'ഇത് ജനങ്ങളുടെ തലസ്ഥാനമല്ല'

അമരാവതിയിൽ ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം നിർമ്മിക്കാനൊരുങ്ങുമ്പോൾ തങ്ങളുടെ പ്രിയപ്പെട്ട കൃഷിയിടം നഷ്ടപ്പെടുമോ എന്ന ആധിയിലാണ് ഈ പാവം കർഷകർ. 2014 സെപ്തംബറിലാണ് തലസ്ഥാന നിർമ്മാണത്തിനായി കൃഷ്ണ നദിക്കരയിലുള്ള 29 ഗ്രാമങ്ങൾ ഏറ്റെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നത്. ശിവയുടെ ഗ്രാമം അതിലൊന്നാണ്.

ഇത് ജനങ്ങളുടെ തലസ്ഥാനമല്ല

ഗുണ്ടൂർ ജില്ലയിലെ പെനുമക ഗ്രാമത്തിലെ 62കാരനായ ശിവ റെഡ്ഡിയിൽ നിന്നും ഞാൻ സംസാരിച്ചു തുടങ്ങുകയാണ്. അദ്ദേഹം പറയുന്നു, 'എനിക്ക് അഞ്ചേക്കർ ഭൂമിയുണ്ട്, മൂന്ന് ഏക്കറിൽ ഞാൻ വാഴ കൃഷി ചെയ്യുന്നു, രണ്ട് ഏക്കറിൽ കോവലും ഒരേക്കറിൽ ഉള്ളിയും കൃഷി ചെയ്യുന്നു.'


'അപ്പോൾ നിങ്ങൾക്ക് 6 ഏക്കർ ഭൂമിയുണ്ടല്ലേ?' ഞാൻ ചോദിച്ചു.

ശിവ ചിരിച്ചു. ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടിരുന്ന, 60 കാരനായ സാംബി റെഡ്ഡി സംഭാഷണത്തിൽ കൂടി. 'അയാൾക്ക് 10 ഏക്കറോളം ഭൂമിയുണ്ട്. പക്ഷേ ഞങ്ങൾ സ്വന്തം ഭൂമിയെ കുറിച്ച് ആരോടും സത്യം പറയുകയില്ല. കാരണം ആര് ആരാണെന്ന് ഞങ്ങൾക്കറിയില്ല. നിങ്ങൾക്ക് ഈ വിവരം തന്നത് ആരാണെന്നോ അതുകൊണ്ട് അയാൾക്ക് എന്താണ് നേട്ടമെന്നോ ഞങ്ങൾക്കറിയില്ലല്ലോ.' ഇത് മാദ്ധ്യമപ്രവർത്തകരോടോ ഉദ്യോഗസ്ഥരോടോ കർഷകർ സ്ഥിരമായെടുക്കുന്ന സമീപനമല്ല. 'തലസ്ഥാന നഗരം പ്രഖ്യാപിച്ചതു മുതൽ ഞങ്ങൾ പേടിയിലും അരക്ഷിതാവസ്ഥയിലുമാണ്. മുമ്പും പലതവണ ഞങ്ങളുടെ കൂട്ടത്തിൽപ്പെട്ടവർ തന്നെ സർക്കാരുമായും റിയൽ എസ്റ്റേറ്റുകാരുമായും ചേർന്നു ഞങ്ങളെ പിന്നിൽ നിന്ന് കുത്തി,' സാംബി റെഡ്ഡി പറയുന്നു.

അമരാവതിയിൽ ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം നിർമ്മിക്കാനൊരുങ്ങുമ്പോൾ തങ്ങളുടെ പ്രയിപ്പെട്ട കൃഷിയിടം നഷ്ടപ്പെടുമോ എന്ന ആധിയിലാണ് ഈ പാവം കർഷകർ. 2014 സെപ്തംബറിലാണ് തലസ്ഥാന നിർമ്മാണത്തിനായി കൃഷ്ണ നദിയക്കരയിലുള്ള 29 ഗ്രാമങ്ങൾ ഏറ്റെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നത്. ശിവയുടെ ഗ്രാമം അതിലൊന്നാണ്.

