വാരാണസിയിലെ രണ്ടാംവരവ്

വാരാണസിയിൽനിന്ന് തെരഞ്ഞെടുപ്പിന്റെ അവസാന പ്രചാരണ കുതിപ്പിന് തുടക്കമായി. എങ്കിലും രാജ്യത്താകെ ജനങ്ങളുടെ അടിത്തട്ടിൽ വ്യാപിച്ചുകിടക്കുകയാണ് മോദി ഗവണ്മെന്റിനെതിരായ പ്രതിഷേധം. ആ തരംഗത്തെ ബാഹ്യമോടികൾകൊണ്ട് മൂടാനോ തടയാനോ കഴിയാത്ത കഴിഞ്ഞകാല ചെയ്തികളുടെ നിഴലുകൾ മോദിയെ ഭീതിതമായി വേട്ടയാടുന്നുമുണ്ട്.

വാരാണസിയിലെ രണ്ടാംവരവ്

അപ്പുക്കുട്ടൻ വള്ളിക്കുന്ന്

നൂറ്റാണ്ടുകൾ പഴക്കമുള്ള കാശിയിലെ ക്ഷേത്രനഗരിയിൽ കാവിയണിഞ്ഞുള്ള റോഡ് ഷോ. ഗംഗാ മാതാവിന്റെ പൂജ. ഇതിന്റെയെല്ലാം കേന്ദ്രബിന്ദുവായി ഹിന്ദുത്വഭക്തിയും ജനപിന്തുണയും മോദി പ്രകടമാക്കി. നാമനിർദ്ദേശ പത്രിക സമർപ്പണ ചടങ്ങിലൂടെ എൻ.ഡി.എ തനിക്കുപിന്നിൽ ഒറ്റക്കെട്ടായി ഉറച്ചുനിൽക്കുന്നു എന്ന സന്ദേശവും നൽകി. പക്ഷെ, എൽ.കെ അദ്വാനി തൊട്ട് ബി.ജെ.പിയിലെ മുതിർ നേതാക്കളൊന്നും പത്രികാ സമർപ്പണത്തിന് എത്തിയില്ല. കഴിഞ്ഞതവണ ഒപ്പമുണ്ടായിരുന്ന യശ്വന്ത് സിഹ്ന മുതൽ പ്രമുഖ ഹിന്ദി താരമായ ശത്രുഘ്നൻ സിൻഹ വരെയുള്ളവർ ഇത്തവണ ബി.ജെ.പിയിൽ പോലുമില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിലേക്കു കടക്കുമ്പോൾ, ഏകാധിപതിയെ തെരഞ്ഞെടുക്കാനുള്ളതാണ് ജനാധിപത്യമെന്ന് ആരോ പറഞ്ഞത് ഓർത്തുപോകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദ്ദേശ പത്രിക കൊടുക്കുന്നതിന്റെ മുന്നോടിയായി വാരാണസി ക്ഷേത്രനഗരിയിൽ ലക്ഷങ്ങളെ അണിനിരത്തി നടത്തിയ റോഡ് ഷോ ജനാധിപത്യത്തിന്റെ പുഷ്‌ക്കലകാലമാണ് തെരഞ്ഞെടുപ്പെന്ന് തോന്നിപ്പിക്കുന്നതായി. അതേസമയം മൂന്നു കോടതികളിൽനിന്നു പുറത്തുവന്ന വിധികളും പരാമർശങ്ങളും നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ ആഴത്തിൽ മാന്തുന്ന ശക്തികളുടെ വെല്ലുവിളിക്കെതിരായ മുന്നറിയിപ്പും നൽകി.

പണവും അധികാരവുംകൊണ്ട് സുപ്രിം കോടതിയെ വിലക്കെടുക്കുന്നതിനെക്കുറിച്ച് ദിവസവും കേൾക്കുന്നു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായി ഗൂഢാലോചന നടന്നെന്ന വിഷയം കൈകാര്യം ചെയ്യവേ ജസ്റ്റിസ് അരുൺ മിശ്രയ്ക്ക്, തീക്കളി വേണ്ടാ എന്ന് പ്രതികരിക്കേണ്ടിവന്നു.

