കലകൊണ്ട് കൈത്താങ്ങൊരുക്കി ബാദുഷ

കേരളം വലിയൊരു വിപത്തിനെ ഒറ്റക്കെട്ടായി നേരിടുമ്പോൾ നമുക്കെങ്ങനെയാണ് ഒന്നും ചെയ്യാതിരിക്കാനാവുക, അതിനാലാണ് അറിയാവുന്ന കലയെ കേരളത്തിനൊരു കൈത്താങ്ങാവാൻ പ്രയോജനപ്പെടുത്തിയത്.

കലകൊണ്ട് കൈത്താങ്ങൊരുക്കി ബാദുഷ

കൊച്ചി: അതിജീവന കേരളത്തിന് 'കലകൊണ്ട് ' കൈത്താങ്ങാവുകയാണ് കാർട്ടൂൺമാൻ എന്നറിയപ്പെടുന്ന ആലുവ സ്വദേശി ഇബ്രാഹിംബാദുഷ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ കുപ്രചാരണം നടക്കുന്നതിനിടയിൽ വ്യത്യസ്തമായ പ്രചാരണവുമായാണ് ബാദുഷ എത്തിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപയിൽ കുറയാതെ സംഭാവന ചെയ്യൂ, റസീപ്റ്റ് കോപ്പിയും ഫോട്ടോയും ഇൻബോക്‌സ് ചെയ്യൂ, കേരളത്തെ കൈയിലേന്തി നിൽക്കുന്ന നിങ്ങളുടെ കാരിക്കേച്ചർ വരച്ചുതരാമെന്നാണ് ബാദുഷ ഫേസ്ബുക്കിൽ കുറിച്ചത്.പോസ്റ്റ് മിനുട്ടുകള്‍ക്കകം ആളുകൾ ഏറ്റെടുക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചെറിയ കുട്ടികൾ മുതൽ വ്യവസായികൾ വരെ തങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേയ്ക്ക് പണം നൽകിയതിന്റെ റസീപ്റ്റുകൾ ബാദുഷയ്ക്ക് അയച്ചുകെടുത്തു. ഇതേ തുടർന്ന് 150ൽപരം ആളുകളുടെ ചിത്രങ്ങളാണ് ബാദുഷ ഡിജിറ്റലായി വരച്ചുനൽകിയത്. അതിനുശേഷം കേരളത്തിനായി ചാക്കുനിറയെ സ്നേഹം വാരിക്കോരി നൽകിയ വഴിയോര കച്ചവടക്കാരൻ നൗഷാദ് ഇക്കയുടെ പടം വരച്ചാണ് ബാദുഷ തന്റെ ഫേസ്ബുക്ക് ക്യാമ്പയിൻ അവസാനിപ്പിച്ചത്.

ഫേസ്ബുക്ക് ക്യാമ്പയിൻ അവസാനിപ്പിച്ചെങ്കിലും വെറുതെയിരിക്കാൻ ഈ കലാകാരൻ തയ്യാറായിരുന്നില്ല. പ്രളയം ബാധിച്ചവരുടെ അതിജീവനത്തിനായി തന്റെ കാരിക്കേച്ചർ വരയ്ക്കാനുള്ള കഴിവിനെ ബാദുഷ ഉപയോഗിച്ചു കൊണ്ടേയിരുന്നു. കാർട്ടൂൺ ക്ലബ്ബുമായി സഹകരിച്ച് നിരവധി സ്ഥലങ്ങളിൽ ലൈവ് കാരിക്കേച്ചർ പ്രോഗ്രാം സംഘടിപ്പിച്ചു. ഇതിലൂടെ ലഭിച്ച തുകയും ദുരിതാശ്വനിധിയിലേയ്ക്ക് നൽകി. കൂടാതെ പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് സാന്ത്വനമായി ഫെഡറൽ ബാങ്ക് സന്നദ്ധ സംഘടനായ പെറ്റൽസ് ഗ്ലോബുമായി ചേർന്ന് 'റിഫ്രഷിങ് യങ് മൈൻഡ്‌സ്' എന്നപേരിൽ ഒരു പരിപാടി സംഘടിപ്പിച്ച് പ്രളയം വിതച്ച ദുരിതത്തിൽ മാനസികമായി തളർന്നുപോയ കുട്ടികൾക്ക് വരയിലൂടെയും മറ്റ് കലാപരിപാടികളിലൂടെയും സ്‌നേഹ സാന്ത്വനം നൽകി വരികയും ചെയ്യുന്നുണ്ട്.

കേരളം വലിയൊരു വിപത്തിനെ ഒറ്റക്കെട്ടായി നേരിടുമ്പോൾ നമുക്കെങ്ങനെയാണ് ഒന്നും ചെയ്യാതിരിക്കാനാവുക, അതിനാലാണ് അറിയാവുന്ന കലയെ കേരളത്തിനൊരു കൈത്താങ്ങാവാൻ പ്രയോജനപ്പെടുത്തിയത്.ബാദുഷ 'തത്സമയ'ത്തോട് പറഞ്ഞു. ഇവ കൂടാതെ നിലമ്പൂർ ക്യാംപിലെ കുട്ടികൾക്ക് ആശ്വാസമായും ലൈവ് ഷോകൾ നടത്തി വന്നിരുന്നു. കാർട്ടൂൺ ക്ലബിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തൽസമയ കാരിക്കേച്ചറുകളിലൂടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുകകൾ കണ്ടെത്താനുമുള്ള പ്രവർത്തനങ്ങളും ഞങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിനു വേണ്ടി വരയ്ക്കുമ്പോൾ അതിജീവനം മാത്രമാണ് മുന്നിലുള്ളത്. ഒന്നിച്ച് തന്നെ നമ്മൾ അതിജീവിക്കും ബാദുഷ പറഞ്ഞു നിർത്തി.

കഴിഞ്ഞ പ്രളയകാലത്തും ബാദുഷയും സംഘവും കേരളത്തിനായി തങ്ങളാൽ കഴിയുന്ന പ്രവർത്തികൾ ചെയ്തിരുന്നു. കുട്ടികൾക്കായി രസകരമായ ചിത്രങ്ങളും മറ്റും ഉൾക്കൊള്ളിച്ചുകൊണ്ട് റിഫ്രഷിംഗ് യംഗ് മൈൻഡ്‌സ് എന്ന പേരിൽ ഒരു പുസ്തകം ഇറക്കിരിരുന്നു. കൂടാതെ ആലുവ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കാരിക്കേച്ചർ ഷോ നടത്തി അതിലൂടെ ലഭിച്ച തുകയും ദുരിതാശ്വാസ പ്രവർത്തികൾക്കായി നൽകിയിരുന്നു. കേരള കാർട്ടൂൺ അക്കാദമിയുടെ മുൻ വൈസ് ചെയർമാൻ കൂടിയാണ് ബാദുഷ.

Read More >>