തിരുത്തിന് 25 കൊല്ലം

പത്രാധിപന്മാർ തങ്ങളുടെ ആയുധങ്ങൾ എത്രത്തോളം ഉപയോഗിക്കുന്നു എന്നുകൂടി 'തിരുത്തിന്റെ' ഇരുപത്തിയഞ്ചാം വർഷത്തിൽ നാം ആലോചിക്കേണ്ടതുണ്ട്‌

തിരുത്തിന്   25   കൊല്ലം

എ.പി കുഞ്ഞാമു

ആധുനിക വിദ്യാഭ്യാസം ഇന്ത്യാരാജ്യത്തിന് നൽകിയ ഏറ്റവും വലിയ സമ്മാനം കെ.കെ ചുല്യാറ്റിനെപ്പോലെയുള്ള ബുദ്ധിജീവികളാണ്. നയവും നടപടികളും തിട്ടപ്പെടുത്തുന്ന ബ്യൂറോക്രസിയുടെ അധികാരകേന്ദ്രങ്ങളിലും തർക്കങ്ങൾക്ക് തീർപ്പുണ്ടാക്കുന്ന കോടതികളിലും പൊതുബോധം നിർമ്മിക്കുന്ന ന്യൂസ് റുമുകളിലുമിരുന്ന് അവർ കൃത്യമായ നിഷ്പക്ഷതാ നാട്യത്തോടെയും ഒരിക്കലും വികാരാവേശത്താൽ അതിരു വിട്ടുപോകാത്ത നിർമ്മമത്വത്തോടെയും രാജ്യത്തെ നിയന്ത്രിച്ചു പോരുന്നു. അവർ പക്ഷം പിടിക്കുകയോ മാർജിനുകൾക്കപ്പുറത്തേക്ക് തെന്നിത്തെറിച്ചുപോവുകയോ ഇല്ല.

സ്വന്തം സുരക്ഷിതത്വത്തിനുള്ളിൽ നിന്ന് ആവശ്യം വരുമ്പോൾ മാത്രം പുറത്തേക്ക് തലനീട്ടുന്ന ഇത്തരം 'ആമ'കളെക്കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് ആരും ചോദിച്ചു പോകും. ഈ ചോദ്യത്തിന്റെ നിഷേധാർതഥ ധ്വനികളെ 'ഉളി പോലെ പേന മുറുക്കിപ്പിടിച്ച് വെട്ടിത്തിരുത്തുന്ന' കഥയാണ് എൻ.എസ് മാധവന്റെ തിരുത്ത്. തിരുത്തിന് ഇരുപത്തിയഞ്ചു തികഞ്ഞു ഇക്കൊല്ലം.

1992 ഡിസംബർ 6 ന് ആണ് ബാബരി മസ്ജിദ് തകർക്കപ്പെടുന്നത്. ഡിസംബർ ആറിന് വൈകുന്നേരത്തെ ഒരു പത്രമാപ്പീസാണ് കഥാ പശ്ചാത്തലം. എല്ലാ 'ചരിത്രസന്ധി'കളിലും എന്നപോലെ പത്രാധിപർ ചുല്യാറ്റിന് പനി. മുഖ്യധാരാ പത്രങ്ങളെല്ലാം വളരെ സൂക്ഷിച്ചാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഈ സൂക്ഷ്മത മൂലം പത്രങ്ങൾക്ക് അയോധ്യയിൽ സ്ഥിതി ചെയ്തത് ബാബരി മസ്ജിദായിരുന്നില്ല, തർക്കമന്ദിരമായിരുന്നു. അതുകൊണ്ട് കഥയിലെ സബ്എഡിറ്റർ സുഹ്‌റക്കും തന്റെ കോപ്പിയിൽ തർക്ക മന്ദിരമെന്ന് മാത്രമേ, എല്ലാ മാനസിക സമ്മർദ്ദങ്ങൾക്കിടയിലും എഴുതാൻ സാധിച്ചിരുന്നുള്ളു. മസ്ജിദ് തകർച്ചയെക്കുറിച്ച് വികാരഭരിതമായി യാതൊന്നും എഴുതരുതെന്നാണ് ചുല്യാറ്റ് നിർദ്ദേശിച്ചിരുന്നതും