2014ൽ ആന്ധ്രാപ്രദേശ് വിഭജനം നടന്നതു മുതൽ 10 വർഷത്തേക്ക് തെലങ്കാനയുടെയും ആന്ധ്രയുടെയും പൊതുതലസ്ഥാനമായി ഹൈദരാബാദ് തുടരുമെന്നായിരുന്നു വ്യവസ്ഥ. പുതിയ തലസ്ഥാനം നിർമ്മിക്കുന്നതിന്റെ ഒന്നാംഘട്ടം 2024ഓടെ പൂർത്തിയാക്കുമെന്നാണ് ആന്ധ്രാപ്രദേശ് കാപിറ്റൽ റീജ്യൻ ഡവലപ്‌മെന്റ് അതോറിറ്റി (എ.പി.സി.ആർ.ഡി.എ) അറിയിച്ചിട്ടുള്ളത്. 2030ൽ രണ്ടാംഘട്ടവും 2050ൽ മൂന്നാംഘട്ടവും പൂർത്തിയാക്കാനാണ് ധാരണ.


2018 ജനുവരിയിൽ വിജയവാഡയിൽ അമരാവതി മാരത്തോണിന് പരിസമാപ്തി കുറിച്ചപ്പോൾ അമരാവതിയെ ലോകോത്തര നഗരമാക്കി മാറ്റും എന്നായിരുന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞത്. ജനങ്ങളുടെ തലസ്ഥാനമായ അമരാവതി ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു നഗരങ്ങളിൽ ഒന്നാക്കി മാറ്റും.

സിംഗപ്പൂരിലെ നിർമ്മാണ കമ്പനി മുന്നോട്ടുവെച്ച അമരാവതി സുസ്ഥിര തലസ്ഥാന നഗര വികസന പദ്ധതി അനുസരിച്ച്, ഏകദേശം ഒരു ലക്ഷം ഏക്കർ ഭൂമിയാണ് നഗരനിർമ്മാണത്തിന് ആവശ്യമായി വരിക. മൂന്നു ഘട്ടങ്ങളിലായി പൂർത്തീകരിക്കുന്ന പദ്ധതിയിൽ രാജ്ഭവൻ, നിയമസഭാ, ഹൈക്കോടതി, സെക്രട്ടറിയേറ്റ്, റോഡുകളും വീടുകളുമടങ്ങുന്ന പശ്ചാത്തല സൗകര്യം, വ്യവസായശാലകൾ, ഐടി സംരംഭങ്ങൾ തുടങ്ങിയവയാണ് ഉള്ളത്. സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ കുറച്ച് ഭൂമി ഉടമസ്ഥർക്ക് തിരികെ നൽകാനുമാണ് തീരുമാനിച്ചിട്ടുള്ളത്.

ഭരണകാര്യ കെട്ടിടങ്ങൾ നിർമ്മിക്കാൻ 200 മുതൽ 250 ഏക്കർ ഭൂമിയുടെ ആവശ്യമേ ഉള്ളൂ എന്നാണ് 2014ലെ ശിവരാമകൃഷ്ണൻ കമ്മിറ്റിയുടെ പഠനത്തിൽ പറയുന്നത്. ഒരു മഹാ തലസ്ഥാന നഗരം എന്നതു മാറ്റി വികേന്ദ്രീകൃത വികസന സമ്പ്രദായം ആയിരിക്കും ഉചിതമെന്നും പഠനത്തിൽ പറയുന്നുണ്ട്.

