പൗരത്വ നിയമത്തിന് കോഴിക്കോട് കടപ്പുറത്ത് നിന്നൊരു ത്രാസക്കല്ല്

തൂക്കിലേറ്റാൻ സമയമായപ്പോൾ അന്ത്യാഭിലാഷമായി കുഞ്ഞഹ്മ്മദാജി ആവശ്യപ്പെട്ടത് നേർക്കുനേരെ മുഖത്തു നോക്കി നെഞ്ചിലേക്ക് വെടിവെക്കണമെന്നായിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി ഇങ്ങനെ ജീവനർപ്പിച്ച ഒരൊറ്റ ആർ.എസ്.എസുകാരനെ എവിടെയെങ്കിലുമൊന്ന് കേൾപിച്ചു തരാനെങ്കിലുമാവുമൊ?

പൗരത്വ നിയമത്തിന് കോഴിക്കോട് കടപ്പുറത്ത് നിന്നൊരു ത്രാസക്കല്ല്

ഏഴു പതിറ്റാണ്ടുകൾക്കു ശേഷം ഇന്ത്യ, വീണ്ടുമൊരു സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂടിലാണ്. കലാലയാങ്കണങ്ങളിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് യുവാക്കളുടെയും സ്ത്രീകളുടെയും കൈകളിലൂടെ കടന്ന് രാജ്യ വ്യാപകമായി ആളിക്കത്തുകയാണ് ആ പന്തം. ഒരു കാലത്ത് സബർമതി! പുതിയ കാലത്ത് ഷാഹീൻ ബാഗ് എന്നതാണ് ഈ പ്രക്ഷോഭത്തിന്റെ സംഗ്രഹ ശ്രുതി.

ഷാഹീൻ ബാഗ് പണ്ട് നമുക്ക് അപരിചിതമായ ഒരിടമായിരുന്നു. ഇന്നത്, സുപരിചിതമായ ഒരു തണൽവൃക്ഷത്തടമാണ്. ഷാഹീൻ ബാഗിന്റെ വിത്ത് ഏതു പാറപ്പുറത്തും വേരു പിടിക്കുകയാണ്. ഗ്രാമാന്തരങ്ങളിൽ, നഗരത്തെരുവുകളിൽ, ദേശീയ പാതയോരങ്ങളിൽ, കടൽ തീരങ്ങളിൽ, വീട്ടു മുറ്റങ്ങളിൽ ... ലോകത്ത് ഇന്ത്യൻ ജനത എവിടെയുണ്ടോ അവിടങ്ങളിലൊക്കെയും മുളച്ചു പന്തലിക്കുന്ന അന്തർ ദേശീയ സംസ്‌ക്കാരത്തിന്റെ കാവലടയാളമായി മാറിയിരിക്കുന്നു ഷാഹീൻ ബാഗ്. ഒരു പ്രദേശം ഒരു ജനതയുടെത്തന്നെ അസ്തിത്വം നിർണ്ണയിക്കുന്ന ചരിത്രത്തിന്റെ അലയും അടയാളവുമായിത്തീരുക എന്നത് അപൂർവ ചരിത്രാനുഭവമാണ്.

