നേട്ടം കൊയ്യാം താറാവുകൃഷിയിലൂടെ

വെബ്ഡെസ്ക്ക്: ശരിയായ രീതിയില്‍ പരിചരിച്ചാല്‍ മികച്ച ആദായം നേടാവുന്ന ഒന്നാണ് താറാവ് വളര്‍ത്തല്‍. ഒട്ടുമിക്ക രാജ്യങ്ങളിലും താറാവ് കൃഷിയിലൂടെ കര്‍ഷകര്‍...

നേട്ടം കൊയ്യാം  താറാവുകൃഷിയിലൂടെ

വെബ്ഡെസ്ക്ക്: ശരിയായ രീതിയില്‍ പരിചരിച്ചാല്‍ മികച്ച ആദായം നേടാവുന്ന ഒന്നാണ് താറാവ് വളര്‍ത്തല്‍. ഒട്ടുമിക്ക രാജ്യങ്ങളിലും താറാവ് കൃഷിയിലൂടെ കര്‍ഷകര്‍ നേട്ടം കൊയ്യുന്നുണ്ട്. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഹോളണ്ട്, ഹംഗറി, ഡെന്മാര്‍ക്ക്, കാനഡ എന്നിവിടങ്ങളിലെല്ലാം താറാവ് വളര്‍ത്തല്‍ ഒരു വ്യവസായമായി വികസിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വളര്‍ത്തു പക്ഷികളില്‍ രണ്ടാം സ്ഥാനം താറാവിനാണ്.

മുട്ടയും ഇറച്ചിയും പോഷക ഗുണങ്ങളേറെ

പോഷക മൂല്യങ്ങള്‍ വളരെയധികം അടങ്ങിയിട്ടുള്ള ആഹാരമാണ് താറാവിന്റെ മുട്ടയും ഇറച്ചിയും. താറാവ് മുട്ടകള്‍ക്ക് കോഴി മുട്ടയേക്കാള്‍ താരതമ്യേന വലിപ്പം കൂടുതലാണ്. ഹൃദ്രോഗത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള അരാക്കിടോണിക് അമ്ലവും, ഒമേഗ 3 കൊഴുപ്പമ്ലവും താറാമുട്ടകളില്‍ അടങ്ങിയിരിക്കുന്നു.

കൂടൊരുക്കാം സുരക്ഷിതമായി

കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഉപയോഗിക്കുന്ന കൂടിനകം അണുനാശിനി ചേര്‍ത്ത വെള്ളം ഉപയോഗിച്ച് നന്നായി കഴുകണം. തറ നന്നായി ഉണങ്ങിയ ശേഷം രണ്ടിഞ്ച് കനത്തില്‍ ലിറ്റര്‍ വിതറണം. തീറ്റപാത്രം വെള്ളം എന്നിവ യഥാസ്ഥാനത്ത് സജീകരിച്ചിട്ടുവേണം കുഞ്ഞുങ്ങളെ പാര്‍പ്പിക്കേണ്ടത്. താറാവിന്‍ കുഞ്ഞുങ്ങള്‍ക്ക് വെള്ളം നല്കുന്ന പാത്രം മൂന്നിഞ്ച് താഴ്ചയുണ്ടാകണം. അതുപോലെ തന്നെ തീറ്റയും വെള്ളവും നിറച്ചു വയ്ക്കുന്നതിലും ശ്രദ്ധിക്കേണ്ടതാണ്. ആദ്യത്തെ മൂന്നാഴ്ച ഒരു താറാവിന്‍കുഞ്ഞിന് ഒരു ചതുരശ്ര അടി സ്ഥലം മതിയാകും. തൂവലുകളുടെ വളര്‍ച്ച പൂര്‍ത്തിയാകുന്നതുവരെ കുഞ്ഞുങ്ങള്‍ക്ക് കൃത്രിമായി ചൂടുനല്കണം. അവ യഥാക്രമം ആദ്യ ആഴ്ചയില്‍ 32 ഡിഗ്രിയും രണ്ടാമത്തെ ആഴ്ചയില്‍ 29 ഡിഗ്രിയും മൂന്നാമത്തെ ആഴ്ചയില്‍ 26 ഡിഗ്രിയും മതിയാകും. ആദ്യത്തെ നാലഞ്ചു ദിവസത്തേയ്ക്ക് ഹോവറിനുചുറ്റും ഒരു വലയം സ്ഥാപിക്കണം. ഇത് കുഞ്ഞുങ്ങള്‍ ബ്രൂഡറിനുള്ളില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയുകയും അതു വഴി തണുപ്പില്‍ നിന്നുള്ള സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.സാധാരണ കോഴി കുഞ്ഞുങ്ങള്‍ക്കുപയോഗിക്കുന്ന ബ്രൂഡര്‍തന്നെ താറാകുഞ്ഞുങ്ങള്‍ക്കും ഉപയോഗിക്കാം. ഇന്ഫ്രാറെഡ് ബള്‍ബുകള്‍ , സാധാരണ വൈദ്യുത ബള്‍ബുകള്‍, ഗ്യാസ് മാന്റിലുകള്‍ എന്നിവ ചൂടു നല്കുന്നതിന് ഉപയോഗിക്കാം. ഏകദേശം 150 കുഞ്ഞുങ്ങളെവരെ ഒരു ബ്രൂഡറില്‍ വളര്‍ത്താവുന്നതാണ്. യഥേഷ്ടം വായു സഞ്ചാരമുള്ള കെട്ടിടങ്ങളില്‍ ബ്രൂഡറില്‍ വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍ നല്ല ആരോഗ്യമുള്ളവയാണ്.

