മഫ്ളറിട്ട തീവ്രവാദി; മങ്കിക്യാപ്പിട്ട ആദംഗൻമാർ

സമാധാനം നല്ലോണമുണ്ടായിരുന്നതുകൊണ്ട് പഠിപ്പിലും ആരോഗ്യത്തിലും മാത്രമല്ല പരദൂഷണത്തിലുമൊക്കെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനായി. എല്ലാറ്റിനും ഒരു സമയമുണ്ട് മോനേ ദാസാന്ന് പണ്ട് വിജയൻ പറഞ്ഞതുപോലായി ഇപ്പോഴത്തെ കാര്യങ്ങൾ.

മഫ്ളറിട്ട തീവ്രവാദി; മങ്കിക്യാപ്പിട്ട ആദംഗൻമാർ

മുജീബുർറഹ്മാൻ കരിയാടൻ

സുഖിയന്മാരായിരുന്നല്ലോ നമ്മൾ ഇത്രയും കാലം. ഇനിയൊന്ന് പരീക്ഷിച്ചു കളയാമെന്ന് ഒടേതമ്പുരാനു തോന്നിയെങ്കിൽ അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അത്രയേറെ സുഖിയന്മാരായാണ് മലയാള ജനത ദിനംപ്രതി മണിക്കൂർ പ്രതി മിനുട്ടും സെക്കന്റും പ്രതി ജീവിച്ചത്. ഫേസ്ബുക്കും വാട്‌സ്ആപ്പും വന്നതോടെ സുഖിയൻ രീതിക്കൊരു ഡിജിറ്റൽ ടച്ചും കൊടുത്തു.

യുദ്ധമില്ല, വെള്ളപ്പൊക്കവും ദാരിദ്ര്യവുമില്ല, തീവ്രവാദി ആക്രമണങ്ങളും അതിർത്തി സംഘർഷങ്ങളുമില്ല. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഒരു മൂലയിൽ ആരും പെട്ടെന്ന് ശ്രദ്ധിക്കാതെ കടൽ തിരമാലകളെ തൊട്ടുംതലോടിയും നീളത്തിലൊരു കര പച്ചപ്പിന്റെ മറവിൽ കുറേകാലമായി അങ്ങനെ പോവുകയായിരുന്നു.

സമാധാനം നല്ലോണമുണ്ടായിരുന്നതുകൊണ്ട് പഠിപ്പിലും ആരോഗ്യത്തിലും മാത്രമല്ല പരദൂഷണത്തിലുമൊക്കെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനായി. എല്ലാറ്റിനും ഒരു സമയമുണ്ട് മോനേ ദാസാന്ന് പണ്ട് വിജയൻ പറഞ്ഞതുപോലായി ഇപ്പോഴത്തെ കാര്യങ്ങൾ.

ആദ്യം വന്നത് വെള്ളപ്പൊക്കമായിരുന്നു. ഡാമു തുറന്നിട്ടാണെന്ന് ഒരു വിഭാഗം, മഴ കുത്തനെ വന്നു പെയ്താൽ ഏതു ഡാമായാലും തുറന്നു പോകുമെന്ന് മറുവിഭാഗം, ഡാമായ ഡാമൊക്കെ നിയന്ത്രിച്ച് തുറന്നിട്ടും ഇതാണ് സ്ഥിതിയെങ്കിൽ ആ ഡാമെങ്ങാൻ പൊട്ടിയിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥയെന്നും വേറെ വിഭാഗം. എല്ലാരും ചേർന്ന് ചർച്ചയും ചിന്തയും ഏഴു മണി നേരത്തെ ടി.വി വാർത്തയിലെ തമ്മിത്തല്ലും കഴിയുമ്പോഴേക്കും കൊല്ലം ഒന്നങ്ങ് കഴിഞ്ഞുപോയി. അടുത്ത പ്രളയത്തിന് സമയമായി. കഴിഞ്ഞ കൊല്ലം പ്രളയം കിട്ടാത്തവർക്കാവട്ടെ ഇക്കൊല്ലമെന്ന് മുകളിലിരിക്കുന്നയാൾക്ക് തോന്നിക്കാണും. മദ്ധ്യത്തിലും വടക്കും ഓരോ കൊല്ലമായി കൊടുത്തുതീർത്തു.