ഇന്ത്യൻ യുവതയുടെ ഏറ്റവും വലിയ ന്യൂനപക്ഷ യുവജന പ്രതീക്ഷയായ മുസ്‌ലിം യൂത്തലീഗ് ദൽഹിയിൽ നിന്ന് പകർത്തെടുത്ത് കോഴിക്കോട് കടപ്പുറത്ത് സ്ഥാപിച്ച ഷാഹീൻ ബാഗ് ഈ പ്രക്ഷോഭ ശ്യംഖലയുടെ തിളങ്ങുന്ന കണ്ണിയായി മാറിക്കഴിഞ്ഞു. യൂത്തുലീഗിന്റെ ഷാഹീൻ ബാഗ് ഒരു മാസം പിന്നിട്ട് മൂന്ന് ദിവസം കൂടി കവിഞ്ഞു. അനിശ്ചിതമായി തുടരുന്ന ഈ സമരത്തിന്റെ അനന്തരം എന്തായിരിക്കുമെന്ന ആശങ്ക, മോദി സർക്കാറിന്റെ നിലപാടിനെ നിരീക്ഷിക്കുന്നവരിലുണ്ട്. എന്നാൽ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അതിന് കൃത്യമായ ഉത്തരമുണ്ട്. കടപ്പുറത്തെ ഷാഹീൻ ബാഗ് ഏതു വരെ എന്നു ചോദിച്ചാൽ പ്രശ്‌നം പരിഹരിക്കുന്നതു വരെ എന്ന ഉത്തരമാണ് ഫിറോസിനുള്ളത്. സമരക്കാരുടെ മാത്രമല്ല, ആശങ്കയുടെയും ഭീതിയുടെയും തീനാളമേറ്റു കിടക്കുന്ന രാജ്യത്തെ മുസ്‌ലിംകളാദി പിന്നാക്കക്കാർക്കു മുഴുവൻ ആത്മവിശ്വാസം പകരുന്നതാണ് ഈ മറുപടി. ധീരതയുടെയും ആത്മവിശ്വാസത്തിന്റെയും നേതൃമന്യതയുടെയും ഉച്ചിയിൽ നിന്നുള്ള ഉറച്ച ശബ്ദമാണത്; വിളംബരവും!

ഒരു പക്ഷെ, കേരളത്തിൽ ആദ്യമാകാം ഇങ്ങനെയൊരു സമരം. ജനസംഖ്യയുടെ നാലിലൊന്നോളം വരുന്ന ജനവിഭാഗത്തിന്റെ നിലനിൽപ് ചോദ്യം ചെയ്യപ്പെടുന്ന വിഷയത്തിന്മേലുള്ള ഈ സഹന സമരം പൂർവീകരായ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള ഓർമകൾ പുതുക്കുന്നതു കൂടിയാണ്.

മുസ്‌ലിംകൾ കൂടി ഉൾച്ചേർന്നു നടത്തിയ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്നിക്കാണുന്ന ഇന്ത്യ ഉണ്ടായത്. നാനാ ജാതി മതസ്ഥരുടെയും രക്തം ഒന്നിച്ചു ചേർന്നൊഴുകിയ ചരിത്രമുണ്ട് ഈ മണ്ണിന്. എന്നാൽ അതിൽ ഒരു തുള്ളിച്ചോര പോലും കലർന്നിട്ടില്ല, ആർ.എസ്.എസ്സിന്റേതായി. അതുകൊണ്ട് തന്നെ വിശുദ്ധ രക്തമൊഴുക്കി നേടിയെടുത്തതാണ് ഭാരതമെന്ന് നമുക്ക് അവകാശപ്പെടാനാവുന്നു. എന്നിട്ട് അവരിപ്പോൾ വന്ന് മുസ്‌ലിംകളോടു പറയുന്നു, നിങ്ങളെ ഞങ്ങൾക്കു വേണ്ടാ എന്ന്. ഈ 'ഞങ്ങൾ' ആരാണ്? രാജ്യത്തിന്റെ ആത്മാവിനെ അറിയാത്തവരാണ്. അവരോട് നേർക്കുനേരെ പറയേണ്ടത് പോടാ എന്നാണ്. ബ്രിട്ടീഷുകാരന്റെ മുഖത്തു നോക്കി മുസ്‌ലിമിന്റെ ബാപ്പ അങ്ങനെ പറഞ്ഞിട്ടുണ്ട്. വെളുത്തു തുടുത്ത ബ്രിട്ടീഷുകാരന്റെ മുഖത്തേക്കു തുപ്പീട്ടുണ്ട്. രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ പ്രവാചകൻ മുഹമ്മദ് നബിയുടെ അനുചരനാണ് ഇന്ത്യയിലെ മുസ്‌ലിം. രാജ്യത്തോട് കൂറു പുലർത്തിയില്ലെങ്കിൽ മുസ്‌ലിമിന്റെ വിശ്വാസം പൂർത്തിയാവുകയില്ലെന്ന് പഠിപ്പിച്ച പ്രവാചകന്റെ പിൻഗാമി. അവൻ രാജ്യസ്‌നേഹം ബോധ്യപ്പെടുത്തേണ്ടത് ദൈവത്തിന്റെ മുമ്പിലാണ്. മോദിയുടെയും അമിത്ഷായുടെയും മുമ്പിലല്ല.

