട്ടിക്കാലത്ത് തോട്ടില്‍ നിന്നും പിടിച്ച പരല്‍മീനുകളെ ചേമ്പിലയില്‍ പൊതിഞ്ഞു കൊണ്ടുവന്ന് ഹോര്‍ലിക്സ് കുപ്പികളില്‍ വളര്‍ത്തിയത് പലരുടെയും മനസില്‍ മായാതെ നില്‍ക്കുന്ന ഒരോര്‍മയാണ്. ഇങ്ങിനെ വളര്‍ത്തുന്ന മീനിന്റെ കാര്യത്തില്‍ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍- കൂടിപ്പോയാല്‍ ഒരുമാസം-തീരുമാനമുണ്ടാകാറാണ് പതിവ്. സ്‌കൂള്‍ വിട്ടു വരുമ്പോള്‍ ചിലപ്പോള്‍ കുപ്പിയിലെ മീനിനെ കാണാനുണ്ടാകില്ല. ഏറെ നേരത്തെ തിരച്ചിലിനിനൊടുവില്‍ മുറിയുടെ ഏതെങ്കിലും കോണില്‍ ഉണങ്ങി ഉറുമ്പരിക്കുന്ന നിലയില്‍ ചത്തു കിടക്കുന്നതാകും കാണുക. ചാടിപ്പോകാതെ മൂടിവച്ചാലും മറ്റെന്തെങ്കിലും കാരണത്താല്‍ അധികനാള്‍കഴിയും മുന്‍പ് മീന്‍ ചാവും. നല്‍കുന്ന തീറ്റ അധികമായിപ്പോയി വെള്ളം ചീത്തയാകുന്നതോ കൃത്യസമയത്ത് വെള്ളം മാറ്റിക്കൊടുക്കാത്തതോ ഒക്കെയാകാം ഇതിന് കാരണം. എന്നാലിന്ന് ലോകത്തിന്റെ പലഭാഗത്തും കുപ്പികളില്‍, അതും വാവട്ടമില്ലാത്ത മദ്യക്കുപ്പിയില്‍പ്പോലും ആളുകള്‍ മല്‍സ്യം വളര്‍ത്തുന്നു. വെറുതേ നേരംപോക്കിനല്ല, വാണിജ്യാടിസ്ഥാനത്തില്‍ തന്നെ! ഭക്ഷ്യാവശ്യത്തിനുള്ള മീനുകളൊന്നുമല്ല, ഫൈറ്റര്‍ എന്നറിയപ്പെടുന്ന ബേറ്റാ മല്‍സ്യങ്ങളെയാണ് ഈ രീതിയില്‍ വളര്‍ത്തുന്നത്. നമ്മുടെ നാട്ടിലടക്കം ഏറെ പ്രചാരമുള്ള ഒരു അലങ്കാര മല്‍സ്യമാണിത്.

ഗ്ലാസ് അക്വേറിയങ്ങളോ കോണ്‍ക്രീറ്റ് ടാങ്കുകളോ ഉപയോഗിക്കാതെ ചെറിയ കുപ്പികളില്‍ ഇവയെ വളര്‍ത്താനുള്ള കാരണം അന്വേഷിച്ചാല്‍ മറുപടി ഒന്നേയുള്ളു. ഈ മീനുകളുടെ കയ്യിലിരിപ്പ് തന്നെ. ഒന്നിനൊന്നിനെ കണ്ടു കൂടാ. രണ്ട് മീനുകളെ ഒരുമിച്ചിട്ടാല്‍ പിന്നെ യുദ്ധമാണ്. പരസ്പരം പടവെട്ടി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ചിറകൊക്കെ നശിച്ച് ആകെ അവശരാകും. ആരെങ്കിലും ഇടപെട്ട് വേര്‍തിരിച്ചില്ലെങ്കില്‍ ചിലപ്പോള്‍ രണ്ടു പേരുടെയും കഥ കഴിയാനും സാധ്യതയുണ്ട്. വര്‍ണപ്പൊലിമയുള്ള ചിറകുകളും വാലുകളുമാണ് ബേറ്റാ മല്‍സ്യങ്ങളുടെ പ്രധാന ആകര്‍ഷണീയത. അടികൂടി ചിറകും വാലുമൊക്കെ കീറിപ്പറിഞ്ഞാല്‍പ്പിന്നെ ആരും ഇവയെ വാങ്ങില്ല. ഈ പ്രശ്നം ഒഴിവാക്കാന്‍ ഒരൊറ്റ മാര്‍ഗമേയുള്ളൂ- ഓരോ മല്‍സ്യത്തെയും പ്രത്യേകമായി വളര്‍ത്തുക. ഇത്തരത്തില്‍ വളര്‍ത്തുന്നതിന് ടാങ്കുകള്‍ നിര്‍മിക്കുന്നത് ലാഭകരമല്ല. അവിടെയാണ് കുപ്പിയുടെ ഉപയോഗം.

