സകലകലാവല്ലഭന്‍, പക്ഷേ...

22 കൊല്ലത്തിനുള്ളിൽ 20 സ്ഥലം മാറ്റങ്ങളാണ് രാജുനാരായണ സ്വാമിയുടെ സർവീസ് റിക്കാർഡിലുള്ളത്.

സകലകലാവല്ലഭന്‍, പക്ഷേ...

തൊട്ടതെല്ലാം പൊന്നാക്കാൻ കഴിഞ്ഞ ഭാഗ്യവാനാണ് ഗ്രീക്ക് മിത്തോളജിയിലെ മിദാസ് രാജാവ്. ഈ സ്വർണ സ്പർശം കാരണം ഇറ്റു വെള്ളം പോലുമിറക്കാനാവാതെ പട്ടിണികിടന്നു മരിക്കേണ്ടി വന്ന നിർഭാഗ്യവാനുമാണദ്ദേഹം. അതേപോലെ ഒരാളാണ് ഇപ്പോൾ കോക്കനട്ട് ഡവലപ്‌മെന്റ് ബോർഡിൽ നിന്ന് പുറത്താക്കപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജൂ നാരായണ സ്വാമി; രാജു നാരായണ സ്വാമി തൊടുന്നതൊക്കെ പൊന്നാണ്. പത്താം തരത്തിലും പ്രി ഡിഗ്രിയിലും ഐ.ഐ.ടി എൻട്രസ് ടെസ്റ്റിലും സിവിൽ സർവീസ് പരീക്ഷയിലുമെല്ലാം ഒന്നാംറാങ്ക്. പതിനാറ് ബിരുദാനന്തര ബിരുദങ്ങൾ, എഴുതിയ പുസ്തകത്തിന് സാഹിത്യഅക്കാദമി അവാർഡ്-ഇങ്ങനെ പറയാൻ തുടങ്ങിയാൽ 1991 ബാച്ചിലെ ഈ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വ്യക്തിത്വത്തിന്റെ ധവള ശബളിമയെക്കുറിച്ചുള്ള അപദാനങ്ങൾ ഒരുപാടുണ്ട്. പക്ഷേ അതോടൊപ്പം വിവാദങ്ങളുടെ കഥകളും നിരവധി. 22 കൊല്ലത്തിനുള്ളിൽ 20 സ്ഥലം മാറ്റങ്ങളാണ് രാജുനാരായണ സ്വാമിയുടെ സർവീസ് റിക്കാർഡിലുള്ളത്. നിർബ്ബന്ധിത അവധിയെടുപ്പിക്കലുകളും സസ്‌പെൻഷനുകളും വേറെ. ഏറ്റവും ഒടുവിലത്തേതാണ് നാളികേരവികസന ബോർഡിൽ നിന്നുള്ള പുറന്തള്ളൽ. സ്വാമിക്കെതിരെ മറുവശത്ത് നിലയുറപ്പിച്ചിട്ടുള്ളത് മന്ത്രിമാരായ നരേന്ദ്രസിങ് തോമാറും സദാനന്ദ ഗൗഡയും ഭരണസംവിധാനവുമൊക്കെയാണ്. പക്ഷേ അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച സ്വാമിക്കുണ്ടോ വല്ല കൂസലും? കൊക്കിൽ ജീവനുള്ളിടത്തോളം കാലം പടപൊരുതാൻ ഈ മനുഷ്യൻ തയ്യാർ.

ചങ്ങനാശ്ശേരിയിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചുവളർന്ന രാജുനാരായണസ്വാമിയുടെ ജീവിതത്തിലെ വളർച്ചയിലും അദ്ദേഹം കൈക്കൊള്ളുന്ന നിലപാടുകളിലും കോളജ് പ്രൊഫസർമാരായിരുന്ന അച്ഛനന്മമാർക്ക് നിർണായക സ്വാധീനമുണ്ട്. അഞ്ചുജില്ലകളിൽ കലക്ടറായിട്ടുണ്ട് രാജു. അഞ്ചിടത്തും അഴിമതിക്കാരെക്കൊണ്ട് മൂക്കിനാൽ ക്ഷ വരപ്പിച്ചിട്ടുണ്ടദ്ദേഹം. തൃശൂരിൽ കലക്ടറായിരുന്നപ്പോൾ പട്ടാളം റോഡ് വികസനത്തിന് സ്ഥലമെടുത്തത് ഏതാണ്ട് ഒറ്റയ്ക്കാണ്. റിയൽ എസ്‌റ്റേറ്റ് ലോബിയെ അദ്ദേഹം ശരിക്കും കശക്കിയെറിഞ്ഞു.

