സംരംഭകനാകാം എന്റെ ഗ്രാമത്തിലൂടെ; അഞ്ച് ലക്ഷം വരെ ധനസഹായം

Published On: 10 July 2018 6:30 AM GMT
സംരംഭകനാകാം എന്റെ ഗ്രാമത്തിലൂടെ; അഞ്ച് ലക്ഷം വരെ ധനസഹായം

കോഴിക്കോട്: സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് സംരംഭക പദ്ധതി. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിനുകീഴില്‍ എന്റെ ഗ്രാമം പദ്ധതിയിലാണ് ഇത് നടപ്പിലാക്കുന്നത്.

18 വയസ്സിന് മുകളിലുള്ള വ്യക്തികള്‍, സ്വയംസഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, ധര്‍മ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധനസഹായം നല്‍കുന്നതാണ് പദ്ധതി.

പരമാവധി അഞ്ചുലക്ഷം രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുക. ഓരോ ലക്ഷം രൂപയ്ക്കും ഒരാള്‍ക്ക് തൊഴില്‍ ലഭിക്കുന്ന രീതിയിലായിരിക്കണം പദ്ധതി തയ്യാറാക്കേണ്ടത്. പട്ടിജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പദ്ധതി ചെലവിന്റെ 40 ശതമാനവും ജനറല്‍ വിഭാഗത്തിന് 25 ശതമാനവും മാര്‍ജിന്‍ മണി ലഭിക്കും.

ജനറല്‍ വിഭാഗത്തില്‍പെട്ട സംരംഭകര്‍ പദ്ധതിയുടെ 10 ശതമാനവും മറ്റുവിഭാഗക്കാര്‍ അഞ്ചുശതമാനവും തുക സ്വന്തമായ വകയിരുത്തണം.

ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ പ്രാഥമിക പരിശോധനക്കു ശേഷം ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷനായ കമ്മിറ്റിയാണ് അപേക്ഷകരില്‍ നിന്ന് അര്‍ഹരെ കണ്ടെത്തുക. താല്‍പര്യമുള്ളവര്‍ ജില്ലാ ഖാദി ബോര്‍ഡുമായാണ് ബന്ധപ്പെടേണ്ടത്.

മദ്യം പുകയില സംരംഭകര്‍ക്ക് സഹായമില്ല

മദ്യം, പുകയില, മറ്റ് ലഹരി വസ്തുക്കള്‍, മദ്യം ലഭിക്കുന്ന ഹോട്ടലുകള്‍ എന്നിങ്ങനെയുള്ള സംരംഭങ്ങള്‍ക്ക് ഈ പദ്ധതിയില്‍ നിന്നും സഹായം ലഭിക്കില്ല. ഇതുകൂടാതെ മാംസം, മല്‍സ്യം, തേയില, റബ്ബര്‍, പട്ടുനൂല്‍ പുഴു വളര്‍ത്തല്‍, മൃഗസംരക്ഷണം, പോളിത്തീന്‍ ബാഗുകള്‍, പ്ലാസ്റ്റിക് ബാഗുകള്‍, വാഹനം എന്നിവയുമായി ബന്ധമുള്ള സംരംഭങ്ങള്‍ക്കും സഹായം ലഭ്യമാകില്ല.

Top Stories
Share it
Top