മോചനത്തിനായി ഡി-അഡിക്ഷൻ സെന്ററുകളിൽ

ലഹരിയുടെ നീരാളിപ്പിടിത്തതിൽ പെട്ടു പോയാൽ മുക്തി ക്ലേശകരമാണ്. ടെൻഷൻ അകറ്റാം, ഒരു രസത്തിന് ഉപയോഗിക്കൂ എന്നെല്ലാം പറഞ്ഞ് ആരെങ്കിലും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചാൽ അത് എത്ര അടുത്ത സുഹൃത്തായാൽ പോലും ധൈര്യത്തോടെ വേണ്ടെന്നു പറയാനുള്ള തന്റേടം കാണിക്കണം. കൂടാതെ ലഹരിയിൽപ്പെട്ട സുഹൃത്തുക്കളെ ഇതിൽനിന്ന് പിന്തിരിപ്പിക്കുകയും വേണം

മോചനത്തിനായി   ഡി-അഡിക്ഷൻ സെന്ററുകളിൽ

മാരക ലഹരി മരുന്നുകൾക്ക് അടിമപ്പെട്ടവർ ഡി-അഡിക്ഷൻ സെന്ററുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സയിലാണ്. വിവിധ സ്‌കൂൾ, കോളജ് വിദ്യാർത്ഥികളും യുവാക്കളും ഇതിൽപ്പെടും. കഞ്ചാവ്-മയക്കുമരുന്ന് അടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ സ്ഥിരം ആക്രമണം നടത്തുന്ന വിദ്യാർത്ഥികളാണ് ഇതിൽ കൂടുതലെന്ന് ഡി-അഡിക്ഷൻ സെന്റർ അധികൃതർ പറയുന്നു.

സ്വന്തം മാതാപിതാക്കളാണ് കുട്ടികളുടെ ആക്രമണം സഹിക്കാനാവാതെ അവരെ ഡി-അഡിക്ഷൻ സെന്ററുകളിൽ എത്തിക്കുന്നത്. ലഹരിയിൽ അകപ്പെട്ട് കോളേജിലും പരിസര പ്രദേശത്തും ചിലർ സ്ഥിരം തല്ലുണ്ടാക്കുന്നു. ലഹരി ലഭിക്കാതാകുമ്പോഴാണ് കുട്ടികൾ ആക്രമണകാരികളായി മാറുന്നത്. അദ്ധ്യാപകരുടെയും നാട്ടുകാരുടെയും പരാതികൾ വർദ്ധിച്ചു വന്നതോടെ മാതാപിതാക്കൾക്ക് മുന്നിൽ മറ്റു വഴികൾ ഇല്ലാതാകുന്നു. സാധാരണ കുടുംബത്തിലെ കുട്ടികളാണ് ലഹരിയിൽ കൂടുതലും അടിമപ്പെടുന്നത്. സമ്പന്നരുടെ മക്കളുടെ എണ്ണത്തിലും കുറവില്ല. കുട്ടികളുടെ ലഹരി ഉപയോഗം സ്‌കൂൾ അധികൃതരും ചില മാതാപിതാക്കളും മറച്ചുവെക്കുന്നുണ്ട്.

പുതിയ തലമുറയിലെ ലഹരിക്കാർ നന്ദി പറയുന്നത് മൊബൈൽ ആപ്ലിക്കേഷനുകളോടാണ്. ലഹരി ഉപയോഗത്തിൽ സമാന താൽപര്യക്കാരെ കണ്ടെത്താനും ഡീലർമാരോട് ആശയവിനിമയം നടത്താനും ഡീൽ ഉറപ്പിക്കാനും പണം കൈമാറാനും വിവിധ ആപ്പുകൾ ഉപയോഗിക്കുന്നു. തീരദേശ മേഖലയിലും തൃശൂർ നഗരത്തിലെ ചില സമ്പന്ന യുവാക്കൾക്കിടയിലും മാരക ലഹരി ഉപയോഗിക്കുന്നവരുടെ വാട്സാപ്പ് കൂട്ടായ്മകളുണ്ട്. ഗ്രൂപ്പ് അംഗങ്ങളിൽനിന്ന് ഓർഡർ എടുത്ത് അഡ്മിൻമാർ ഡീലർമാരുമായി വാട്സാപ്പിലൂടെ ആശയവിനിമയം നടത്തുന്നു. വില പറഞ്ഞുറപ്പിക്കുന്നതും കൈമാറാനുള്ള സ്ഥലം നിശ്ചയിക്കുന്നതുമെല്ലാം വാട്സാപ്പിലൂടെ മാത്രം. വോയിസ് കോളുകൾ ഉപയോഗിക്കുകയേയില്ല.