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ്പെന്റു ചെയ്ത തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി അതേദിവസം തന്നെയാണ് ബംഗളുരുവിലെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (സി.എ.ടി) സ്റ്റേ ചെയ്തത്. പ്രധാനമന്ത്രിയെ പോലെ എസ്.പി.ജി സംരക്ഷണമുള്ളവർക്ക് ചില ഇളവുകളുണ്ട്. എന്നുവെച്ച് എന്തുമാകാം എന്ന് പറയാനാവില്ല. അതിലേക്കു തൽക്കാലം കൂടുതൽ ചെല്ലുന്നില്ലെന്നു പറഞ്ഞ നിയമവാഴ്ച നിലനിൽക്കണമെന്ന് ഗൗരവമായി നിരീക്ഷിച്ചു.

ഐ.എ.എസ് ഉദ്യോഗസ്ഥരടക്കമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നീതി ഉറപ്പുനൽകാനുള്ള ജുഡീഷ്യൽ സംവിധാനമാണ് സി.എ.ടി. ഒഡീഷയിലെ സാമ്പൽപ്പൂരിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റർ പരിശോധിക്കാൻ ശ്രമിച്ചതിനാണ് തെരഞ്ഞെടുപ്പു നിരീക്ഷകനായ മുഹമ്മദ് മൊഹ്സിനെ ഏപ്രിൽ 17ന് കമ്മിഷൻ സസ്പെന്റു ചെയ്തത്. കർണാടക കേഡറിൽനിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം അതിനെതിരെ ബംഗളുരുവിൽ സി.എ.ടിയെ സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ വിമാനത്തിൽ നിന്ന് വലിയ പെട്ടികൾ സ്വകാര്യ കാറിൽ കയറ്റിയ വാർത്തയെ തുടർന്നാണ് മൊഹ്സിൻ സാമ്പൽപ്പൂരിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധിക്കാൻ ശ്രമിച്ചതെന്ന് മൊഹസീന്റെ അഭിഭാഷകൻ ട്രിബ്യൂണലിനെ ധരിപ്പിച്ചിരുന്നു. ഇക്കാര്യവും പരാമർശിച്ചാണ് എസ്.പി.ജി സംരക്ഷണമുള്ളവർക്ക് എന്തുമായിക്കൂടെന്ന് ട്രിബ്യൂണൽ ഓർമ്മപ്പെടുത്തിയതും സസ്പെൻഷൻ സ്റ്റേ ചെയ്തതും.

മൂന്നാമത്തേത് സുപ്രിം കോടതിയിൽ നിന്നു തന്നെയുള്ള വിധിയായിരുന്നു. ഗുജറാത്ത് കലാപത്തിനിടയിൽ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട ബിൽക്കിസ് ബാനു പതിനേഴു വർഷമായി നടത്തിപ്പോരുന്ന നിയമ പോരാട്ടത്തിലെ അന്തിമവിധി. ബാനുവിന് അരക്കോടിരൂപ നഷ്ടപരിഹാരവും ജോലിയും താമസസൗകര്യവും ഗുജറാത്ത് സർക്കാർ നൽകണം. ഇത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രിം കോടതി നൽകിയ പരോക്ഷമായ ശിക്ഷ.

നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ ശരിയും തെറ്റും കാണിക്കുന്ന മുഖക്കണ്ണാടിപോലെയാണ് നീതിപീഠങ്ങൾ, വിശേഷിച്ച് സുപ്രിംകോടതി. അത് തകർക്കും വിധമാണ് കഴിഞ്ഞ ദിവസം സുപ്രിം കോടതിയിൽ ഉണ്ടായ സംഭവങ്ങൾ. ഒരു മുൻജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഢന ആരോപണവും വേട്ടയാടലും ആരോപിച്ച് 22 ജഡ്ജിമാർക്ക് കത്തെഴുതി. അസാധാരണ സിറ്റിങ് നടത്തി ആരോപണം നിഷേധിച്ച ചീഫ് ജസ്റ്റിസ് ആരോപണത്തിനു പിന്നിൽ വലിയ ശക്തികളാണെന്ന് വെളിപ്പെടുത്തി. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ ദുർബ്ബലപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നും വഴങ്ങാൻ തയ്യാറല്ലെന്നും ജസ്റ്റിസ് ഗൊഗോയ് നിലപാടെടുത്തു. ലോക് സഭാ തെരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലവും നിർണ്ണായകമായ കേസുകൾ അടുത്ത ദിവസങ്ങളിൽ പരിഗണിക്കാനിരിക്കുന്നതും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഇതിനു പിറകെയാണ് ഒന്നരക്കോടി രൂപ വാഗ്ദാനംചെയ്ത് കോർപ്പറേറ്റ് സ്ഥാപനത്തിന്റെ പ്രതിനിധി ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്താൻ തന്നെ സമീപിച്ച കാര്യം സുപ്രിം കോടതി അഭിഭാഷകൻ ഉത്സവ് ബെയിൻസ് സുപ്രിം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കോടതി ഉത്തരവനുസരിച്ച് നേരിട്ട് തെളിവു നൽകിയതും. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിനുവേണ്ടി സുപ്രിം കോടതിവിധിയിൽ കൃത്രിമം നടത്തിയതിന് പിരിച്ചുവിട്ട ജീവനക്കാർ ഉൾപ്പെട്ട വലിയൊരു ഉപജാപക സംഘം ചീഫ് ജസ്റ്റിസിനെതിരായ നീക്കത്തിനു പിന്നിലുണ്ടെന്നാണ് ആരോപണം. ഇത് അന്വേഷിക്കാൻ മുൻ ജസ്റ്റിസ് എ.കെ പട്നായിക്കിനെ ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ചുമതലപ്പെടുത്തി. സി.ബി.ഐ, ഐ.ബി, ഡൽഹി പൊലീസ് എന്നീ അന്വേഷണ ഏജൻസികളെ യുക്തമായ നിലയിൽ ജസ്റ്റിസ് പട്നായിക്കിന് സഹായത്തിന് ഉപയോഗിക്കാം.

അതേസമയം സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഉയർന്ന ആരോപണത്തിൽ ആഭ്യന്തര അന്വേഷണ സമിതിയേയും നിയോഗിച്ചു. ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനും ജസ്റ്റിസ് ഇന്ദിരാ ബാനർജി, ഇന്ദു മൽഹോത്ര എന്നിവർ അംഗങ്ങളുമാണ്. ആരോപണത്തെതുടർന്ന് ചീഫ് ജസ്റ്റിസ് രാജിവെക്കാതിരുന്നതിലും അദ്ദേഹത്തിന്റെ നിയന്ത്രണത്തിനു കീഴിലുള്ള ജഡ്ജിമാർക്കുപകരം പുറത്തുനിന്നുള്ളവർ അന്വേഷിക്കണമെന്നും വിമർശമുയർന്നിട്ടുണ്ട്. ആരോപണം സത്യസന്ധമാണെങ്കിൽ വിമർശനം ന്യായമാണ്. എന്നാൽ ഒരു കോർപ്പറേറ്റ് ഭീമനും സുപ്രിം കോടതിയിലെ പുറത്താക്കപ്പെട്ട ജീവനക്കാരും ചേർന്ന് ചീഫ് ജസ്റ്റിസിനെ തകർക്കുന്ന ഗൂഢാലോചന നടത്തിയെന്ന ആരോപണം അതിലും ഗുരുതരമാണ്. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട റഫേൽ കേസ്, കേന്ദ്ര സർക്കാറിന്റെ മുന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണനിയമം തുടങ്ങി നിർണ്ണായക കേസുകൾ പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം. ഇത് നീതിന്യായ വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും മാരകമാണ്. അംബാനിയുമായി ബന്ധപ്പെട്ടതാണ് റഫാൽ ഇടപാടെന്നതും ശ്രദ്ധേയമാണ്.