എന്നാൽ ഇത് മുസ്‌ലിംകൾക്ക് മാത്രമുള്ള നാടല്ല. ബഹുസ്വരതയാണ് ഇന്ത്യയുടെ സൗന്ദര്യം. ഓരോജാതി - മതങ്ങൾ പ്രത്യേകം അജണ്ട സെറ്റ് ചെയ്ത് പ്രാവർത്തികമാക്കുക സാധ്യമല്ല. ഇന്ത്യ അത് അംഗീകരിക്കില്ല. അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന സമരങ്ങളുടെ പൊരുൾ.

കോഴിക്കോട് കടപ്പുറത്ത് ഒരു മാസത്തിലേറെക്കാലമായി മുസ്‌ലിം യൂത്ത്‌ലീഗ് പ്രവർത്തകർ നടത്തി വരുന്ന സമരവും വിളംബരം ചെയ്യുന്നത് മഹത്തായ ഈയൊരു സന്ദേശമാണ്. പിന്നിട്ട ദിവസങ്ങളിൽ ഇവിടെ വന്നു - പോയ കേരളത്തിന്റെ രാഷ്ട്രീയ - സാമൂഹിക - സാംസ്‌ക്കാരിക - കലാ കായിക മേഖലകളിലെ പ്രമുഖരുടെ പങ്കാളിത്തം അടയാളപ്പെടുത്തുന്നത് യൂത്ത്‌ലീഗിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ അകപ്പൊരുളിനെയാണ്. ചരിത്രത്തിന്റെ ഓളം വെട്ടുകൾ അവസാനിച്ചിട്ടില്ലാത്ത ഈ കടലോരത്തെത്തിയ ഡോ: കെ.കെ.എൻ കുറുപ്പ്, ജസ്റ്റിസ് കെമാൽ പാഷ, രാംപുനിയാനി, ഖദീജ മുംതസ്, കെ.പി രാമനുണ്ണി, അബ്ദുൽ സമദ് സമദാനി, ഫഹീമാ ഇർഷാദ്, ജോയ് മാത്യു, പി. സുരേന്ദ്രൻ, ഡോ: എം.കെ മുനീർ, ബാഷാസിങ്, എം.എൻ കാരശ്ശേരി, നടൻ മാമുക്കോയ, കെ.എം ഷാജഹാൻ, വി.ടി മുരളി, പി.കെ പാറക്കടവ്, എൻ.പി ഹാഫിസ് മുഹമ്മദ്, മുതിർന്ന അഭിഭാഷകരായ ഹാരിസ് ബീരാൻ, രശ്മിത, വിമല ബിനു, ഹരീഷ് വാസുദേവന്‍, മുഹമ്മദ് ഷാ തുടങ്ങിയവരൊക്കെ ഉണർത്തിയതും ഉദ്ധരിച്ചതും മുസ്‌ലിംകളാദി പിന്നാക്ക സമൂഹം സ്വാതന്ത്ര്യ സമരത്തിൽ നിർവഹിച്ച പങ്കിനെക്കുറിച്ചാണ്. കഥയും കവിതയും പാട്ടും നാടകവും അനുകരണ കലകളും പുസ്തക പ്രകാശന ചടങ്ങുകളും കൊണ്ട് നമ്മുടെ മഹത്തായ മതേതര പൈതൃകത്തിന്റെ തെളിച്ചമായി മാറിയ ഈ ഷാഹീൻ ബാഗിനെക്കുറിച്ച് രണ്ടുപേരാണ് അസഹിഷ്ണുത കാണിച്ചത്. ഒന്ന് കെ. സുരേന്ദ്രനും മറ്റൊന്ന് എളമരം കരീമും. സുരേന്ദ്രന്, കോഴിക്കോടിന്റെ മണ്ണിൽ നിന്ന് ഈ സമരത്തിനു നേരെ എങ്ങനെയാണ് തീവ്രവാദം ഉന്നയിക്കാൻ കഴിഞ്ഞു എന്നതിൽ നമുക്കത്ഭുതമുണ്ട്. ഇരിക്കാൻ പറയുമ്പോൾ പാർട്ടിക്കു മുമ്പിൽ മുട്ടിട്ട് ഇഴഞ്ഞു കൊടുക്കാൻ ബാധ്യതയുള്ള ഒരാളെന്ന നിലക്ക് നമുക്കത് വകവെച്ചു കൊടുക്കാം. എന്നാൽ എളമരം കരീം, കോഴിക്കോട്ടുകാർക്ക് കരീംക്കയാണ്. ഈയൊരു അടുപ്പം മുസ്‌ലിം യൂത്ത് ലീഗുകാരിൽ നിന്ന് മുറിച്ചു മാറ്റരുതായിരുന്നു അദ്ദേഹം.

