കുരുമുളകിന് വിലകൂടി; കര്‍ഷകര്‍ക്ക് സന്തോഷം

ഇടുക്കി: കുരുമുളക് ക്വിന്റലിന് 300 രൂപ കൂടിയതോടെ കര്‍ഷകരുടെ മനസില്‍ പൊന്‍തിളക്കം. രൂപയുടെ വില അല്‍പ്പം മെച്ചപ്പെട്ടതോടെയാണ് വിപണിയില്‍ കുരുമുളകിനു...

കുരുമുളകിന് വിലകൂടി; കര്‍ഷകര്‍ക്ക് സന്തോഷം

ഇടുക്കി: കുരുമുളക് ക്വിന്റലിന് 300 രൂപ കൂടിയതോടെ കര്‍ഷകരുടെ മനസില്‍ പൊന്‍തിളക്കം. രൂപയുടെ വില അല്‍പ്പം മെച്ചപ്പെട്ടതോടെയാണ് വിപണിയില്‍ കുരുമുളകിനു വില ഉയര്‍ന്നത്. പ്രളയത്തെതുടര്‍ന്നു ഇടുക്കിയില്‍നിന്നുള്ള കുരുമുളകിന് ക്ഷാമം നേരിട്ടതോടെ വാങ്ങുന്നവര്‍ നിരക്ക് ഉയര്‍ത്തി സംഭരിക്കാന്‍ തുടങ്ങിതാണ് കര്‍ഷകര്‍ക്കു പ്രതീക്ഷ നല്‍കുന്നത്. അടുത്ത സീസണില്‍ ഉത്പാദനം ചുരുങ്ങുമെന്ന വിലയിരത്തലുകളും നിരക്ക് ഉയരാന്‍ ഇടയാക്കി. ഇതിനിടെ ഇറക്കുമതി മുളക് കേരളത്തിലേക്ക് എത്തുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വാരം 60 മുതല്‍ 120 ടണ്‍ വരെ ഇറക്കുമതി മുളകാണ് വിപണിയില്‍ വില്‍പനക്കെത്തിയത്. ഇറക്കുമതി മൂലം സര്‍ക്കാരിന് ലഭിക്കണ്ട കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

കീടനാശിനി കലര്‍ന്ന ഗുണനിലവാരമില്ലാത്ത വിയറ്റ്‌നാം മുളക് കൊച്ചിയിലും വില്‍പ്പനക്കെത്തി. ഇറക്കുമതി കുരുമുളകിന് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ പെപ്പര്‍ ആന്‍ഡ് സ്‌പൈസസ് ട്രേഡേഴ്‌സ്, ഗ്രോവേഴ്‌സ്, പ്ലാന്റേഴ്‌സ്, കണ്‍സോര്‍ഷ്യം കേരളാ ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കിഷോര്‍ ശ്യാംജി കേന്ദ്ര വ്യവസായമന്ത്രി സുരേഷ് പ്രഭുവിന് നിവേദനം നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ വിപണിയില്‍ ഇറക്കുമതി ചെയ്ത മുളകാണ് കൂടുതലായും വിറ്റ് കൊണ്ടിരിക്കുന്നത്. കൊച്ചി മാര്‍ക്കറ്റിലെ വിലയേക്കാള്‍ ഇറക്കുമതി മുളകിന് വില കുറച്ചതോടെ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ഇറക്കുമതി മുളകിന് ആവശ്യക്കാര്‍ കൂടുതലാണ്. കൊച്ചിയില്‍ കുരുമുളക് കിലോക്ക് 372 രൂപ വിലയുളളപ്പോള്‍ ഇറക്കുമതി മുളക് 350 രൂപ വരെ വില കുറച്ചാണ് ഉത്തരേന്ത്യയില്‍ വിറ്റുവരുന്നത്.

രാജ്യാന്തര വിപണിയില്‍ ഇന്ത്യയുടെ നിരക്ക് ഒരു ടണ്‍ കുരുമുളകിന് 5600 ഡോളറാണ് ഓഫര്‍ ചെയ്തത്. വിയറ്റ്‌നാം 3000, ശ്രീലങ്ക 3500-3800, ഇന്തോന്യേഷ്യ 3200, ബ്രസീല്‍ 3100 ഡോളറില്‍ കയറ്റുമതിക്ക് ഓഫര്‍ തുടര്‍ന്നു. വാരാന്ത്യ വില കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് ക്വിന്റലിന് 37200 രൂപയും ഗാര്‍ബിള്‍ഡ് മുളകിന് 39200 രൂപയുമാണ്. ഇതിനിടെ തെക്കന്‍ കേരളത്തില്‍ മൂപ്പുകുറഞ്ഞ മുളകിന്റെ വിളവെടുപ്പ് പുരോഗമിക്കുന്നുണ്ട്. കുരുമുളക് ഓയില്‍ വ്യവസായികളും, അച്ചാര്‍ നിര്‍മാതാക്കളും മൂപ്പ് കുറഞ്ഞ കുരുമുളക് വാങ്ങി കൂട്ടുന്നതുമൂലവും കുരുമുളക് വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു.

Read More >>