രാജ്യത്ത് രണ്ടു സ്വതന്ത്ര ഓഫിസുകളാണുള്ളത്. പ്രധാനമന്ത്രിയുടെയും ചീഫ് ജസ്റ്റിസിന്റേയും ഓഫിസുകൾ. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ ദുർബലപ്പെടുത്താനാണ് വൻ ശക്തികളുടെ നീക്കം എന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കോടതിയിൽ പറഞ്ഞത്. ഗൂഢാലോചന സംബന്ധിച്ച് അഭിഭാഷകൻ ഉത്സവ് ബെയിൻ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ തനിക്കു മുന്നിലെ മുതിർന്ന സുപ്രിം കോടതി അഭിഭാഷകരോടുപോലും വെളിപ്പെടുത്താൻ പറ്റാത്ത കാര്യങ്ങളാണെന്ന് ജസ്റ്റിസ് അരുൺ മിശ്രയും പറയുന്നു. സുപ്രിം കോടതിയിലെ ദല്ലാളുമാരെക്കുറിച്ചുള്ള അന്വേഷണത്തിൽ കേന്ദ്ര സർക്കാറിനെ മാറ്റിനിർത്തണമെന്ന് അഡ്വക്കറ്റ് ഇന്ദിരാ ജയ്സിങ് ആവർത്തിച്ചാവശ്യപ്പെട്ടു. കാര്യങ്ങൾ അത്യന്തം അപകടകരമായ തലത്തിലാണെന്ന് വരികൾക്കിടയിൽ വായിച്ചെടുക്കാം. മോദി ഭരണത്തിൽ ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കപ്പെടുമ്പോഴാണ് തെരഞ്ഞെടുപ്പിനിടയിൽ സുപ്രിം കോടതി വിഷയവും വെളിപ്പെടുന്നത്.

വെള്ളിയാഴ്ച കാശിയിലെ കാല ഭൈരവ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയാണ് എൻ.ഡി.എ ദേശീയ നേതാക്കളുടെ അകമ്പടിയോടെ നരേന്ദ്രമോദി വാരാണസി കളക്ട്രേറ്റിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമാ സ്വരാജ്, നിതിൻ ഗഡ്കരി തുടങ്ങിയവരും ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാക്കളും എൻ.ഡി.എയുടെ ഉത്തര-പൂർവ്വ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നേതാക്കളും എത്തിയിരുന്നു. കഴിഞ്ഞ തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തന്റെ ആഭ്യന്തരമന്ത്രി അമിത് ഷായുമൊത്താണ് വാരാണസി കളക്ട്രേറ്റിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ നരേന്ദ്രമോദി കാത്തുനിന്നത്. എന്നാൽ ഇത്തവണ കളക്ട്രേറ്റിൽ വിശാലമായ ഒരു മുറിയിൽ എൻ.ഡി.എയുടെ ദേശീയ നേതാക്കൾ അമിത് ഷായ്ക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമൊപ്പം മോദിയെ കാത്തിരുന്നു. അക്കൂട്ടത്തിൽ അടുത്തദിവസം വരെ മോദിയേയും ബി.ജെ.പിയേയും വിമർശിച്ച ശിവസേനയുടെ ഉദ്ദവ് താക്കറെ മുതൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർവരെ ഉണ്ടായിരുന്നു. ഈയിടെ എൻ.ഡി.എ മുണിയിൽ അഭിപ്രായഭേദം പരസ്യമായി പ്രകടിപ്പിച്ച ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർസിംഗ് ബാദലിന്റെയും തനിക്കുവേണ്ടി ആദ്യ നാമനിർദ്ദേശപത്രിക ഒപ്പിട്ട വാരാണസി വനിതാ വിദ്യാലയത്തിന്റെ പ്രിൻസിപ്പലിന്റെയും കാലുതൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങി മോദി നാടകീയ രംഗം സൃഷ്ടിച്ചു. വാരാണസിയിലെ ഒരു ചായ് വാലയെക്കൊണ്ടും ചൗക്കീദാറെക്കൊണ്ടും നാമനിർദ്ദേശ പത്രികകൾ തയ്യാറാക്കി.

