വിഷാദത്തിന്റെ അലകളുയർത്തിയ ആർദ്ര ഗംഭീര ശബ്ദം

ദുരിതപ്പെയ്ത്തിന്റെ ബാല്യം. ഭക്ഷണം അപൂർവ്വമായി കിട്ടിയിരുന്ന കുട്ടിക്കാലം. പാറപൊട്ടിച്ച് ജില്ലിയാക്കുന്ന തൊഴിലിൽ തുടങ്ങി, തീപ്പെട്ടി കമ്പനി ചുമടെടുപ്പ് എന്നിവയിലൂടെ നീങ്ങിയ കൗമാര യൗവ്വന കാലങ്ങൾ. പട്ടിണിയിലും പ്രാരാബ്ധങ്ങളിലും തളരാതെ നിന്നത് കൂട്ടായിരുന്ന പാട്ട് കൊണ്ട് മാത്രം. വിശ്രമവേളകളിൽ പാടിയിരുന്ന പിഞ്ചായ നാള് തൊട്ട് പഞ്ചാര മാൻ ചുവട്ടിൽ കൊഞ്ചിക്കുഴഞ്ഞ് നടന്ന് പ്രണയിച്ചില്ലെ എന്ന വരികൾ പാട്ടിൽ മൂസയെ അരക്കിട്ടുറപ്പിക്കുകയായിരുന്നു

വിഷാദത്തിന്റെ അലകളുയർത്തിയ ആർദ്ര ഗംഭീര ശബ്ദം

താഹിർ ഇസ്മായിൽ ചങ്ങരംകുളം

മാപ്പിളപ്പാട്ടിന്റെ ഒരു യുഗം കൂടി അവസാനിക്കുന്നു. കരിമ്പനയോല കീറുന്ന ശബ്ദം കൊണ്ട് മാപ്പിളപ്പാട്ടിനെയും സഹൃദയ മനസ്സുകളെയും കീഴടക്കിയ എരഞ്ഞോളി മൂസ ഒരുപക്ഷെ മലബാറിന്റെ റാഫി എന്ന് വിശേഷിപ്പിക്കപ്പെട്ട എ.വി മുഹമ്മദ് എന്ന ഗായകനൊപ്പം ആസ്വാദക ലോകം ചേർത്തു കേട്ട പേരാണ്. പ്രകീർത്തനമായാലും ചരിത്രമായാലും ശൃംഗാരമായാലും ശബ്ദഗരിമകൊണ്ട് വരികൾ അനുസ്യൂതമായ ഭാവതലം തീർത്ത പൂർണതയുള്ള ഗായകൻ. വാക്കിലും പാട്ടിലും നിലപാടുകൾ തീർത്ത അപൂർവ്വം കലാകാരന്മാരിൽ ഒരാൾ. ജീവിതം പകർന്നു നൽകിയ അനുഭവങ്ങളുടെ സമ്പത്ത്. അതായിരുന്നു ഈ ഗായകന്റെ വെളിച്ചവും വഴികാട്ടിയും.

ദുരിതപ്പെയ്ത്തിന്റെ ബാല്യം. ഭക്ഷണം അപൂർവ്വമായി കിട്ടിയിരുന്ന കുട്ടിക്കാലം. പാറപൊട്ടിച്ച് ജില്ലിയാക്കുന്ന തൊഴിലിൽ തുടങ്ങി, തീപ്പെട്ടി കമ്പനി ചുമടെടുപ്പ് എന്നിവയിലൂടെ നീങ്ങിയ കൗമാര യൗവ്വന കാലങ്ങൾ. പട്ടിണിയിലും പ്രാരാബ്ധങ്ങളിലും തളരാതെ നിന്നത് കൂട്ടായിരുന്ന പാട്ട് കൊണ്ട് മാത്രം. വിശ്രമവേളകളിൽ പാടിയിരുന്ന പിഞ്ചായ നാള് തൊട്ട് പഞ്ചാര മാൻ ചുവട്ടിൽ കൊഞ്ചികുഴഞ്ഞ് നടന്ന് പ്രണയിച്ചില്ലെ എന്ന വരികൾ പാട്ടിൽ മൂസയെ അരക്കിട്ടുറപ്പിക്കുകയായിരുന്നു.

