രാജ്യാന്തര സര്‍വീസ് ലൈസന്‍സിനായി നിയമലംഘനം; എയര്‍ ഏഷ്യ സിഇഒക്കെതിരെ സിബിഐ കേസ്

Published On: 29 May 2018 11:30 AM GMT
രാജ്യാന്തര സര്‍വീസ് ലൈസന്‍സിനായി നിയമലംഘനം; എയര്‍ ഏഷ്യ സിഇഒക്കെതിരെ സിബിഐ കേസ്

ന്യൂഡല്‍ഹി: രാജ്യന്തര സര്‍വീസിന്റെ അനുമതിക്ക് നിയമലംഘനം നടത്തിയ എയര്‍ ഏഷ്യ സിഇഒ ടോണി ഫെര്‍ണാണ്ടസിനെതിരെ സിബിഐ കേസെടുത്തു. അന്താരാഷ്ട്ര സര്‍വീസിന് ലൈസന്‍സ് ലഭിക്കാന്‍ 5/20 പ്രകാരം വ്യോമയാന നിയമങ്ങള്‍ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടോണി ഫെര്‍ണാണ്ടസ്, എയര്‍ ഏഷ്യയുടെ ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തത്.

അതോടൊപ്പം വിദേശ നിക്ഷേപം പ്രോത്സാഹന ബോര്‍ഡിന്റെ നിയമങ്ങള്‍ ലംഘിച്ചതിനും എയര്‍ ഏഷ്യക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ വ്യോമയാന നിയമം 5/20 പ്രകാരം അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കണമെങ്കില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും 20 വിമാനങ്ങള്‍ സ്വന്തമായും വേണം.

എന്നാല്‍ എയര്‍ ഏഷ്യ സിഇഒ ടോണി ഫെര്‍ണാണ്ടസ് ഈ ചട്ടം ലഘിച്ചെന്നും അനുമതിയ്ക്കായി പോളിസികളില്‍ മാറ്റം വരുത്താന്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്നും സിബിഐ വക്താവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എയര്‍ ഏഷ്യയുടെ ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങി രാജ്യത്തെ ആറ് നഗരങ്ങളിലെ ഓഫീസുകളില്‍ പരിശോധന നടക്കുകയാണ്.

ടോണി ഫെര്‍ണാണ്ടസിനെ കൂടാതെ എയര്‍ ഏഷ്യ ട്രാവല്‍ ഫൂഡ് ഉടമ സുനില്‍ കപൂര്‍, എയര്‍ ഏഷ്യ ഡയറക്ടര്‍ ആര്‍ വെങ്കിട്ടരാമന്‍, സിങ്കപ്പൂര്‍ ആസ്ഥാനമായ എസ്എന്‍ആര്‍ ട്രേഡിങ് ഡയറക്ടര്‍ രാജേന്ദ്രദുബേ, കണ്‍സള്‍ട്ടന്റ് ദീപക് തല്‍വാര്‍ എന്നിവരുടെ പേരുഖളും എഫ് ഐ ആറിലുണ്ട്.

Top Stories
Share it
Top