സഹജീവികൾ ശ്വാസംമുട്ടുമ്പോൾ... മാധ്യമങ്ങളുടെ ഡപ്പാം കൂത്ത് ആർക്കുവേണ്ടി?

രണ്ട്‌ ചാനലുകളുടെ കഴുത്ത്‌ പിടിച്ചപ്പോള്‍ ബാക്കി ചാനലുകള്‍ എന്തു ചെയ്‌തു എന്ന്‌ നമ്മള്‍ ചോദിക്കരുത്‌. സഹോദരങ്ങള്‍ രണ്ടു പേര്‍ അപകടത്തില്‍ പെട്ടാല്‍ നമ്മള്‍ സാധാരണ എന്താണ്‌ ചെയ്യുക അത്‌ ഉന്നതമൂല്യങ്ങള്‍ സൂക്ഷിക്കുന്ന പ്രമുഖ ചാനലുകളില്‍ നിന്നും ആരും പ്രതീക്ഷിക്കരുതായിരുന്നു.

സി നാരായണൻ

(കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി)

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ഉള്‍പ്പെടെ മലയാളത്തിലെ രണ്ട്‌ പ്രമുഖ ചാനലുകളെ ശിക്ഷിച്ച കേന്ദ്രസര്‍ക്കാരിനെതിരെ, ശിക്ഷ നടപ്പാക്കുകയും പിന്‍വലിക്കുകയും ചെയ്‌ത ശേഷം, സംഭവം ചാനലുകള്‍ അടപ്പിച്ച്‌ ഏതാണ്ട്‌ 24 മണിക്കൂറിനു ശേഷം കെ.ടി.എഫ്‌. അഥവാ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ എന്ന ചാനല്‍ മുതലാളി സംഘടന രംഗത്തു വന്നിരിക്കുന്നു സുഹൃത്തുക്കളേ....

പ്രതിഷേധിക്കാന്‍ ഒട്ടും വൈകിയിട്ടില്ല....

രണ്ട്‌ ചാനലുകളുടെ കഴുത്ത്‌ പിടിച്ചപ്പോള്‍ ബാക്കി ചാനലുകള്‍ എന്തു ചെയ്‌തു എന്ന്‌ നമ്മള്‍ ചോദിക്കരുത്‌. സഹോദരങ്ങള്‍ രണ്ടു പേര്‍ അപകടത്തില്‍ പെട്ടാല്‍ നമ്മള്‍ സാധാരണ എന്താണ്‌ ചെയ്യുക അത്‌ ഉന്നതമൂല്യങ്ങള്‍ സൂക്ഷിക്കുന്ന പ്രമുഖ ചാനലുകളില്‍ നിന്നും ആരും പ്രതീക്ഷിക്കരുതായിരുന്നു.

സഹപ്രവര്‍ത്തകരുടെ മരണമറിഞ്ഞിട്ടും സദ്യയും കാവടിയാട്ടവും ഡപ്പാംകൂത്തും തുടര്‍ന്ന മുഖ്യധാരാ ടെലിവിഷന്‍ മുതലാളിമാര്‍ക്ക്‌ മാധ്യമസ്വാതന്ത്ര്യം ഒരു കറവപ്പശു മാത്രമാണ്‌ എന്ന്‌ മനസ്സിലാവാത്ത സമൂഹമാണ്‌ ഇവിടുള്ളത്‌.

മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ എല്ലാവരും പ്രതിഷേധിച്ചു കഴിഞ്ഞ്‌ തെരുവും കാലിയാക്കിയ ശേഷമാണ്‌ ഇതില്‍ ആദ്യം പ്രതിഷേധിക്കേണ്ടിയിരുന്ന കേരള ടെലിവിഷന്‍ ഫെഡറേഷന്‍ വന്നിരിക്കുന്നത്‌...ഈ ജാഗ്രത അപാരം. ഇവരൊക്കെ ഇനീം ജനത്തെ ഉദ്‌ബോധിപ്പിക്കാന്‍ വരും...അനീതിക്കെതിരെ പടവാളാകാന്‍ ആഹ്വാനം ചെയ്‌ത്‌, ഭരണഘടനയുടെ 19-1a വകുപ്പിന്റെ സംരക്ഷകരാവും. ജനക്കൂട്ടത്തിന്റെ ഓര്‍മ ഹ്രസ്വമായത്‌ ഇവര്‍ക്കൊക്കെ രക്ഷ....