ആയിരക്കണക്കിന് മല്‍സ്യങ്ങളെ ഇത്തരത്തില്‍ വളര്‍ത്തുന്ന ഫാമുകള്‍ തായ്ലന്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലുണ്ട്. ഒരേ പോലുളള നൂറുകണക്കിന് കുപ്പികള്‍ സംഘടിപ്പിച്ച് നിരത്തി വച്ചാണ് കൃഷി. നിരത്തിവച്ച അനേകം കുപ്പികളുടെ വാവട്ടത്തിന് മുകളിലൂടെ നടന്നുകൊണ്ടാണ് പലപ്പോഴും വെള്ളം മാറ്റലും തീറ്റനല്‍കലും വളര്‍ച്ചാ പരിശോധനകളുമൊക്കെ നടത്താറ്. വിദേശങ്ങളിലെ ഇത്തരം ഫാമുകള്‍ സന്ദര്‍ശിച്ചും ഇന്റര്‍നെറ്റിലൂടെ കണ്ടു പഠിച്ചും നമ്മുടെ കേരളത്തിലും ഇപ്പോള്‍ ഇത്തരത്തിലുള്ള കുപ്പികൃഷി പലരും ആരംഭിച്ചിട്ടുണ്ട്. മദ്യക്കുപ്പികള്‍ക്ക് വലിയ ക്ഷാമമില്ല എന്നത് വലിയ ആശ്വാസമെന്ന് ഈ കര്‍ഷകര്‍ പറയുന്നു.

മല്‍സ്യങ്ങള്‍ക്ക് ഇത്ര ചെറിയ കുപ്പി മതിയോ എന്ന് ചോദിക്കുന്നവരുണ്ടാകും. എല്ലാ മല്‍സ്യങ്ങളും ഇത്തരത്തില്‍ കൃഷി ചെയ്യാനാവില്ല. ഫൈറ്ററുകള്‍ക്ക് പരമാവധി മൂന്നിഞ്ച് വരെയേ വലപ്പം വയ്ക്കൂ. ഇവ പൊതുവേ വലിയ നീന്തല്‍ക്കാരല്ല. കുറഞ്ഞ വെള്ളത്തിലും സുഖമായി കഴിഞ്ഞുകൊള്ളും. തായ്ലാന്റ്, മലേഷ്യ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ നെല്‍പ്പാടങ്ങളിലും, ഒഴുക്കു കുറച്ച ചെറിയ അരുവികളിലും വെള്ളം കെട്ടി നില്ക്കുന്ന ചതുപ്പ് പ്രദേശങ്ങളിലുമൊക്കെയാണ് ഇവയുടെ പൂര്‍വികര്‍ ജീവിച്ചിരുന്നത്. വെള്ളത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞാലും ഇവയ്ക്ക് വലിയ പ്രശ്നമില്ല, ലാബ്റിന്ത് എന്ന പ്രത്യേക ശ്വസനാവയവം ഉള്ളതിനാല്‍ അന്തരീക്ഷ വായുവില്‍ നിന്നു നേരിട്ടും ശ്വസിക്കാന്‍ സാധിക്കും.

പ്രജനനം

ഈ മല്‍സ്യത്തിന്റെ പ്രജനനം വളരെ എളുപ്പമാണ്. പ്രായപൂര്‍ത്തിയായ ഒരാണ്‍ മല്‍സ്യത്തെയും പെണ്‍മല്‍സ്യത്തെയും ഒരുമിച്ചിട്ടാല്‍ മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടയിടും. പെണ്‍ മല്‍സ്യത്തെ ടാങ്കില്‍ കണ്ടാലുടന്‍ ആണ്‍ മല്‍സ്യം വായകൊണ്ട് കുമിളകള്‍ നിര്‍മിച്ച് അതുപയോഗിച്ച് വെള്ളത്തിനു മുകളില്‍ കൂടുണ്ടാക്കാന്‍ ആരംഭിക്കും. ആദ്യനാളുകളില്‍ പെണ്‍മല്‍സ്യത്തെ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ ടാങ്കിനുള്ളില്‍ ഒരു സുതാര്യമായ കുപ്പിയിറക്കിവച്ച് അതിനുള്ളില്‍ പെണ്‍മല്‍സ്യത്തെ വിടുകയാണ് ചെയ്യുക. പെണ്‍മല്‍സ്യത്തെ കാണുമ്പോള്‍ ആണ്‍മീന്‍ ചിറകുകള്‍ വിടര്‍ത്തി നൃത്തം ചെയ്ത് തന്റെ ഭംഗി പ്രദര്‍ശിപ്പിക്കും. ഇത് കാണുന്ന പെണ്‍ മല്‍സ്യം മുട്ടയിടാന്‍ തയ്യാറെടുക്കുന്നു. വയറ്റിനുള്ളില്‍ മുട്ട നിറഞ്ഞുവെന്ന് കണ്ടാല്‍ കുപ്പിയിലുള്ള പെണ്‍മീനിനെ ആണിന്റെ ടാങ്കിലേക്ക് തുറന്നുവിടുന്നു. ഏറെ വൈകാതെ ഇവ ഇണചേര്‍ന്ന് മുട്ടയിടും. പെണ്‍മീന്‍ മുട്ടയിടുന്നതിനൊപ്പം ആണ്‍മീന്‍ ബീജം വര്‍ഷിക്കും.