പാട്ടുവഴികളുടെ നീർച്ചാലുകൾ

അരവ് കല്ല്യാണത്തിന്റെ രാവുകളിൽ പാട്ടുകാരിപ്പെണ്ണുങ്ങൾ പാടി തളരുമ്പോൾ കിട്ടുന്ന അവസരങ്ങൾ. മരപ്പലകയുടെ മുകളിൽ വെക്കുന്ന ടെർണർ മൈക്കിൽ അറിയാവുന്ന സിനിമാപാട്ടുകളും മാപ്പിളപ്പാട്ടുകളും നാടക ഗാനങ്ങളും പാടി തന്നിലെ പാട്ടുവഴികളുടെ നീർച്ചാലുകൾ തുറന്നിട്ടു മൂസ എന്ന പാട്ടുകാരൻ. എരഞ്ഞോളി ഗ്രാമീണ സമിതിയിലെത്തിക്കുന്നത് കൂട്ടുകാരായിരുന്ന ബാലനും വാസുവും ചേർന്നാണ്. വലിയകത്ത് മൂസ എന്ന പാട്ടുകാരൻ ഗ്രാമീണ സമിതിയിലെ പാട്ടുകാരനായി മാറിയെങ്കിലും പൊതുയിടങ്ങളിൽ എത്തിയില്ല. എന്നാൽ അധികം വൈകാതെ അരങ്ങേറ്റുപറമ്പിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംഗീത ഉപകരണങ്ങളുടെ അകമ്പടിയിൽ മൂസപാടി. 'അരിമുല്ലപ്പൂമണം നല്ലോളെ' എന്ന പാട്ട്. എസ്.എം കോയ എന്ന പ്രശസ്ത പാട്ടുകാരൻ പാടി പ്രസിദ്ധമാക്കിയ പാട്ട് മൂസ മനോഹരമായി പാടി.

പാട്ടും പാട്ടുകാരനേയും സദസ്സ് ഏറ്റെടുത്തു. മൂസ എന്ന പാട്ടുകാരൻ അവിടെ ജന്മം കൊള്ളുകയായിരുന്നു. നാടകങ്ങളുടെ പിന്നണിയിലേക്കായിരുന്നു ആദ്യ ചുവടുവയ്പ്. അനുഭവങ്ങളും അവസരങ്ങളും ഒട്ടും മോശമായില്ല. മീശമുളക്കാത്ത സമയത്ത് തന്നെ കേരളത്തിനകത്തും പുറത്തും നാടകങ്ങളുടെ പിന്നണിയിൽ മൂസ സജീവമായി. നാടകം കേരളത്തിനുപുറത്ത് വിരാജ്പേട്ടയിൽ പോയി അരങ്ങേറിയപ്പോഴും പിന്നണിയിൽ മൂസ തന്നെ. 'വിരാജ്പേട്ടയിൽ പോയി പാടിയ ഗായകൻ' എന്ന ഖ്യാതി മൂസക്ക് വലിയ മാനം നൽകപ്പെട്ടു. എങ്കിലും നിത്യജീവിതം തിരയൊടുങ്ങാത്ത സാഗരമായി മുന്നിൽ നിന്നു.