പണം കൈമാറ്റം ആപ്പിലൂടെ മാത്രം. ഡീലർമാർ പറയുന്ന അക്കൗണ്ടുകളിലേക്ക് ഈ ആപ്പുകൾ വഴി പണം കൈമാറും. അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആയാൽ ലഹരി മരുന്ന് എവിടെ കൈമാറുമെന്ന കാര്യം വാട്സാപ്പിലൂടെ ഡീലർമാർ അറിയിക്കും. ഡീലർമാർ പറയുന്ന സ്ഥലത്ത്, പറയുന്ന സമയത്ത് എത്തിയാൽ ലഹരി മരുന്ന് കൃത്യമായി ഒളിപ്പിച്ചുവച്ചിരിക്കുന്നതു കണ്ടെത്താം. നേരിട്ട് ആശയവിനിമയമോ കൈമാറ്റമോ ഉണ്ടാകില്ല. അഫ്ഗാനിസ്ഥാനിൽനിന്നു നേപ്പാൾ വഴി ഇന്ത്യയിലേക്ക് ലഹരിമരുന്ന് എത്തുന്നുവെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. തമിഴ്നാടിനപ്പുറത്തേക്ക് ഈ ശൃംഖലയുടെ കണ്ണികൾ കണ്ടെത്താൻ പൊലീസിനും എക്സൈസിനും പരിമിതികളുണ്ട്.

കഞ്ചാവിനൊപ്പം വളരെ വേഗം കാൻസർ പിടികൂടാൻ സഹായിക്കുന്ന ഒന്നാണ് പാൻമസാല. ഇതരസംസ്ഥാന തൊഴിലാളികളിലൂടെയാണ് കേരളത്തിൽ ഇവ പ്രചരിക്കുന്നത്. കേരളത്തിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥിളുടെ ഇടയിൽ പാൻമസാലയുടെ ഉപയോഗം വ്യാപകമായി കണ്ടു വരുന്നുണ്ട്. തലമുറകളെ അർബുദ രോഗികളാക്കുന്ന ലഹരി പദാർഥങ്ങളുടെ ലഭ്യത തടയാൻ നമ്മുടെ സർക്കാർ സംവിധാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായിരിക്കുന്നു. നിരന്തരമായ പുകവലി ശ്വാസകോശ കാൻസറിന് കാരണമായേക്കാം. എന്നാൽ, പുകവലിയേക്കാൾ എത്രയോ മടങ്ങ് അപകടകാരിയാണ് പുകയില.

അടക്ക, ചുണ്ണാമ്പ്, പാരഫിൻ കൂടാതെ വിഷാംശമുള്ള ലോഹങ്ങളായ ലെഡ്, കാഡ്മിയം എന്നിവയും പാൻമസാലകളിൽ ചേർക്കുന്നു. ലെഡ്, കാഡ്മിയം, ഇരുമ്പുപൊടി എന്നിവ വായിൽ ചെറിയ തരത്തിലുള്ള മുറിവുകൾ ഉണ്ടാക്കുകയും ഇതുവഴി രാസവസ്തുക്കൾ പെട്ടെന്നു തന്നെ രക്തത്തിൽ കലർന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നു. ചവയ്ക്കുന്ന ലഹരി പദാർഥങ്ങളിലെ മാരകമായ രാസവസ്തുക്കൾ മോണയിലും വായയിലും അടിഞ്ഞു കൂടുന്നു. ഇവ വായിൽ മാത്രമല്ല, കണ്ഠനാളം, ശ്വാസകോശം, ആമാശയം എന്നിവിടങ്ങളിലെ കാൻസറിനും വഴിയൊരുക്കുന്നു. ചുരുങ്ങിയത് ആറു മാസത്തെ പാൻമസാലയുടെ ഉപയോഗം പോലും ഒരാളെ കാൻസർരോഗിയാക്കിയേക്കാം.