പത്രങ്ങളുടെ കാര്യം പിന്നെ അതിലും ഗംഭീരം.

ഇരട്ടക്കുട്ടികള്‍ ഒരുമിച്ച്‌ സ്‌കൂളില്‍ പോയാല്‍ ഒന്നാം പേജ്‌ വാര്‍ത്തയായി നിശ്ചയിച്ച്‌ അരപേജില്‍ ഡിസ്‌പ്ലേ ചെയ്യുന്ന മലയാള പത്രാധിപന്‍മാര്‍ക്ക്‌ രാജ്യത്തെ ഞെട്ടിച്ച ഒരു വാര്‍ത്ത, വാര്‍ത്തയല്ലാതെ പോയി. ഹിന്ദു, ഇന്‍ഡ്യന്‍ എക്‌സപ്രസ്‌, ടെലഗ്രാഫ്‌ തുടങ്ങിയ ഇംഗ്ലീഷ്‌ പത്രങ്ങള്‍ പോലും ഒന്നാം പേജില്‍ ഗംഭീരമായി ഡിസ്‌പ്ലേ ചെയ്‌ത ഈ സംഭവം മലയാളത്തിലെ ഒന്നാം പത്രവും രണ്ടാം പത്രവും കൊടുത്തത്‌ എങ്ങിനെയാണെന്ന്‌ പ്രത്യേകിച്ചിനി വിശദീകരിക്കേണ്ടതില്ല. ആവശ്യത്തിലധികം മൂല്യബോധവും മാധ്യമസ്വാതന്ത്ര്യസംരക്ഷണ വ്യഗ്രതയും പത്രങ്ങള്‍ പ്രതിപക്ഷമാണ്‌ എന്ന ഭാവവും ഉള്ളവര്‍ക്ക്‌ ഒന്നാം പേജില്‍ ഒറ്റക്കോളം അഞ്ച്‌ സെന്റീമീറ്റര്‍ നീളത്തിലെങ്കിലും ഈ വാര്‍ത്ത വായനക്കാരനു നല്‍കാന്‍ തോന്നിയില്ല. ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്‌ നിങ്ങള്‍ കാണിച്ചും എഴുതിയും കൊള്ളണം എന്ന്‌ മോദി സര്‍ക്കാര്‍ പറയുന്നതു പോലെ തന്നെയല്ലേ നിങ്ങള്‍ പ്രതീക്ഷിക്കുന്ന വാര്‍ത്തയൊന്നും ഞങ്ങള്‍ക്ക്‌ വലിയ വാര്‍ത്തയല്ല എന്ന്‌ മലയാളപത്രപ്രസാധകര്‍ പറയുന്നതും.

ഒരു ഉപഭോക്താവ്‌ എന്ന നിലയില്‍ പത്രം വാങ്ങുന്ന വ്യക്തിക്ക്‌ അവകാശമൊന്നുമില്ല. അയാള്‍ക്ക്‌ വായിക്കാന്‍ ഇന്ന്‌ ഏറ്റവും ആവശ്യമുള്ള വാര്‍ത്ത നിങ്ങള്‍ നല്‍കില്ല, തമസ്‌കരിക്കും, അല്ലെങ്കില്‍ വെട്ടി നിരത്തി മൂന്ന്‌ വരിയാക്കി വിടും. എന്നിട്ട്‌ നിങ്ങള്‍ തീരുമാനിക്കും ഏത്‌ വാര്‍ത്ത ഉപഭോക്താവിനെ തീറ്റിക്കണം എന്ന്‌. അതിനപ്പുറത്ത്‌ വാര്‍ത്തയ്‌ക്കടിസ്ഥാനമായി നിങ്ങള്‍ കാണുന്ന പ്രാധാന്യം എന്താണ്‌...?