രാഘവൻ മാഷിന്റെ കൈപിടിച്ച്

മട്ടാമ്പ്രം മാർക്കറ്റിലെ ചുമട്ട് ജോലിയായിരുന്നു ജീവിത മാർഗ്ഗം. വിയർപ്പൊഴുക്കിന്റെ എല്ലുമുറിയലുകൾക്കിടയിലും 'തലശ്ശേരി ടെലിച്ചറി ക്ലബിലേക്ക് ഓടിയെത്തി പാട്ടിൽ മുഴുകുന്ന ചെറുപ്പക്കാരനെ ഒരാൾ വല്ലാതെ ശ്രദ്ധിച്ചു. ഒരു ദിവസം ആ വെള്ള വസ്ത്രക്കാരൻ മൂസയുടെ കൈപിടിച്ചു ആകാശവാണിയിലെത്തിച്ച് പാട്ടുപാടിച്ചു. വലിയകത്ത് മൂസയെ 'എരഞ്ഞോളി മൂസ'യാക്കിയ ആ മനുഷ്യൻ മലയാള സംഗീതലോകത്തെ ശ്രേഷ്ഠ സംഗീത സംവിധായകനായി അറിയപ്പെട്ട കെ. രാഘവൻ മാഷായിരുന്നു.

രാഘവൻ മാഷുമായി ഒന്നിച്ചതുമുതൽ മൂസയുടെ സംഗീതയാത്രയിൽ വന്ന മാറ്റങ്ങൾ ഈ ഗായകനെ അടയാളപ്പെടുത്തുകയായിരുന്നു. പതിയെ കല്ല്യാണ സദസ്സുകളിലെ ഗാനമേളകളിലും പൊതു പരിപാടികളിലും എരഞ്ഞോളി മൂസ ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങി. അപ്പോഴും ഉപജീവനം ചുമട്ടു തന്നെയായിരുന്നു. ഒരു ദിവസം രാവിലെ ജോലിക്കിടയിൽ തന്നെ വന്ന് കാണാൻ വന്ന വ്യക്തിയെ കണ്ടപ്പോൾ മൂസയുടെ ഉള്ളം കുളിർത്തു. മാപ്പിളപ്പാട്ടിന്റെ എല്ലാമായ വി.എം കുട്ടി. ആ കലാകാരന്റെ ആദ്യചോദ്യം തന്നെ മൂസയുടെ ഉള്ളിൽ ചിരിയുണർത്തി. 'ഇവിടെ പാട്ടുപാടുന്ന ഒരു മൂസയുണ്ടോ'?. പറഞ്ഞോളൂ മാഷേ എന്ന ഉത്തരത്തിന് എനിക്ക് മൂസയെ ആണ് കാണേണ്ടത് എന്നായിരുന്നു മറുപടി. തോളിൽ കിടന്നിരുന്ന ചാക്ക് താഴേക്ക് വെച്ചശേഷം മൂസ വിനയാന്വിതനായി ചെറുചിരിയിൽ പറഞ്ഞു. ഞാൻ തന്നെയാണ് മാഷ് ഉദ്ദേശിച്ച പാട്ടുകാരൻ മൂസ.


അത്ഭുതം നിറഞ്ഞ വി.എം കുട്ടിയുടെ മുഖം മൂസ മരണം വരെ രസകരമായി സ്മരിച്ചിരുന്നു. മാപ്പിള ഗാനമേളകൾ സമൃദ്ധമായി അരങ്ങേറ്റം കുറിച്ചത് തൊട്ട് ആലാപന രംഗത്ത് മൂസ സജീവമായി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഗ്രാമഫോൺ റെക്കോഡിലെ പാട്ടുകൾ മൂസക്ക് നേടിക്കൊടുക്കുന്ന ഖ്യാതി വളരെ വലുതായിരുന്നു. ബെസ്റ്റ് സെല്ലർ പട്ടികയിൽ സ്ഥാനം പിടിച്ച മൂസയുടെ ശബ്ദം മലയാളി ഏറ്റെടുത്തു. പ്രശസ്തിയുടെ കൊടുമുടിയിൽ എരഞ്ഞോളി മൂസ എന്ന നാമം അവരോധിക്കപ്പെട്ടു. എങ്കിലും താൻ പാട്ടിലേക്ക് വന്ന വഴി മറക്കാൻ മൂസക്കാകുമായിരുന്നില്ല. അത് തെളിയിക്കുന്ന ഒരു സംഭവം ആയിടക്ക് നടന്നു.