ബീജസങ്കലനം നടന്നുകഴിഞ്ഞാല്‍ മുട്ടകള്‍ ഓരോന്നായി ആണ്‍മീന്‍ നേരത്തേ തയ്യാറാക്കിയ കൂട്ടിലെകുമിളകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കൂടിന് കാവലിരിക്കും. പിന്നീട് പെണ്‍മീനിനു പോലും കൂടിനടുത്തേക്ക് പ്രവേശനമില്ല. കാര്യം കഴിയുന്നതോടെ പെണ്‍മീനിനെ കൊത്തിയോടിക്കാന്‍ ആരംഭിക്കും, ആണ്‍ മല്‍സ്യം. ഈ സമയം പെണ്ണിനെ മറ്റൊരു ടാങ്കിലേക്ക് മാറ്റണം. രണ്ടാഴ്ച കഴിഞ്ഞാല്‍ ഇതേ ജോഡികള്‍ വീണ്ടും പ്രജനനത്തിന് തയ്യാറാകും. ഒരൊറ്റത്തവണ നൂറുകണക്കിന് കുഞ്ഞുങ്ങളെ വരെ ലഭിക്കും. ഇന്‍ഫ്യുസോറിയ എന്ന സൂക്ഷ്മജീവികളെ വളര്‍ത്തിയെടുത്താണ് ആദ്യ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് തീറ്റയായി നല്‍കുന്നത്. ഇത് വളരെ എളുപ്പമാണ്. കുറച്ച് ക്യാബേജ് കഷണങ്ങള്‍ ഏതാനും ദിവസം വെള്ളത്തിലിട്ട് ചീയാന്‍ വെക്കുക. ഈ വെള്ളം സ്പൂണില്‍ കോരി അല്‍പാല്‍പ്പമായി നല്‍കുകയേ വേണ്ടൂ. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു വെള്ളത്തില്‍ ചാലിച്ച് തുള്ളികളായും കുഞ്ഞുങ്ങള്‍ക്ക് തീറ്റയായി നല്‍കാം.

ഒന്നു രണ്ടു മാസത്തേക്ക് കുഞ്ഞുങ്ങളെ ഒരുമിച്ച് വളര്‍ത്താം. അപ്പോഴേക്കും ഇവയില്‍ ചിലത് തമ്മിലടിച്ചു തുടങ്ങും. ഈ ഘട്ടത്തില്‍ ഓരോന്നിനെയും പിടിച്ചെടുത്ത് ഓരോ കുപ്പിയിലാക്കി വളര്‍ത്തി വലുതാക്കുകയാണ് ചെയ്യുക. കൊതുക്, കൊതുകിന്റെ ലാര്‍വ, മണ്ണിര, ചെമ്മീന്‍, എന്നിവയൊക്കെ ഇവയുടെ ഇഷ്ടഭക്ഷണമാണ്. കുപ്പിയിലിട്ട് രണ്ടോ മൂ്ന്നോ മാസം കൊണ്ടു തന്നെ ഇവ പൂര്‍ണ വളര്‍ച്ചയെത്തി വില്‍പനയ്ക്ക് തയ്യാറാകും. നല്ലയിനം ഫൈറ്ററുകള്‍ക്ക് കേരളത്തില്‍ റീട്ടെയില്‍ വില 250 രൂപയോളം വരും. എന്നാല്‍ കര്‍ഷകന് ഇതിന്റെ മൂന്നിലൊന്ന് വിലയേ ലഭിക്കാറുള്ളൂ. എന്നാല്‍ത്തന്നെയും ആദായകരമാണ് കൃഷി എന്നാണ് പലരുടെയും അനുഭവം.

Story by
Next Story
Read More >>