നൂറ്റാണ്ടുകൾ പഴക്കമുള്ള കാശിയിലെ ക്ഷേത്രനഗരിയിൽ വ്യാഴാഴ്ച കാവിയണിഞ്ഞുള്ള റോഡ് ഷോ. ഗംഗാ മാതാവിന്റെ പൂജ. ഇതിന്റെയെല്ലാം കേന്ദ്രബിന്ദുവായി ഹിന്ദുത്വഭക്തിയും ജനപങ്കാളിത്തവും. നാമനിർദ്ദേശ പത്രികാ സമർപ്പണ ചടങ്ങിലൂടെ എൻ.ഡി.എ തനിക്കു പിന്നിൽ ഒറ്റക്കെട്ടായി ഉറച്ചുനിൽക്കുന്നു എന്ന സന്ദേശവും മോദി നൽകി. പക്ഷെ, എൽ.കെ അദ്വാനി തൊട്ട് ബി.ജെ.പിയിലെ മുതിർ നേതാക്കളൊന്നും പത്രികാ സമർപ്പണത്തിന് എത്തിയില്ല. കഴിഞ്ഞതവണ ഒപ്പമുണ്ടായിരുന്ന യശ്വന്ത് സിഹ്ന മുതൽ പ്രമുഖ ഹിന്ദി താരമായ ശത്രുഘ്നൻ സിൻഹ വരെയുള്ളവർ ഇത്തവണ ബി.ജെ.പിയിൽ പോലുമില്ല.

എന്നാൽ തനിക്കൊപ്പം എൻ.ഡി.എ ഘടകകക്ഷികളെ മോദി അണിനിരത്തിയതിന് ഇതിനൊക്കെയപ്പുറം അതിപ്രധാനമായ ഒരു കാരണമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി ഒറ്റയ്ക്കു വരികയും കീഴടക്കുകയുമായിരുന്നു. എൻ.ഡി.എ ഘടകകക്ഷികളെ ഒപ്പം നിർത്തിയല്ലാതെ ഇത്തവണ വോട്ടും സീറ്റും നേടാനാവില്ലെന്ന് മോദി തിരിച്ചറിഞ്ഞിരിക്കുന്നു. എൻ.ഡി.എ അതിശക്തമായ ദേശീയ മുന്നണിയാണെന്ന സന്ദേശം നൽകാനാണ് വാരാണസിയിലെ ഷോയിലൂടെ മോദി ശ്രമിച്ചത്. പരോക്ഷമായി മോദി തരംഗത്തെ പ്രചാരണത്തിൽ ആവാഹിച്ചെടുത്താലേ പരമാവധി സീറ്റുകൾ നിലനിർത്താൻ കഴിയൂ എന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നിൽ. അതുപോലെ ഈ മേഖലയിലെ കൃഷിക്കാരെയും തൊഴിലും വരുമാനവുമില്ലാത്ത യുവാക്കളെയും ദരിദ്രരെയും പട്ടിണിക്കാരെയും അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പു പ്രചാരണം.