തീറ്റയും പരിചരണവും

താറാവിന്‍ കുഞ്ഞുങ്ങളെ 6 ദിവസം പ്രായമാകുമ്പോള്‍ ദിവസവും അരമണിക്കൂര്‍ വീതം വെള്ളത്തില്‍ വിടാവുന്നതാണ്. പിന്നീട് ക്രമമായി മൂന്നാഴ്ച കൂടുതല്‍ സമയം വെള്ളത്തില്‍വിട്ട് വളര്‍ത്തണം. താറാവിന് നീന്തുന്നതിന് എപ്പോഴും ജലാശയം കൂടിയേ തീരൂ എന്നില്ല. എന്നാലും തലമുഴുവന്‍ മുങ്ങത്തകവിധം വെള്ള പാത്രങ്ങളിലോ ചാലുകളിലോ ഉണ്ടായാല്‍ മതി. അല്ലാത്ത പക്ഷം കണ്ണുകളില്‍ രോഗം ബാധിക്കാന്‍ ഇടവരും. വേനല്‍ക്കാലങ്ങളിലും മറ്റും അന്തരീക്ഷത്തില്‍ ചൂടുകൂടുമ്പോള്‍ താറാവിന് ചിറകടിച്ചു കുളിക്കത്തക്കവിധം ജലം ലഭിച്ചില്ലെങ്കില്‍ ഉല്പാദനത്തില്‍ കുറവുണ്ടാകും. താറാവിന്‍കുഞ്ഞുങ്ങള്‍ക്ക് ആറാഴ്ച പ്രായംവരെ സമീകൃത തീറ്റ നല്കാം. താറാവിന്‍ തീറ്റ ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റ നല്കാവുന്നതാണ്.

തീറ്റ വെള്ളവുമായി നനച്ചു നല്കണം. ഒരു ദിവസത്തേയ്ക്ക് ആവശ്യമായ തീറ്റ മൂന്നു നേരമായി രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെ കൊടുക്കണം. ഒരു ദിവസം പ്രായമായ ഒരു താറാവിന്‍ കുഞ്ഞിന് ആദ്യത്തെ ആഴ്ച പത്തുമുതല്‍ പന്ത്രണ്ട് ഗ്രാം വരെ തീറ്റ വേണ്ടിവരും. നനച്ച തീറ്റ അടുത്ത ദിവസത്തേക്ക് ബാക്കി വച്ചാല്‍ പൂപ്പല്‍ വിഷബാധയ്ക്കുള്ള സാധ്യതയേറും.

പതിനാറാഴ്ചവരെ പ്രായമുള്ള താറാവുകള്‍ക്ക് കൂടുകളില്‍ രണ്ടരമുതല്‍ മൂന്ന് ചതുരശ്ര അടിവരെ സഥലം ആവശ്യമാണ്. വെള്ളപാത്രങ്ങള്‍ അഞ്ചിഞ്ചുമുതല്‍ ആറിഞ്ചുവരെ താഴ്ചയുള്ളതുമായിരിക്കണം. കുഞ്ഞുങ്ങളുടെ തലമുഴുവന്‍ മുങ്ങത്തക്കവണ്ണം വെള്ളം നിറയ്‌ക്കേണ്ടതുമാണ്. പകല്‍സമയങ്ങളില്‍ പാടങ്ങളില്‍ വിടുന്നില്ലെങ്കില്‍ കൂടിനുവെളിയില്‍ ഒരു കുഞ്ഞിന് പത്തുമുതല്‍ പതിനഞ്ച് ചതുരശ്ര അടിമുതല്‍ സ്ഥലം നല്കണം. ഒരു ഹെക്ടര്‍ സഥലത്ത് 2000 കുഞ്ഞുങ്ങളില്‍ കൂടുതല്‍ വളര്‍ത്താനും പാടില്ല. മൂന്നു മാസം വരെ താറാവിന്‍കുഞ്ഞുങ്ങളെ ഒന്നിച്ചു വളര്‍ത്തിയതിനുശേഷം പിടയേയും പൂവനേയും വേര്‍തിരിച്ച് വില്പനയ്ക്ക് സജ്ജമാക്കാം.

Story by
Next Story
Read More >>