നിലവിലുള്ള കൃഷിയിടത്തേയും തദ്ദേശീയ പരിസ്ഥിതിയേയും സംരക്ഷിച്ചുകൊണ്ടും, പരമാവധി തദ്ദേശീയരെ കുടിയിറക്കാതെയും എങ്ങനെ നഗര തലസ്ഥാനം നിർമ്മിക്കാം എന്ന് പഠനം നടത്തുന്നതിനായി 2014 മാർച്ചിൽ കേന്ദ്ര സർക്കാൻ നിയമിച്ചതാണ് പ്രസ്തുത കമ്മിറ്റി. എന്നാൽ സംസ്ഥാന സർക്കാർ കമ്മിറ്റിയുടെ പഠന റിപ്പോർട്ട് തള്ളിക്കളഞ്ഞു.

എ.പി.സി.ആർ.ഡി.എ പദ്ധതിയിൽ 2050 ഓടെ പുതുനഗരിയിൽ 56.5 ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്നാണ് പറയുന്നത്. എന്നാത് അത് എങ്ങനെയെന്നതിന് മറുപടിയില്ല. പദ്ധതിക്കായി 50,000 കോടി രൂപ ചെലവാക്കേണ്ടി വരുമെന്നാണ് എ.പി.സി.ആർ.ഡി.എ കമ്മിഷണർ ശ്രീധർ ചെറുകുറി പറയുന്നത്. ആന്ധ്രാപ്രദേശ് സർക്കാരിനെ കൂടാതെ നിർമ്മാണ ടെൻഡറുകളിലുള്ള വ്യക്തികളും സ്ഥാപനങ്ങളും ലോകബാങ്കും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കും പദ്ധതിക്കായി പണം മുടക്കും.

സ്ഥലം ഏറ്റെടുപ്പിനായി 2015 ജനുവരിയിൽ ലാന്റ് പൂളിംഗ് സ്‌കീം (എൽ.പി.എസ്) തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ, വ്യവസ്ഥകൾ പാലിക്കാതെയാണ് സ്ഥലം ഏറ്റെടുക്കുന്നതെന്നാണ് ആരോപണം. 2013ലെ റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് അടക്കം സാമൂഹിക-പാരിസ്ഥിതിക ആഘാതങ്ങളേയും ഇത് ലംഘിക്കുന്നുണ്ടെന്നും മെച്ചപ്പെട്ട പുനരധിവാസ പാക്കേജ് ലഭ്യമാകുന്നില്ലെന്നും പറയുന്നു.

എൽ.പി.എസ് ഭൂവുടമകളെ മാത്രമാണ് പരിഗണിക്കുന്നത്. കാർഷിക തൊഴിലാളികളുൾപ്പെടെയുള്ള സാധാരണക്കാരെ പരിഗണിക്കുന്നില്ല. പുതിയ തലസ്ഥാന നഗരിയിൽ വീടും വ്യവസായവും തുടങ്ങാമെന്ന വ്യവസ്ഥയിൽ ഭൂവുടമകൾ കൂട്ടമായി തങ്ങളുടെ നിലം സംസ്ഥാനത്തിനു നൽകുകയാണ്. അവശേഷിക്കുന്ന ഭൂമിയിൽ റോഡുകൾ, ഭരണസ്ഥാപനങ്ങൾ, വ്യവസായശാലകൾ തുടങ്ങിയവ നിർമ്മിക്കാനാണ് എ.പി.സി.ആർ.ഡി.എ പദ്ധതിയിലുള്ളത്. ഭൂവുടമകൾക്ക് പുതിയ ഭൂമി നൽകുന്നതു വരെ പ്ലോട്ടിനനുസരിച്ച് പ്രതിവർഷം ഏക്കറിന് 30,000 മുതൽ 50,000 രൂപ വരെ 10 വർഷം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.


'സ്വമേധയാ ഭൂമി വിട്ടു നൽകാൻ തയ്യാറല്ലെങ്കിൽ ബലമായി പിടിച്ചു വാങ്ങാനാണ് റവന്യൂ അതോറിറ്റിയോട് സർക്കാർ പറഞ്ഞിരിക്കുന്നത് എന്നും, എൽ.പി.എസ് വഴി നിങ്ങൾക്കു ലഭിക്കുന്ന നഷ്ടപരിഹാരത്തുക വളരെ കൂടുതലാണെന്നും ഭൂമി ഏറ്റെടുക്കൽ നിയമം വഴി വളരേ നിസ്സാരമായ തുകയേ ലഭിക്കുകയുള്ളൂ എന്നുമാണ് അവർ പറയുന്നത്,' സാംബി റെഡ്ഡി പറയുന്നു.