അഞ്ചുവർഷത്തെ ഭരണത്തിൽ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിന്റെ പേരിൽ അവരെല്ലാം മോദിക്കെതിരാണ് ഈ തെരഞ്ഞെടുപ്പിൽ. തമിഴ്നാട്ടിലെ കൃഷിക്കാരും തെലങ്കാനയിലെ മഞ്ഞൾ കർഷകരും ഇത്തവണ വാരാണസിയിൽ മോദിക്കെതിരെ മത്സരിക്കുന്ന അസാധാരണ സ്ഥിതിവിശേഷവുമുണ്ട്. ഈ യാഥാർത്ഥ്യങ്ങൾക്കുമുമ്പിൽ എൻ.ഡി.എ പടയെ നയിച്ച് മോദി പോർക്കളത്തിലിറങ്ങുന്നു എന്ന പ്രതീതി ജനിപ്പിക്കുകയാണ്. ബി.ജെ.പിക്കും പാർലമെന്റിനും അതീതനായി നിന്ന മോദി എൻ.ഡി.എ ഘടകകക്ഷികൾക്ക് വഴങ്ങി വിനീത വിധേയനായി മാറുന്നതാണ് വാരാണസിയിൽ കണ്ടത്.

യു.പി, ബിഹാർ, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട്, ഹരിയാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ 240 ലോക് സഭാ മണ്ഡലങ്ങളിലാണ് നാലുമുതൽ ഏഴുവരെയുള്ള ഘട്ടങ്ങളിൽ വോട്ടെടുപ്പ് ബാക്കിയുള്ളത്.

യു.പിയിൽനിന്ന് 80ൽ 71ഉം നേടിയാണ് കഴിഞ്ഞ ലോക് സഭയിൽ ഭൂരിപക്ഷം നേടിയത്. അവിടെ ബി.എസ്.പിയും എസ്.പിയും ബിഹാറിൽ ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും എൻ.ഡി.എയ്ക്ക് കടുത്ത വെല്ലുവിളിയാണ്. ഒഡീഷയിൽ നവീൻ പട്നായിക്കും പശ്ചിമബംഗാളിൽ മമതാ ബാനർജിയും ജാർഖണ്ഡ്, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കോൺഗ്രസും കനത്ത വെല്ലുവിളിയുയർത്തുന്നു.

ഇതിനകം വോട്ടെടുപ്പ് പൂർത്തിയായ 303 മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് കാര്യമായ വിജയം നേടാനാകില്ലെന്ന് വ്യക്തമാണ്. അതുകൊണ്ട് ശേഷിക്കുന്ന 240 സീറ്റിൽ എത്ര പിടിക്കാനാകുമെന്നത് മോദിയുടെ തിരിച്ചുവരവിന്റെ സാദ്ധ്യത നിർണ്ണയിക്കും.

വാരാണസിയിൽനിന്ന് തെരഞ്ഞെടുപ്പിന്റെ അവസാന പ്രചാരണ കുതിപ്പിന് തുടക്കമായി. എങ്കിലും രാജ്യത്താകെ ജനങ്ങളുടെ അടിത്തട്ടിൽ വ്യാപിച്ചുകിടക്കുകയാണ് മോദി ഗവണ്മെന്റിനെതിരായ പ്രതിഷേധം. ആ തരംഗത്തെ ബാഹ്യമോടികൾകൊണ്ട് മൂടാനോ തടയാനോ കഴിയാത്ത കഴിഞ്ഞകാല ചെയ്തികളുടെ നിഴലുകൾ മോദിയെ ഭീതിതമായി വേട്ടയാടുന്നുമുണ്ട്. ഗുജറാത്തിൽനിന്നുള്ള ബിൽക്കീസ് ബാനുവിന്റെ കേസിലൂടെ വർഗ്ഗീയ കലാപത്തിന്റെ ഇരകളുടെ പ്രേതങ്ങൾ ഇപ്പോഴും മോദിയുടെ പിറകെയാണ്. ഗംഗയിൽ മുങ്ങിക്കുളിച്ച് കയറുമ്പോഴും.

Read More >>