കണ്ണുനീരില്‍ അവസാനിച്ച ചരിത്ര നിയോഗം

ബ്രിട്ടനിൽ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമാകുന്ന അപരവിദ്വേഷം, കൂടിയേറ്റ വിരുദ്ധത, മണ്ണിന്റെ മക്കൾ വാദം, വംശ വിവേചനം, തീവ്രദേശീയത തുടങ്ങിയ വലതുപക്ഷ ചിന്താഗതികളുടെ പ്രതിഫലനം ബ്രെക്‌സിറ്റിലും വായിക്കാനാകും. ലോകത്തിന്റെ സർവ്വ പുരോഗതിക്കും കാരണം യൂറോപ്പാണെന്ന യൂറോ കേന്ദ്രീകൃതതത്തിൽ ഒരു പടികൂടി കടന്ന് യൂറോപ്പിന്റെ പുരോഗതിക്ക് നിദാനം ബ്രിട്ടൻ ആണെന്ന ബ്രിട്ടീഷ് സെൻട്രിസിസം ബ്രിട്ടീഷ് രാഷ്ട്രീയ നേതൃത്വ ഗ്രസിച്ചതായും സംശയിക്കണം

കണ്ണുനീരില്‍ അവസാനിച്ച ചരിത്ര നിയോഗം

വി.പി.എ അസീസ്

ശിലാസമാനമായ മനക്കരുത്ത്, വൈകാരിതക്ക് അനായാസം അടിപ്പെടാത്ത പക്വത, വിപുലമായ രാഷ്ട്രീയ പ്രവർത്തനാനുഭവ സമ്പത്ത് തുടങ്ങിയ ഗുണവിശേഷങ്ങളാൽ അടുത്തകാലം വരെ വാഴ്ത്തപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് തെരേസ മേ. എന്നാൽ തന്റെ ഭരണ-നിർവ്വഹണപരമായ വൈഭവത്തിനും വിശ്വാസ്യതക്കും നേരെ ഉയർന്ന കടുത്ത വെല്ലുവിളികൾക്കു മുമ്പിൽ പിടിച്ചുനിൽക്കാനാകാതെ കഴിഞ്ഞ വാരം ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് അവർ രാജിപ്രഖ്യാപനം നടത്തി. രാജി തീരുമാനം അറിയിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ വിടവാങ്ങൽ പ്രഭാഷണം നടത്തവെ അവർ കണ്ണുനീരണിഞ്ഞു, കണ്ഠം ഇടറി, ശബ്ദം വിറയാർന്നു.

പിറ്റേന്ന് വിതുമ്പുന്ന പ്രധാനമന്ത്രിയുടെ നിസ്സഹായാവസ്ഥ പടർന്ന മുഖത്തിന്റെ ക്ലോസപ്പ് ദൃശ്യങ്ങൾ പത്രമാധ്യമങ്ങളിൽ നിറഞ്ഞു. പത്രങ്ങൾ അവരോട് ദാഷിണ്യമൊന്നും കാട്ടിയില്ല. വെള്ളിയാഴ്ച രാജി തീരുമാനം പ്രഖ്യാപിച്ച തെരേസയ്ക്ക് പറ്റിയിറങ്ങാൻ ജൂൺ ഏഴു വരെ സമയം ഉണ്ടായിരുന്നു. മേ -ജൂൺ ഏഴിന് അവസാനിക്കുന്നു (May ends on 7th July) എന്ന ശീർഷകത്തിലാണ് ഡെയിലി മിറർ വാർത്ത റിപ്പോർട്ട് ചെയ്തത്. 'ബ്രോക്കൺ ബൈ ബ്രെക്സിറ്റ്‌' എന്നായിരുന്നു ഗാർഡിയൻ നൽകിയ തലക്കെട്ട്. 'ജറ്റ് ആൾ എൻഡ്‌സ് ഇന്റ്‌റിയേഴ്‌സ്' എന്ന തലക്കെട്ടിൽ ദി ടൈംസും 'ബ്രിട്ടീഷ് ഡൗൺ ബ്രൈ ബ്രെറ്റ് സിറ്റ്' എന്ന തലവാചകത്തിൽ ബി.ബി.സിയും അവതരിപ്പിച്ച വാർത്തകളിലെല്ലാം ഒരു യാഥാർത്ഥ്യം വ്യക്തമായിരുന്നു. തെരേസയുടെ കഴുത്തിൽ കുരുക്കിട്ടത് ബ്രെക്സിറ്റ് എന്ന കീറാമുട്ടിയാണെന്ന യാഥാർത്ഥ്യം.