തങ്ങളുടെ കൃഷിക്കും ഉപജീവനത്തിനും പരിസ്ഥിതിക്കും നിലനിൽപ്പിനും നാടിനുമൊക്കെ ആപത്തായി ഭവിക്കുന്ന ഈ പദ്ധതിയിൽ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ട് 1000ലധികം കർഷകരാണ് 2017 മാർച്ചിൽ ലോകബാങ്കിന് കത്തെഴുതിയിട്ടുള്ളത്. തങ്ങളുടെ പേര് വെളിപ്പെടുത്തരുതെന്നും കത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു.

'29 ഗ്രാമങ്ങളിലും നൂറുകണക്കിനു പൊലീസുകാർ ചേർന്ന് മാസങ്ങളോളം തമ്പടിക്കുകയാണ്. എൽ.പി.എസിനോട് സഹകരിക്കാത്തതിൽ പൊലീസ് ഞങ്ങളുടെ മേൽ കള്ളക്കേസുകൾ ചുമത്തുകയാണ്, പെനുമകയിലെ പേര് വെളിപ്പെടുത്താത്ത മറ്റൊരു കർഷകൻ പറയുന്നു. ഇവിടുത്തെ പഞ്ചായത്ത് ഓഫീസ് ഫലത്തിൽ, ഡെപ്യൂട്ടി കലക്ടറുടെ ഓഫീസ് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എ.പി.സി.ആർ.ഡി.എയുടെ ഓഫീസായി മാറിയിരിക്കുകയാണ്,' പേര് വെളിപ്പെടുത്താത്ത മറ്റൊരു കർഷകൻ പറയുന്നു.

2015 മുതൽ കർഷകർ 'ഉത്സാഹത്തോടെയും സന്തോഷത്തോടെയും' ഭൂമി വിട്ടു നൽകുന്നുണ്ട് എന്നാണ് ശ്രീകുമാർ ചെറുകുറി ലോകബാങ്കിനെ ധരിപ്പിക്കാൻ ശ്രമിക്കുന്നത്. എൽ.പി.എസ് വഴി 4060 കർഷകർ കൂടി ഇനി ഭൂമി വിട്ടു നൽകാനുണ്ട്, ഒക്ടോബർ 27 വരെയുള്ള കണക്കുകൾ കാണിച്ചുകൊണ്ട് എ.പി.സി.ആർ.ഡി.എ ലോകബാങ്കിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