പൊതു ബോധത്തിന്റെ ഈ നിഷ്പക്ഷാ നാട്യത്തിന്റെ ഇരയായിരുന്നു. രാജ്യത്തെ എല്ലാ മുസ്‌ലിംകളെയും പോലെ സുഹ്‌റയും. പക്ഷേ സുഹ്‌റയെ മാത്രമല്ല, ഡെസ്‌കിൽ പകച്ചുനിൽക്കുന്നവരെ മുഴുവൻ പിടിച്ചുലച്ചു കൊണ്ട്, ഓക്‌സ്‌ഫോർഡ് ആക്‌സന്റിൻ ചിന്തേരിട്ട് സംസാരിക്കുന്ന തീർത്തും നിഷ്പക്ഷനായ ചില്യാറ്റെന്ന പത്രാധിപർ, അവൾ എഴുതിയ 'തർക്കമന്ദിര'മെന്ന വാക്കുവെട്ടിമാറ്റി, വലിയ അക്ഷരങ്ങളിൽ ബാബരി മസ്ജിദ് എന്ന് തിരുത്തി. ഈ തിരുത്തിലൂടെ എൻ.എസ് മാധവൻ, ഹൈന്ദവ ഫാഷിസ്റ്റുകൾ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ശിരസ്സിലേല്പിച്ച കനത്ത ആഘാതത്തിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. 'സുഹ്‌റയുടെ നെറുംതലയിൽ' ചുല്യാറ്റ് നൽകിയ തലോടൽ യാഥാർത്ഥത്തിൽ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ശിരസ്സിൽ ഇന്ത്യൻ മതേതരത്വം നൽകിയ തലോടലാണ്, അതെ ബുദ്ധിജീവികളെക്കൊണ്ട്, എഴുത്തുകാരെക്കൊണ്ട് ശരിക്കും പ്രയോജനമുണ്ട്.

പിന്നീട് എൻ.എസ് മാധവൻ മുംബൈ എഴുതി. മുംബൈയിൽ ജോലി ചെയ്യുന്ന മലയാളി എഞ്ചിനീയർ അസീസ് പാസ്‌പോർട്ട് കിട്ടാൻവേണ്ടി നടത്തുന്ന ശ്രമങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. രാജീവ്ഗാന്ധി വധത്തെത്തുടർന്നുണ്ടായ സിഖ് വംശഹത്യയുടെ പശ്ചാത്തലത്തിൽ എഴുതിയ കഥയാണ് 'വന്മരങ്ങൾ വീഴുമ്പോൾ' ഇന്ത്യൻ അവസ്ഥയെക്കുറിച്ച് മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും മികച്ച രാഷ്ട്രീയ കഥകളാണ് ഇവയെല്ലാം. ഈ കഥകളിലൂടെ കഥാകൃത്ത് ഇന്ത്യയിലെ ഫാഷിസ്റ്റ് ശക്തികളുടെ ആസൂത്രിത പദ്ധതികൾ തിരുത്താനുള്ള ശ്രമത്തിൽ എഴുത്തുകാരനെന്ന നിലയിൽ പങ്കാളിത്തം വഹിക്കുകയാണ് ചെയ്യുന്നത്.

തിരുത്തിൽ ചുല്യാറ്റ് പറയുന്നുണ്ട്. നീല പെൻസിലാണ് പത്രാധിപന്മാരുടെ ആയുധമെന്ന്. ഈ 'ആയുധം ഞാനിന്ന് ശരിക്കും ഉപയോഗിക്കുമെന്ന്' ചുല്യാറ്റ് ഉറപ്പിച്ചു പറയുന്നു. തിരുത്തിന് ശേഷം കാര്യങ്ങൾ വളരെയധികം മാറി, ഭരണവും മാറി. ഈ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ പത്രാധിപന്മാർ തങ്ങളുടെ ആയുധങ്ങൾ എത്രത്തോളം ഉപയോഗിക്കുന്നു എന്നുകൂടി 'തിരുത്തിന്റെ' ഇരുപത്തിയഞ്ചാം വർഷത്തിൽ നാം ആലോചിക്കേണ്ടതുണ്ട്.

അതെ, നമ്മുടെ ന്യൂസ് റൂമുകളിൽ ഇപ്പോൾ ചുല്യാറ്റിന്റെ വംശത്തിൽപെട്ടവർ എത്രത്തോളമുണ്ട്, ഏറെ മാറിപ്പോയ ഇക്കാലത്ത് എൻ.എസ് മാധവന്റെ വംശാവലിയിൽപ്പെട്ട എഴുത്തുകാർ എത്രപേർ നമുക്ക് ചുറ്റിലുമുണ്ടെന്നു കൂടി......

Next Story
Read More >>