അമിത് ഷാ അധികാരം കയ്യടക്കിത്തുടങ്ങി

രാജ്‌നാഥ് സിങ്ങിനെ ആഭ്യന്തര വകുപ്പിൽ നിന്ന് നീക്കി അത് സ്വയം ഏറ്റെടുത്ത അമിത് ഷാ മന്ത്രിസഭാ സമിതികളുടെ പുനഃസംഘടനയിലൂടെ വ്യക്തമായ സന്ദേശം നൽകിക്കഴിഞ്ഞു. പുതിയ സർക്കാറിന്റെ ഗുരുത്വകേന്ദ്രം മോദിയും ഷായും മാത്രം ചേർന്നതാണെന്ന്.

അമിത് ഷാ അധികാരം കയ്യടക്കിത്തുടങ്ങി

അപ്പുക്കുട്ടൻ വള്ളിക്കുന്ന്

കേന്ദ്ര മന്ത്രിസഭാ സമിതികളുടെ പുനഃസംഘടനയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി ബന്ധപ്പെട്ടുയർന്ന വിവാദം ഒരു തുടക്കം മാത്രമാണ്. ആഭ്യന്തരമന്ത്രിയായി കേന്ദ്രസർക്കാറിൽ എത്തിയ അമിത്ഷാ ഭരണയന്ത്രം കയ്യടക്കുന്നതിന്റെ തുടക്കം. ആ നീക്കം സൃഷ്ടിക്കുന്ന വൈരുദ്ധ്യം ഇനിയും മൂർച്ഛിക്കുമെന്നതിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും 'അദൃശ്യപ്രധാനമന്ത്രി' അമിത്ഷായും കേന്ദ്രഭരണം ഒന്നിച്ച് കയ്യാളുന്ന പരീക്ഷണത്തിന്റെ തുടക്കംകൂടിയാണിത്.

പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ അവസാന രൂപം നൽകിയ ആറ് മന്ത്രിസഭാ സമിതികളിൽ കഴിഞ്ഞ മന്ത്രിസഭയുടെ ആറു സമിതികളിലും അംഗമായിരുന്ന രാജ്നാഥ് സിങ്ങിനെ രണ്ടെണ്ണത്തിൽ ഒതുക്കി. മന്ത്രിസഭയിൽ രണ്ടാമനും പ്രതിരോധമന്ത്രിയുമായ ഒരാളെ പ്രതിരോധ സമിതിയിൽനിന്നും സുപ്രധാന രാഷ്ട്രീയകാര്യ സമിതിയിൽനിന്നും ഒഴിവാക്കിയതിനെ പറ്റി മോദിക്കുപോലും വിശദീകരിക്കാനാവില്ല; അമിത് ഷാ ആറു സമിതികളിലും അംഗമാകുക കൂടി ചെയ്തപ്പോൾ.

ബുധനാഴ്ച രാത്രി പരസ്യപ്പെടുത്തിയ പുതുക്കിയ ഈ സമിതികൾ രണ്ടു പുതിയ സമിതികൾകൂടി ചേർത്ത് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ വിശദീകരണമില്ലാതെ വീണ്ടും പുതുക്കി ഇറക്കേണ്ടിവന്നു. രാജ്നാഥ് സിങ്ങിനെ രക്ഷാസമിതിയിലും രാഷ്ട്രീയകാര്യ സമിതിയിലും ഉൾപ്പെടുത്തേണ്ടിവന്നു. മഹാഭൂരിപക്ഷത്തോടെ മന്ത്രിസഭ രൂപീകരിച്ചശേഷം ആദ്യം എടുത്ത തീരുമാനം പൊളിച്ചെഴുതേണ്ടിവന്നത് വെറുതെയല്ല. പാർട്ടിയിലും മന്ത്രിസഭയിലും തന്നെക്കാൾ ജൂനിയറായ അമിത് ഷായ്ക്ക് കീഴ്പ്പെട്ട് മന്ത്രിസഭയിൽ തുടരാൻ താല്പര്യമില്ലെന്ന കർശന നിലപാട് രാജ്നാഥ് സിങ്‌ സ്വീകരിച്ചതിനെ തുടർന്നാണിത്.

