മരങ്ങളുടെ മുറിവില്‍ മരുന്നു പുരട്ടുന്ന രണ്ട് പേര്‍

ഇത് കരോലിനും, ഫിലിപ്പും. മരങ്ങളുടെ മുറിവുകളില്‍ ചായം പുരട്ടി ലോകസഞ്ചാരം നടത്തുന്ന രണ്ട് പേര്‍. വെട്ടേറ്റ മരങ്ങളുടെ മുറിവുകളിലാണു ഈ കലാകാര ദമ്പതികള്‍ ജൈവച്ചായത്തിന്റെ സമാധാനം പുരട്ടുക. വെട്ടേറ്റ മരങ്ങളുടെ മുറിവുകള്‍ ഇവരുടെ സ്പര്‍ശമേറ്റെന്നോണം പിന്നെ പുഞ്ചിരിച്ച് നില്‍ക്കുന്നത് കാണാം. 2016 കൊച്ചി ബിനാലെക്കാലത്ത് ഫോര്‍ട്ട് കൊച്ചി ബല്ലാര്‍ഡ് ബംഗ്ലാവില്‍ നടന്ന പോയട്രീ ഇന്‍സ്റ്റലേഷനില്‍ , ജര്‍മ്മനിയില്‍ നിന്നുള്ള ഈ മരക്കൂട്ടുകാര്‍ പങ്കെടുത്തിരുന്നു.

മരങ്ങളുടെ മുറിവില്‍ മരുന്നു പുരട്ടുന്ന രണ്ട് പേര്‍ZonenkinderArtCollective

ഹാം ബര്‍ഗ്, ജര്‍മ്മനി: വെട്ടേറ്റ മരങ്ങളുടെ മുറിവുകള്‍ കണ്ടാല്‍ കരോലിനക്ക് സഹിക്കില്ല. കരോലിനു സഹിച്ചില്ലെങ്കില്‍ ഫിലിപ്പിനും. പിന്നെ ആ മുറിവേറ്റ മരത്തെ സ്നേഹിച്ച്, പരിപാലിച്ച്, ഓമനിച്ച് കണ്ണെഴുതി, നല്ല സുന്ദരക്കുട്ടപ്പാനാക്കും വരെ ഇരുവര്‍ക്കും വിശ്രമമുണ്ടാകില്ല. ഒന്നും രണ്ടുമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, ഇവര്‍ ആശ്വസിപ്പിച്ച് സന്തോഷം നല്‍കിയ നിരവധി മരങ്ങള്‍ ഇപ്പോള്‍ നിവര്‍ന്ന് നില്‍പ്പുണ്ട്. 2016 ലെ ബിനാലെക്കാലത്ത് കേരളത്തിലെ മരങ്ങള്‍ക്കും കിട്ടി ഈ സഞ്ചരിക്കുന്ന മരപ്രേമികളുടെ കരസ്പര്‍ശം. ടെമ്പിള്‍ ഓഫ് പോയട്രി ബല്ലാര്‍ഡ് ബംഗ്ലാവില്‍ ഒരുക്കിയ പോയട്രീ ഇന്‍സ്റ്റലേഷനില്‍ ഇരുവരും സജീവ സാന്നിധ്യമായിരുന്നു.

ഗ്രാമങ്ങളിലേയും , കാട്ടുപ്രദേശങ്ങളിലേയും കലാപ്രവര്‍ത്തനങ്ങള്‍ എന്തായിരിക്കണം എന്ന തിരച്ചിലാണു മരമെന്ന മറുപടിയില്‍ ഇരുവരേയും എത്തിച്ചത്. പരിസ്ഥിതിയെ സ്നേഹിച്ച് കൊണ്ടുള്ള , സഞ്ചരിക്കുന്ന കലാപ്രവര്‍ത്തനങ്ങളാണു ഇരുവരും നടത്തുന്നത്. ഇതിനായി സൊനന്‍ കിന്റര്‍ എന്ന കലാസംഘടനയും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിനകം യു എസ്, ചൈന, ഫ്രാന്‍സ് , ഇന്ത്യ എന്നീ രാജ്യങ്ങളില്‍ ഇരുവരുടെയും ട്രീ പ്രൊജക്ട് നിശബ്ദമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏത് രാജ്യത്തെത്തിയാലും മരങ്ങള്‍ നിറയെ ഉള്ളിടത്തേക്കാണു ഈ ജര്‍മ്മന്‍ മിഥുനങ്ങള്‍ പോവുക. കുറച്ച് നേരം കരോലിനയെ കണ്ടില്ലെങ്കില്‍ , ഏതെങ്കിലും മരത്തില്‍ തിരഞ്ഞാല്‍ മതിയാവും. അതിന്റെ ആരും കാണാത്ത മുറിവുകളില്‍ ചായങ്ങളുടെ മരുന്നു പുരട്ടുകയാവും, മരങ്ങളോട് അമ്മയുടെ വാത്സല്യം കാണിക്കുന്ന കരോലിന്‍. സഹായിക്കാന്‍ നിഴല്‍ പോലെ തന്നെ ഫിലിപ്പും.


ഈ ചെറുകുറിപ്പ് തയ്യാറാക്കും മുന്‍പ് ഇരുവരുമായും ഇതെഴുതുന്നയാള്‍ സംസാരിച്ചിരുന്നു. ചൈനയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അപ്പോള്‍ കരോലീനയും ഫിലിപ്പും. ചുമര്‍ ചിത്രകലയിലും പ്രാവീണ്യമുള്ള ഈ ദമ്പതികള്‍ , ചൈനയുടെ ഗ്രാമീണ മതിലുകളിലേക്കാണു ഉള്ളിലുള്ള പച്ച മരങ്ങളെ പകര്‍ത്തുക.


Read More >>