ഇനിയും വേണോ കരിയര്‍ 'കൊലകള്‍'

സ്വപ്‌നങ്ങളും അഭിലാഷങ്ങളും കുട്ടികളുടെ മേൽ വെച്ച് കെട്ടുന്നത് അവരോടുള്ള ദ്രോഹമാണെന്ന തിരിച്ചറിവ് ഉണ്ടായാൽ അത്രയും നല്ലത്

ഇനിയും വേണോ കരിയര്‍

പി ടി ഫിറോസ്

വർഷങ്ങളോളം വിദേശത്ത് പഠിച്ച ഒരു മലയാളി കൗമാരക്കാരൻ നാട്ടിൽ വെച്ച് ആത്മഹത്യ ചെയ്തത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്. കഴുത്തിലെ ഞരമ്പ് മുറിച്ചതിന്റെ പേരിൽ ആശുപത്രിൽ എത്തിച്ച ഈ കുട്ടി പിന്നീട് ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. കുട്ടിയുടെ താല്പര്യത്തിനു വിരുദ്ധമായി എൻജിനിയറിങ് പ്രവേശന പരിശീലന കേന്ദ്രത്തിൽ ചേർത്തതിൽ ഉണ്ടായ മാനസിക സംഘർഷത്തിന്റെ പേരിലാണ് ഈ വിലപ്പെട്ട ജീവൻ നഷ്ടമായത് എന്നാണ് പത്രവാർത്ത. ഈ വാർത്ത എല്ലാ രക്ഷിതാക്കളും അദ്ധ്യാപകരും മറ്റു വിദ്യാഭ്യാസ പ്രവർത്തകരും അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിസച്ചേ പറ്റൂ. ഈ മരണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും സ്ഥാപന മേധാവികൾക്കും നമ്മുടെ കരിയർ സംസ്ക്കാരത്തിനും കൈ കഴുകി രക്ഷപ്പെടാനാവില്ല. ഈ മരണത്തെ ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കുന്നത് യഥാർത്ഥ ചിത്രത്തെയും വർത്തമാനത്തെയും അവഗണിക്കുന്നതിനു തുല്യമായിരിക്കും. കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥപങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും നൂറു കണക്കിനു കുട്ടികൾ ഇത്തരം മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്നതാണ് വസ്തുത.

മെഡിക്കലും എൻജിനിയറിങ്ങുമോ അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും സവിശേഷമായ തൊഴിൽ മേഖലകളിലോ തങ്ങളുടെ മക്കൾക്ക് പ്രവേശനം ലഭിക്കുക എന്നത് ജീവിതാലാഭിലാഷമായി കൊണ്ട് നടക്കുന്ന രക്ഷിതാക്കളുടെ കുടുസ്സായ ചിന്താഗതിയുടെ ഇരകളാണ് ഈ കുട്ടികൾ. പഠനരംഗത്തും തൊഴിൽ മേഖലകളിലും ജീവിതാവസാനം വരെ നീളുന്ന അസന്തുഷ്ടിയോടൊപ്പം ഇത്തരം കുട്ടികൾ സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ കൂടി കൃത്യമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. രക്ഷിതാക്കളുടെ സ്വപ്നങ്ങൾ വിദ്യാർത്ഥികളുടെ മേൽ അടിച്ചേല്പിപ്പിക്കുകയും ജോലി കമ്പോളത്തിലെ ആകർഷണീയതയും സാമ്പത്തികാഭിവൃദ്ധിയോ മാത്രം കാംക്ഷിച്ച് മുൻപിൻ നോക്കാതെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിന്റെ ദുരന്തപര്യവസാനം ഇനിയും കണ്ടിരിക്കുവാൻ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവർക്ക് സാധിക്കില്ല.