തന്റെ ഉറച്ച തീരുമാനം രാജിനാഥ് സിങ് ആർ.എസ്.എസ് നേതൃത്വത്തെ അറിയിച്ചു. അവരുടെ ഇടപെടലിൽ തിരുത്താമെന്ന ഉറപ്പുമായി മോദിതന്നെ രാജ്നാഥിനെ ബന്ധപ്പെട്ടു. യു.പി.എ ഗവണ്മെന്റ് രൂപീകരിച്ച നിക്ഷേപ - തൊഴിൽ -നൈപുണ്യവികസന മന്ത്രാലയ സമിതികൾ മോദി കഴിഞ്ഞതവണ വേണ്ടെന്നുവെച്ചിരുന്നു. അവ തിരിച്ചുകൊണ്ടുവന്ന് രാജ്നാഥ് സിങ്ങിന്റെ പ്രാതിനിധ്യം നാലാക്കി. അപ്പോഴും എട്ട് മന്ത്രിസഭാ സമിതികളിൽ അംഗവും രണ്ട് എണ്ണത്തിൽ അദ്ധ്യക്ഷനുമാണ് അമിത് ഷാ. പാർട്ടി അദ്ധ്യക്ഷ പദവികൂടി നിലനിർത്തിയതുകൊണ്ട് മോദിക്കു തത്തുല്യനായ അധികാരകേന്ദ്രവുമാണ് ഷാ. മറ്റൊരു അധികാരകേന്ദ്രം ആകരുതെന്നു കരുതിയാണ് പാർട്ടി അദ്ധ്യക്ഷനായിരുന്ന രാജ്നാഥ് സിങ്ങിനെ നിർബന്ധിച്ച് കഴിഞ്ഞതവണ മോദി മന്ത്രിസഭയ്ക്കകത്താക്കിയത്.

നിർണ്ണായക വിഷയങ്ങളിൽ അന്തിമതീരുമാനത്തിന് അധികാരമുള്ള സ്ഥിരം സമിതികളാണ് മന്ത്രിസഭാ സമിതികൾ. മിനി ക്യാബിനറ്റ് എന്ന് വിശേഷിപ്പിക്കുന്ന ഈ സമിതികളിൽ നിന്ന് ആർ.എസ്.എസ് നേതൃത്വത്തോട് ഏറെ അടുത്തുനിൽക്കുന്ന രാജ്നാഥ് സിങ്ങിനെ മോദിയും അമിത് ഷായും തന്ത്രപൂർവ്വം പരമാവധി ഒഴിവാക്കുകയായിരുന്നു. രാജ്നാഥ് സിങ് ഉയർത്തിയ വെല്ലുവിളിയും ആർ.എസ്.എസ് നേതൃത്വത്തിന്റെ ഇടപെടലും തൽക്കാലം പ്രതിസന്ധി പരിഹരിച്ചു. അരുൺ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, സ്പീക്കറായിരുന്ന സുമിത്രാ മഹാജൻ തുടങ്ങി പഴയ തലമുറയിൽനിന്നുള്ളവരെ തഴഞ്ഞതിനു പിറകെ രാജ്നാഥ് സിങ് കൂടി പുറത്തുപോകുന്നത് ഇപ്പോഴത്തെ സ്ഥിതിയിൽ മോദിക്ക് പാർട്ടിയിലും മുന്നണിയിലും ഏറെ ദോഷം ചെയ്യും. അതേസമയം ഈ അവസ്ഥയിൽ മന്ത്രിസഭയിൽ തുടരുന്നതിൽ രാജ്‌നാഥ് സിങ് ഇപ്പോഴും അസ്വസ്ഥനാണ്.

വഴിയിൽ വരുന്നത് മാനത്തുകണ്ടാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പുതിയ മന്ത്രിസഭയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ശഠിച്ചത്. തന്റെ കീഴിലുള്ള ആദായനികുതി - എൻഫോഴ്സ്മെന്റ് വകുപ്പുകളെ ജെയ്റ്റ്ലിയെ മറികടന്ന് അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചേർന്ന് രാഷ്ട്രീയമായി കയ്യാളുന്നതിൽ ജെയ്റ്റ്ലിയും അസ്വസ്ഥനായിരുന്നു. എങ്കിലും രാജ്നാഥ് സിങ്ങിന്റെ ചെറുത്തുനില്പിന് എത്രകണ്ട് ആയുസ് ഉണ്ടാവുമെന്ന് കണ്ടറിയണം; അമിത് ഷാ തന്റെ സവിശേഷ ശൈലിയിലൂടെ കേന്ദ്ര ഭരണം സ്വയം കയ്യിലെടുക്കുമെന്ന് ഉറപ്പായതുകൊണ്ട്.

രാജ്നാഥ് സിങ്ങിനെ ആഭ്യന്തര വകുപ്പിൽ നിന്ന് നീക്കി അത് സ്വയം ഏറ്റെടുത്ത അമിത് ഷാ മന്ത്രിസഭാ സമിതികളുടെ പുനഃസംഘടനയിലൂടെ വ്യക്തമായ സന്ദേശം നൽകിക്കഴിഞ്ഞു. മറ്റു മന്ത്രിമാർക്കും ഉദ്യോഗസ്ഥ വൃന്ദത്തിനും എൻ.ഡി.എ നേതാക്കൾക്കും എന്തിന് ആർ.എസ്.എസ് നേതൃത്വത്തിനുപോലും. പുതിയ സർക്കാറിന്റെ ഗുരുത്വകേന്ദ്രം മോദിയും ഷായും മാത്രം ചേർന്നതാണെന്ന്.