പ്രകൃതിയിലുണ്ടാവുന്ന കുഴപ്പങ്ങൾ തടുക്കുന്നതിന് ഒരതിരൊക്കെയുണ്ട്. ആരും കണക്കുകൂട്ടി നിൽക്കുന്നതൊന്നുമല്ലല്ലോ. സംഭവിച്ചാൽ സംഭവിച്ചു. വെള്ളത്തിന്റെ കുത്തിയൊഴുക്കായും മണ്ണിന്റെ ഇരച്ചെത്തലുമായുമൊക്കെ അപകടവും ദുരന്തവും ആവർത്തിച്ചു തുടങ്ങി. ഇതിനിടയിൽ അറിയാതെ വരുന്നതെന്ന രീതിയിൽ ചിലതൊക്കെ അറിഞ്ഞുണ്ടാവുന്ന കാര്യം ആരെങ്കിലുമൊക്കെ അറിയുന്നുണ്ടോ ആവോ!

കശ്മീരെന്ന് കേട്ടിട്ടില്ലേ. ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ കശ്മീരാണെന്നൊക്കെ പണ്ടു പറഞ്ഞു കേൾക്കാറുണ്ടായിരുന്നു. ഇപ്പോ അങ്ങനെയൊന്നും ആരും പറയാറില്ല. കാരണം, മഞ്ഞു വീഴുന്ന വഴികളും ആപ്പിൾ കുലച്ചു നിൽക്കുന്ന ചിത്രങ്ങളും മാത്രമല്ല കശ്മീരെന്ന് ഈയിടെയായി എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. കശ്മീരിലെ മണ്ണ് ആർക്കും വാങ്ങാൻ കഴിയുന്നില്ല, കശ്മീരി പെണ്ണിനെ ആർക്കും കെട്ടാനാവുന്നില്ല എന്നൊക്കെ പറഞ്ഞാണ് കശ്മീരികളുടെ അവകാശങ്ങളിലെല്ലാം കൈവെച്ചത്. എന്നിട്ടെന്തായി? എന്തായെന്ന് ആർക്കുമറിയില്ല.

കശ്മീരിൽ സംഭവിക്കുന്നതൊന്നും പുറത്തെത്താൻ പാടില്ലെന്ന് ആർക്കൊക്കെയോ നിർബന്ധങ്ങളുണ്ട്. എത്ര പേരെ ജയിലിലടച്ചു, എത്ര പേർക്ക് ജീവനുണ്ട് തുടങ്ങിയ കാര്യങ്ങളൊന്നും എവിടേയും പറഞ്ഞു കേൾക്കുന്നില്ല. എന്നെങ്കിലും കേൾക്കുമോ ആവോ.

പറഞ്ഞുവന്നപ്പോൾ കശ്മീരിലേക്ക് എത്തിപ്പോയതാണ്. സംഭവം കേരളത്തിലേക്ക് തന്നെ തിരിച്ചുവരണം. എന്നാലേ പറഞ്ഞു വരുന്നത് എവിടെയെങ്കിലും എത്തിക്കാനാവു. എന്നാലും ഒരു കാര്യം കൂടി കശ്മീരിൽ പറഞ്ഞ് തിരികെ കേരളത്തിലേക്കെത്താം. കഴിഞ്ഞ കുറേ കാലങ്ങളായി ലശ്കറെ ത്വയ്യിബക്കാരുടെയൊക്കെ പേര് കശ്മീരിലാണ് പറഞ്ഞുകേട്ടിരുന്നത്. കശ്മീരിൽ അവകാശങ്ങളും അധികാരങ്ങളുമൊക്കെ കൈക്കലാക്കിയതുകൊണ്ടായിരിക്കണം ലശ്കറെകാർക്ക് പുതിയ താവളങ്ങൾ ഒരുക്കിക്കൊടുക്കാൻ ചിലർക്കൊക്കെ വ്യഗ്രത കാണുന്നത്.

ഇനി ക്യാമറ കേരളത്തിലേക്ക് സൂം ചെയ്യാം. ഇക്കാലമത്രയും കശ്മീരിൽ കേട്ട ലശ്കറെയുടെ പേര് ഇനിയിപ്പോ കേരളത്തിലേക്കാണ് മാറിയിരിക്കുന്നത്. കടൽ കടന്നൊരു മാത്തുക്കുട്ടി എന്നൊക്കെ സിനിമാ പേരുള്ളതുപോലെ കടൽ കടന്നെത്തുകയാണ് ലശ്കറെകാർ കേരളത്തിലേക്ക്.

ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്കും അതുവഴി കേരളത്തിലേക്കും ലശ്കറെ വരുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം എത്ര വേഗമാണ് റിപ്പോർട്ട് ചെയ്തത്. കര തൊട്ട ലശ്കറെക്കാരെ തേടി അലയലായി പൊലീസിന്റെ പണി. അന്നേരമാണ് കാര്യങ്ങളായ കാര്യങ്ങളെല്ലാം സംഭവിച്ചത്. കൗതുകപ്പെടണോ ചിരിക്കണോ എന്നല്ല കാലത്തിനപ്പുറത്തേക്ക് കാണാനുള്ള കണ്ണാണ് ഈ നേരത്ത് എല്ലാർക്കും വേണ്ടത്.