കാമറണിന്റെ വഴിയേ പിൻഗാമിയും

യൂറോപ്യൻ രാജ്യങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക സഹകരണ വേദിയായ യൂറോപ്യൻ യൂണിയനിൽ (ഇ.യു) നിന്ന് ബ്രിട്ടൻ പുറത്തു പോകുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളാണ് ബ്രെക്‌സിറ്റ് (ബ്രിട്ടീഷ് എക്‌സിസ്റ്റ്) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്നത്. ബ്രെക്‌സിറ്റിനെ സംബന്ധിച്ച ജനഹിതം അറിയാനുള്ള റഫറണ്ടം നടന്നത് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ ഭരണകാലത്തായിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്ന് രാജ്യം പുറത്തുപോകണമെന്ന വാദക്കാരും (Breksteers) യൂണിയനിൽ തുടരുകയാണ് വേണ്ടതെന്ന വാദക്കാരും (Remainists) വേർപിരിഞ്ഞ് നടത്തിയ സംഘർഷഭരിതമായ പ്രചാരണങ്ങൾക്കൊടുവിൽ 2016 ജൂൺ 23 ന് നടന്ന ഹിതപരിശോധന ചരിത്രപ്രധാനമായിരുന്നു. ഇ.യുവുമായുള്ള നാലര പതിറ്റാണ്ടിന്റെ ബന്ധം അവസാനിപ്പിക്കണമെന്ന വാദത്തിന് 51.9 ശതമാനം വോട്ടുകൾ നൽകി ബ്രിട്ടീഷ് ജനത പിന്തുണയേകി.

ബ്രിട്ടൻ ഇ.യുവിൽ തുടരണമെന്ന വാദത്തോടായിരുന്നു വ്യക്തിപരമായി കാമറണിന്റെ യോജിപ്പ്. എന്നാൽ പ്രധാമന്ത്രി എന്ന നിലയിൽ ഹിതപരിശോധന ഫലം നടപ്പാക്കേണ്ടത് അദ്ദേഹത്തിന്റെ ബാദ്ധ്യതയായിരുന്നു. ഈ സാഹചര്യത്തിൽ മനഃസാക്ഷിയെ മാനിച്ചുകൊണ്ട് പ്രധാനമന്ത്രി പദത്തിൽ നിന്ന് കാമറൺ രാജി പ്രഖ്യാപിച്ചു. അതിനാൽ ബ്രെക്‌സിറ്റ് കഴുത്തിൽ കുരുങ്ങിയ ആദ്യഇര എന്ന് കാമറണിനെ വിശേഷിപ്പിക്കാം. കാമറണിന്റെ പിൻഗാമിയെ കണ്ടെത്താൻ കൺസർവേറ്റിവ് പാർട്ടി വിളിച്ചുചേർത്ത യോഗത്തിൽ നറുക്കു ലഭിച്ചത് തെരേസ മേയ്ക്കായിരുന്നു. കാമറണിന് പകരം വെക്കാൻ മറ്റു പ്രതിയോഗികളില്ലാത്ത ഇതിനകം അവർ പാർട്ടികകത്തും രാജ്യത്തിലാകെയും പ്രശസ്തി നേടിയിരുന്നു. ആറ് വർഷക്കാലം ആഭ്യന്തരമന്ത്രി എന്ന നിലയിൽ സ്വീകരിച്ച കർക്കശ നിലപാടുകൾ പലപ്പോഴും അവരെ വിവാദനായികയുമാക്കി. 2016 ജൂലൈയിൽ അവർ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു പക്ഷെ വിദ്യാർത്ഥി ജീവിതകാലം മുതലേ താലോലിച്ചിരുന്ന രാഷ്ട്രീയ സ്വപ്‌നത്തിന്റെ സാക്ഷാത്കാരം.