ലഹരി ഉപയോഗം സ്ത്രീകൾക്കിടയിലും വലിയ തോതിൽ വർദ്ധിച്ചതായാണ് പൊലീസ് നടത്തിയ പരിശോധനകളിൽനിന്ന് മനസ്സിലാക്കാനായത്. റേവ് പാർട്ടികളിലും മറ്റും സ്ത്രീ സാന്നിധ്യം ധാരാളമായി ഷാഡോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവർ രൂപവൽകരിക്കുന്ന പല ഗ്രൂപ്പുകളിലും ധാരാളം സ്ത്രീകൾ പങ്കാളികളാണ്. ഇവർ താൽപര്യമുള്ള മറ്റ് സുഹൃത്തുക്കളെയും ഈ ഗ്രൂപ്പിൽചേർക്കുന്നു. ഇതോടെ ഈ ശ്യംഖല വിപുലമാകുന്നു.

എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്. ഇതു വഴി വലിയൊരളവിൽ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കാൻ കഴിയുന്നുണ്ട്. കുട്ടികൾക്കിടയിൽ അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ എക്‌സൈസ് മുന്നിലുണ്ട്.

മെഡിക്കൽ സ്റ്റോറുകൾ വഴി നൈട്രോസെപാം തുടങ്ങിയ ലഹരി ഗുളികകളുടെ ഉപയോഗം കൂടുതലായിരുന്നുവെന്നും നിരന്തരമായ പരിശോധനകളുടെ ഭാഗമായി ഇത് ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നുമാണ് എക്സൈസ് പറയുന്നത്. വിദ്യാർഥികൾ സംശയകരമായ സാഹചര്യത്തിൽ മെഡിക്കൽ ഷോപ്പിലെത്തി മരുന്നോ സിറിഞ്ചോ ചോദിച്ചാൽ നൽകരുതെന്നും ഉടനടി വിവരം എക്സൈസിനെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുമുണ്ട്. കേരളത്തിൽ മെഡിക്കൽഷോപ്പ് കേന്ദ്രീകരിച്ച് ശക്തമായ നടപടിയെടുത്തതോടെ ലഹരിക്ക് അടിമകളായ വിദ്യാർഥികൾക്ക് ഇവ ലഭിക്കാത്ത സ്ഥിതിവരികയും സംസ്ഥാനത്തിനു പുറത്തുപോയി ലഹരി വാങ്ങി കേരളത്തിലേക്ക് കടക്കുന്ന സംഭവങ്ങളും കണ്ടെത്തിയിരുന്നു. നിരന്തരമായി സ്‌കൂളുകളിൽ നടത്തുന്ന കൗൺസിലിങ്, ലഹരി ഉപഭോക്താക്കളായ വിദ്യാർഥികളെ കണ്ടെത്താൻ എക്സൈസിനെ സഹായിക്കുന്നുണ്ട്. ഇവരിലൂടെ ലഭിക്കുന്ന വിവരങ്ങളിലൂടെ എക്‌സൈസ് മിന്നൽപരിശോധനകൾ നടത്തുന്നുണ്ട്.

ലഹരിയുടെ നീരാളിപ്പിടിത്തതിൽ പെട്ടു പോയാൽ മുക്തി ക്ലേശകരമാണ്. ടെൻഷൻ അകറ്റാം, ഒരു രസത്തിന് ഉപയോഗിക്കൂ എന്നെല്ലാം പറഞ്ഞ് ആരെങ്കിലും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചാൽ അത് എത്ര അടുത്ത സുഹൃത്തായാൽ പോലും ധൈര്യത്തോടെ വേണ്ടെന്നു പറയാനുള്ള തന്റേടം കാണിക്കണം. കൂടാതെ ലഹരിയിൽപ്പെട്ട സുഹൃത്തുക്കളെ ഇതിൽനിന്ന് പിന്തിരിപ്പിക്കുകയും വേണം. വീട്ടിൽ ആരുടെയെങ്കിലും പെരുമാറ്റത്തിൽ ലഹരി ഉപയോഗിക്കുന്നതായി സംശയം തോന്നിയാൽ അത് നിരീക്ഷിച്ച് കണ്ടെത്തി സ്നേഹത്തോടെ അവരെ പിന്തിരിപ്പിക്കണം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സി.ജെ. ജോൺ(മനഃശാസ്ത്രജ്ഞൻ)

(നാളെ: അകറ്റി നിർത്താം; ഒറ്റക്കെട്ടായി)

Read More >>