വാരിയൻ കുന്നത്ത് കുഞ്ഞഹ്മ്മദാജിയെക്കുറിച്ചും പുതിയൊരു ആക്ഷേപം ഉന്നയിച്ചു തുടങ്ങിയിരിക്കുന്നു ബി.ജെ.പിക്കാർ. അദ്ദേഹം തീവ്രവാദി ആയിരുന്നു എന്ന്. സ്വതന്ത്ര ഇന്ത്യക്ക് അഭിമാനിക്കാവുന്നതായിരുന്നു ആ തീവ്രവാദം. അദ്ദേഹം ജീവിച്ചത് അറേബ്യയിലല്ല, ഇതാ നമ്മുടെ മൂക്കിനു മുമ്പിൽ മലപ്പുറത്ത് നെല്ലിക്കുത്തിൽ (1866 - 1922).ബ്രിട്ടീഷുകാർ അദ്ദേഹത്തെ തൂക്കിക്കൊന്നിട്ട് 92 വർഷങ്ങളേ ആയുള്ളു. നമുക്ക് തൊട്ടറിയാവുന്ന ചരിത്ര സത്യങ്ങളെ മിഥ്യയാക്കി മാറ്റുക ആർ.എസ്.എസ് അജണ്ടയാണല്ലൊ.

തൂക്കിലേറ്റാൻ സമയമായപ്പോൾ അന്ത്യാഭിലാഷമായി കുഞ്ഞഹ്മ്മദാജി ആവശ്യപ്പെട്ടത് നേർക്കുനേരെ മുഖത്തു നോക്കി നെഞ്ചിലേക്ക് വെടിവെക്കണമെന്നായിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി ഇങ്ങനെ ജീവനർപ്പിച്ച ഒരൊറ്റ ആർ.എസ്.എസുകാരനെ എവിടെയെങ്കിലുമൊന്ന് കേൾപിച്ചു തരാനെങ്കിലുമാവുമൊ? ഈ ഹാജിയുടെ പിൻമുറക്കാരാണ് കോഴിക്കോട് കടപ്പുറത്ത് ഷാഹീൻ ബാഗ് ഒരുക്കിയിരിക്കുന്നത്. അവരെ പിന്തിരിപ്പിക്കാൻ തെരുവ് വെല്ലുവിളികൾ കൊണ്ടാവില്ല. അവർ തീവ്രവാദികളാണെന്നേ കെ. സുരേന്ദ്രൻ പറയാവൂ. കാരണം സ്വാതന്ത്ര്യ സമരത്തിന്റെ ഒറ്റുകാരുടെ സംസ്ഥാന പ്രസിഡണ്ടാണദ്ദേഹം.