കാമറണിനെപോലെ ബ്രെക്‌സിറ്റ് വിരുദ്ധ ചേരിയിലായിരുന്നു മേയും ആദ്യം നിലയുറപ്പിച്ചിരുന്നത്. എന്നാൽ ബ്രെക്‌സിറ്റ് പ്രചാരണ ക്യാമ്പയിനുകളിൽ പ്രത്യക്ഷപ്പെടാൻ അവർ തയ്യാറായില്ല. കാമറണിന്റെ വിളികളിൽ നിന്ന് അവർ സമർഥയായി ഒഴിഞ്ഞുമാറി. 'സബ് മറൈൻ തെരേസ' എന്ന പരിഹാസപ്പേര് വീഴാൻ വരെ അതുകാരണമാവുകയും ചെയ്തു.

തിരിച്ചടികൾ

പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു തൊട്ടുപിറകെ ചാൻസലർ ജോർജ് ഓസ്‌ബോണിനെ പിരിച്ചുവിട്ടുകൊണ്ട് തെരേസ പാർട്ടി എം.പിമാരെ അമ്പരപ്പിക്കുകയുണ്ടായി. ആരേയും കൂസാത്ത ബുഡി ഡിഫിക്കൽറ്റ് വുമൺ എന്ന ദുഷ്‌പേരിന് ഇത്തരം നടപടികൾ വഴിവെച്ചു. സഹപ്രവർത്തകരേയും എം.പിമാരേയും സദാ വിമർശിക്കുന്ന ശൈലി വിശ്വസ്തരെപ്പോലും അവരിൽ നിന്നകറ്റി. വിദേശകാര്യ മന്ത്രിയായി താൻ നിയമിച്ച ബോറിസ് ജോൺസൺ പോലും എതിർ പാളത്തിൽ ചേക്കേറിയത് തെരേസയെ ഏറെ നിരാശയാക്കിയിരുന്നു.

ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് ഇ.യുമായി ഒപ്പുവെച്ച വിസാറ്റ കരാറിന്റെ വ്യവസ്ഥകൾ പാർലമെന്റിൽ മുന്നുതവണ തള്ളിയതോടെ സ്വന്തം കക്ഷിക്കാർ പോലും തന്നിൽ വിശ്വാസമർപ്പിക്കുന്നില്ലെന്ന യാഥാർഥ്യത്തിലേക്ക് അവർ ഉണർന്നു. ഓരോ തവണയും പുതിയ ഇളവുകൾ ചേർത്ത് ഭേദഗതി ചെയ്ത ബില്ലായിരുന്നു സഭയിൽ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ അവ പാർലമെന്റിൽ നിരാകരിക്കപ്പെട്ടു.

നേരത്തെ ബ്രെക്‌സിറ്റ് വിരുദ്ധ ചേരിക്കാരി ആയതിനാൽ തെരേസയുടെ ബ്രെക്‌സിറ്റ് നീക്കങ്ങളെ പല എം.പിമാരും സംശയദൃഷ്ടിയോടെ വീക്ഷിച്ചു. ഭരണത്തിന്റെ മൂന്നുവർഷം അപഹരിച്ച ബ്രെക്‌സിറ്റ് ചർച്ചകൾ സർവ ഓഫിസുകളിലും പ്രവർത്തനമാന്ദ്യം സൃഷ്ടിച്ചു. ബിസിനസ്-വ്യവസായ മേഖലകളിലും അത് അനിശ്ചിതാവസ്ഥ ഉളവാക്കി.

