പ്രവാസം പെട്ടി കെട്ടുമ്പോൾ

പ്രവാസികളുടെ വരുമാനത്തിലുണ്ടാകുന്ന ഇടിവിന് പുറമെ ചിലവ് കുത്തനെ കൂടുന്നു എന്നതും കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു. ശമ്പളത്തിലെ ഇടിവ് വിദേശികൾക്കെന്നപോലെ സ്വദേശികൾക്കും ബാധകമാണെന്നത് ചെറുകിട വ്യാപാരങ്ങളിൽ ഏർപ്പെടുന്നവരേയും ബാധിക്കുന്നു. ഗവൺമെന്റ് തസ്തികയിൽ ജോലി ചെയ്യുന്നവരുടെ ശമ്പളത്തിൽ 20% വരെ കുറവും നൽകിയത് മറ്റു മേഖലകളെയും ബാധിച്ചു

പ്രവാസം പെട്ടി കെട്ടുമ്പോൾഫോട്ടോ : ഷിജു ബഷീര്‍

അരുവി മോങ്ങം

പ്രവാസത്തിന്റെ പളപളപ്പുകൾക്ക് ചുളിവ് വീഴ്ത്തി പുതിയ നിയമങ്ങളും സ്വദേശിവൽക്കരണവും മലയാളികൾ ഉൾപ്പെടെയുള്ള അനവധി പ്രവാസി കുടുംബങ്ങളെ പ്രവാസം മതിയാക്കാൻ നിർബന്ധിതമാക്കിയിരിക്കുകയാണ്. നിലവിലെ തസ്തികകൾ വെട്ടിക്കുറച്ചും ഉള്ളതിൽ തന്നെ ശമ്പളം കുറച്ചും ആനുകൂല്യങ്ങൾ എടുത്തുകളഞ്ഞും കമ്പനികൾ സാമ്പത്തിക പ്രതിസന്ധി മറികടക്കാനൊരുങ്ങവേ മടക്കയാത്രക്ക് ഒരുങ്ങേണ്ട അവസ്ഥയിലാണ് പ്രവാസി കുടുംബങ്ങൾ. പുതിയ മാനേജരെ അവരോധിച്ചുകൊണ്ട് മുഖം നോക്കാതെ നടപടിയെടുക്കുന്ന തന്ത്രമാണ് അധികം കമ്പനികളും പയറ്റുന്നത്. പുതിയ ആളാകുന്നതോടെ ജോലിക്കാരന്റെ മുൻകാല പ്രവർത്തന മികവോ വ്യക്തി ബന്ധമോ സോഫ്റ്റ് കോർണറുകളോ അവരെ പിരിച്ചുവിടുന്നതിനോ ആനുകൂല്യങ്ങൾ കുറക്കുന്നതിനോ തടസ്സമാകില്ല എന്നതാണ് ഇത്തരം തന്ത്രം പയറ്റാൻ പല ചെറുകിട കമ്പനികളും തയ്യാറാവുന്നത്. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലാണ് ഈ പ്രവണത കൂടുതലുള്ളത്. പിടിച്ചുനിൽക്കാൻ കഴിയുന്നവർക്ക് ഒരുപക്ഷേ പരിഷ്‌ക്കരണ നടപടികൾ ഫലവത്താകുമ്പോൾ മെച്ചമുണ്ടാകാമെങ്കിലും ഇപ്പോഴത്തെ സ്ഥിതി പ്രയാസം തന്നെയാണ്.

പ്രവാസികളുടെ വരുമാനത്തിലുണ്ടാകുന്ന ഇടിവിന് പുറമെ ചിലവ് കുത്തനെ കൂടുന്നു എന്നതും കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു. ശമ്പളത്തിലെ ഇടിവ് വിദേശികൾക്കെന്നപോലെ സ്വദേശികൾക്കും ബാധകമാണെന്നത് ചെറുകിട വ്യാപാരങ്ങളിൽ ഏർപ്പെടുന്നവരേയും ബാധിക്കുന്നു. ഗവൺമെന്റ് തസ്തികയിൽ ജോലി ചെയ്യുന്നവരുടെ ശമ്പളത്തിൽ 20% വരെ കുറവും നൽകിയത് മറ്റു മേഖലകളെയും ബാധിച്ചു. സ്വകാര്യ കമ്പനികളും തൊഴിൽ മേഖലയിലെയിലെ പ്രതിസന്ധി തീർക്കാൻ ഊർജിത ശ്രമം ആരംഭിച്ചിരിക്കുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെ തോഴിലാളികളെ പിരിച്ചുവിട്ടും സ്ഥലം മാറ്റിയും കമ്പനികൾ നടത്തുന്ന പരിഷ്‌ക്കരണം തങ്ങളുടെ ജീവിതം ദുസ്സഹമാക്കിയെന്നു പതിമൂന്ന് വർഷമായി ഒപ്റ്റിക്കൽ കമ്പനിയിൽ ജോലി ചെയ്യുകയും പിന്നീട് ദമ്മാമിലേക്ക് നിർബന്ധിത സ്ഥലം മാറ്റം ചെയ്യപ്പെടുകയും ചെയ്ത സിറാജ് കരുമാടി പറയുന്നു. വളരെ വർഷത്തെ പരിശ്രമ ഫലമായി ഉണ്ടാക്കിയ കാസ്റ്റമേഴ്സിനെയും ബന്ധങ്ങളെയും വിട്ടു പുതിയ മേച്ചിൽ പുറത്തെത്തിയ സിറാജ് എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയിലായിരുന്നു. എതിർചോദ്യം പിരിച്ചു വിടലിൽ കലാശിക്കുമെന്നതിനാൽ നിശ്ശബ്ദനാകുക എന്നല്ലാതെ മറ്റുമാർഗ്ഗമില്ല.

