മനുഷ്യാവകാശം ദേശീയതകള്‍ക്കകത്തും പുറത്തും

'മനുഷ്യൻ' എന്ന പരിധിക്കുള്ളിൽ മനുഷ്യാവകാശം സാധുവാണെന്ന് ചിലരെങ്കിലും കരുതുന്നു. ഒരു നിർദിഷ്ട സാഹചര്യത്തിനുള്ളിൽ പ്രവർത്തിക്കുമ്പോൾ അങ്ങനെത്തന്നെയാണ് നാം വിചാരിക്കുകയും ചെയ്യുക. എന്നാൽ ആ സാഹചര്യങ്ങളിൽ ചില മാറ്റങ്ങളുണ്ടാവുകയും മറ്റിടങ്ങളിലേക്ക് മനുഷ്യർ മാറ്റി സ്ഥാപിക്കപ്പെടുകയും ചെയ്യുമ്പോൾ മനുഷ്യാവകാശത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങളിലും മാറ്റമുണ്ടാകുന്നു. അതോടെ ലളിതമായി മനസ്സിലാവുന്ന മനുഷ്യാവകാശം അതീവ സങ്കീർണ്ണമായ ഒരു സംജ്ഞയായി മാറുകയായി

മനുഷ്യാവകാശം ദേശീയതകള്‍ക്കകത്തും പുറത്തും

പ്രമുഖ സംവിധായകനായ സ്റ്റീവൻ സ്പിൽബർഗിന്റെ 2004 ൽ പുറത്തിറങ്ങിയ ഒരു സിനിമയുണ്ട്്, ദി ടെർമിനൽ. കർകോഷ്യയെന്ന ഒരു സാങ്കൽപ്പിക രാജ്യത്തിലെ പൗരനാണ് വിക്തോർ നവോർസ്‌ക്കി. അദ്ദേഹം ഒരു യാത്രയുടെ ഭാഗമായി ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നു. അവിടെ അദ്ദേഹം ഗുരതരമായ ഒരു പ്രതിസന്ധിയെ നേരിടുകയാണ്. വിക്തോർ പുറപ്പെട്ടശേഷമാണ് അദ്ദേഹത്തിന്റെ രാജ്യമായ കർക്കോഷ്യയിൽ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നത്. അധികം താമസിയാതെ രാജ്യം 'സ്വാതന്ത്ര്യപ്രഖ്യാപനം' നടത്തി.

വിക്തോർ നവോർസ്‌ക്കിയുടെ കൈയിലുള്ളത് പഴയ പാസ്‌പോർട്ടാണ്. 'പുതിയ' രാജ്യത്തിന്റെ പാസ്‌പോർട്ട് അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ 'പുതിയ' രാജ്യത്തേക്ക് അദ്ദേഹത്തിന് പ്രവേശിക്കാനാവില്ല. അദ്ദേഹം ആ രാജ്യത്തിലെ പൗരനുമല്ല. പുതിയ രാജ്യത്തെ അദ്ദേഹം ഇപ്പോൾ എത്തിച്ചേർന്ന യുഎസ് അംഗീകരിച്ചിട്ടില്ല. പഴയ രാജ്യം നിലവിലില്ലാത്തതുകൊണ്ട് യുഎസ്സിൽ ആ പാസ്‌പോർട്ട് സാധുവുമല്ല.

വിക്തോർ നവോർസ്‌ക്കി ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ദേശീയതകളുടെ ഒരു തുരുത്തിൽ ദേശമില്ലാത്ത ആളായി മാറുന്നു. പാസ്‌പോർട്ടും വിസയും പൗരത്വവുമില്ലാത്ത ഒരാൾ. ദേശീയതകൾക്കു പുറത്ത് അദ്ദേഹത്തിന്റെ മനുഷ്യാവകാശം ചോദ്യം ചെയ്യപ്പെടുകയാണ്. വിമാനത്താവളത്തിനകത്തെ ഒരു ചെറു വൃത്തത്തിൽ ഒറ്റ രാത്രികൊണ്ട് അദ്ദേഹം തടവുകാരാനായി മാറി. ദേശീയതകളും മനുഷ്യനും എന്ന വിഷമപ്രശ്‌നത്തിൽ ഇടപെട്ടുകൊണ്ട് മനുഷ്യാവകാശത്തെ കുറിച്ച് ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ദി ടെർമിനൽ അവസാനിക്കുന്നത്.

