കാലാനുനിയ നേപ്പാളിൽ മാത്രമല്ല, എടപ്പാളിലും വിളയും

നേപ്പാളിലെ മലനിരകളിൽ വിളയുന്ന ഈ കറുത്തനെല്ലിന് മഹാഭരത കഥയുമായി ഒരു ബന്ധമുണ്ട്. പാണ്ഡവരുടെ വനവാസകാലത്ത് വിശപ്പടക്കാൻ കുന്തി മകനായ ഭീമനെ കുറച്ച് നെല്ലിനായി അയയ്ക്കുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്ത ഭീമനെ അന്വേഷിച്ച് കുന്തി ചെന്നപ്പോൾ കണ്ടത് ഭീമൻ ഒരുകൈയിൽ നെൽകറ്റയുമായി പാടത്ത് നിൽക്കുന്നതാണ്. ഇതുകണ്ട കുന്തി തന്റെ കോപത്താൽ പാടത്തെ അഗ്നികുണ്ഡമാക്കുന്നു. തീപിടിച്ച് പാടത്തെ മുഴുവൻ നെല്ല് ചെടിയും കരിഞ്ഞുണങ്ങി.എന്നാൽ അതിനുള്ളിലെ നെല്ലിന് മാത്രം ഒന്നും പറ്റിയില്ല.

കാലാനുനിയ നേപ്പാളിൽ മാത്രമല്ല, എടപ്പാളിലും വിളയും

എടപ്പാൾ : കറുത്ത ഇനം നെല്ലായ നേപ്പാളിലെ കാലാനുനിയയെ കേരളത്തിൽ വിളയിച്ച് ശ്രദ്ധേയനായിരിക്കയാണ് എടപ്പാൾ പടിഞ്ഞാറങ്ങാടി സ്വദേശി കല്ലടത്തൂർ പിലാക്കാവിൽ രാജേഷ് എന്ന യുവ കർഷകൻ. നേപ്പാളിൽ പഴയകാലങ്ങളിൽ വ്യാപകമായി കൃഷിചെയ്തിരുന്ന ഒരിനം നെൽവിത്താണ് കാലാനുനിയ. പേരുപോലെത്തന്നെ പൂർണ്ണമായി കറുത്തിരുണ്ട വിത്ത്. ഏറെ ഔഷധഗുണമുള്ള ഈ വിത്തിനം ആദ്യമായാണ് കേരളത്തിൽ വിളയുന്നത്.

വർഷങ്ങളായി നെൽ കൃഷി ചെയ്തുവരുന്ന രാജേഷ് പരീക്ഷണാടിസ്ഥാനത്തിലാണ് കാലാനുനിയ കൃഷി ചെയ്തത്. ഭാര്യ സഹോദരൻ മുഖേന വിദേശത്തുനിന്നാണ് നെൽ വിത്ത് നാട്ടിലെത്തിച്ചത്. തന്റെ 15 ഏക്കറ പാടത്തെ 10 സെൻറ് സ്ഥലത്താണ് കാലാനുനിയ പരീക്ഷിച്ചത്. ആദ്യത്തെ വിളവ് തന്നെ മികച്ചതാണെന്ന് രാജേഷ് തത്സമയത്തോട് പറഞ്ഞു. ഒന്നര കിലോ നെൽവിത്താണ് പരീക്ഷിച്ചത്. വിളവ് ലഭിച്ചതാകട്ടെ 50 കിലോയും. വിപണിയിൽ കിലോയ്ക്ക് 200 രൂപവരെയാണ് കാലാനുനിയയുടെ വില.

നെല്ലിന്റെ ഔഷധഗുണമാകാം നമ്മുടെ നാട്ടിലെ നെല്ലിനത്തേക്കാൾ രുചിയിൽ മികച്ചതാണ് കാലാനുനിയയെന്ന് രാജേഷ് പറഞ്ഞു. കറുത്തനെല്ല് നാട്ടിൽ പാട്ടായതോടെ നിരവധി പേരാണ് വിത്ത് തേടി രാജേഷിനെ സമീപിക്കുന്നതും. എന്നാൽ കൃഷിചെയ്യും എന്ന് ഉറപ്പുള്ളവർക്ക് മാത്രമേ രാജേഷ് വിത്ത് നൽകൂ.

പഴയകാലത്തെ വിത്തുകൾ ശേഖരിക്കുന്നത് ഹോബിയാക്കിയതാണ് രാജേഷിനെ കാലാനുനിയയിലെത്തിച്ചത്. കാലാനൂനിയയ്ക്ക് പുറമേ നേപ്പാളിൽ നിന്നും കൊണ്ടുവന്ന സാൻഞ്ചീറോ കറുപ്പ്, സാൻഞ്ചീറോ വെള്ള എന്നീ രണ്ടു നെൽ വിത്തുകൾ കൂടി പരീക്ഷിച്ചെങ്കിലും കേരളത്തിലെ കാലാവസ്ഥയോട് പൊരുത്തപ്പെടാനാവാതെ അവ രണ്ടും ഉണങ്ങിപ്പോയി. ഏതായാലും പച്ചവിരിച്ച രാജേഷിന്റെ പാടമിപ്പോൾ കറുത്തിരുണ്ട നിലയിലാണ്.

പുത്തൻ കൃഷിരീതിയോടൊപ്പം അപൂർവ്വ വിത്തുകളും വിളയിക്കാൻ രാജേഷിന് കൂട്ടായി ഭാര്യ ഉഷയും മക്കളായ മഹാദേവനും ഹരിദത്തനും ഒപ്പമുണ്ട്.മഹാഭാരത കഥയുമായും ബന്ധം

നേപ്പാളിലെ മലനിരകളിൽ വിളയുന്ന ഈ കറുത്തനെല്ലിന് മഹാഭരത കഥയുമായി ഒരു ബന്ധമുണ്ട്. പാണ്ഡവരുടെ വനവാസകാലത്ത് വിശപ്പടക്കാൻ കുന്തി മകനായ ഭീമനെ കുറച്ച് നെല്ലിനായി അയയ്ക്കുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്ത ഭീമനെ അന്വേഷിച്ച് കുന്തി ചെന്നപ്പോൾ കണ്ടത് ഭീമൻ ഒരുകൈയിൽ നെൽകറ്റയുമായി പാടത്ത് നിൽക്കുന്നതാണ്. ഇതുകണ്ട കുന്തി തന്റെ കോപത്താൽ പാടത്തെ അഗ്നികുണ്ഡമാക്കുന്നു. തീപിടിച്ച് പാടത്തെ മുഴുവൻ നെല്ല് ചെടിയും കരിഞ്ഞുണങ്ങി.എന്നാൽ അതിനുള്ളിലെ നെല്ലിന് മാത്രം ഒന്നും പറ്റിയില്ല.

ശക്തമായ തീയെ അതിജീവിച്ച നെല്ലിൻറെ നിറം കറുത്തതായിമാറി. അങ്ങനെയാണ് ഈ നെല്ലിന്റെ നിറം കറുത്തതാകാൻ കാരണം എന്ന് നേപ്പാളിലെ ഐതീഹ്യങ്ങളിൽ പറയപ്പെടുന്നു. നിറംകറുപ്പായതോടെ നെല്ലിന്റെ പേര് കാലാനുനിയ എന്നുമായി. അതുകൊണ്ടുതന്നെ നേപ്പാളിലെ വിവിധ മംഗള കർമങ്ങൾക്കും ക്ഷേത്രങ്ങളിലെ നിവേദ്യത്തിനും മറ്റും ഈ അരിയാണ് ഉപയോഗിക്കുന്നത്.