കലയിലെ സാഹോദര്യം

ഓക്‌സ്‌ഫോഡ് റിട്ടേൺ അരിസ്റ്റോക്രസിയോടെ തന്നെയാണ് ഗിരീഷ് വസന്തത്തിന്റെ ഇടിമുഴക്കവുമായി നടന്നവർക്കിടയികൾ വന്നതും.

കലയിലെ സാഹോദര്യം

വി ശശികുമാർ

എഴുപതുകളിൽ കേരളം കന്നട നാടകങ്ങളിലേക്ക് കണ്ണും നട്ടിരിക്കുന്ന കാലത്താണ് ഞാൻ ഗിരീഷ് കർണാടിനെ ആദ്യമായി ബോംബയിലെ സൗഹൃദ സംഘങ്ങളിലിൽ കണ്ടു പരിചയപ്പെടുന്നത്. സുമുഖനായ ചെറുപ്പക്കാരൻ. ബോംബയിലെ പെണ്‍ ബുദ്ധിജീവി സുഹൃത്തുക്കൾ ഗിരീഷിന് ചുറ്റും കറങ്ങും. തോക്കിൻ കുഴലിലൂടെ വിപ്ലവം ഉണ്ടാക്കാൻ ഗർജ്ജിക്കുന്ന വസന്തവുമായി ലഘുലേഖകളും നിറച്ചു സഞ്ചിയും തൂക്കി, ബീഡിയും വലിച്ചു മൃണാൾസെൻ, സത്യജിത് റേ സിനിമയിലെ കഥാപത്രങ്ങളെ പോലെ ദാദറിലെ ഛബീൽദാസ് ഹാളിലും രവീന്ദ്ര നാട്യ മന്ദിറിലും ജഹാംഗീർ ആർട് ഗാലറിക്ക് ചുറ്റും നടക്കുന്നവർക്കിടയിൽ ഗിരീഷിനെ കാണില്ല.

ഓക്‌സ്‌ഫോഡ് റിട്ടേൺ അരിസ്റ്റോക്രസിയോടെ തന്നെയാണ് ഗിരീഷ് വസന്തത്തിന്റെ ഇടിമുഴക്കവുമായി നടന്നവർക്കിടയികൾ വന്നതും. അന്നും കക്ഷിയുടെ കക്ഷത്തുപെൻഗ്വിൻ ഇറക്കുന്ന ഒന്നു രണ്ടു പുസ്തകം കാണും ചുണ്ടിൽ സിഗരറ്റും. പിന്നെ നീണ്ട ജുബ്ബയും. ബുദ്ധിജീവി ലുക്കുമില്ല. അൽകാസിയുടെ നാടക ഗ്രൂപ്പിലാണ്.

ഓക്സ്ഫോഡ് ഇഗ്‌ളീഷ് മോശമല്ലാതെ പറയുന്ന കോഴിക്കോട്ടുകാരനായ ഞങ്ങളുടെ ടി.എം.പി നെടുങ്ങാടി എന്ന നെടുങ്ങാടി മാഷിനോപ്പം ഞങ്ങൾ മലയാളികളും. ബാബ ആറ്റോമിക് റിസർച് സെന്ററിലെ വേണു, മുരളി, സുശീലൻ, പി.എ ദിവാകരൻ, മാനസി, അഷ്ടമൂർത്തി തുടങ്ങിയവര്‍ മാഷിന്റെ നാടകഗ്രൂപ്പിൽ കന്നഡ, മറാത്തി നാടകത്തിനൊപ്പം എത്താനുള്ള പരിശീലനങ്ങൾ മാഷ് നൽകുന്നു. യായതിയും തുഗ്ലക്കും ഹയവദനയും ഒക്കെ ഇന്ത്യൻ തിയേറ്റർ രംഗം പിടിച്ചെടുക്കുന്ന കാലം. മറാട്ടിയിൽ വിജയ തെണ്ടുൽക്കറും അമോൽ പലേക്കറും മോഹൻ രാകേശും കാശിറാം കോട്ടുവാളും തകർക്കുന്നു.

