അച്ഛന്റെ ചിത്രകഥാ കവിതകള്‍ മകള്‍ അവതരിപ്പിക്കുമ്പോള്‍

സെപ്തംബര്‍ 12 നാണു ഗിരീഷ് കുമാര്‍ അന്തരിച്ചത്. ഉദ്യോഗം, കുടുബം ,കൂട്ടുകാര്‍... എല്ലാമുണ്ടായിട്ടും ഗിരീഷ് കുമാര്‍ എന്ന മനുഷ്യന്‍ ആകുലനും അസ്വസ്ഥനുമായിരുന്നു. ലോകത്തിന്റെ സങ്കടമായിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെയും സങ്കടം. അതിനിടയിലാണു അദ്ദേഹം ലോകത്തെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും പ്രത്യാശയും വരകളിലും വരികളിലും നിറച്ചത്. ഗിരീഷ് കുമാറിന്റെ ആദ്യ ചിത്രപ്രദര്‍ശനം കോട്ടയത്ത് നടക്കുമ്പോള്‍, അന്ന മിനിക്ക് പതിനൊന്ന് വയസ്സായിരുന്നു. അന്നത്തെ ആ മിടുക്കിയാണു , ഇപ്പോള്‍ അച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങളും രചനകളും ക്യുറേറ്റ് ചെയ്ത് അവതരിപ്പിക്കുന്നത്

അച്ഛന്റെ ചിത്രകഥാ കവിതകള്‍ മകള്‍ അവതരിപ്പിക്കുമ്പോള്‍അച്ഛന്റെ ചിത്രകവിതകള്‍ മകള്‍ ക്യുറേറ്റ് ചെയ്യുമ്പോള്‍

ഗിരീഷ് കുമാര്‍ എന്ന ചിത്രകാരനെ അറിയാത്തവരായിരിക്കും കൂടുതല്‍. കൂട്ടുകാര്‍ക്കിടയില്‍ മാത്രം അതിപ്രശസ്തനായ ഒരാളായിരുന്നു അദ്ദേഹം. സൌഹ്യദം തന്നെയായിരുന്നു അദ്ദേഹത്തിന്റെ മതവും. തനിക്ക് വേണ്ടി ജീവിച്ചതിലധികം അദ്ദേഹം കൂട്ടുകാര്‍ക്ക് വേണ്ടിയാണു ജീവിച്ചത്. കൂടുതല്‍ സുന്ദരമായ , തുല്ല്യനീതിയുള്ള ഒരു ലോകത്തിനു വേണ്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ചെറുതും വലുതുമായ ചെയ്തികള്‍. ഒരുമിച്ച് മുന്നോട്ട് എന്നര്‍ത്ഥമുള്ള togetherfuture@gmail.com ഐഡിയാണു അദ്ദേഹം തന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചത്. അതേ പേരില്‍ അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനങ്ങളുടെ ആകെത്തുക സമാഹരിച്ച് പ്രദര്‍ശിപ്പിക്കാനുള്ള ശ്രമത്തിലാണു കൂട്ടുകാരും വീട്ടുകാരും. ടുഗതര്‍ ഫ്യൂച്ചര്‍ - ഗിരീഷ് കുമാര്‍ ഓര്‍മ്മ എന്ന് പേരിട്ടിരിക്കുന്ന പരിപാടി നവംബര്‍ 8 മുതല്‍ 11 വരെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്ക്യതി ഭവനില്‍ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന ഗിരീഷ് കുമാറിന്റെ കൂട്ടുകാരുടെ സഹായത്തോടെ , അച്ഛന്റെ സ്വപ്നങ്ങളായിരുന്ന ചിത്രകഥകളും കവിതകളും ക്യുറേറ്റ് ചെയ്യുന്നത് മകള്‍ അന്ന മിനിയാണു.

ഗിരീഷ് കുമാര്‍ ചിത്രകവിതയാക്കിയ അനിത തമ്പിയുടെ കവിതയില്‍ നിന്ന് ചിത്രകവിത - ഗിരീഷ് കുമാര്‍

ഈ വീ‍ഡിയോ നോക്കുക. 17 വര്‍ഷം മുന്‍പ് 2001 ല്‍ കോട്ടയത്ത് ഗിരീഷ് കുമാറിന്റെ ആദ്യചിത്രപ്രദര്‍ശനം നടന്നപ്പോള്‍ പ്രശസ്ത ക്യാമറമാന്‍ വേണു, കവി അന്‍വര്‍ അലി തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിതമാണിത്. ഗിരീഷ് കുമാറിന്റെ നിലപാടുകള്‍ അറിയാന്‍ ഇതുപകരിക്കും.