ആർക്കൊക്കെയാണ് മനുഷ്യവകാശം ലഭ്യമാവുക എന്നതുതന്നെയാണ് ആ ചോദ്യം. 'മനുഷ്യൻ' എന്ന പരിധിക്കുള്ളിൽ മനുഷ്യാവകാശം സാധുവാണെന്ന്് ചിലരെങ്കിലും കരുതുന്നു. ഒരു നിർദിഷ്ട സാഹചര്യത്തിനുള്ളിൽ പ്രവർത്തിക്കുമ്പോൾ അങ്ങനെത്തന്നെയാണ് നാം വിചാരിക്കുകയും ചെയ്യുക. എന്നാൽ ആ സാഹചര്യങ്ങളിൽ ചില മാറ്റങ്ങളുണ്ടാവുകയും മറ്റിടങ്ങളിലേക്ക് മനുഷ്യർ മാറ്റി സ്ഥാപിക്കപ്പെടുകയും ചെയ്യുമ്പോൾ മനുഷ്യാവകാശത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങളിലും മാറ്റമുണ്ടാകുന്നു. അതോടെ ലളിതമായി മനസ്സിലാവുന്ന മനുഷ്യാവകാശം അതീവ സങ്കീർണ്ണമായ ഒരു സംജ്ഞയായി മാറുകയായി.

മനുഷ്യാവകാശത്തിന് ദേശീയതയുടെ പരിധിക്കുള്ളിൽ സംഭവിക്കുന്ന രാസമാറ്റങ്ങളെ കുറിച്ച്് ധാരാളം എഴുത്തുകൾ ഉണ്ടായിട്ടുണ്ട്്. ദേശീയതകളുടെ അതിരുകൾ മാറിമറിയുകയും ചില ദേശീയതകൾ ഒരു പാതിരാത്രിയിൽ മാഞ്ഞുപോവുകയും ചെയ്യുമ്പോൾ മനുഷ്യാവകാശ സങ്കൽപ്പങ്ങളും മാറിമറിയുന്നു. ദേശീയതകൾ പ്രതിസന്ധിയിലായതോടെ രൂപപ്പെട്ട കുടിയേറ്റങ്ങൾ യൂറോപ്പിലാകമാനം പ്രതിസന്ധി സൃഷ്ടിച്ചത് മനുഷ്യാവകാശസങ്കൽപ്പങ്ങളിൽ കൂടിയാണ്.

ഇതൊക്കെ ദേശീതകൾക്കിടയിലുള്ള ഇടപാടുകളാണെങ്കിൽ മനുഷ്യാവകാശം പ്രതിസന്ധിയിലാവുന്ന ഇടങ്ങൾ ദേശീയതകൾക്കുള്ളിലും ഉണ്ടാവുന്നു. ജയിലുകൾ, ലോക്കപ്പ്മുറികൾ, കറക്ഷൻ ഹോമുകൾ തുടങ്ങി ഭരണകൂടത്തിന്റെ മർദ്ദനോപകരണങ്ങളിൽ ഇതൊക്കെ സ്വാഭാവികമായും ദൃശ്യമാകുമെങ്കിലും ഇതല്ലാത്ത മറ്റിടങ്ങളിലും മനുഷ്യാവകാശം പ്രതിസന്ധിയിലാവാം. അപരസൃഷ്ടിയാണ് അവയിൽ പ്രധാനം. അപരസൃഷ്ടി ഒരു തുടർപ്രക്രിയയായതുകൊണ്ടുതന്നെ മനുഷ്യാവകാശപ്രതിസന്ധിയും ഒരു തുടർപ്രക്രിയയാണ്. ആൾക്കൂട്ടക്കൊലകളും ഗോരക്ഷാസമിതി നടത്തുന്ന കൊലപാതകങ്ങളും ഈ അപരവൽക്കരണ പ്രക്രിയ സൃഷ്ടിക്കുന്ന ദുരന്തങ്ങളാണ്. ഇത്തരം കൊലപാതകങ്ങളെ നിസ്സംഗരായി നോക്കിനിൽക്കുന്ന സുരക്ഷാ ഉദ്യോസ്ഥർ മനുഷ്യാവകാശ സങ്കൽപ്പങ്ങളുടെ വേരുകളെത്തന്നെയാണ് പിടിച്ചുലക്കുന്നത്.