പ്രധാനമന്ത്രിയായി തുടർന്ന അഞ്ചുവർഷവും പത്രസമ്മേളനം വിളിക്കാത്ത മോദി തെരഞ്ഞെടുപ്പുഫലം വരുന്നതിന് തൊട്ടുമുമ്പ് അമിത് ഷാ വിളിച്ച പത്രസമ്മേളനത്തിൽ ഹാജരാകുകയുണ്ടായി. പാർട്ടി അദ്ധ്യക്ഷനായ അമിത് ഷായാണ് തന്റെ നേതാവെന്ന സന്ദേശം പരോക്ഷമായി നൽകാനായിരുന്നു അത്. പാർട്ടി അദ്ധ്യക്ഷന്റെ സാന്നിദ്ധ്യത്തിൽ അച്ചടക്കമുള്ള ഒരു പ്രവർത്തകൻ മാത്രമാണ് എന്ന് മോദി അന്നു വ്യക്തമാക്കി; തനിക്കു നേരെ ഉയർന്ന ചോദ്യങ്ങൾകൂടി അമിത് ഷായ്ക്ക് വിട്ടുകൊടുത്ത്. ഇപ്പോൾ ആഭ്യന്തരമന്ത്രിക്കു പുറമെ മന്ത്രിസഭാ സമിതികളിലും പുനഃസംഘടിപ്പിച്ച നീതി ആയോഗിലും അംഗമായ അമിത് ഷായ്ക്കുമുമ്പിൽ പ്രധാനമന്ത്രി മോദി അച്ചടക്കമുള്ള അനുയായിയാണ്!

ഈ അസാധാരണ യാഥാർത്ഥ്യവും അതുല്പാദിപ്പിക്കുന്ന വൈരുദ്ധ്യവും മന്ത്രിസഭയിലും പാർട്ടിയിലും എൻ.ഡി.എയിലും ശക്തമായി പ്രതിഫലിക്കും. അതിന്റെ വൈരുദ്ധ്യം തുടർ അനുരണങ്ങളിലൂടെ വൈകാതെ വ്യാപിക്കുമെന്നാണ് ഘടകകക്ഷികളായ ജെ.ഡി.യുവും ശിവസേനയും ഇതിനകം തന്നെ തെളിയിച്ചത്. സീറ്റുകളുടെ എണ്ണത്തിൽ എൻ.ഡി.എയിൽ ബി.ജെ.പി കഴിഞ്ഞാൽ ശിവസേന രണ്ടാം സ്ഥാനത്തും ജെ.ഡി.യു മൂന്നാം സ്ഥാനത്തുമാണ്.

ഘടകകക്ഷികൾക്ക് പ്രതീകാത്മക പ്രാതിനിധ്യം മതിയെന്ന മോദിയുടെ തീരുമാനത്തെ നിതീഷ് കുമാർ ചോദ്യം ചെയ്തെങ്കിലും മോദിയും അമിത് ഷായും വകവെച്ചില്ല. മന്ത്രിസഭയിൽ ചേരാതെ തന്റെ പാർട്ടിയെ പുറത്തുനിർത്തിയ നിതീഷ് കുമാർ അടുത്തദിവസം ബിഹാർ മന്ത്രിസഭ വികസിപ്പിച്ച് തന്റെ പാർട്ടിക്കാരായ എട്ടുപേരെ സത്യപ്രതിജ്ഞ ചെയ്യിച്ചു. ബി.ജെ.പിക്ക് പ്രതീകാത്മക പ്രാതിനിധ്യം നിതീഷും വാഗ്ദാനം ചെയ്തു! മന്ത്രിസഭാ പ്രാതിനിധ്യത്തിനു പുറമെ ഡപ്യൂട്ടി സ്പീക്കർ പദവി ശിവസേന ശക്തമായി ആവശ്യപ്പെടുകയാണ്.

ബി.ജെ.പിക്ക് ഒറ്റയ്ക്കു ഭരിക്കാൻ വേണ്ടതിലേറെ 31ഓളം സീറ്റുകളുണ്ടെന്ന അഹന്ത യഥാക്രമം 22ഉം 18ഉം സീറ്റുകൾ ഉള്ള ജെ.ഡി.യുവും ശിവസേനയും വകവെച്ചു കൊടുക്കാൻ തയ്യാറല്ല. ഇഷ്ടമുള്ളപ്പോൾ എൻ.ഡി.എയിൽ വരികയും ഇഷ്ടമില്ലാത്തപ്പോൾ വിട്ടുപോകുകയും ചെയ്ത ആളാണ് നിതീഷ്. സഖ്യത്തിലും ഭരണത്തിലുമിരുന്ന് മോദിയെ കടുത്ത നിലയിൽ വിമർശിച്ചുപോന്ന പാർട്ടിയാണ് ശിവസേന.