D.C.Art Gallery.Photo. A.J. Joji With VenuD.C.Art Gallery.Photo. A.J. Joji
With Venu

12 മിനിറ്റും 56 സെക്കന്റുമാണു ഈ ചെറു ഡോക്യുമെന്ററി ഉള്ളത്. അതിന്റെ തുടക്കത്തില്‍ ഒരു മിനിറ്റ് 13 സെക്കന്റ് മുതല്‍ ഒരു മിനിറ്റ് 27 സെക്കന്റ് വരെയുള്ള ദ്യശ്യങ്ങളില്‍ ഒരു പെണ്‍കുട്ടിയുണ്ട്. ചിത്രകാരന്റെ നിര്‍ദ്ദേശപ്രകാരം കസേരകള്‍ ആര്‍ട്ട് ഗ്യാലറിയില്‍ നിന്നും മാറ്റാന്‍ സഹായിക്കുന്ന ഒരു പതിനൊന്നു വയസ്സുകാരി. അതെ. അതാണു ചിത്രകാരന്റെ മകള്‍ അന്ന മിനി. അന്നത്തെ ആ 11 വയസ്സുകാരിയാണു, ഇപ്പോള്‍ അച്ഛന്റെ ചിത്രകഥാ കവിതകള്‍ , അച്ഛന്റെ കൂട്ടുകാരുടെ സഹായത്തോടെ അവതരിപ്പിക്കുന്നത്.


അച്ഛന്റെ ആദ്യചിത്രപ്രദര്‍ശനത്തില്‍ കസേര മാറ്റാന്‍ സഹായിച്ച അന്ന എം ഇപ്പോള്‍ ബംഗളരുവില്‍ ഗവേഷകയാണു. എഴുത്തിലും സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലും സജീവം. അച്ഛനെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അതിനു അവസാനമുണ്ടാകില്ല. അത് കൊണ്ട് തന്നെയാണു ടുഗതര്‍ ഫ്യൂച്ചര്‍ എന്ന പരിപാടി സംഘടിപ്പിക്കുന്നതും. അന്ന പറഞ്ഞു. ഗിരീഷ് കുമാറിന്റെ കൂട്ടുകാരുടെ സമ്മേളനമായി അത് മാറുമെന്നാണു അന്നയുടെയും , അമ്മ മിനി സുകുമാറിന്റെയും പ്രതീക്ഷ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തേഞ്ഞിപ്പാലത്തെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ വിമണ്‍ സ്റ്റഡീസില്‍ ലക്ചററാണു മിനി സുകുമാര്‍. എഴുത്തിലും വര്‍ത്തമാന ഇടപെടലുകളിലും സജീവവുമാണു.

ഗിരീഷ് കുമാര്‍ വര്‍ച്ച ചിത്രങ്ങള്‍, ചിത്രങ്ങളിലൂടെയും വരികളിലൂടെയും അവതരിപ്പിച്ച കവിതകള്‍ എന്നിവയാണു പ്രദര്‍ശനത്തില്‍ ഉണ്ടാവുക. ഗിരീഷ് കുമാര്‍ എന്ന പ്രതിഭയെ തിരിച്ചറിഞ്ഞ ജീവിതത്തിലെ കൂട്ടുകാര്‍ എഴുതുന്ന ഓര്‍മ്മപ്പുസ്തകവും ഇതോടൊപ്പം പുറത്തിറങ്ങുന്നുണ്ട്.