29 ഗ്രാമങ്ങളിൽ പെനുമകയും ഉണ്ടവല്ലി ഗ്രാമവുമാണ് എൽ.പി.എസിനെ ശ്കതിയുക്തം എതിർക്കുന്നത്. അവർ തങ്ങളുടെ ഭൂമി വിട്ടുനൽകാൻ തയ്യാറല്ല. ചെന്നൈ-കൊൽക്കത്ത ഹൈവേ യാഥാർത്ഥ്യമാകാൻ ഈ പ്രദേശം കൂടിയേ മതിയാകൂ. ഇവിടുത്തെ ഭൂരിഭാഗം കർഷകരും റെഡ്ഡി വിഭാഗത്തിൽപ്പെട്ടവരും പ്രതിപക്ഷ പാർട്ടിയായ യുവജന ശ്രമിക റിതു കോൺഗ്രസ് പാർട്ടിയെ പിന്തുണക്കുന്നവരുമാണ്. മറ്റു 27 ഗ്രാമങ്ങളിലെ ഭൂവുടമകളിൽ മിക്കവരും കമ്മ വിഭാഗക്കാരാണ്. ഇവർ ഭരണകക്ഷിയായ തെലുഗു ദേശം പാർട്ടിയെ പിന്തുണക്കുന്നവരാണ്. അവർക്ക് അമരാവതി പദ്ധതി സ്വീകാര്യവുമാണ്. 'എത്ര കാലമെന്നു വെച്ചാണ് ഗ്രാമങ്ങളിൽ താമസിക്കുക? വിജയവാഡയിലേയും ഗുണ്ടൂരിലേയും ജനങ്ങളെ പോലെ ഞങ്ങൾക്കും വികസനം വേണം,' പദ്ധതിക്കു വേണ്ടി എൽ.പി.എസിനു സ്ഥലം വിട്ടു നൽകിയ ഉദ്ദണ്ടരായുനിപാലം സ്വദേശി ഗിഞ്ചുപള്ളി ശങ്കര റാവു പറയുന്നു. നഷ്ടം മാത്രം സഹിച്ചു ഞാനെന്തിനാണ് വീണ്ടും കൃഷിക്കായി ജീവിതം സമർപ്പിക്കുന്നത് എന്നാണ് നീരുകൊണ്ട ഗ്രാമവാസിയായ മുവ്വ ഛളപതി ചോദിക്കുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത കർഷകരടക്കം ഈ 27 ഗ്രാമങ്ങളിൽ എൽ.പി.എസിനെ എതിർക്കുന്നവരും ഉണ്ട്.

വെങ്കട്ടപാലം ഗ്രാമത്തിൽ ഒരേക്കറിൽ താഴെ മാത്രം ഭൂമിയുള്ള കർഷകയാണ് കമ്മ വിഭാഗത്തിൽ പെടുന്ന ബോയപതി സുധരണി. 2015 ഫെബ്രുവരിയിൽ അവരൊരു വീഡിയോ കണ്ടു. അതിൽ പറയുന്നത് ഇപ്രകാരമാണ്, 'വോട്ടു ചെയ്യാനുള്ള പ്രായമായ അന്നു മുതൽ എന്റെ വോട്ടു മുഴുവനും ഞാൻ നൽകിയത് തെലുഗുദേശം പാർട്ടിക്കായിരുന്നു. എന്നാൽ സ്വന്തം കുഴിമാടം കുഴിക്കുകയായിരുന്നു ഞാൻ. ചന്ദ്രബാബുവിനോട് ഒരപേക്ഷ മാത്രമേ എനിക്കുള്ളൂ, 10 വർഷം കഴിഞ്ഞ് നിങ്ങൾ ഭൂമി തരുമ്പോഴേക്കും ഞങ്ങൾ ജീവിച്ചിരിപ്പുണ്ടാകുമോ?' ഒരു കൂട്ടം പോലീസുകാരും ഓഫീസറും കടന്നു വന്ന് എൽ.പി.എസിനു ഭൂമി വിട്ടു നൽകാൻ അവരേയും ഭർത്താവിന്റെ പിതാവിനെയും നിർബന്ധിക്കുകയുണ്ടായി.

'10 മുതൽ 15 അടി താഴ്ചയിലെത്തുമ്പോഴേക്കും ഇവിടെ വെള്ളം കിട്ടും. കൃഷ്ണ-ഗോദാവരി ഡെൽറ്റയിലെ ഫലഭൂയിഷ്ടമായ മണ്ണാണിത്. ഇവിടെ ഒരൊറ്റ കർഷകനും ഒരു ദിവസം പോലും വെറുതേയിരിക്കേണ്ടി വന്നിട്ടില്ല. വർഷത്തിലെ 365 ദിവസങ്ങളിലും ഈ മണ്ണിൽ ഏതെങ്കിലും ഒരു കൃഷി ഉണ്ടായിരിക്കും,' പെനുമകയിൽ സ്വന്തമായുള്ള ഒരേക്കർ ഭൂമി കൂടാതെ നാല് ഏക്കർ കൂടി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കൃഷ്ണ റെഡ്ഡി അഭിപ്രായപ്പെട്ടു. 'സാധാരണ ഒരു വർഷം ഒരേക്കറിൽ നിന്ന് രണ്ടു ലക്ഷം രൂപ വരെ ലാഭം ലഭിക്കാറുണ്ട്. ചില വർഷങ്ങളിൽ മാർക്കറ്റു വിലയിൽ ലാഭമില്ലെങ്കിൽ പോലും നഷ്ടം ഉണ്ടാകാറില്ല,' അദ്ദേഹം പറയുന്നു.