ഗൾഫുകാരുടെ പ്രിയഗായകൻ

വടകര സ്‌കൂൾ ഗ്രൗണ്ടിൽ ഒരു ഗാനമേള മത്സരം. മൂസയുടേതടക്കം അഞ്ചോളം സംഘങ്ങൾ അതിൽ പങ്കെടുത്തു. വി.എം കുട്ടി, പീർ മുഹമ്മദ്, എം.പി ഉമ്മൻകുട്ടി, കെ.എസ് മുഹമ്മദ് കുട്ടി എന്നിവരുടേതായിരുന്നു മറ്റ് സംഘങ്ങൾ. അതിൽ മൂസയായിരുന്നു ഏറ്റവും നല്ല പാട്ടുകാരനായി തിരഞ്ഞെടുക്കപ്പെട്ടത്. അക്കാലത്തെ ഏറ്റവും ശ്രദ്ധേയനായിരുന്ന നിത്യഹരിത നായകൻ പ്രംനസീർ നല്ല ഗായകനുള്ള സ്വർണ്ണ പതക്കം അണിയിക്കാൻ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ തന്റെ പ്രിയമാതാവ് വലിയകത്ത് ആസ്യയുടെ കൈയും പിടിച്ച് വേദിയിലേക്ക് കയറി ചെന്ന് ഉമ്മയുടെ നെഞ്ചിൽ അത് ചാർത്തിച്ച മൂസ എന്ന പാട്ടുകാരന്റെ ചിരിച്ച മുഖം കലാകേരളം മറക്കുകയില്ല. പിന്നീടങ്ങോട്ട് മൂസ എന്ന പാട്ടുകാരന്റെ കലാമികവ് കേരളവും കടന്ന് മറുനാടുകളിലേക്കും പകർത്തപ്പെട്ടു.

ഗൾഫിൽ മാത്രം ആയിരത്തിലേറെ വേദികളിൽ ആ സ്വരം നിറഞ്ഞു. ഒരു മാപിളപ്പാട്ടു ഗായകനും ഇന്നേവരെ എത്തിപ്പിടിക്കാൻ കഴിയാത്ത ചരിത്രമായി അത് നിലകൊള്ളുന്നു. മലയാള സംഗീത രംഗത്തെ ഒട്ടുമിക്ക പ്രഗത്ഭരുമായും ഒന്നിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞത് മൂസയുടെ ഭാഗ്യമായി വിലയിരുത്തപ്പെട്ടുന്നു. രാഘവൻമാഷ്, പി.ടി അബ്ദുറഹിമാൻ, ചാന്ദ് പാഷ, കാനേഷ് പൂനൂർ, വി.എം കുട്ടി, വിളയിൽ ഫസീല... അങ്ങിനെ നീളുന്ന നിര. 1979 ലാണ് മൂസ സിനിമ പിന്നണിയിൽ സാന്നിധ്യമറിയിച്ചത്. ഡോ: എം.എൻ കാരശ്ശേരി തിരക്കഥയെഴുതിയ പതിനാലാം രാവ് എന്ന ചിത്രത്തിൽ ഫസീലക്കൊപ്പം മണവാട്ടി കരംകൊണ്ട് മുഖംമറച്ച് എന്ന പൂവ്വച്ചൽ ഖാദറിന്റെ ഗാനം കെ.രാഘവൻ മാഷിന്റെ ശിക്ഷണത്തിലും 2015 ൽ ഗോപി സുന്ദറിന്റെ മേൽനോട്ടത്തിൽ നിക്കാഹ് എന്ന സിനിമക്ക് വേണ്ടി അപ്പങ്ങളെമ്പാടും എന്ന കെ.ടി മൊയ്തീന്റെ ഗാനവും സിനിമകളിൽ ആലപിച്ചു. 2003 ൽ പുറത്തിറങ്ങിയ കമലിന്റെ ഗ്രാമഫോൺ എന്ന ചിത്രത്തിൽ അങ്കിൾ എന്ന സംഗീത വാദനക്കാരന്റെ വേഷത്തിൽ പ്രത്യക്ഷപ്പട്ട് നടനകലയിലെ തന്റെ പ്രാവീണ്യവും രേഖപ്പെടുത്താൻ മൂസക്ക് കഴിഞ്ഞു.