രാഷ്ട്രീയക്കാരെ നിലക്കു നിർത്തി. രാജുനാരായണ സ്വാമിയുടെ അന്വേഷണത്തെത്തുടർന്നാണ് കേരള കോൺഗ്രസ് മന്ത്രി ടി.യു കുരുവിളയും മകനും ചേർന്നു നടത്തിയ ഭുമിയിടപാട് പുറത്തു വന്നതും അദ്ദേഹം രാജിവയ്‌ക്കേണ്ടി വന്നതും. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ പേരിൽ രാജിവയ്‌ക്കേണ്ടി വന്ന ഇന്ത്യയിലെ ഏക മന്ത്രിയാണ് ടി.യു കുരുവിള. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ ഇടയ്ക്ക് കലക്ടറായി നിയമിതനായ രാജുനാരായണ സ്വാമിയായിരുന്നു മൂന്നാറിലെ അനധികൃത ഭുമികൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നിയുക്തരായ മൂന്നു പൂച്ചകളിലൊന്ന്. പൂച്ചയ്ക്ക് എലിയെ പിടിക്കാൻ കഴിഞ്ഞുവോ ഇല്ലേ എന്ന കാര്യമൊക്കെ വേറെ; സത്യസന്ധതയുടേയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടേയും പേരിൽ പ്രശസ്തനായ അശോക് ഖെംകക്ക് തുല്യനായാണ് ഐ.എ.എസ് വൃത്തങ്ങളിൽ അദ്ദേഹം അറിയപ്പെടുന്നത്. - കേരളത്തിലെ അശോക് ഖെംക

അഴിമതിയോട് പടപൊരുതാൻ ഇറങ്ങിത്തിരിച്ച രാജു നാരായണ സ്വാമിക്ക് ജീവിതത്തിലേറ്റ വെല്ലുവിളികളും ഏറെ. സ്വന്തം ഭാര്യാ പിതാവിന്റെ വസ്തുവകകളുടെ മേലും വന്നു സ്വാമിയുടെ ഓപ്പറേഷൻ. അതവസാനിച്ചത് വിവാഹമോചനത്തിലാണ്. വീണ്ടും വിവാഹിതനായെങ്കിലും കുടുംബജീവിതത്തിന്റെ സ്വാസ്ഥ്യവും കുളിർമ്മയും ഒരിക്കലുമനുഭവിച്ചിട്ടില്ല ഈ മനുഷ്യൻ. കൂടെ പണിയെടുക്കുന്നവരുമായും നല്ല ബന്ധം സ്ഥാപിക്കാൻ പലപ്പോഴും രാജുനാരായണസ്വാമിക്ക് സാധിക്കാറില്ല. പരീക്ഷകളിൽ നേടിയ ഒന്നാം റാങ്ക് ഒരുവഴിയ്ക്കും ജീവിത പരീക്ഷകളിൽ നേടിയ ഒന്നാംറാങ്ക് ഒരു വഴിയ്ക്കും ജീവിത പരിക്ഷകളിലെ റാങ്കിങ് വേറെയൊരു വഴിയ്ക്കുമെന്ന് സാരം.

നല്ലൊരെഴുത്തുകാരൻ കൂടിയാണ് ഈ ഐ.എ.എസുകാരൻ. 26 പുസ്തകങ്ങളുടെ രചയിതാവ്. 'ശാന്തമന്ത്രം മുഴങ്ങുന്ന താഴ്‌വര' എന്ന കൃതിക്ക് അവാർഡും ലഭിച്ചിട്ടുണ്ട്. ഭീമ, കുഞ്ഞുണ്ണി പുരസ്ക്കാരങ്ങൾ നേടിയ അദ്ദേഹം ബാലരമയിലും ഡൈജസ്റ്റിലും കോളങ്ങളെഴുതാറുണ്ട്. ഒരു പിച്ച്.എച്ച്.ഡി കൈയിലുണ്ട്. രണ്ടാമത്തേത് കിട്ടാനടുത്തു. പല സർവ്വകലാശാലകളിലും റിസർച്ച് ഗൈഡുമാണ് സ്വാമി. ചുരുക്കത്തിൽ സകലകലാവല്ലഭൻ പക്ഷേ-ഈ പക്ഷേയിലുടക്കിനില്ക്കുന്നു രാജുനാരായണസ്വാമിയുടെ ജീവിത രീതി.

Read More >>