ബോധവൽക്കരണം അനിവാര്യം

തങ്ങളുടെ കുട്ടിക്കാലത്തെ പൂവണിയാത്ത സ്വപ്നങ്ങളുടെ സാക്ഷാൽക്കാരത്തിനായോ അതല്ലെങ്കിൽ സമൂഹത്തിലെ പദവി നിലനിർത്തുന്നതിന്റെ ഭാഗമായോ അനാവശ്യ സമ്മർദ്ദത്തിലകപ്പെടുത്തി കുട്ടികളെ അവർക്കിഷ്ടമില്ലാത്ത കോഴ്‌സുകളിലേക്കും സ്ഥാപനങ്ങളിലേക്കും തള്ളിവിടുന്നവർ കുട്ടികളുടെ ഭാവിയെക്കുറിച്ച് ഒട്ടും ചിന്തിക്കുന്നില്ല. ഈ ദുഖകരമായ വസ്തുതയാണ് ഇത്തരം ആവർത്തിക്കപ്പെടുന്ന സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്. ഈ പ്രശ്നത്തെ കൃത്യമായി അഭിമുഖീകരിക്കുവാനും ഫലപ്രദമായ ഇടപെടൽ നടത്തുവാനും സർക്കാർ സംവിധാനങ്ങൾക്കും അക്കാദമിക സമൂഹത്തിനും ബാദ്ധ്യതയുണ്ട്. അല്ലാത്തപക്ഷം ഇനിയും ഒരുപാട് ആത്മഹത്യാ വാർത്തകൾ കേൾക്കേണ്ടിവരുന്ന ദുഖകരമായ സാഹചര്യം ഉണ്ടാവും. അല്ലെങ്കിൽ തങ്ങൾക്ക് അഭിരുചിയും താല്പര്യവും ഇല്ലാത്ത തൊഴിൽ പഠനം തിരഞ്ഞെടുത്ത് അത് സൃഷ്ടിക്കുന്ന മാനസിക സംഘർഷങ്ങളുടെയും അസന്തുഷ്ടിയുടെയും നടുവിൽ തടവറ കണക്കെ ജീവിതം തള്ളിനീക്കുന്ന ഒരു തലമുറയുടെ സൃഷ്ടിക്ക് അത് കാരണമാവുകയും ചെയ്യും.

രക്ഷിതാക്കൾക്കും കുട്ടികൾക്കും കൃത്യമായ ബോധവൽക്കരണം നൽകുക എന്നതാണ് ഇക്കാര്യത്തിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യം. ജോലി കമ്പോളത്തിലെആകർഷകത്വവും സാദ്ധ്യതയും മാന്യതയും പരിഗണിക്കുന്നത്തിനു മുമ്പ് കുട്ടികൾക്ക് ഈ കോഴ്‌സുകൾ പഠിക്കാനുള്ള അഭിരുചി ഉണ്ടോ എന്ന് പരിശോധിക്കേണ്ടതും വളരെ പ്രധാനമാണ്. ഗണിത ശാസ്ത്രത്തിൽ അഭിരുചിയും താല്പര്യവും ഇല്ലാത്ത കുട്ടിയെ എൻജിനീയറിങ്ങിനും രക്തം കണ്ടാൽ തലചുറ്റുന്നവരെ എം.ബി.ബി.എസ്സിനും പറഞ്ഞു വിട്ടാൽ ഉണ്ടാവുന്ന അപകടം ഊഹിക്കാവുന്നതല്ലേയുള്ളൂ. ഈ കുട്ടികൾക്ക് ഉണ്ടാവുന്ന അസന്തുഷ്ടിക്കും അസംതൃപ്തിക്കും പുറമെ ഇവരുടെ സേവനം ഉപയോഗപ്പെടുത്തേണ്ടി വരുന്ന പൊതുജനങ്ങളുടെ അവസ്ഥ അതിലേറെ ഭീതിജനകമായിരിക്കും. നിലവാരമുള്ള സേവനം ലഭിക്കില്ലെന്ന് മാത്രമല്ല പലപ്പോഴും വിപരീത ഫലങ്ങൾ സൃഷ്ടിക്കപ്പെടാനും സാദ്ധ്യതയുണ്ട്. രക്ഷിതാവിന്റെ സാമ്പത്തിക സ്ഥിതി അനുകൂലമാണെകിൽ ഇന്നത്തെ സാഹചര്യത്തിൽ ശരാശരിയിൽ താഴെ മാത്രം അഭിരുചിയുള്ള കുട്ടികൾക്ക് പോലും മാനേജ്‌മെന്റ്, എൻ.ആർ.ഐ രീതികളിലായോ അല്ലെങ്കിൽ കേരളത്തിന് പുറത്തോ മെഡിക്കൽ സീറ്റിലടക്കം പ്രവേശനം തേടാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