മോദിക്കും ബി.ജെ.പിക്കും കിട്ടിയ വൻ ജനവിധിയിലും മോദിയുടെ പാർട്ടിയുമായി പല നിലയിലും നിലനിൽക്കുന്ന വൈരുദ്ധ്യം ഏറ്റുമുട്ടലായി മാറുന്നതിനെ അവർ ഭയപ്പെടുന്നില്ല.

പുതിയൊരു സ്ലേറ്റിൽ ഹിന്ദുത്വ - കോർപ്പറേറ്റ് അജണ്ടകൾ മുന്നോട്ടുവെക്കാനുള്ള മോദി - അമിത് ഷാ കൂട്ടുകെട്ടിന്റെ നീക്കം ബി.ജെ.പിയിലും എൻ.ഡി.എയിൽതന്നെയും എതിർപ്പും ചെറുത്തുനിൽപ്പും ഉയർത്തുന്നു എന്നു സാരം. ആർ.എസ്.എസ് - സംഘ് പരിവാറിനെ വകവെക്കാതെ പോകാനുള്ള നീക്കത്തിൽ ആർ.എസ്.എസ് നേതൃത്വത്തിന്റെ ഇടപെടലും തടസ്സങ്ങളാണ്.

തെരഞ്ഞെടുപ്പോടെ ചിതറിപ്പോയ പ്രതിപക്ഷത്തെ അവഗണിച്ച് പുതിയ അജണ്ടകൾ എളുപ്പം പ്രാവർത്തികമാക്കാമെന്ന അതിബുദ്ധിയും പ്രതിരോധിക്കപ്പെടുന്നു. ത്രിഭാഷാ പദ്ധതി സംബന്ധിച്ച റിപ്പോർട്ടിൽ മുന്നോട്ടുവെച്ച കാൽ പിന്നോട്ടുവെക്കാൻ സർക്കാർ നിർബന്ധിതമായി. തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഡി.എം.കെയുടെ നേതൃത്വത്തിൽ പെട്ടെന്ന് ഉയർന്നുവന്ന വ്യാപകമായ ജനരോഷം ഭയപ്പെടുത്തിയതിനെ തുടർന്നാണ് പിന്മാറിയത്.പശ്ചിമ ബംഗാളിൽ 'ജയ് ശ്രീരാം' മുദ്രാവാക്യമുയർത്തി ബി.ജെ.പി സ്വാധീനം വർദ്ധിപ്പിക്കാനുള്ള നീക്കത്തെ ഈ മുദ്രാവാക്യം ബംഗാളിന്റെ സംസ്ക്കാരമല്ലെന്നും പുറത്തുനിന്നുള്ളവരുടേതാണെന്നും പറഞ്ഞ് മമതാ ബാനർജി രാഷ്ട്രീയമായി ചെറുത്തു. എല്ലാ മതസ്ഥരോടും തുല്യ ബഹുമാനമെന്ന ബംഗാൾ സംസ്ക്കാരത്തെ തകർക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി എന്നു കുറ്റപ്പെടുത്തി. പ്രതിരോധത്തിലായ ബി.ജെ.പി 'ജയ് ശ്രീറാം'മിന്റെ കൂടെ 'ജയ് മഹാകാളി' എന്നുകൂടി ചേർത്ത് തൃണമൂലിനെ നേരിടാനുള്ള നീക്കത്തിലാണ്. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ബി.ജെ.പിക്കെതിരായ തൃണമൂൽ ചെറുത്തുനില്പിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ ആം ആദ്മി പാർട്ടി മെട്രോ തീവണ്ടിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത് തിരസ്‌ക്കരിച്ചിരിക്കയാണ് ബി.ജെ.പി. സമൂഹത്തിലെ ദുർബ്ബല വിഭാഗമായ സ്ത്രീകളും മോദി ഗവണ്മെന്റും തമ്മിലുള്ള ഒരു ഏറ്റുമുട്ടലായി ഇത് രൂപപ്പെടും.

മോദിയുടെ രണ്ടാംവരവ് പുതിയ കാര്യപരിപാടികളിലേക്കു നീങ്ങുന്നത് ശക്തിപ്പെടുന്ന വൈരുദ്ധ്യങ്ങൾക്കിടയിലാണ് ഇത്രയും സംഭവ വികാസങ്ങൾ. അടുത്തത് എന്ത് എന്ന് കേരളമടക്കം എല്ലാ സംസ്ഥാനങ്ങളും ഡൽഹിയിലേക്ക് ഉറ്റുനോക്കുകയാണ്.

കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍

Read More >>