ഇടുക്കിയിൽ നിന്നൊരു പാവം, ബസ്സിൽ സഞ്ചരിക്കുമ്പോൾ തണുപ്പ് സഹിക്കാനാവാഞ്ഞ് തലയിൽ മഫ്ളർ ചുറ്റിയപ്പോൾ പിറകിലിരുന്ന വിദ്വാന് ഒന്ന് വിളിക്കാൻ തോന്നി- പൊലീസിനെ. തീവ്രവാദി ബസ്സിലുണ്ടെന്ന് അയാൾ നേരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞ് രാജ്യസ്‌നേഹത്തിന്റെ സർട്ടിഫിക്കറ്റ് കൈപ്പറ്റി. ഏത് സ്‌കൂളിൽ നിന്നാണ് തീവ്രവാദികളുടെ യൂണിഫോം മഫ്ളറാണെന്ന് പഠിപ്പിച്ചത് എന്നറിയില്ല. എന്തായാലും സിനിമക്കാരുടെ സ്‌കൂളിൽ തീവ്രവാദിയെന്നാൽ മഫ്ളറും മങ്കിക്യാപ്പിട്ട രൂപങ്ങളാണ്. ഇതുകണ്ട് ശീലിച്ച ചിലരെങ്കിലും തണുപ്പ് സഹിക്കാഞ്ഞ് മഫ്ളറിട്ട എഞ്ചിനീയറെ കണ്ടാലും തീവ്രവാദിയെന്ന് സംശയിച്ചാൽ കുറ്റം പറയാനാവില്ല. ഇനിയിപ്പോ ചൂടും പൊടിയും സഹിക്കാഞ്ഞ്് തലയിലെ ഹെൽമെറ്റ് കൂടാതെ കണ്ണൊഴികെ മുഴുവൻ മുഖവും മറച്ച് കൈകൾ കുപ്പായക്കൈവരേയും അതുപോരാഞ്ഞ് ഗ്ലൗസുമിട്ട് സ്‌കൂട്ടറോടിക്കുന്നവരെ എന്നാണാവോ തീവ്രവാദികളാക്കുക. ഈശ്വരോ രക്ഷതു.

പോരല്ലോ. ഏതോ യുവതിയെ പെൺവാണിഭക്കാരിൽ നിന്നും രക്ഷിച്ച് വിദേശത്തു നിന്നും സ്വദേശത്തെത്തിയവനും കിട്ടി തീവ്രവാദിപ്പട്ടം. ദേഷ്യമുള്ളവനോട് എളുപ്പത്തിൽ തീർക്കാവുന്ന പ്രതികാരത്തിന്റെ പേരായി തീവ്രവാദി. അതിനിടയിൽ ദോഷൈകദൃക്കുകൾ വേറേയും പറയുന്നുണ്ട്. കശ്മീർ കഴിഞ്ഞു. പിടിക്കാനാവാത്ത സ്ഥലത്തെ പഴച്ചാറാക്കി കുപ്പിയിലാക്കി. ഇനി തമിഴന്റെ വീര്യത്തേയും മലയാളിയുടെ വിവരത്തേയും കുപ്പിയിലാക്കാനുണ്ട്. അതിനു നല്ലത് കശ്മീരിൽ പ്രയോഗിച്ച അതേ തീവ്രവാദികളെ തന്നെയാണ്. ശ്രീലങ്കയിൽ നിന്ന് പണ്ട് പുലികൾ വന്നതുപോലെ ഇനി തീവ്രവാദികൾ വരുമായിരിക്കും. ആദ്യം ലശ്കറെ, പിന്നാലെ അതുപോലുള്ള കുറേ കറകളും കറേകളും. കുറുകുറേ തിന്നുന്ന കുട്ടികളെ പോലെ കേരളത്തേയും തമിഴ്നാട്ടിനേയും കറുമുറേ തിന്നാൻ ചിലർക്കു പൂതിയുണ്ട്. ആ പൂതി നടപ്പാക്കാൻ ഇതൊക്കെ പ്രയോഗിച്ചേ പറ്റൂ.

ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഒറ്റ മിനുട്ടുകൊണ്ട് പറക്കുന്ന സന്ദേശങ്ങൾ ഇനി കാര്യങ്ങൾ തീരുമാനിക്കും. ഭൂമിയിലെ സ്വർഗം നരകമായി. ഇനി ദൈവത്തിന്റെ സ്വന്തം നാടിനെ പിശാച് പിടിക്കും. കാലം മാറും കഥയും.

Next Story
Read More >>