അഭിരുചി അറിയാം

കുട്ടികളുടെ അഭിരുചി മനസ്സിലാക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കടമ്പ. 10 വയസ്സ് ആകുമ്പോൾ തന്നെ കുട്ടികളുടെ അഭിരുചികളെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും ഏകദേശം മനസ്സിലായിത്തുടങ്ങും. കൗമാരത്തിൽ പ്രവേശിക്കുമ്പോൾ അത് കൂടുതൽ വ്യക്തമാവും. അതിന്റെ അടിസ്ഥാനത്തിൽ കോഴ്‌സുകൾ തിരഞ്ഞെടുക്കാനുള്ള ശ്രമമാണ് വേണ്ടത്. അന്താരാഷ്ട്ര തലത്തിൽ തന്നെ തെളിയിക്കപ്പെട്ട നിരവധി മാനസിക താരതമ്യ ഗണന ഉപകരണങ്ങൾ (Psychometric Tools) ഇക്കാര്യത്തിൽ ഇന്ന് ലഭ്യമാണ്. ഇതനുസരിച്ച് കുട്ടികളുടെ അഭിരുചി മനസ്സിലാക്കിയെടുക്കാൻ കഴിയും.

പത്താം ക്ലാസ് കഴിഞ്ഞവർക്ക് സ്വന്തം അഭിരുചി മനസ്സിലാക്കാൻ സാധിക്കുന്ന Kerala Diffrentail Aptitude Test (K-DAT) സർക്കാർ മേഖലയിലുള്ള ഒരു മികച്ച സംവിധാനമാണ്. ഇതിനു പുറമെ കേരളത്തിൽ സന്നദ്ധ സംഘടനകളും (എൻ.ജി.ഒ) മറ്റു സ്വകാര്യ സ്ഥാപനങ്ങളും നടത്തുന്ന അഭിരുചി പരീക്ഷകളും ഉണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സിജി (Centre For Information Guidance India) ഇക്കാര്യത്തിൽ ആശ്രയിക്കാവുന്ന മികച്ച ഒരു സേവന സംഘമാണ്. കേരളത്തിലങ്ങോളമുള്ള സിജി കരിയർ കൗൺസിലർമാർ സൗജന്യ സേവനമാണ് നല്കിക്കൊണ്ടിരിക്കുന്നത്. ഇന്റർനെറ്റിന്റെ സഹായത്തോടെ ചെയ്യാവുന്ന പരിശോധനകൾ വേറെയുമുണ്ട്. നൂറു ശതമാനം കുറ്റമറ്റതാണ് എന്ന് പറയാനാവില്ലെങ്കിലും ഇത്തരം അഭിരുചി നിർണയ രീതികൾ അനുയോജ്യമായ തൊഴിൽ ജീവിതം കണ്ടെത്തുന്നതിന് മികച്ച രീതിയിൽ സഹായകരമാകാറുണ്ട്. ഒരു കരിയർ കൗൺസിലറുടെ സഹായത്തോടെ ഇത്തരമൊരു പ്രവർത്തനത്തിന് സമയം കണ്ടെത്താനാവുമെങ്കിൽ അത് ഏറെ പ്രയോജനകരമായിരിക്കും. വർഷാവസാനത്തിലോ അല്ലെങ്കിൽ കോഴ്‌സുകൾക്കോ മത്സരപ്പരീക്ഷകൾക്കോ അപേക്ഷിക്കാനുള്ള സമയമാകുമ്പോഴോ മാത്രം കുട്ടികളുടെ അഭിരുചിയും താല്പര്യവും പരിശോധിക്കുന്നതിന് പകരം ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തി മുൻകൂട്ടി അഭിരുചികൾ കൃത്യമായി നിർണയിക്കാനും തിരഞ്ഞെടുക്കേണ്ട കോഴ്‌സുകളെക്കുറിച്ച് വ്യക്തമായ ധാരണ സൃഷ്ടിക്കാനും കഴിയുന്ന ഒരു സംസ്ക്കാരം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.

