മെച്ചപ്പെട്ട മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുമായി  ബി.എസ്.എന്‍.എല്‍

Published On: 19 Jun 2018 3:15 AM GMT
മെച്ചപ്പെട്ട മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുമായി  ബി.എസ്.എന്‍.എല്‍

കൊച്ചി: കേരളത്തിലെ ബി.എസ്.എന്‍.എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരളത്തിന് വേണ്ടി മാത്രമായി പുതിയ നോക്കിയ ജി.ജി.എസ്.എന്‍ കൊച്ചി പനമ്പിള്ളി നഗര്‍ എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. കേരളത്തിലെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഡേറ്റ സ്പീഡും സേവന അനുഭൂതിയും പ്രദാനം ചെയ്യാന്‍ കഴിയുന്ന ഈ സാങ്കേതിക സംവിധാനത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച നടന്നു.

വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ഉള്‍പ്പടെയുള്ള വീഡിയോ സ്ട്രീമിംഗ്, ഹൈ സ്പീഡ് ഡേറ്റ, ലൈവ് ഗെയിമിംഗ് തുടങ്ങിയ സേവനങ്ങള്‍ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഈ സംവിധാനം 4G സാങ്കേതിക വിദ്യയുടെ VOLTE ഉള്‍പ്പടെയുള്ള ആധുനിക പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടിട്ടുള്ളതാണ്. കേരളത്തിലെ നിലവിലുള്ളതും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതുമായ മൊബൈല്‍ ഡേറ്റ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കെല്പുള്ള ഈ സംവിധാനം നിലവില്‍ വന്നത് വഴി കേരളത്തിന് സ്വന്തമായി ഇങ്ങനെ ഉള്ള സംവിധാനം വേണമെന്നുള്ള ദീര്‍ഘനാളായുള്ള ആവശ്യമാണ് സഫലീകൃതമായിരിക്കുന്നത്.

കേരളത്തില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് വികസനത്തിന്റെ ഭാഗമായി പുതിയ 2600 മൊബൈല്‍ ബി.ടി.എസുകള്‍ (BTS) ഉള്‍പ്പടെയുള്ള 250 കോടി രൂപയുടെ ഉപകരണങ്ങള്‍ ബി.എസ്.എന്‍.എല്‍ വിന്യസിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ.പി.ടി. മാത്യു അറിയിച്ചു.രണ്ടു മാസത്തിനുള്ളില്‍ ഇതു പൂര്‍ത്തീകരിക്കുന്നതോടെ സംസ്ഥാനത്തെ മൊബൈല്‍ കവറേജും ഡാറ്റ വേഗതയും ഏറെ മെച്ചപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top