എണ്ണിയാലൊടുങ്ങാത്ത പാട്ടുകൾ

മാപ്പിളപ്പാട്ട് രംഗത്ത് മൂസക്ക സമ്മാനിച്ച പ്രശസ്ത പാട്ടുകളുടെ നിര എണ്ണിയാൽ ഒടുങ്ങാത്തതാണ്. ആകാശഭൂമി, മക്കാറല്ലിത്, ഇശാമുല്ല മലരെ, അരിമുല്ല പുഞ്ചിരി, പതിന്നാല് നൂറ്റാണ്ട്, മിഅ്റാജ് രാവിലെ, ഓമന മുഹമ്മദ്, മിസ്റിലെ രാജൻ, സമാനിൻ കുരിക്കൾ, ഏതെല്ലാം വർണ്ണങ്ങൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സൂപ്പർ ഹിറ്റുകൾ. മറ്റൊരു പ്രത്യേകത, നിലവിലുള്ള ജനകീയമായ ഇശലുകളിൽ നിന്ന് വഴിമാറി അത്രതന്നെ പരിചിത ഈണങ്ങളിലൂടെ കാമ്പും കരുത്തും നിറഞ്ഞ പാട്ടുകളെ ജനകീയമാക്കി എന്നതാണ്. ആ ശബ്ദത്തിൽ ആർദ്രതയുണ്ട്, ഗാംഭീര്യവുമുണ്ട്. ഒരു നല്ല പാട്ടുകാരന്റെ ശബ്ദത്തിൽ എപ്പോഴും ആർദ്രതയുണ്ടാവണം. ഗാംഭീര്യവും. കേൾവിക്കാരെ കീഴ്പ്പെടുത്തുന്ന രാസഘടകം ആ ശബ്ദത്തിലുണ്ട്. ഉന്നത പൗരുഷത്തിന്റെ അടയാളമായിരിക്കെ തന്നെ അത് നേർത്ത വിഷാദത്തിന്റെ ഒരലയെ ഉൾക്കൊള്ളുന്നുണ്ട്. അതായിരുന്നു മൂസയുടെ ശബ്ദത്തികവിന്റെ പൂർണത. ആലാപനത്തോടൊപ്പം താൻ ജീവിക്കുന്ന സാഹചര്യങ്ങളുമായും പൊതുയിടങ്ങളിലെ വിഷയങ്ങളുമായും നേരിട്ട് ഇടപെടുന്ന കലാകാരൻ കൂടിയായിരുന്നു മൂസ. കഴിഞ്ഞ വർഷം മണൽ മാഫിയയുമായി നേരിട്ട് ഏറ്റുമുട്ടി തന്റെ പ്രതിഷേധം അറിയിച്ച് കലാകാരന്റെ സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിച്ചു.

നിരവധി കലാകാരന്മാരെ പാട്ടിന്റെ രംഗത്തേക്ക് കൈപിടിച്ചുകൊണ്ടുവരികയും വേണ്ട വിധത്തിൽ പ്രോത്സാഹിപിക്കുകയും ചെയ്തു മൂസ. ആദരവുകളും അംഗീകാരങ്ങളും നിരവധി തേടിയെത്തി. സ്വദേശത്തും വിദേശത്തുമായി ആയിരത്തിലേറെ പുരസ്‌കാരങ്ങൾ നേടിയ മാപ്പിളപ്പാട്ട് ഗായകർ വേറെയുണ്ടാവില്ല.