തെരേസയോടുള്ള നീരസമായിരുന്നു ഭരണ കക്ഷി എം.പിമാരെ ഒരുമിച്ചു നിർത്തിയ ഘടകം. എന്നാൽ അവരുടെ രാജി പ്രഖ്യാപനത്തോടെ പാർട്ടിയിൽ നേതൃതർക്കവും വേർതിരിവും രൂക്ഷമായി. പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താൻ തുറന്ന മത്സരം തന്നെ അരങ്ങേറും. ഇതിനകം വിദേശകാര്യമന്ത്രി ജെറമിഹണ്ട്, മുൻ വിദേശമന്ത്രി ബോറിസ് ജോൺസ്ൺ ആരോഗ്യമന്ത്രി മറ്റ് ഹാനോക്ക് ഇതിനായി രംഗത്തുണ്ട്.

അന്താരാഷ്ട്ര വികസന മന്ത്രി റോറി സ്റ്റിവാർട്ട് തുടങ്ങിയ പ്രമുഖർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കച്ച മുറുക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. താൻ ഹൃദയപൂർവം സ്‌നേഹിക്കുന്ന മാതൃരാജ്യത്തെ സേവിക്കാൻ കഴിവിന്റെ പരമാവധി പരിശ്രമിച്ചതായി വിടവാങ്ങൽ പ്രഭാഷണത്തിൽ തെരേസ വ്യക്തമാക്കുകയുണ്ടായി. സ്വന്തം പാർട്ടിക്കാരാൽ തന്നെ തോല്പിക്കപ്പെട്ടതിന്റെ വ്യഥ ആ വാക്കുകളിൽ പടർന്നിരുന്നു. ഒരു പക്ഷെ ഈ കയ്പിന്റെ പാനപാത്രം. തന്റെ പിൻഗാമിയിലേക്ക് അവർ കൈമാറുകയാവാം.

ബ്രിട്ടനിൽ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമാകുന്ന അപരവിദ്വേഷം, കൂടിയേറ്റ വിരുദ്ധത, മണ്ണിന്റെ മക്കൾ വാദം, വംശ വിവേചനം, തീവ്രദേശീയത തുടങ്ങിയ വലതുപക്ഷ ചിന്താഗതികളുടെ പ്രതിഫലനം ബ്രെക്‌സിറ്റിലും വായിക്കാനാകും. ലോകത്തിന്റെ സർവ്വ പുരോഗതിക്കും കാരണം യൂറോപ്പാണെന്ന യൂറോ കേന്ദ്രീകൃതതത്തിൽ ഒരു പടികൂടി കടന്ന് യൂറോപ്പിന്റെ പുരോഗതിക്ക് നിദാനം ബ്രിട്ടൻ ആണെന്ന ബ്രിട്ടീഷ് സെൻട്രിസിസം ബ്രിട്ടീഷ് രാഷ്ട്രീയ നേതൃത്വ ഗ്രസിച്ചതായും സംശയിക്കണം. സൂര്യനസ്തമിക്കാത്ത പഴയ സാമ്രാജ്യത്തിന്റെ നഷ്ടപ്രതാപവും മേൽക്കോയ്മയും യൂറോപ്പിലെങ്കിലും അംഗീകരിക്കപ്പെടണമെന്ന മോഹത്തിൽ നിന്നാണ് ബ്രെക്‌സിറ്റ് എന്ന നിസ്സഹകരണ പദ്ധതി ഉദയം കൊണ്ടത്. ഇത്തരം സങ്കുചിതത്വങ്ങൾ ഉയർത്തുന്ന ഉൽക്കണ്ഠകൾ യൂറോപ്പിലാകെയും ബ്രിട്ടനിൽ പ്രത്യേകിച്ചും വിവൽ പ്രത്യാഘാതകങ്ങൾ ഉളവാക്കുമെന്നതിൽ സംശയിക്കേണ്ടതില്ല.

Read More >>