ബ്രിട്ടീഷുകാരെ തുരത്താൻ ചെറു സാമ്രാജ്യമുണ്ടാക്കി സൈന്യത്തെ സജ്ജമാക്കിയ കുഞ്ഞഹ്മ്മദാജി, തുല്യ പ്രാധാന്യത്തോടെയാണ് ഹിന്ദു - മുസ്‌ലിം ഐക്യത്തിനും ശ്രമിച്ചത്. മുസ്‌ലിംകളിൽ ഉണ്ടെന്നു തോന്നിയ അമിതാവേശക്കാരെ അദ്ദേഹം ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്തു. റിട്ട: ഇൻസ്പക്ടർ ചേക്കുട്ടിയെ എന്ന പോലെ കൊണ്ടോട്ടി ഖുബ്ബയിലെ മൊല്ലാക്കയെയും വെടിവെച്ചു കൊന്നു. മാപ്പിളമാരെയാണ് അദ്ദേഹം അനുസരണം പഠിപ്പിച്ചത്. ഒടുവിൽ ചതിയിൽ പെടുത്തിയല്ലെ അദ്ദേഹത്തെയും കൊന്നത്. ഒത്തുതീർപ്പിന് വിളിപ്പിക്കപ്പെട്ട്, ശത്രുക്കളുടെ മുമ്പിലെത്തിയ ഹാജി, പൊലീസുദ്യോഗസ്ഥന് ഹസ്തദാനത്തിന് കൈ നീട്ടിയപ്പോൾ, പ്രത്യഭിവാദ്യത്തിനു പകരം ആ കൈകളിൽ വിലങ്ങു വെച്ച് ചതിക്കുകയായിരുന്നു മോദിയുടെയും അമിദ്ഷായുടെയും പഴയകാല യജമാനൻമാർ. എന്നിട്ടും ഉൾക്കൊള്ളുന്നില്ല, കുഞ്ഞഹ്മ്മദാജിയെ എങ്കിൽ, നമുക്ക് മനുഷ്യരോടെ സംവാദിക്കാനാവൂ എന്നേ പറയാനുള്ളൂ.

ചതി, വഞ്ചന, നുണ, നിർദ്ദയത്വം തുടങ്ങിയ അധമ പ്രവണതകളുടെ വിചാര ധാരയിൽ ആണ്ടു കിടക്കുന്ന ബ്രിട്ടീഷുകാരുടെ ഒത്താശക്കാർ എത്രയോ കൊല്ലങ്ങൾ കഴിഞ്ഞിട്ടും ഈ രീതികളൊക്കെ ആവർത്തിക്കുകയാണിവിടെ. ഒരു രാജ്യവും എക്കാലവും ഒരു കൂട്ടർ തന്നെ ഭരിക്കുകയില്ലെന്ന ലോക സത്യത്തെപ്പോലും ഇവർ ഉൾക്കൊള്ളുന്നില്ല. ജനകീയ പ്രക്ഷോഭങ്ങൾ ഭരണകൂടത്തിനും കോടതികൾക്കും പാർലമെന്റിനും അപ്പുറത്തെ മിറാക്ക്ൾ ആണ്. ഇന്ത്യൻ അന്തരീക്ഷത്തെ മുഖരിതമാക്കുന്ന ഷാഹീൻ ബാഗുകളിലെ മുദ്രാവാക്യം മരണാസന്നനു കേൾപിക്കുന്ന അന്ത്യ കൂദാശാ ഗീതികളാണെങ്കിൽ, മോദി - അമിത് ഷാ കൂട്ടുകെട്ടിന്റെ ശവകുടീരത്തിൽ വെക്കാനുള്ള ത്രാസക്കല്ലായി മാറുന്നു മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് ചേർത്തു പിടിച്ച ഷാഹീൻ ബാഗെന്ന് തറപ്പിച്ചു പറയട്ടെ.

Next Story
Read More >>