പുസ്തകത്തില്‍ ഗിരീഷ് കുമാറിനെക്കുറിച്ച് കവിയും വിവര്‍ത്തകനുമായ രവിശങ്കര്‍ എന്‍ എഴുതിയ ലേഖനത്തിലെ ഒരു ഭാഗം ." ഞാന്‍ ഫേസ്ബുക്കിലൂടെ തന്നെ ഇംഗ്ലീ‍ഷില്‍ എഴുതുന്ന കവിതകള്‍ എല്ലാം ഗിരീഷ്‌ വായിക്കുമായിരുന്നു. എന്നെ സമാഹാരം ഇറക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഗിരീഷിന്റെ പബ്ലിഷിംഗ് ഫോബിയയുടെ രണ്ടാം ഘട്ടത്തില്‍, എന്റെ സമാഹാരം അവന്‍ ഇറക്കുമെന്നും പറഞ്ഞിരുന്നു. മുംബൈയിലെ ഒരു പബ്ലിഷര്‍ അത് പ്രസിദ്ധീകരിക്കാന്‍ മുന്നോട്ടു വന്നപ്പോള്‍ അവന്‍ എതിര്‍ത്തില്ല. Architecture of Flesh ന്റെ ഒരു കോപ്പി അവനായുള്ളതായിരുന്നു. പിന്നീട് അത് വായിച്ചു മുഖത്തടിച്ചപോലെ എനിക്കാ പുസ്തകം ഇഷ്ട്ടമായില്ല എന്ന് പറഞ്ഞതും അവന്‍ മാത്രം. അവന്റെ സ്വന്തം പബ്ലിഷിംഗ് ഫോബിയ അപ്പോഴേക്കും കെട്ടടങ്ങിയിരുന്നു.

അതൊരു ഭ്രാന്തു പിടിച്ച കാലമായിരുന്നു. വിവര്‍ത്തനങ്ങള്‍ വഴി എനിക്ക് കേരളത്തിലെ ഒട്ടു മിക്കവാറും കവികളെ ആ സമയം കൊണ്ട് അറിയാമെന്ന നില വന്നു. അവരിലോരോരുത്തരുടെയും പുസ്തകം ഗിരീഷ്‌ പബ്ലിഷ് ചെയ്യാമെന്ന് പ്രഖ്യാപനങ്ങള്‍ ദിവസേന നടത്തി. മിക്കവാറും കവികള്‍ എന്നോട് ചോദിക്കാനും തുടങ്ങി. ഗിരീഷ്‌ അപ്പോഴേക്കും ഏതാണ്ട് തൊണ്ണൂറോളം പുസ്തകങ്ങളുടെ പ്രസാധനപ്രഖ്യാപനം നടത്തിയെന്നാണു ഓര്‍മ്മ. കവികളുമായി നല്ല ബന്ധം അങ്ങനെ ഗിരീഷിനു ഉണ്ടായി. ഗിരീഷ്‌ കാണിച്ച തൃഷ്ണയും, ആര്‍ജ്ജവവും കൂസലില്ലായ്മയും, പ്രതിജ്ഞാബദ്ധതയും അവരെ ആകര്ഷി‌ച്ചു എന്നതാണ് സത്യം. അതിനാല്‍, ഇതൊന്നും നടന്നില്ല എന്നത് അവര്ക്ക് ഒരു പ്രശ്നമായിപ്പോലും തോന്നിയിട്ടുണ്ടാവില്ല. മാത്രമല്ല, ഒരു കവിതാശകലത്തോടൊപ്പം ഒരു ചിത്രവും വരച്ച് പോസ്റ്റ്‌ ചെയ്യുകയെന്ന സമ്പ്രദായവും അവന്‍ തുടങ്ങിവെച്ചു. കവികള്‍ക്കത് വളരെ പ്രിയപ്പെട്ട ഒരു രീതിയായി മാറി.

ആത്മാവാലും ശരീരത്താലും അടിമുടി ആകുലനായ ഒരാള്‍ ഗിരീഷ് കുമാറിലുണ്ടായിരുന്നു. അത്യാഹിതം വന്ന് കാല്‍ നഷ്ടപ്പോഴാണു അദ്ദേഹം ചിത്രരചനയിലേക്ക് സജീവമായി തിരിഞ്ഞത്. മകളുടെ പെന്‍സിലാണു അതിനുള്ള വഴിയുണ്ടാക്കിയതെന്ന് ഗിരീഷ് കുമാര്‍ , തന്നെക്കുറിച്ചുള്ള ഡോക്യമെന്ററിയില്‍ പറയുന്നുണ്ട്.


അതെ . ആ മകള്‍ തന്നെയാണു ഗീ‍രീഷ് കുമാര്‍ എന്ന അച്ഛന്റെ ചിത്ര കഥാ കവിതകള്‍ ക്യുറേറ്റ് ചെയ്യുന്നതും.


Read More >>