കോഴ്‌സുകൾ നിരവധി

മെഡിക്കൽ, എൻജിനിയറിങ്ങ് എന്നിവയെ കവച്ചു വെക്കാൻ സാധിക്കുന്ന സാദ്ധ്യതകൾ ഉള്ള നിരവധി കോഴ്‌സുകൾ ഉണ്ട്. കുട്ടികളുടെ അഭിരുചിയും താല്പര്യവും മനസ്സിലാക്കി ഇവ ബുദ്ധിപൂർവം തിരഞ്ഞെടുക്കാൻ അവരെ സഹായിക്കുക എന്നതാവും രക്ഷിതാക്കൾക്ക് ചെയ്യാനുള്ള ധർമ്മം. തങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും കുട്ടികളുടെ മേൽ വെച്ച് കെട്ടുന്നത് അവരോടുള്ള ദ്രോഹമാണെന്ന തിരിച്ചറിവ് ഉണ്ടായാൽ അത്രയും നല്ലത്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് എന്നിവയിൽ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കുന്നവർക്ക് രാജ്യത്താകമാനവും ഇന്ത്യക്ക് പുറത്തും നല്ല അവസരങ്ങളുണ്ട് എന്ന ബോദ്ധ്യം സൃഷ്ടിക്കുക എന്നതാണ് പ്രധാനം.

കൂടാതെ അഗ്രിക്കൾച്ചർ, ആർക്കിടെക്ച്ചർ, ബിസിനസ്, ചാർട്ടേഡ് അക്കൗണ്ടൻസി, ഡാറ്റ സയൻസ്, പ്രതിരോധ മേഖല, ഫൂട്ട് വെയർ ടെക്‌നോളജി, ഫൈൻ ആർട്‌സ്, മാദ്ധ്യമ പ്രവർത്തനം, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ലൈബ്രറി സയൻസ്, നിയമം, പാരാ മെഡിക്കൽ, നഴ്‌സിങ്, ഫോറസ്ട്രി, പൈലറ്റ് ആൻഡ് ഏവിയേഷൻ, സിനിമ മേഖല, അഭിനയം എന്നിങ്ങനെ നിരവധി മേഖലകളിൽ പ്രവേശിക്കാൻ അവസരമുണ്ട്. ഈ വസ്തുത തിരിച്ചറിയുകയും കുട്ടികളുടെ അഭിരുചിയും മറ്റു ഘടകങ്ങളും പരിശോധിച്ച് ഉചിതമായ കോഴ്‌സുകൾ തിരഞ്ഞെടുക്കുവാൻ ഉള്ള ശ്രമങ്ങൾ നേരത്തെ നടത്തുകയും ചെയ്യണം.

വിദ്യാർത്ഥികളുടെ അഭിരുചിക്കും കഴിവിനും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഒരു കരിയർ സംസ്ക്കാരം കൊണ്ടുവരാൻ ബോധപൂർവ്വമായ ഇടപെടൽ നടത്തുക എന്നതാണ് പ്രധാനം. ഇതിനായി എല്ലാ രക്ഷിതാക്കളെയും വേണ്ട രീതിയിൽ ബോധവൽക്കരണം നടത്താൻ അദ്ധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും മുന്നിട്ടിറങ്ങിയേ പറ്റൂ.

Read More >>