അൽകോബാറിലേക്കു സ്ഥലം മാറ്റിയ ബശീർ കാഞ്ഞിരപ്പുഴക്കും പറയാനുള്ളത് മറ്റൊരു കഥയല്ല. സർവീസിന്റെ അവസാനകാലത്ത് കലഹത്തിലൂടെ അവസാനിപ്പിക്കാനാവില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് അദ്ദേഹം ആ ട്രാൻഫർ തീരുമാനത്തെ അംഗീകരിച്ചത്. സർവീസ് മണി കൂടി നഷ്ട്ടപ്പെടുത്തി നാടണയേണ്ടി വന്നവരുടെ അനുഭവ സാക്ഷ്യങ്ങൾ അദ്ദേഹത്തിന് മുന്നിലുണ്ട്. കമ്പനിയുടെ അക്കമഡേഷനിൽ പാതിരാത്രിയിൽ ടിക്കറ്റും എക്സിറ്റ് അടിച്ച പാസ്പോർട്ടുമായി വന്ന് മടക്കവിരുന്നൊരുക്കിയ കമ്പനികളും ഉണ്ട്. ഏതുനിമിഷവും പിരിച്ചുവിടലിന്റെ ഭീതിയിലാണ് സൗദിയിലെ പ്രവാസി തൊഴിലാളികൾ. കുടുംബാംഗങ്ങൾക്ക് ഏർപ്പെടുത്തിയ ലെവി ഓരോ വർഷവും കുത്തനെ കൂടുന്നത് കാരണം നിരവധി കുടുംബങ്ങൾ നാടുവിട്ടു കഴിഞ്ഞു. നിരവധി സ്വകാര്യ സ്‌കൂളുകൾ അടച്ചു.

മൊബൈൽ കടകളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കി കഴിഞ്ഞു. ആയിരക്കണക്കിന് മലയാളികൾക്കാണ് ജോലി നഷ്ടമായത്. സ്വദേശിവൽക്കരണം കാരണം പച്ചക്കറി മാർക്കറ്റുകളിൽ നടത്തുന്ന റെയിഡുകൾ, ഭക്ഷണ സ്ഥാപനങ്ങൾക്ക് ചുമത്തുന്ന ഭീമമായ പിഴകൾ എന്നിവക്ക് പുറമേ ഓൺലൈൻ ടാക്സികളിൽ കൂടി നിയമം പിടിമുറുക്കുന്നതോടെ മലയാളികളുടെ മരതക മോഹങ്ങളിൽ മണൽക്കാറ്റടിച്ചു തുടങ്ങി. അപ്രതീക്ഷിതമാണ് ചിലരുടെ വീഴ്ചകൾ. എല്ലാ പ്രതീക്ഷകളും അസ്തമിച്ച് കുട്ടികളും കുടുംബവുമായി മടങ്ങുന്ന ഗൃഹനാഥന്മാർ സൗദിയിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. സുഖസൗകര്യങ്ങളോടെ കഴിഞ്ഞുകൂടിയ കാലങ്ങളിൽ ഒന്നും മിച്ചം വെക്കാത്തതും ഈ കുടുംബങ്ങൾക്ക് പ്രശ്നമായി. ഉയരങ്ങളിൽനിന്നാണ് പലരും താഴെ വീണത്. അതിന്റെ ആഘാതം വിവരണാതീതമാണ്. എണ്ണ വിലയിടിവ് ഉണ്ടാക്കിയ പ്രയാസങ്ങളിൽനിന്ന് കരകയറാതെ ഗൾഫ് പ്രവാസം ഇനി സുഖകരമാകില്ല.

എണ്ണവില ഇനി കൂടിയില്ലെങ്കിലും പിടിച്ചുനിൽക്കാനുള്ള വഴികളാണ് വിഷൻ 2030 പദ്ധതിയിലൂടെ സൗദി അറേബ്യ ലക്ഷ്യം വെക്കുന്നത്. ഈ പരിഷ്‌ക്കരണ നടപടികൾ ഏറെക്കുറെ വിജയിച്ചുവരികയാണ്. പോയവർക്ക് തിരിച്ചുവരാനുള്ള സാഹചര്യം ഒരുങ്ങുന്നുണ്ട്. പക്ഷേ, അത് എപ്പോൾ എന്ന് പറയാനാകില്ല. ഉയർന്ന തസ്തികകളിലേക്ക് യോഗ്യരായ സ്വദേശികളുണ്ടെങ്കിൽ വിദേശികളെ നിയമിക്കാൻ പാടില്ലെന്നാണ് നിയമം. അതുകൊണ്ടു തന്നെ ഏതു മേഖലയിലാണ് ഇനി പ്രവാസികൾക്ക് പിടിച്ചുനിൽക്കാനാവുക എന്നത് കണ്ടറിയണം. കോൺട്രാക്ടിങ് കമ്പനികൾ നിരവധി അടച്ചു പൂട്ടിയിട്ടുണ്ട്. അതേസമയം പിടിച്ചുനിന്ന പലർക്കും അവസരങ്ങൾ വന്നുതുടങ്ങിയിട്ടുമുണ്ട്. ഈ ശക്തമായ മണൽക്കാറ്റിൽ പിടിച്ചുനിൽക്കാൻ കഴിയുന്നവർക്ക് സൗദി അറേബ്യ ഇപ്പോഴും മധുരക്കനി തന്നെയാണെന്നാണ് വിശ്വാസം. എന്നാൽ, എത്ര പേർക്ക് പിടിച്ചുനിൽക്കാനാവും എന്നത് ഇനിയുള്ള കാലങ്ങളിൽ കണ്ടറിയേണ്ട കാര്യമാണ്.

Read More >>