ഒന്നുമില്ലെങ്കിലും ഒന്നാം പേജില്‍ ഒരു സൂചനാവാചകം നല്‍കി ഉള്‍പേജില്‍ അല്‍പം മര്യാദയ്‌ക്ക്‌ നല്‍കാന്‍ പോലും, പോട്ടെ, അഞ്ച്‌ കാലുള്ള ആട്ടിന്‍കുട്ടി ജനിച്ചാല്‍ പോലും അനാലിസിസ്‌ ലേഖനം എഴുതിക്കുന്ന ഇക്കാലത്തെ എഡിറ്റ്‌ പേജ്‌ പത്രാധിപന്‍മാര്‍, സ്വന്തം നാവ്‌ അന്നനാളത്തിലേക്ക്‌ ഒതുക്കിയാലും മറ്റാരുടെയെങ്കിലും തലയിലിട്ട്‌ കൊടുക്കാവുന്ന തരത്തില്‍ ഒരു പ്രതികരണക്കുറിപ്പെങ്കിലും ഉള്‍പ്പേജിലെങ്കിലും ഉള്‍പ്പെടുത്താന്‍ തയ്യാറാവാതിരുന്നതിനെപ്പറ്റി എന്തു പറയാന്‍.....അക്കാര്യത്തില്‍ എല്ലാ മുതലാളിമാരും പത്രാധിപരും ഒറ്റക്കെട്ടായി നിന്നു എന്നതില്‍ അഭിമാനിക്കാം....

മാധ്യമസ്വാതന്ത്ര്യത്തിനായുള്ള പ്രതിഷേധം എന്നൊക്കെ പറഞ്ഞ്‌ ഒന്നാം പേജ്‌ മുഴുവന്‍ കറുത്ത ചായമടിച്ച്‌ ശൂന്യമാക്കിയിട്ട്‌ പത്രമിറക്കിയവര്‍ നയിക്കുന്ന പ്രമുഖപത്രമൊക്കെയുണ്ടല്ലോ...എല്ലാം വെറും കച്ചവട ഗിമ്മിക്കല്ലെന്ന്‌ തെളിയിക്കാന്‍ കഴിയാതെ പോയ പരാജയത്തിന്‌ ചരിത്രം നാളെ ഓര്‍ത്തു വെച്ച്‌ നിങ്ങളോട്‌ ചോദ്യങ്ങള്‍ ഉയര്‍ത്തിയേക്കാം... മാധ്യമസ്വാതന്ത്ര്യം ചുടലയില്‍ നീറിയപ്പോള്‍ ആ ചൂടിനാല്‍ ശീതം കാഞ്ഞിരുന്നവര്‍ ചരിത്രത്തിനു മുന്നില്‍ പരിഹാസ്യരായിത്തീരുക തന്നെ ചെയ്യും...

" ഒടുവില്‍ അവര്‍ എന്നെ തേടി വന്നു, പക്ഷേ അപ്പോള്‍ എനിക്കു വേണ്ടി സംസാരിക്കാന്‍ ആരും ബാക്കി ഉണ്ടായിരുന്നില്ല"--മാര്‍ട്ടിന്‍ നെയ്‌മുള്ളര്‍ എന്ന ജര്‍മ്മന്‍കാരനായ പാസ്റ്റര്‍, കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനായ, ഹിറ്റ്‌ലര്‍ക്കു വേണ്ടി ആദ്യം സംസാരിച്ച്‌ പിന്നീട്‌ ഹിറ്റ്‌ലറുടെ അമിതാധികാരത്തെ ചോദ്യം ചെയ്‌ത പുരോഹിതന്‍, കുറിച്ച കവിതയിലെ ഈ അവസാനവരി പോലെ ചരിത്രത്തില്‍ നമ്മള്‍ ഒറ്റപ്പെടാതിരിക്കട്ടെ...


Next Story
Read More >>