കന്നടയിൽ ബി.വി കാരന്തും പ്രേമ കാരന്തും അനന്ത മൂർത്തിയും ജി.വി അയ്യരും നാടകത്തിൽ മുന്നേറുമ്പോൾ ബദൽ സർക്കാർ ബംഗാളിലും നവ നാടകങ്ങളുടെ നിറയുന്നു.

കേരളത്തിൽ ജി ശങ്കരപിള്ളയും സി.എൻ ശ്രീകണ്ഠൻ നായരും കാവാലം നാരായണ പണിക്കരും അരങ്ങുപിടിക്കുന്നു. എല്ലാത്തിനും പിന്തുണയായി മദ്രാസ്സിൽ നിന്ന് എം. ഗോവിന്ദനും. എന്നാൽ സിനിമാരംഗത്തേക്ക് അടൂരും അരവിന്ദനും ജോൺ അബ്രഹാമും കെ.ആർ മോഹനനും പവിത്രനും ഒക്കെ വന്നപ്പോൾ കന്നടയില്‍ സംസ്ക്കാരയും ഗിരീഷ് കാസറവള്ളിയുടെ 'ഘടശ്രാദ്ധ'യും രംഗയും മറ്റും ബോംബെയിലെ നാടക നടീനടന്മാരായ സ്മിത പട്ടേൽ, ശബാന ആസ്മി, ഓം പുരി, നസ്രുദ്ദീൻ ഷായും ഒപ്പം ഗിരീഷും ശ്യാം ബനഗൽ ചിത്രങ്ങളിൽ വന്നു.

അങ്ങനെ നാടകത്തിൽ നിന്നും സിനിമയിലെത്തിയ ഗിരീഷ് കർണാട് നാൻഡ് ഫ്രാൻസിലെ നാന്‍ഡ് ഫെസ്റ്റിവലിൽ പോയി കെ.ആർ മോഹനന്റെ അശ്വത്ഥാമാവും അവിടെ കാണിച്ചു. അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബനഗൽ, ഗിരീഷ്, ഉമാ ഡാക്കൂണ എന്നിവരാണ് പോയത്. വിമാനക്കൂലി കൊടുക്കാൻ മാർഗ്ഗമില്ലാത്തതിനാൽ കെ.ആർ മോഹനന് പോകാൻ പറ്റിയില്ല. അശ്വത്ഥമാവിന്റെ അവാർഡ് വാങ്ങിയത് സിനിമ നിരൂപകനായ ഇക്ബാൽ മസൂദാണ്.

നാൻഡ് യാത്രകഴിഞ്ഞു വന്ന ഇവർ ഇക്ബാൽ മസൂദിന്റെ വീട്ടിൽ നടന്ന ഒത്തുകൂടലിൽ ഗിരീഷ് പറഞ്ഞ ഒരു വാചകം 'We are top in theater, But Malyalam cinema is at top. Let our Regional Theatre and Cinema and art get top at National Level'

പാർട്ടി അവസാനിക്കാറായപ്പോൾ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ഒരു സ്ത്രീ സുഹൃത്ത് ഗിരീഷുമായി വഴക്കിട്ടു. അദ്ദേഹത്തിന്റെ ചുണ്ടിൽ നിന്ന് സിഗരറ്റു വലിച്ചെടുത്തു ഡോറ എറിഞ്ഞു ഉറക്കെ അലറിക്കൊണ്ട് പുറത്തേയ്ക്കു പോയി. 'ഗിരീഷിന്റെ വിവാഹം കഴിഞ്ഞിട്ടധികനാളായിരുന്നില്ല.

അടുത്ത കാലത്തു ബാംഗ്ലൂരിൽ വെച്ച് ഞാൻ അവരെ കണ്ടപ്പോൾ ഗിരീഷിന്റെ ആരോഗ്യ കാര്യം അന്വേഷിച്ചു 'I met him. Spend some time with him.That fellow never bothers his health'.എല്ലാ വസന്തങ്ങളും കഴിഞ്ഞു. മറ്റൊരു കലമായി. സുഹൃത്തുക്കൾ ഓരോരുത്തർ പോകുമ്പോൾ ഇത്തരം കുറെ ഓർമ്മകൾ മാത്രം.

Read More >>