'എല്ലാ വർഷവും 29 ഗ്രാമങ്ങളിലെ വിവിധയിടങ്ങളിൽ നിന്ന് കർഷകത്തൊഴിലാളികൾ തൊഴിലന്വേഷിച്ച് പെനുമകയിയും ഉണ്ടവല്ലിയിലും എത്താറുണ്ട്. പുരുഷന്മാർക്കു പ്രതിദിനം 500-600 രൂപ, സ്ത്രീക്ക് 300-400 രൂപ എന്ന തോതിൽ വർഷത്തിലെ ഭൂരിഭാഗം ദിവസങ്ങളിലും കൃഷിപ്പണിയും ഉണ്ടാകാറുണ്ട്. ഇന്ന് 29 ഗ്രാമത്തിലേയും തൊഴിലാളികൾക്ക് നൽകാൻ മാത്രം കൃഷി ഇവിടെയില്ല, അതിനാൽ അവർ ദൂരയിടങ്ങളിൽ തൊഴിലന്വേഷിച്ചു പോവുകയാണ്,' കൃഷ്ണ പറയുന്നു.


'നിങ്ങൾ എന്തെല്ലാമാണ് ഇവിടെ കൃഷി ചെയ്യുന്നത്?' ഞാൻ ചോദിച്ചു.

'നിങ്ങൾ ഒരു വിളയുടെ പേര് പറയൂ, അടുത്ത വർഷം ആ വിളയുടെ കൊയ്ത്തുത്സവം ഞാൻ നിങ്ങൾക്കു സമ്മാനിക്കാം. 120ൽ പരം വ്യത്യസ്ത വിളകൾ ഇവിടെ കൃഷി ചെയ്യാനാകും,' നിലവിൽ വാഴയും റോബസ്റ്റും ചോളവും കൃഷി ചെയ്യുന്ന കൃഷ്ണ വാചാലനായി.

തലസ്ഥാന നഗരത്തിനായി തങ്ങളുടെ പ്രിയപ്പെട്ട കൃഷിയിടങ്ങൾ വിട്ടു നൽകിയാൽ എന്തു ജോലിയാണ് ബദലായി ലഭിക്കുക എന്ന് ശിവയ്ക്കറിയില്ല. 'അവർ പറയുന്ന 50 ലക്ഷം തൊഴിലവസരങ്ങൾ എവിടെനിന്നാണുണ്ടാവുക? ഉപജീവന മാർഗ്ഗം പോലും ഇല്ലാതാവുന്ന സന്ദർഭത്തിൽ ഇതു ശുദ്ധ അസംബന്ധമാണ്. ഈ വികസന സങ്കൽപ്പത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റു മാഫിയകളുമുണ്ട്. കുത്തക മുതലാളിമാർക്കും പണക്കാർക്കും വേണ്ടിയാണ് ഈ തലസ്ഥാനം നിർമ്മിക്കുന്നത്. സ്യൂട്ടണിഞ്ഞവർക്കു വേണ്ടി. ഞങ്ങളെപ്പോലുള്ള പാവങ്ങൾ ഇവിടെ നിസ്സഹായരാവുകയാണ്. ഇത് ജനങ്ങളുടെ തലസ്ഥാനമല്ല.'

'This is not a people's capital' @ ruralindiaonline.org

രാഹുല്‍ മഗന്ദി

പരിഭാഷ : പസ്കി

Read More >>