മാപ്പിളപ്പാട്ടിന്റെ പാഠശാല

പാട്ടും കലകളും പാടാനും പ്രദർശിപ്പിക്കാനും മാത്രമല്ല പഠിപ്പിക്കാനും കൂടിയുള്ളതാണ് എന്ന പക്ഷത്തിൽ അതിന്റെ പ്രചാരണങ്ങൾക്കായി സമയം കണ്ടെത്തിയിരുന്നു. ഈ ശ്രമങ്ങൾ അദ്ദേഹത്തെ കൊണ്ടെത്തിച്ചത് കേരള ഫോക്ലോർ അക്കാദമിയുടെ പ്രവർത്തന മണ്ഡലത്തിലാണ്. നിരവധി കലാകാരന്മാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ആശ്രയമറ്റവരെ സഹായിക്കാനും തന്റെ വൈസ് ചെയർമാൻ സ്ഥാനം കൊണ്ട് എരഞ്ഞോളിക്ക് കഴിഞ്ഞു. കാണുമ്പോഴൊക്കെ തനിക്ക് ഇതൊക്കെ ചെയ്യാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യം അദ്ദേഹം പങ്കുവെക്കുമായിരുന്നു.

അസുഖ ബാധിതനായി കിടന്ന അവസാന നാളുകളിൽ കൂടെക്കൂടെ പോയികണ്ടിരുന്നപ്പോഴും മൂസക്ക് പങ്കുവെക്കുവാനുണ്ടായിരുന്നത് സംഗീതവഴികളിലെ നവധാരകളെ കുറിച്ചായിരുന്നു. പാട്ടിനെ ഇങ്ങിനെ ഉള്ളു തുറന്നു സ്നേഹിച്ച ഒരു കലാകാരൻ ഉണ്ടോ എന്ന് തന്നെ സംശയം. ദിവസങ്ങൾക്ക് മുമ്പാണ് ശബ്ദം നഷ്ടപ്പെടുന്നത.് അത് മൂസയെ വല്ലാതെ തളർത്തി. എങ്കിലും ഒടുക്കം വരെ തന്റെ ആർജവം കൈവെടിയാൻ തയ്യാറായില്ല.

ശ്വാസകോശത്തിന് ബാധിച്ച അസുഖം എളുപ്പത്തിൽ സുഖപ്പെടുകയില്ല എന്നറിയാമായിട്ടും വെറുതെ ആഗ്രഹിച്ചിരുന്നു ഈ കലാകാരൻ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന്. 1940 മാർച്ച് 18ന് വലിയേടത്ത് അബ്ദുവിന്റെയും വലിയകത്ത് ആസ്യയുടെയും മകനായി തലശ്ശേരിയിലെ എരഞ്ഞോളിയിൽ തളിർത്ത ആ ജീവിതം 2019 മെയ് 6ന് എരിഞ്ഞടങ്ങുമ്പോൾ നഷ്ടമാവുകയും തകർന്നുപോവുകയും ചെയ്യുന്ന നിരവധി യാഥാർത്ഥ്യങ്ങളുണ്ട്. ആലാപന ലോകത്തെ ഒരു നെടുംതൂൺ നഷ്ടമാവുന്നതോടൊപ്പം മാപ്പിളപ്പാട്ട് ചരിത്രത്തിലെ ഒരു പാഠശാലയാണ് തകരുന്നത്. ഇടപഴകിയവർക്കും സ്നേഹിച്ചവർക്കും മനസ്സുപകുത്ത് നൽകിയ കലോപാസകനായ എരഞ്ഞോളി മൂസ ഇല്ലാതാകുന്നതോടെ മാപ്പിളപ്പാട്ടിനെ സ്‌നേഹിക്കുന്നവരെല്ലാം വല്ലാത്തൊരു ശൂന്യതയിൽ പാട്ടുകൾ പരതുകയാണ്.
Read More >>