2012 മുതൽ 2019 വരെ ഇന്ത്യയിലാകമാനം പശുക്കളുമായി ബന്ധപ്പെട്ടു മാത്രം 131 ആക്രമണങ്ങളാണ് ഉണ്ടായത്. അതിൽ 336 പേർ ഇരയാക്കപ്പെട്ടു. 47 പേർ കൊല്ലപ്പെട്ടു. ഇതൊന്നുമില്ലാത്ത വേറെ 180 വലുതും 109 ചെറുതും സംഭവങ്ങളുണ്ടായി. ഇരകളാക്കപ്പെട്ടവരിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളുമുണ്ടായിരുന്നു. ഇതിൽ ഇരകളാക്കപ്പെട്ടവരിൽ 57 ശതമാനം പേർ മുസ്ലിങ്ങളായിരുന്നു. 17 ശതമാനം പേരെ തിരിച്ചറിയാനായില്ല. ഹിന്ദുക്കൾ 9 ശതമാനമായിരുന്നു. ഹിന്ദുക്കളിൽ ഭൂരിഭാഗവും ദലിതരായിരുന്നു. സ്വാഭാവികമായും 77 ശതമാനം ആൾക്കൂട്ട ആക്രമണങ്ങളും നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഇതൊക്കെ 'സാങ്കൽപ്പികാ'ർത്ഥത്തിലുള്ള പൗരത്വ പ്രതിസന്ധിയുടെ സൂചനകളാണെങ്കിൽ 'അ'പൗരത്വത്തെ നേരിട്ട് ഉൽപ്പാദിപ്പിക്കുന്നവയാണ് ദേശീയ പൗരത്വ രജിസ്റ്ററുകൾ. അസമിൽ നിന്ന് ആരംഭിച്ച ഇത് ഇപ്പോൾ നാഗാലാൻഡിലും കർണാടകയിലും എത്തിക്കഴിഞ്ഞു. രാജ്യമാസകലം വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചുകഴിഞ്ഞു.

പൗരത്വത്തെ വിദേശപൗരൻ എന്നതിൽ നിന്ന് സംശയാസ്പദമായ പൗരത്വമായി നിർവ്വചിക്കുന്നതോടെ നേരത്തെ പറഞ്ഞ അപരസൂചനകൾ വഹിക്കുന്ന മത. ജാതി, വർഗ, വംശ വിഭാഗങ്ങൾ സംശയത്തിന്റെ നിഴലിലാവുന്നു. അവരെ സംബന്ധിച്ചിടത്തോളം പൗരത്വം മാത്രമല്ല, നഷ്ടപ്പെടുന്നത് മനുഷ്യാവകാശങ്ങൾ കൂടിയാണ്. സംശയാസ്പദമായ പൗരന്മാരെ പാർപ്പിക്കാൻ കോടികൾ ചെലവഴിച്ചാണ് അസം സർക്കാർ ജയിലുകൾ പണി തീർത്തുകൊണ്ടിരിക്കുന്നത്. ഇന്ത്യ എന്ന ദേശം രൂപംകൊള്ളുന്നതിനു മുൻപ് ബ്രിട്ടീഷ് ഇന്ത്യൻ പൗരനായിരുന്ന ഒരാൾ പോലും സംശയിക്കപ്പെടുന്ന പൗരനായി ചിത്രീകരിക്കപ്പെടുന്നിടത്തോളം പൗരത്വ സങ്കൽപ്പങ്ങൾ മാറിക്കഴിഞ്ഞു. പൗരത്വത്തെ ദേശീയതയ്ക്കപ്പുറത്ത് നിർവ്വചിക്കേണ്ടതിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. അത്തരം ശ്രമങ്ങൾ ഐക്യരാഷ്ട്രസംഘടന പലപ്പോഴും നടത്തിയിട്ടുണ്ടെങ്കിലും ദേശീയതകളുടെ അതിരുകളിൽ അതിനിപ്പോഴും വലിയ വിലയൊന്നുമില്ല.

Read More >>